August 14, 2022 Sunday

ജീവിതം ദുസ്സഹമാക്കി അസാധാരണമായ വിലക്കയറ്റം

Janayugom Webdesk
January 16, 2020 5:00 am

രാജ്യത്തെ ജനജീവിതം അസാധാരണമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന സർക്കാരിന്റെ തന്നെ കണക്കുകൾ ഒരിക്കൽകൂടി വ്യക്തമാക്കുന്നത്. ചില്ലറ, മൊത്ത വ്യാപാര മേഖലകളിൽ ഭീമമായ വിലവർധനയാണുണ്ടായതെന്ന് തെളിയിക്കുന്നതാണ് ഡിസംബർ മാസത്തിലെ ഉപഭോക്തൃസൂചിക. ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പനിരക്ക് 7.35 ശതമാനമായി ഉയർന്നു. ഇത് ബിജെപി അധികാരത്തിലെത്തിയ 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ വിലക്കയറ്റം കുതിക്കുക മാത്രമായിരുന്നുവെന്നാണ് ഒടുവിലത്തെ ഉപഭോക്തൃ സൂചിക പുറത്തുവന്നതിനുശേഷമുള്ള സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

എല്ലാ നിത്യോപയോഗ വസ്കുക്കളുടെയും വില ഗണ്യമായി ഉയർന്നു. സൂചികയനുസരിച്ച് കഴിഞ്ഞ അഞ്ചുമാസമായി തുടർച്ചയായി വിലക്കയറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ മാസത്തിൽ 5.5 ശതമാനമായിരുന്നതാണ് ഒറ്റയടിക്ക് കുതിച്ച് 7.35 ശതമാനമായത്. ഭക്ഷ്യസാധനങ്ങളുടെ പണപ്പെരുപ്പം 14.1 ശതമാനമായി. ഇതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കൾക്കെല്ലാം ഭീമമായ വിലവർധനയാണുണ്ടായിരിക്കുന്നത്. പച്ചക്കറികളുടെ വിലയിൽ 60 ശതമാനവും പയർ വർഗങ്ങളുടെ വിലയിൽ 15 ശതമാനവും വർധനയാണ് ഉണ്ടാക്കിയത്. പയർ വർഗങ്ങളുടെ വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വ്യാപാരമേഖലയിലുള്ളവർ പറയുന്നത്. ഇതിന്റെ കൂടെയാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2.5 ശതമാനം വർധിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളും പുറത്തുവന്നത്. മൊത്തവിപണിയിൽ ഭക്ഷ്യവസ്​തുക്കളുടെ വിലയിൽ 13.24 ശതമാനമാണ്​ വർധന. എല്ലാ വിഭാഗത്തിന്റെയും തീൻമേശകളിലെ വിഭവത്തിന് അവിഭാജ്യഘടകമായ ഉള്ളിക്കുണ്ടായത് 455.8 ശതമാനത്തിന്റെ വിലക്കയറ്റമാണ്. ഇന്ത്യയിലെ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ഭക്ഷ്യവിഭവങ്ങളിലൊന്നായ ഉരുളക്കിഴങ്ങിന്റെ വിലയിൽ 44.49 ശതമാനം വർധനയുണ്ടായി.

