14 July 2025, Monday
KSFE Galaxy Chits Banner 2

പട്ടിണിക്കിട്ട് വംശഹത്യ നടപ്പിലാക്കുന്ന ഇസ്രയേൽ

Janayugom Webdesk
May 30, 2025 5:00 am

യുദ്ധത്തിലും പ്രണയത്തിലും എന്തും ആകാമെന്ന ചൊല്ലുണ്ട്. ഇവിടെ നമുക്ക് പ്രണയത്തെ വെറുതെ വിടാം. യുദ്ധത്തെക്കുറിച്ച് സംസാരിക്കാം. പലസ്തീനിനെതിരായ ഇസ്രയേലിന്റെ കണ്ണും കരളുമില്ലാത്ത ക്രൂരതകളെ കുറിച്ച്. പലസ്തീനുമേൽ 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ ആരംഭിച്ച അധിനിവേശവും വംശഹത്യയും തുടരുമ്പോൾ, പട്ടിണിക്കിടുക എന്ന ഏറ്റവും അപരിഷ്കൃതമായ ആയുധം അവർ പുറത്തെടുത്തിരിക്കുന്നു. എല്ലാ അതിർത്തികളും അടച്ചുപൂട്ടിയിട്ട് മൂന്ന് മാസത്തിലധികമായി. പലസ്തീൻ അഭയാർത്ഥികളും അവരുടെ പിൻഗാമികളും തിങ്ങിപ്പാർക്കുന്ന ഗാസ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ്. 2024 അവസാനത്തോടെയുള്ള കണക്കനുസരിച്ച് ഗാസയിലെ ജനസംഖ്യ 21 ലക്ഷമായി കുറഞ്ഞിരുന്നു. ഗാസയ്ക്കും പലസ്തീനികൾക്കുമെതിരായി 2023ല്‍ ഇസ്രയേൽ അധിനിവേശം തുടങ്ങിയതിനുശേഷം ആറ് ശതമാനം കുറഞ്ഞെന്നാണ് കണക്ക്. അഭയവും ആഹാരവും ആവാസവ്യവസ്ഥയും നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന ജനങ്ങളെ ആയുധങ്ങൾകൊണ്ട് മാത്രമല്ല ഇസ്രയേലി സേന നേരിടുന്നത്. ആഹാരം ഉൾപ്പെടെ അവശ്യവസ്തുക്കളെല്ലാം തടയുന്ന സമീപനവും സ്വീകരിച്ചു. പ്രാകൃത രാജവാഴ്ചക്കാലത്തെ ഭരണാധികാരികൾ എതിരാളികളോട് പോലും കാണിച്ചിട്ടില്ലാത്ത ഈ കൊടുംക്രൂരതയ്ക്കെതിരെ ലോക മനഃസാക്ഷി പ്രതിഷേധിച്ചുണർന്നു. അതേത്തുടർന്നാണ് ഐക്യരാഷ്ട്രസഭയും സന്നദ്ധ സംഘടനകളും നൽകുന്ന സഹായങ്ങൾ സ്വീകരിക്കാൻ അവിടെയുള്ള ജനങ്ങൾക്ക് അനുമതി കിട്ടിയത്. ഇടയ്ക്കിടെ നിരോധനവും ഉപരോധങ്ങളും പ്രഖ്യാപിച്ച് ആ സഹായങ്ങള്‍ തടയാനുള്ള കുതന്ത്രങ്ങളും ഇസ്രയേൽ തുടർന്നുപോന്നു. ഗാസയിൽ പട്ടിണി കിടക്കുന്നവർക്കുള്ള എല്ലാ സഹായങ്ങളും തടഞ്ഞുകൊണ്ട് ലക്ഷക്കണക്കിനാളുകളെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടുന്നതിനുവേണ്ടിയുള്ള ഗൂഢപദ്ധതി നടപ്പിലാക്കുകയാണ് ആ രാജ്യത്തെ സയണിസ്റ്റ് ഭരണകൂടം.

