ലോകത്തെ രണ്ടാമത്തെ ഇന്റർനെറ്റ് വിപണിയായ ഇന്ത്യയുടെ വാതിലുകൾ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനു വേണ്ടി തുറക്കപ്പെടുകയാണ്. രാജ്യത്തെ ഇന്റർനെറ്റ് വിപണിയുടെ ഏതാണ്ട് 80 ശതമാനത്തെയും നിയന്ത്രിക്കുന്ന റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവ സ്റ്റാർലിങ്കിന്റെ ഉടമകളായ മസ്കിന്റെ സ്പേസ് എക്സുമായി പ്രത്യേക ഇന്റർനെറ്റ് സേവന സഹകരണ കരാറുകളിൽ ഒപ്പുവച്ച് കഴിഞ്ഞു. നാളിതുവരെ ഇന്ത്യൻ ഇന്റർനെറ്റ് വിപണിയിൽ സ്റ്റാർലിങ്ക് പ്രവേശിക്കുന്നതിനെ നിശിതമായി എതിർത്തുപോന്നിരുന്ന സേവനദാതാക്കളായിരുന്നു ഇരുവരും. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് ഇന്റർനെറ്റ് വിപണിയിലേക്കുള്ള മറ്റൊരു സേവനദാതാവിന്റെ കടന്നുവരവ് എന്നതിനെക്കാൾ യുഎസ് ഭരണകൂടത്തിന്റെ ഭാഗമായ ഇലോൺ മസ്കിന്റെ ഇന്ത്യൻ വിപണിയിലേക്കും അതുവഴി ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കുമുള്ള കടന്നുകയറ്റമായിട്ടുവേണം വിലയിരുത്തപ്പെടാൻ. ഇന്ത്യയുടെ ഇന്റർനെറ്റ് വിപണിയുടെ ഏതാണ്ട് സമ്പൂർണ നിയന്ത്രണം സ്വന്തമാക്കിയിരുന്നവരും സ്റ്റാർലിങ്ക് പ്രവേശത്തെ എതിർത്തുപോന്നിരുന്നവരുമായ രണ്ട് തദ്ദേശീയ കുത്തകകൾ ശക്തമായ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയാണ് അവരുമായുള്ള കരാറിൽ ഏർപ്പെടാൻ തയ്യാറായിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശനത്തിലെ പ്രധാനപ്പെട്ട ഇനങ്ങളിൽ ഒന്നായിരുന്നു ഇപ്പോൾ ട്രംപ് ഭരണകൂടത്തിലെ സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ മുഖ്യചുമതല വഹിക്കുന്ന മസ്കുമായുള്ള കൂടിക്കാഴ്ച. മസ്കിന്റെ വ്യവസായ സംരംഭങ്ങളായ സ്റ്റാർലിങ്കിന്റെയും ഇലക്ട്രിക് കാർ ടെസ്‌ലയുടെയും ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റുക എന്നതായിരിക്കും ആ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് അന്നുതന്നെ ഏതാണ്ട് വ്യക്തമായിരുന്നു. ആ ഇടപാടുകൾ കൈവരിച്ച വേഗത രണ്ട് ചങ്ങാത്ത മുതലാളിത്ത ഭരണകൂടങ്ങളുടെ കച്ചവട കാര്യക്ഷമതയാണ് വെളിവാക്കുന്നത്.
ഇന്ത്യയുടെ ടെലികോം റെഗുലേറ്ററി അതോറിട്ടിയും രാജ്യത്തിന്റെ ടെലികോം നയവും സ്റ്റാർലിങ്ക് അടക്കം വിദേശ ഇന്റർനെറ്റ് സേവനദാതാക്കളെ യഥേഷ്ടം കടന്നുവരാൻ അനുവദിക്കുന്നതല്ല. മാത്രമല്ല ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള വ്യാപാരയുദ്ധ നയം ഇന്ത്യൻ താല്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. വസ്തുത അതായിരിക്കെ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യൻ സേവനദാതാക്കളുമായി കരാറിൽ ഏർപ്പെടാൻ കഴിയണമെങ്കിൽ ഉന്നത രാഷ്ട്രീയ പിന്തുണ കൂടിയേ തീരൂ. ലോകത്തെ രണ്ടാമത്തെ ഇന്റർനെറ്റ് വിപണിയാണ് ഇന്ത്യയെങ്കിലും 140 കോടിയില്‍പ്പരം ജനങ്ങളുള്ള രാജ്യത്ത് ഇപ്പോഴും വലിയൊരു വിഭാഗം ജനങ്ങളും — ഏതാണ്ട് 670 ദശലക്ഷം- വിശാലമായ ഭൂപ്രദേശങ്ങളും ഇന്റർനെറ്റ് ലഭ്യതയ്ക്ക് പുറത്താണ്. ഉപഗ്രഹ ശൃംഖലകൾ കൂടാതെ മുഴുവൻ ജനങ്ങളിലേക്കും എല്ലാ വിദൂര