രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ കൂടുതൽ ആഴങ്ങളിലേക്ക് വഴുതിവീഴുകയാണ്. വരുംമാസങ്ങളിലും ഇടിവ് തുടരുമെന്ന സൂചനയാണുള്ളത്. കഴിഞ്ഞ നാല് വർഷങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായ 6.4 ശതമാനത്തില്‍ നിന്നും കൂടുതല്‍ താഴേക്ക് നിപതിക്കുമെന്നാണ് കണക്കുകള്‍. ജനുവരി എട്ടിന് പുറത്തിറക്കിയ സർക്കാർ രേഖകള്‍ ഉല്പാദന സേവന മേഖലകളിലെ മോശം പ്രകടനമാണ് സാമ്പത്തിക തകര്‍ച്ചയുടെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് പിടിമുറുക്കിയ കോർപറേറ്റ് മുതലാളിത്തത്തിന്റെ വർധിച്ചുവരുന്ന പ്രതിസന്ധിയുടെ ലക്ഷണങ്ങളാണ് ഇതെല്ലാം. അംബാനിയുടെയും അഡാനിയുടെയും നേതൃത്വത്തിൽ ഏതാനും ചിലരുടെ കൈകളിൽ സമ്പത്തിന്റെയും മൂലധനത്തിന്റെയും വലിയ കേന്ദ്രീകരണം ഉണ്ട്. എന്നാല്‍ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽസൃഷ്ടിക്കും പരമാവധി സംഭാവന നൽകുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രതിസന്ധിയിലാണ്. ധനകാര്യ മൂലധനത്തിന്റെ കളിക്കളമായി ഇന്ത്യയെ മാറ്റിയതാണ് ഈ സാഹചര്യസൃഷ്ടിക്കു പിന്നില്‍. ഇതാകട്ടെ ബാങ്കിങ് മേഖലയില്‍ ലയനത്തിലും വ്യാവസായിക മൂലധനത്തിലും അവസാനിക്കുന്നു. മാർക്സ് നിർവചിച്ചതുപോലെ മൂലധനം സാങ്കല്പിക മൂലധനത്തിന്റെ രൂപമെടുക്കുന്ന ഒരു ഘട്ടം വരുന്നു . ഉല്പാദനം വഴിയല്ല പണം ഉപയോഗിച്ച് പണം സൃഷ്ടിക്കുന്ന രീതിയുടെ കാലം. ഇതാകട്ടെ ഉല്പാദന, സേവന മേഖലകളുടെ തകര്‍ച്ചയിലേക്ക് വഴിതുറക്കുന്നു. ഇതേസമയം കുത്തകവൽക്കരണം അതിന്റെ ചിറകുകൾ വിരിക്കുന്നു. ഇത് സമ്പത്തിന്റെയും മൂലധനത്തിന്റെയും കേന്ദ്രീകരണത്തിലേക്ക് നയിക്കുന്നു. ധനമൂലധനത്തിന്റെ ഉയർച്ചയോടെ, ഉല്പാദനത്തിൽ നിന്ന് ഊഹക്കച്ചവടത്തിലേക്ക് മാറാനുള്ള പ്രവണത വികസിക്കുന്നു. ചുരുക്കത്തില്‍ ഉല്പാദനത്തിൽ നിന്നും സേവനങ്ങളിൽ നിന്നുമല്ലാതെ പണചംക്രമണത്തിൽ നിന്ന് ലാഭം നേടാനും കൂടുതൽ പണത്തിൽ നിന്ന് പണം നേടാനുമുള്ള മൂലധന പ്രവണത വളരുന്നു. അത്തരം മൂലധനത്തെ മാർക്സ് സാങ്കല്പിക മൂലധനം എന്ന് വിശേഷിപ്പിക്കുന്നു. ഇത് വർധിച്ചുവരുന്ന ഊഹക്കച്ചവടത്തിലേക്ക് നയിക്കുന്നു.
നരേന്ദ്ര മോഡി ഭരണത്തില്‍ വിവരങ്ങള്‍ വ്യാജമായി നിര്‍മ്മിക്കുകയും കണക്കുകൾ കൃത്രിമമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. പല സാമ്പത്തിക വിദഗ്ധരും ഇതില്‍ വിശ്വസിക്കുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം. ഇത്തരം സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി പൂർണമായി മനസിലാക്കാനും കഴിയില്ല. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (എൻഎസ്‌ഒ) പുറത്തിറക്കിയ 2024–25ലെ ദേശീയ വരുമാന മുൻകൂർ അടങ്കലുകളിലെ കണക്കുകളില്‍ രാജ്യത്തെ യഥാർത്ഥ സാഹചര്യമല്ല. സ്ഥിതി കൂടുതൽ മോശമായേക്കാം. വ്യാജ വിവര നിര്‍മ്മിതിയില്‍ ശ്രദ്ധയൂന്നാതെ സമ്പദ്‌വ്യവസ്ഥയുടെ തളര്‍ച്ച പരിഹരിക്കാന്‍ വേണ്ട നടപടികളാണ് ആവശ്യം. എൻഎസ്‌ഒ പുറത്തിറക്കിയ ദേശീയ വരുമാനത്തിന്റെ ആദ്യ അടങ്കല്‍ റിസർവ് ബാങ്ക് 2024 ഡിസംബറിൽ പ്രവചിച്ച 6.6 ശതമാനത്തെക്കാൾ കുറവാണ്. ധനകാര്യ മന്ത്രാലയത്തിന്റെ പ്രാരംഭ പ്രതീക്ഷ 6.5 – 7 ശതമാനമായിരുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബജറ്റ് വായനയില്‍ ഇത്തരം മുൻകൂർ അടങ്കലുകള്‍ ഉപയോഗിക്കും. ഇത് കൂടുതൽ ഊഹാപോഹങ്ങൾക്ക് കാരണമാകും. 2024 ജൂലൈ-സെപ്റ്റംബർ കാലയളവിൽ സാമ്പത്തിക വളർച്ച ഏഴ് പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനത്തിലെത്തിയിരുന്നു. ആദ്യ പാദത്തിൽ (ഏപ്രിൽ‑ജൂൺ) ഇത് 6.7 ശതമാനമായിരുന്നു. നിർമ്മാണ മേഖലയില്‍ നിന്നുള്ള ഉല്പാദനം മുൻ സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 9.9 നിന്ന് 5.3 ശതമാനമായി ഇടിയുമെന്നാണ് എൻഎസ്‌ഒയുടെ നിരീക്ഷണം. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം എന്നിങ്ങനെയുള്ള സേവന മേഖല 6.4 ശതമാനത്തിൽ നിന്ന് 5.8 ശതമാനത്തിലേക്ക് താഴും. കാർഷിക മേഖലയില്‍ സാമ്പത്തിക വർഷത്തിൽ 3.8 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നും കണക്കാക്കുന്നു. 2023–24 ലെ 1.4 ശതമാനത്തിൽ നിന്ന് സ്വാഭാവികമായുള്ള ഉയര്‍ച്ചയാണിത്.
