ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു

Web Desk
Posted on February 04, 2019, 10:33 pm

ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു
പൊതുതെരഞ്ഞെടുപ്പ് ദിനങ്ങള്‍ അടുക്കുന്നതോടെ മോഡി ഭരണകൂടത്തിലും ബിജെപിയിലും വ്യാപകമാകുന്ന പരിഭ്രാന്തിയുടെ ഏറ്റവും പുതിയ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ സിബിഐയുടെ നേതൃത്വത്തില്‍ അരങ്ങേറിയ അട്ടിമറി നാടകം. ഭരണഘടനാ തത്വങ്ങളോടും അത് രാജ്യത്തിന് ഉറപ്പുനല്‍കുന്ന ഫെഡറല്‍ സംവിധാനത്തോടും സംസ്ഥാന ഭരണകൂടങ്ങളുടെ സ്വയം ഭരണാധികാരത്തോടുമുള്ള പരസ്യമായ വെല്ലുവിളിയായെ കൊല്‍ക്കത്തയിലെ സംഭവവികാസങ്ങളെ നോക്കിക്കാണാനാവൂ. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ ബന്ധപ്പെട്ട കോടതിയുടെ വാറണ്ടോ കൂടാതെ നാല്‍പത് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സിബിഐ സംഘം സിറ്റിപൊലീസ് കമ്മിഷണര്‍ ഓഫീസിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ നടത്തിയ ശ്രമം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട ഏടുകളില്‍ ഒന്നായിരിക്കും.

ശാരദാ — റോസ്‌വാലി ചിട്ടി തട്ടിപ്പു കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന കമ്മിഷണര്‍ രാജീവ് കുമാര്‍ അതു സംബന്ധിച്ച് സുപ്രധാന തെളിവുകള്‍ മൂടിവച്ചിരിക്കുന്നുവെന്നാരോപിച്ചാണ് സിബിഐ അസാധാരണ നീക്കത്തിനു മുതിര്‍ന്നത്. സിബിഎ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അവരുടെ നടപടിക്ക് ഉപോദ്ബലകമായ തെളിവുകള്‍ ഒന്നും വ്യക്തമാക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിഞ്ഞില്ലെന്നും സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച പരാതി പരിഗണിക്കവെ വെളിവാകുകയുണ്ടായി. നരേന്ദ്രമോഡിയുടെ വിശ്വസ്തനായ സിബിഐയുടെ ഇടക്കാല മേധാവി കേന്ദ്ര സായുധ പൊലീസ് സേനയായ സിആര്‍പിഎഫിനെ തങ്ങളുടെ കൊല്‍ക്കത്ത ഓഫീസിന് കാവലായി നിയോഗിച്ചതോടെ അത് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളും ഇരു ഗവണ്‍മെന്റുകളുടെയും നിയന്ത്രണത്തിലുള്ള പൊലീസ് സേനയും തമ്മിലുള്ള അഭിമുഖീകരണമായി മാറി. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളെ പറ്റി മോഡി സര്‍ക്കാര്‍ നിരന്തരം ഉരുവിട്ടുപോന്ന ‘സഹകരണാത്മക ഫെഡറലിസം’ എന്ന ആശയത്തിന്റെ നഗ്നമായ ലംഘനവും നിഷേധവുമാണ് കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സിബിഐയുടെ വിശ്വാസ്യത എല്ലാതലത്തിലും ഇത്രയേറെ ചോദ്യം ചെയ്യപ്പെട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല. സിബിഐ മേധാവിയെ പാതിരാത്രി അട്ടിമറിയിലൂടെ നീക്കം ചെയ്ത് സ്വന്തം ശിങ്കിടിയെ തല്‍സ്ഥാനത്ത് അവരോധിച്ച നടപടി സുപ്രീംകോടതി ഇടപെടലിലൂടെ അസാധുവാക്കപ്പെട്ട വിവാദം കെട്ടടങ്ങും മുമ്പാണ് അതേ ഏജന്‍സി വീണ്ടും ഭരണകൂട ചട്ടുകമാക്കി മാറ്റപ്പെട്ടത്.

പുതിയ സിബിഐ മേധാവി ചുമതലയേല്‍ക്കുന്നത് ഈ നാണംകെട്ട നാടകത്തിന്റെ പശ്ചാത്തലത്തിലാണ്. സിബിഐ മോഡി ഭരണത്തിന്‍കീഴില്‍ ഭരണഘടന അട്ടിമറിക്കുള്ള ഉപകരണമാക്കപ്പെടുന്നത് ഇത് ആദ്യമല്ല. ഉത്തര്‍പ്രദേശിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമെല്ലാം സമാനമായ വിടുപണിക്കായാണ് ഈ അന്വേഷണ ഏജന്‍സിയെ മോഡി ഭരണകൂടം ഉപയോഗിച്ചുവരുന്നത്. ക്രമസമാധാനപാലനം ഭരണഘടനാനുസൃതം സംസ്ഥാന വിഷയമാണ്. എന്നാല്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംസ്ഥാനങ്ങളില്‍ സിആര്‍പിഎഫ് പോലെയുള്ള സായുധ പൊലീസ് സേനാവിഭാഗങ്ങളെ വിന്യസിക്കുന്നത്. ഇത് രാജ്യത്തെ അപകടകരമായ ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ വൈവിധ്യത്തെയും ബലതന്ത്രത്തേയും കണക്കിലെടുക്കാതെ മോഡി സര്‍ക്കാര്‍ നടത്തുന്ന ഭരണഘടനാ തത്വങ്ങളുടെ അട്ടിമറി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചുപോന്ന അന്വേഷണ‑നിയമവാഴ്ചാ ഏജന്‍സികളെയും ദുരുപയോഗം ചെയ്തും അധികാരം നിലനിര്‍ത്താനുള്ള തീക്കളിയിലാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

രാജ്യത്ത് സമീപകാലത്തായി പെരുകിവരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളും കുംഭകോണങ്ങളും സുതാര്യമായി അന്വേഷിക്കുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല. അതിന്റെ മുഖ്യകാരണം അധികാര രാഷ്ട്രീയം അത്തരം സാമ്പത്തിക കുറ്റവാളികള്‍ക്ക് നല്‍കിവരുന്ന പിന്തുണയാണ്. ശാരദാ — റോസ്‌വാലി ചിട്ടി ഫണ്ട് തട്ടിപ്പ് അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എന്ത് ആത്മാര്‍ഥതയാണുള്ളത്? ഈ അഴിമതിക്കേസില്‍ കുറ്റാരോപിതനായ തൃണമുല്‍ കോണ്‍ഗ്രസ് നേതാവിനെ ബിജെപിയിലേക്ക് സ്വീകരിച്ച് കേസില്‍ നിന്നും സംരക്ഷണം ഉറപ്പു നല്‍കുകയാണ് ബിജെപി ചെയ്തത്. അഴിമതിയുടെ കാര്യത്തിലും അഴിമതിക്കാരെ സംരക്ഷിക്കുന്നതിലും തൃണമുല്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. അഴിമതിക്കെതിരെ സുതാര്യവും കാര്യക്ഷമവുമായ അന്വേഷണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ ജനാധിപത്യ സംവിധാനങ്ങള്‍ സംരക്ഷിച്ചുകൊണ്ടുമാവണം. അത്തരം തത്വാധിഷ്ഠിത രാഷ്ട്രീയമാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്.