ഭൂപ്രദേശങ്ങളിലേക്കും ഇന്റർനെറ്റ് സേവനം എത്തിക്കലും അസാധ്യമാണ്. വൻതോതിലുള്ള പൊതുനിക്ഷേപത്തിലൂടെ മാത്രമേ ഇന്റർനെറ്റ് സേവനലഭ്യത മുഴുവൻ ജനങ്ങൾക്കും ഉറപ്പുവരുത്താനാവൂ. അതിനുള്ള സമയബന്ധിത പ്രവർത്തനങ്ങൾ ഉറപ്പുവരുത്താതെ ലോകത്തെ ഏറ്റവും വലുതും ഏറ്റവും ചെലവേറിയതുമായ ഇന്റർനെറ്റ് കുത്തകയെ രാജ്യത്തേക്ക് ക്ഷണിച്ചുവരുത്താനാണ് ശ്രമം നടക്കുന്നത്. സ്റ്റാർലിങ്കിന് ഇപ്പോൾത്തന്നെ ഭൂമിയോട് ഏറ്റവുമടുത്ത ഭ്രമണപഥത്തിൽ പ്രവർത്തനക്ഷമമായ 7,000 ഉപഗ്രഹങ്ങളുണ്ട്. അത് 40,000 ആക്കി ഉയർത്താനാണ് ലക്ഷ്യം. ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനരംഗത്ത് ആഗോള കുത്തകയായി മാറുകയാണ് അവരുടെ ലക്ഷ്യം. ലോകത്ത് ഏറ്റവും ചുരുങ്ങിയ ചെലവിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരുമാസത്തെ സേവനത്തിന് ഇന്ത്യൻ ഉപഭോക്താവ് ഇപ്പോൾ നൽകേണ്ടിവരുന്നത് 150 — 200 രൂപ മാത്രമാണ്. സ്റ്റാർലിങ്ക് സേവനത്തിന് ഇപ്പോൾ നൽകേണ്ടിവരുന്ന അന്താരാഷ്ട്ര വിപണിവില 13,200 രൂപ വരും. സാധാരണ ഇന്ത്യക്കാർക്ക് സ്വപ്നം കാണാൻപോലും കഴിയാത്തത്ര ഉയർന്ന വില നൽകിയാൽ മാത്രം ലഭിക്കുന്ന ഒന്നായിരിക്കും സ്റ്റാർലിങ്ക് ഇന്ത്യക്കാർക്ക് ലഭ്യമാക്കുന്ന ഇന്റർനെറ്റ് സേവനം എന്നർത്ഥം. ഇന്ത്യയുടെ വിപണി വെെപുല്യം വില കുറയ്ക്കാൻ സഹായകമാണെങ്കിലും ആഗോളകുത്തകകളും അവരുടെ തദ്ദേശീയ പങ്കാളികളും എത്രമാത്രം സൗജന്യങ്ങൾക്ക് സന്നദ്ധമാകുമെന്നത് ഊഹിക്കാവുന്നതേയുള്ളു. ആധുനിക മനുഷ്യന് പ്രാണവായുവിന് തുല്യമായി മാറിക്കഴിഞ്ഞ ഇന്റർനെറ്റ് വ്യാപക ചൂഷണത്തിനുള്ള ഉപാധിയായി മാറുന്നത് ഒരിക്കലും അനുവദിച്ചുകൂടാ.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുൻകയ്യിൽ ട്രംപ്, മസ്ക് കൂട്ടുകെട്ടിൽ വളർന്നുവരുന്ന പുതിയ ആഗോള നയതന്ത്രത്തിന്റെയും കച്ചവടത്തിന്റെയും മാതൃകയാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, സ്റ്റാർലിങ്ക് കരാറിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. വൻ കുത്തകകളും അവരുടെ രാഷ്ട്രീയ കൂട്ടാളികളും കൈകോർത്ത് ഒരു രാഷ്ട്രത്തെയും ജനതയെയും അവരുടെ ഏറ്റവും പ്രാഥമിക ആവശ്യങ്ങളെയും അവകാശങ്ങളെയും ചൂഷണോപാധികളാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ആധുനിക മനുഷ്യന്റെ ഒഴിവാക്കാനാകാത്ത പ്രാഥമിക ആവശ്യങ്ങളിൽ അനിവാര്യമായ ഒന്നായി ഇന്റർനെറ്റ് മാറിയിരിക്കുന്നു. അതിനെ ചൂഷണോപാധിയാക്കി മാറ്റാനുള്ള ഏതുശ്രമവും ചെറുത്ത് തോല്പിക്കപ്പെടേണ്ടതുണ്ട്. ആഗോള സാമ്രാജ്യത്വത്തിന്റെ അവിഭാജ്യഘടകമാണ് സ്പേസ്എക്സും സ്റ്റാർലിങ്കും ഉൾപ്പെട്ട ഇന്റർനെറ്റ് സംവിധാനങ്ങൾ. അത് എപ്രകാരമാണ് ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും സുരക്ഷയെത്തന്നെയും സ്വാധീനിക്കുക എന്നത് വിശദമായ പഠനത്തിനും വിശകലനത്തിനും വിധേയമാവണം. അവകൂടാതെ സ്റ്റാർലിങ്കുമായുള്ള കരാറുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രത്തിന്റെയും ജനതയുടെയും ഉത്തമ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.