10 October 2024, Thursday
KSFE Galaxy Chits Banner 2

പണപ്പെരുപ്പവും റിസര്‍വ് ബാങ്ക് ഇടപെടലും

Janayugom Webdesk
August 25, 2024 5:00 am

അനുനിമിഷം കത്തിപ്പടരുന്ന കരാളപ്രതിഭാസമായി വിശപ്പ് ജനതയെ വിഴുങ്ങുമ്പോള്‍, പ്രത്യാശകളെല്ലാമറ്റ് മരുഭൂമിയിൽ അധിവസിക്കുന്ന യാഥാര്‍ത്ഥ്യം പട്ടിണിപ്പാവങ്ങള്‍ തിരിച്ചറിയുന്നു. ഇല്ലായ്മയുടെ ഈ വര്‍ത്തമാനത്തില്‍ പണപ്പെരുപ്പത്തിന്റെ കാരണങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കളെ വേർതിരിക്കാനുള്ള ഏതൊരു ശ്രമവും നിയന്ത്രണാതീതമായ തിരിച്ചടിക്ക് വഴിയൊരുക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് ബോധ്യമുണ്ട്. വിലക്കയറ്റ കാരണങ്ങളില്‍ നിന്ന് ഭക്ഷ്യവിലക്കയറ്റം നീക്കാനുള്ള ഭരണകൂട താല്പര്യത്തെ ചെറുക്കുകയും ‘പണപ്പെരുപ്പവുമായി ബന്ധപ്പെടുമ്പോള്‍ ഭക്ഷ്യവിലപ്പെരുപ്പത്തിന് അതിൽ 46 ശതമാനം പങ്കാളിത്തം ഉണ്ട്. പൊതുവെ പണപ്പെരുപ്പത്തെ കൂടുതൽ മനസിലാക്കുന്നത് ഭക്ഷ്യവിലപ്പെരുപ്പത്തിന് അനുസൃതമായാണ്,’ എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഭരണകൂടത്തിനൊപ്പം എന്ന് എക്കാലവും അറിയപ്പെട്ടിരുന്ന ശക്തികാന്ത, ഭക്ഷ്യവിലക്കയറ്റം പണപ്പെരുപ്പത്തിന്റെ കാരണഘടകങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള സമ്മര്‍ദത്തില്‍ വേറിട്ട നിലപാടിലെത്തുകയായിരുന്നു. 2023–24 ലെ സാമ്പത്തിക സർവേയുടെ നിർദേശത്തെക്കുറിച്ചോ, വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ നിന്ന് ഭക്ഷ്യവിലയെ ഒഴിവാക്കണമെന്ന നിര്‍ദേശത്തിന് കാരണമായ സിഇഎയുടെ (ക്യാപിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍ ഓതറൈസേഷൻ പ്രോസസ്) പരാമർശത്തെയോ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പരിഗണിച്ചില്ല. ഉപഭോഗ പട്ടികയില്‍ ഭക്ഷണത്തിന്റെ പങ്ക് ഉയര്‍ന്നതാണെന്നും ഇത് കണക്കിലെടുക്കുമ്പോൾ ഭക്ഷ്യ വിലക്കയറ്റവുമായി ബന്ധപ്പെട്ട സമ്മർദം അവഗണിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന പണപ്പെരുപ്പം” നിലനിൽക്കുകയും ഇത് ഉയര്‍ത്തുന്ന അപകടസാധ്യതയ്ക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുമ്പോള്‍ റിസർവ് ബാങ്ക് പണ നയ സമിതി (എംപിസി) റിപ്പോ നിരക്ക്, തുടർച്ചയായ ഒമ്പതാം തവണയും 6.5 ശതമാനത്തിൽ തുടരട്ടെ എന്നു നിശ്ചയിച്ചു. റിസര്‍വ് ബാങ്ക് 2024–25 ലെ ചില്ലറ വില്പന പണപ്പെരുപ്പ സൂചിക 4.5 ശതമാനത്തിലും മൊത്ത ആഭ്യന്തര ഉല്പാദന (ജിഡിപി) വളർച്ച 7.2 ശതമാനത്തിലും നിലനിർത്തി. “പണപ്പെരുപ്പത്തിന്റെ വളര്‍ച്ചയിലും അതിന്റെ അപകടസാധ്യതകളിലും സൂക്ഷ്മമായ ജാഗ്രത പാലിച്ചുള്ള സാമ്പത്തിക നയം തുടരേണ്ടത് പ്രധാനമാണെന്ന് പണ നയ സമിതി വിലയിരുത്തി. ജിഡിപിയിലെ സുസ്ഥിരവും സ്ഥിരതയുള്ളതുമായ വളർച്ച, പണപ്പെരുപ്പം തടയാനുതകുന്ന സാമ്പത്തിക നയസമീപനത്തിന് വഴിയൊരുക്കും. നാണയപ്പെരുപ്പം നാല് ശതമാനം എന്ന ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കേണ്ടതുമുണ്ട്,” സാമ്പത്തിക നയം പ്രഖ്യാപിച്ച് ദാസ് പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ ലക്ഷ്യമിടുന്ന ഭരണക്രമത്തില്‍, ഉപഭോക്തൃവില സൂചിക രണ്ട് മുതല്‍ ആറ് ശതമാനം പരിധിക്കുള്ളില്‍ നിലനിര്‍ത്തേണ്ടതുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പം നാല് ശതമാനമാനത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യവിലപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്ന് തുടരുന്നതിനാല്‍ മേയ് മാസത്തില്‍ പണപ്പെരുപ്പം 4.8 ശതമാനവും ജൂണിൽ 5.1 ശതമാനവുമായി ഉയർന്നു. 