യഥാർഥത്തിൽ സാധാരണക്കാർക്കുപോലും ദിവസം തള്ളിനീക്കാനാവാത്ത വിധത്തിലുള്ള വിലക്കയറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് മെച്ചപ്പെട്ട ഒരു സമ്പദ് വ്യവസ്ഥയിൽ നാല് ശതമാനമാണ് പണപ്പെരുപ്പത്തിന്റെ അനുവദനീയമായ തോത്. ഇന്ത്യയിൽ അത് 7.35 ശതമാനമായി ഉയർന്നിരിക്കുന്നുവെന്നതിന് അർത്ഥം രാജ്യം വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നു തന്നെയാണ്. ഇങ്ങനെ പോയാൽ ഭക്ഷണം പോലും വാങ്ങാനാവാതെ നിത്യപട്ടിണിക്കാരുടെ എണ്ണം ഉയരുകയും അരാജകത്വത്തിന് വഴിതെളിക്കുകയും ചെയ്യുമെന്ന ആശങ്ക പോലും രാഷ്ട്രീയ — സാമ്പത്തിക വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾതന്നെ ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിൽ നിന്നും പട്ടിണി മരണങ്ങളുടെ വാർത്തകളെത്തുന്നുണ്ട്. റേഷൻ കാർഡും ആധാറും ബന്ധിപ്പിച്ചില്ലെന്നതിനാൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകാതെ ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ പട്ടിണി മരണമുണ്ടായി. കാർഷിക മേഖലയിലുണ്ടായ തകർച്ച വലിയൊരു വിഭാഗത്തെ തൊഴിൽ രഹിതരാക്കുകയും ചെയ്തു.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനം, ചരക്കുസേവന നികുതി പോലുള്ള തുഗ്ലക്ക് പരിഷ്കാരങ്ങൾ വഴിയും നിരവധി ലക്ഷങ്ങളുടെ നിത്യവരുമാനം നഷ്ടമായി. ഇതിന്റെ കൂടെയാണ് വൻ വിലക്കയറ്റവുമുണ്ടായത്. അത് കൂടുതൽ രൂക്ഷമാക്കിയേക്കാവുന്ന വിധത്തിലാണ് കാര്യങ്ങൾ പോകുന്നത്. രണ്ട്ചപ്പാത്തിയും ഒരു ഉള്ളിയും അല്പം വെള്ളവും. ഉത്തരേന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെയും സുഭിക്ഷഭക്ഷണമാണത്. അല്ലെങ്കിൽ പച്ചമുളക്, റൊട്ടി, ഉപ്പ് എന്നിവ ചേർത്തൊരു പിടി. അല്പം കൂടി ആർഭാടമായാൽ ഉരുളക്കിഴങ്ങും മഞ്ഞളും ചേർത്തൊരു കറി. ഇതൊന്നും ഉപയോഗിക്കാനാവാത്ത നിലയിലാണ് അവശ്യവസ്തുക്കളുടെ വിലക്കയറ്റമുണ്ടായിരിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനോ എന്തെങ്കിലും നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. വിലക്കയറ്റത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്ന സംസ്ഥാനമെന്ന നിലയിൽ ഇവിടെയുള്ള എൽഡിഎഫ് സർക്കാർ ഭക്ഷ്യ — പൊതുവിതരണ രംഗത്ത് ഫലപ്രദമായി ഇടപെടാൻ ശ്രമിക്കുന്നുണ്ട്.

ഉള്ളിയുടെ വിലക്കയറ്റം ഉണ്ടായ ഉടൻ തന്നെ ഇറക്കുമതിയിലൂടെ ഉള്ളിയെത്തിക്കുകയും വില നിയന്ത്രിക്കുന്നതിലുള്ള ശ്രമം നടത്തുകയും ചെയ്തു. അതിന്റെ പ്രതിഫലനം സംസ്ഥാനത്തെ വിപണിയിലുണ്ടായി. രാജ്യത്താകെയുണ്ടാകുന്ന വൻ വിലക്കയറ്റം അതേ രീതിയിൽ ഇവിടെ അനുഭവപ്പെടാതിരിക്കുന്നത് നിലവിലുള്ള പൊതുവിതരണ ശൃംഖലയും റേഷൻ സംവിധാനവും തന്നെയാണ്. എന്നാൽ എഫ്‌സിഐ പോലുള്ള പൊതുമേഖലാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സ്വകാര്യ വ്യാപാരികൾക്കും ഊഹക്കച്ചവടക്കാർക്കും ഇടനിലക്കാർക്കും കൊള്ളയടിക്കുന്നതിനുള്ള രംഗമായി ഭക്ഷ്യമേഖലയെ മാറ്റുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തണമെങ്കിൽ കേരളത്തിന്റെ അനുഭവ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സമഗ്രമായ പൊതുവിതരണം സംവിധാനം കൊണ്ടുമാത്രമേ സാധ്യമാകൂ. അതോടൊപ്പം വിലക്കയറ്റത്തിനിടയാക്കുന്ന നയങ്ങളുടെ മാറ്റവും അനിവാര്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.