പരിചയസമ്പന്നരായ അന്താരാഷ്ട്ര മാനുഷിക, ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും പകരം ഇസ്രയേലിന്റെയും യുഎസിന്റെയും നേരിട്ടുള്ള പിന്തുണയോടെ 2025 ഫെബ്രുവരിയിൽ സ്ഥാപിതമായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന് സഹായ വിതരണം ഏല്പിക്കുകയുമായിരുന്നു അവർ അതിന് കണ്ടെത്തിയ മാര്‍ഗം. യുഎസ് ആസ്ഥാനമായുള്ള ഈ സ്ഥാപനം പ്രവർത്തിപ്പിക്കുന്നതാകട്ടെ സ്വകാര്യ യുഎസ് സുരക്ഷാ സ്ഥാപനങ്ങളും. മാനുഷിക തത്വങ്ങളെ ദുർബലപ്പെടുത്തുകയും സഹായമെന്നത് ഒരു രാഷ്ട്രീയ, സൈനിക ഉപകരണമാക്കി മാറ്റുകയും സാധാരണക്കാരെ നിർബന്ധിത കുടിയിറക്കലിന് വിധേയമാക്കുകയും ചെയ്യുന്നുവെന്നതിനാൽ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകളും നിരാകരിച്ച ഒരു ക്രമീകരണമായിരുന്നു ഇത്. ഈ സാഹചര്യത്തിൽ യുഎസിന്റെ സഹായത്തോടെ ഇസ്രയേലിന്റെ മേൽനോട്ടത്തിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ അവരുടെ കാരുണ്യത്തിന് കൈനീട്ടുകയാണ് ഗതിയില്ലാതായ ജനങ്ങൾ. ചുറ്റും വേലികൾ കെട്ടിയ, പന്നിക്കൂടിന് സമാനമായ ഇടങ്ങളിൽ വച്ചാണ് സഹായവിതരണം നടത്തുന്നത്. ഇതാകട്ടെ തികച്ചും ഒറ്റപ്പെട്ട സൈനിക കേന്ദ്രങ്ങളിലാണ് എന്നതിനാൽ പട്ടിണികൊണ്ട് അവശരായ ജനങ്ങൾ കിലോമീറ്റർ നടന്നുവേണം എത്തിപ്പെടാൻ. വിതരണ കേന്ദ്രത്തിലെത്താൻ വേലികെട്ടിയ ഇടനാഴികളും കർശനമായ സൈനിക പരിശോധനകളും പിന്നിടുകയും വേണം. അതിനിടയിൽ തന്നെ കുഴഞ്ഞുവീഴുന്ന ജനങ്ങൾ സ്ഥിരം കാഴ്ചയാണെന്നാണ് ആഗോള മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. വ്യക്തമായ സംവിധാനങ്ങളോ അന്താരാഷ്ട്ര മര്യാദകളോ കീഴ്‌വഴക്കങ്ങളോ പാലിക്കാതെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നികൃഷ്ടമായ വംശഹത്യ, ആഗോള പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുന്ന സാഹചര്യത്തിൽ കണ്ണിൽപ്പൊടിയിടുന്നതിന് ജനങ്ങളെ സഹായിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഈ കെട്ടുകാഴ്ചയെന്നതും യാഥാർത്ഥ്യമാണ്. വിശപ്പടക്കാമെന്ന മോഹവുമായെത്തുന്നവർക്ക് നേരെ പോലും വെടിയുതിർത്ത് സായൂജ്യമടയുകയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ കൂലിപ്പടയാളികൾ. കഴിഞ്ഞദിവസം നടന്ന വെടിവയ്പിൽ പത്തോളം പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗാസ മുനമ്പിലെ ഇസ്രയേൽ നിർമ്മിത മാനുഷിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ഐക്യരാഷ്ട്രസഭ ഉൾപ്പെടെ അന്താരാഷ്ട്ര സംഘടനകളുടെ ദയനീയ പരാജയത്തെയാണ് ഈ സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്നത്. പലസ്തീൻ ജനതയെ കൂട്ടമായി ഇല്ലാതാക്കുക അല്ലെങ്കിൽ പൂർണമായും കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തന്ത്രത്തിന് രൂപം നൽകിയിരിക്കുന്നത്. പട്ടിണിക്കിടുകയെന്നത് കുറ്റകൃത്യമായി കണ്ട് ഇസ്രയേലിനെയും അവർക്ക് സഹായം നൽകുന്ന രാജ്യങ്ങളെയും വിചാരണ ചെയ്യാനും ഈ നികൃഷ്ട നടപടിയിൽ നിന്ന് പിന്തിരിപ്പിക്കാനും ആഗോള സംഘടനകൾ ആർജവം കാട്ടണം. സഹായ വിതരണം നടത്തുന്നുവെന്ന് ആഗോള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അതേസമയം പരിമിത സഹായം വാങ്ങാനെത്തുന്നവരെ ദുരിതത്തിലാക്കുകയും ആക്രമണം നടത്തി പിന്തിരിപ്പിക്കുകയും ചെയ്ത് ഒരു ജനതയെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢപദ്ധതി ലോകം തിരിച്ചറിയേണ്ടതുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.