നാണയപ്പെരുപ്പത്തില്‍ നിന്ന് ഭക്ഷണവിലക്കയറ്റത്തിന്റെ പങ്കും തോതും ഒഴിവാക്കുന്നതിനെക്കുറിച്ച് തനിക്ക് വ്യക്തിപരമായ കാഴ്ചപ്പാടുകളൊന്നുമില്ലെന്ന് ശക്തികാന്ത വിശദീകരിച്ചു. തന്റെ നിലപാടുകള്‍ സ്ഥാപനസംബന്ധിയായ കാഴ്ചപ്പാടുകളാണ്. ഇത് എന്‍
എസ്ഒ (നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്) സർവേ നല്‍കുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉപഭോഗ ചെലവുമായി നടത്തുന്ന സർവേ പണപ്പെരുപ്പെവുമായി ബന്ധപ്പെട്ട് ഇന്ധനം, ഭക്ഷണം തുടങ്ങിയവയുടെ പങ്കാളിത്തം തിട്ടപ്പെടുത്തും. പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിർബന്ധിതമാണ്. പണപ്പെരുപ്പം സാമ്പത്തിക പ്രതിഭാസത്തിന്റെ ഭാഗമായി കണക്കാക്കാം. ആവശ്യകതയെ സ്വാധീനിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ ലഭ്യമായ പണത്തിന്റെ അളവ് തീരുമാനിക്കുന്നതിനും ഉതകുന്ന പലിശനിരക്ക് ഇതിലൂടെ നിശ്ചയിക്കുന്നു. ആർബിഐ സാധാരണ രീതിയിലുള്ള പണമിടപാട് സ്ഥാപനമല്ല. എന്നാല്‍ സാമ്പത്തിക ഇടപാടുകൾ സാധ്യമാക്കുന്നതിന് കറൻസി അച്ചടിക്കുന്നു, സമ്പദ്‌വ്യവസ്ഥയിൽ വിതരണം ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയിൽ കേന്ദ്രബാങ്കിന്റെ അതുല്യമായ പങ്ക് ഇവിടെയാണ്. ഭരണകൂടത്തിന്റെ ബാങ്കറെന്ന നിലയില്‍ സര്‍ക്കാര്‍ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ആഘാതങ്ങളാലും മാറ്റങ്ങളാലും പലപ്പോഴും അനര്‍ത്ഥങ്ങളിലേയ്ക്ക് വഴുതുകയും അസ്ഥിരമാകുകയും ചെയ്യുന്ന സാമ്പത്തിക വിപണികൾക്ക് സ്ഥിരത നൽകാനും റിസര്‍വ് ബാങ്ക് പ്രവർത്തിക്കുന്നു. ഇതിനായി ബാങ്കുകൾക്ക് വായ്പ നൽകുകയും അവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്ന ഒരു ധനകാര്യ സ്ഥാപനമായി മാറുന്നു. 

പണലഭ്യത സുസ്ഥിരമാക്കാൻ, ആർബിഐ കരുതൽ അനുപാതം(സിആര്‍ആര്‍) തിട്ടപ്പെടുത്തുന്നു. ഈ നിക്ഷേപത്തിന് ആർബിഐ പലിശ നൽകുന്നില്ല. എന്നാൽ ബാങ്കുകൾക്ക് കരുതല്‍ അനുപാതത്തില്‍ കവിഞ്ഞ് മിച്ചമുണ്ടെങ്കിൽ, പലിശ ലഭിക്കാൻ അവർ അത് ആർബിഐയിൽ നിക്ഷേപിക്കുന്നു. ബാങ്കുകൾക്ക് കൂടുതല്‍ പണലഭ്യതയ്ക്കായി അവർ ആർബിഐയിൽ നിന്ന് വായ്പയെടുക്കുകയും അതിന് പലിശ നൽകുകയും ചെയ്യുന്നു. രാജ്യത്ത് പണസ്ഥിരത നിലനിർത്തുന്നതിൽ ആർബിഐ നിർണായക പങ്ക് വഹിക്കുന്നു. പണ വിതരണത്തെയും പണപ്പെരുപ്പത്തെയും നിയന്ത്രിക്കുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് റിസര്‍വ് റേഷ്യോ ക്രമീകരണം, പൊതുവിപണി ഇടപെടല്‍, കിഴിവ് നിരക്കുകൾ എന്നിവ പ്രയോഗിക്കുന്നു. ഈ ഘടകങ്ങൾ ക്രമീകരിക്കുന്നതിലൂടെ, സമ്പദ്‌വ്യവസ്ഥയിലെ പണലഭ്യത ഏറെ ഉയർന്നതോ വളരെ കുറവോ അല്ലെന്ന് ആർബിഐ ഉറപ്പാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.