2023–24 സാമ്പത്തിക വർഷത്തിലെ ജിഡിപിയുടെ താൽക്കാലിക അടങ്കലായ 8.2 ശതമാനം വളർച്ചാ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 24–25 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി 6.4 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് എന്‍എസ്ഒ പറയുന്നു. 23–24ലെ 9.6 ശതമാനത്തിൽ നിന്ന് 24–25ൽ ജിഡിപി 9.7 ശതമാനമായി നാമമാത്ര വളര്‍ച്ച പ്രകടമാക്കിയേക്കാം. കഴിഞ്ഞവര്‍ഷത്തെ 295.36 ലക്ഷം കോടി രൂപയുമായി തട്ടിക്കുമ്പോള്‍, 2024–25ൽ ജിഡിപിയിലെ നാമമാത്രമായ ഉയര്‍ച്ച 324.11 ലക്ഷം കോടി രൂപയിലേക്കാകും. ഉയർന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വായ്പാ വളർച്ചയും എന്ന ഇരട്ട വെല്ലുവിളിയാണ് നഗര സമ്പദ്‌വ്യവസ്ഥ നേരിടുന്നത്. നഗര സമ്പദ്‌വ്യവസ്ഥയിൽ വലിയൊരു പങ്കു വഹിക്കുന്ന റീട്ടെയിൽ വായ്പയുടെ വളർച്ച മന്ദഗതിയിലുമാണ്. എന്‍എസ്ഒ കണക്കുകളില്‍ 23–24ൽ 267.62 ലക്ഷം കോടി രൂപയായിരുന്ന മൊത്ത മൂല്യവർധന (ജിവിഎ) 24–25ൽ 292.64 ലക്ഷം കോടി രൂപയിലെത്തുമെന്നും ഇത് 9.3 ശതമാനം വളർച്ചാ നിരക്കാണെന്നും കണക്കാക്കുന്നു. സ്ഥിര വിലയിലുള്ള സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (പിഎഫ്‌സിഇ) 2024–25ൽ മുൻ സാമ്പത്തിക വർഷത്തെ നാലു ശതമാനം വളർച്ചാ നിരക്കിനെ അപേക്ഷിച്ച് 7.3 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.
സ്ഥിര വിലയിലുള്ള സർക്കാരിന്റെ അന്തിമ ഉപഭോഗ ചെലവ് (ജിഎഫ്‌സിഇ) 4.1 ശതമാനം വളർച്ചാ നിരക്കിലേക്ക് തിരിച്ചുവന്നു. നിലവിലെ വിലയിൽ പ്രതിശീർഷ വരുമാനം 8.7 ശതമാനം വർധിച്ച് പ്രതിവർഷം 2,00,162 രൂപയായി ഉയർന്നതായി എൻഎസ്‌ഒ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1,84,205 രൂപയായിരുന്നു. ദരിദ്രർക്കുള്ള വരുമാന പിന്തുണ, ഉയർന്ന എംജിഎൻആർഇജിഎ വേതനം, കുറഞ്ഞ താങ്ങുവില (എംഎസ്‌പി) എന്നിവ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ജിഎസ്‌ടി നടപടികള്‍ ലളിതമാക്കണമെന്നും ആവശ്യമുയര്‍ന്നു. 2024–25 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചയ്ക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മുൻകൂർ അടങ്കലുകള്‍ 6.4 ശതമാനം വളർച്ച മാത്രമേ പ്രവചിക്കുന്നുള്ളൂ. ഇത് നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. കൂടാതെ 23–24 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 8.2 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കുത്തനെയുള്ള ഇടിവും. ആർബിഐയുടെ സമീപകാല നിര്‍ണയമായ 6.6 ശതമാനം വളർച്ചയെക്കാൾ ഇത് കുറവാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പാതാളക്കൂപ്പിലാണ് വീണിരിക്കുന്നത്. സമസ്ത ഉല്പാദന മേഖലകളും മുരടിപ്പിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.