വായ്പാ പരിധി കുറച്ചത് ഫെഡറലിസത്തിനെതിര്

Web Desk
Posted on July 01, 2019, 10:35 pm

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമങ്ങള്‍ പല വിധത്തില്‍ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കടമെടുക്കാനുള്ള പരിധി കുറച്ച കേന്ദ്ര ധനകാര്യ വകുപ്പിന്റെ നടപടി. 6000കോടി രൂപ പ്രകാരം നാലു പാദങ്ങളിലായി 24,000 കോടി രൂപ കടമെടുക്കാന്‍ കേരളത്തെ അനുവദിച്ചിരുന്നതാണ്. എന്നാല്‍ രണ്ടാം പാദത്തില്‍ 4,000 കോടി രൂപ മാത്രമേ കടമെടുക്കാന്‍ പാടുള്ളൂവെന്നാണ് ധനവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പല തരത്തിലുള്ള കാരണങ്ങള്‍ കണ്ടെത്തിയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ചെലവഴിച്ച തുക പൊതുഫണ്ടില്‍ കിടക്കുന്നത് വായ്പയായി കണക്കാക്കിയാണ് കേന്ദ്രം തികച്ചും നിരുത്തരവാദപരവും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് ദോഷകരവുമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച തുക ട്രഷറി അക്കൗണ്ടുകളില്‍ കിടക്കുന്നതും ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള കുടിശിക നിക്ഷേപിച്ചതുമായ തുക വായ്പയാണെന്ന് വരുത്തിയാണ് സംസ്ഥാനത്തിന്റെ വായ്പാ തുക വെട്ടിക്കുറച്ചിരിക്കുന്നത്.

ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് (എഫ്ആര്‍ബിഎം) നിയമപ്രകാരം ഓരോ സംസ്ഥാനത്തിന്റെയും റവന്യു വരുമാനം, ആഭ്യന്തര വളര്‍ച്ചാ നിരക്ക് എന്നിവ കണക്കാക്കി അതിന്റെ നിശ്ചിത ശതമാനം വായ്പയായി എടുത്ത് സാമ്പത്തിക ബാധ്യത നിറവേറ്റുകയെന്നതായിരുന്നു പിന്തുടര്‍ന്നുപോന്നിരുന്ന രീതി. അതനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനം തുക അതായത് 24,915 കോടി രൂപ വായ്പയെടുക്കാമെന്ന സാഹചര്യമുണ്ടായിരുന്നു. ഓരോ പാദത്തിലും 6,000 കോടി രൂപ വീതം വായ്പയെടുക്കാമെങ്കിലും മാര്‍ച്ച് — മെയ് കാലയളവില്‍ 4,500 കോടി രൂപയാണ് കടമെടുത്തത്. ഇതില്‍ നിന്ന് അനാവശ്യമായി സംസ്ഥാനം കടമെടുക്കുന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ കൂടുതല്‍ ചെലവ് വരുന്ന കാലയളവാണ് രണ്ടാം പാദം. ഓണത്തിനുള്ള അധിക ചെലവുകള്‍ പല വിധത്തിലുള്ളതാണ്. ബോണസ്, ക്ഷേമപെന്‍ഷനുകളുടെ വിതരണം എന്നിങ്ങനെ കൂടുതല്‍ ചെലവുകള്‍ ഈ കാലയളവിലുണ്ടാകും. അതെല്ലാം പരിഹരിക്കണമെങ്കില്‍ കടമെടുപ്പ് തുക ആറായിരമായി തന്നെ നിലനിര്‍ത്തണം. അതുകൊണ്ടുതന്നെ ഇത് ഫലത്തില്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സംസ്ഥാനം പൊതുവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കിഫ്ബി പോലുള്ള നൂതന ധനസമാഹരണ പദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ടുപോകുകയാണ് കേരളം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം കിഫ്ബിയില്‍ നിന്ന് 42,306.05 കോടി രൂപയുടെ 536 പദ്ധതികള്‍ക്ക് അനുമതി നല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കിഫ്ബി വഴി ധനസഹായം അനുവദിച്ച 44 ഡയാലിസിസ് സെന്ററുകളില്‍ 38 എണ്ണം ഇതിനകം തന്നെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇങ്ങനെ സമഗ്രമായ വികസനം ലക്ഷ്യംവച്ചുള്ളതാണ് സര്‍ക്കാരിന്റെ പദ്ധതികള്‍.

അതിനിടയിലാണ് ചരക്കുസേവന നികുതി നടപ്പിലാക്കിയതിന്റെ തുടക്കത്തിലുണ്ടായ അനിശ്ചിതാവസ്ഥ, നോട്ടുനിരോധനം, കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയം എന്നിവയൊക്കെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്‍ ആഘാതമുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കടമെടുക്കേണ്ട അവസ്ഥ സംജാതമായത്. പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന് തന്നെ പതിനായിരക്കണക്കിന് കോടി രൂപയാണ് സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം പ്രളയത്തില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം 26,718 കോടി രൂപയാണ്. ഇത്രയധികം തുക നഷ്ടമുണ്ടായിട്ടും പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് അര്‍ഹമായ സാമ്പത്തിക സഹായം പോലും കേന്ദ്രം നല്‍കിയിരുന്നില്ല. കേന്ദ്ര ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 2904.85 കോടി രൂപയാണ് അനുവദിച്ചത്. എന്നുമാത്രമല്ല വിദേശ സാമ്പത്തിക സഹായം ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങള്‍ക്ക് തടയിടുകയും ചെയ്തു. സംസ്ഥാന ബജറ്റിന് പുറമേ ലോകബാങ്ക്, എഡിബി, ജിക്ക, ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യു എന്നിവയില്‍ നിന്നുള്ള വായ്പകളും മറ്റു ധനസഹായങ്ങളും സമാഹരിച്ച് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകബാങ്ക്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് അനുമതി നല്‍കിയതുപോലും നിരന്തരമായ സമ്മര്‍ദത്തിന്റെയും പ്രതിഷേധത്തിന്റെയും ഫലമായാണ്.

പല വിധത്തില്‍ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഇപ്പോള്‍ വായ്പയെടുക്കാനുള്ള പരിധി കുറച്ചുകൊണ്ടുള്ള നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയും അതുവഴി വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും തടഞ്ഞ് ജനവികാരം എതിരാക്കി നേട്ടമുണ്ടാക്കുകയെന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നത് തെറ്റാവില്ല. യഥാര്‍ഥത്തില്‍ കേരളത്തോട് പ്രതികാരം തീര്‍ക്കുന്ന സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിയമപ്രകാരമുള്ളതാണ് വായ്പയെടുക്കാനുള്ള അവകാശം. അതിനെതിരായ നീക്കം നമ്മുടെ ഫെഡറല്‍ കാഴ്ചപ്പാടിന് തന്നെ എതിരാണ്.