എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി) ന്റെ രാഷ്ട്രീയ പക്ഷപാതിത്വവും വിനീത വിധേയത്വവും നിരവധി തവണ ചർച്ചാ വിഷയമായതാണ്. സുപ്രീം കോടതി വരെയുള്ള വിവിധ നീതിന്യായ സംവിധാനങ്ങൾ ഇഡിയുടെ നടപടികൾ നിശിതമായി വിമർശിക്കുകയും പല തവണ റദ്ദാക്കുകയും ചെയ്തിരുന്നതുമാണ്. കഴിഞ്ഞയാഴ്ചയാണ് തമിഴ്‌നാട്ടിലെ ടാസ്മാക് കേസിൽ ഇഡിക്കെതിരെ സുപ്രീം കോടതിയിൽ നിന്ന് രൂക്ഷമായ ഭാഷയിൽ വിമർശനമുണ്ടായത്. എങ്കിലും തങ്ങളുടെ ദാസ്യമനോഭാവം അവസാനിപ്പിക്കില്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അവർ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം. കൊച്ചി പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റാന്വേഷണ ചരിത്രത്തിൽ അസാധാരണവും വിചിത്രവുമെന്ന് വിശേഷിപ്പിക്കാവുന്ന സമീപനങ്ങളാണ് പ്രസ്തുത കുറ്റപത്രത്തിലൂടെ ഇഡി സ്വീകരിച്ചിരിക്കുന്നത്. സിപിഐ(എം) എന്ന രാഷ്ട്രീയ പാർട്ടിയെയും അതിന്റെ ജില്ലാ സെക്രട്ടറിമാരായിരുന്ന മൂന്ന് പേരെയും 67 മുതൽ 70 വരെയുള്ള പ്രതികളായി അന്തിമ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലർ, സിപിഐ(എം) പുറത്തുശേരി, പുറത്തുശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി എന്നിവരെയും യഥാക്രമം 64,71,72,73 പ്രതികളാക്കി. ഇതിൽനിന്നുതന്നെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് വ്യക്തമാകുന്നു. ദുരുദ്ദേശ്യപരവും അല്ലാത്തതുമായ നിരവധി കേസുകൾ വിവിധ ഏജൻസികൾ ചുമത്താറുണ്ടെങ്കിലും വ്യക്തികൾ നടത്തുന്നതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ പേരിൽ രാഷ്ട്രീയ പാർട്ടികളെയോ സ്ഥാപനങ്ങളെയോ പ്രതിപ്പട്ടികയിൽപ്പെടുത്തുകയെന്ന അസാധാരണ നടപടിയാണ് ഇവിടെയുണ്ടായിരിക്കുന്നത്. നേരത്തെ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണക്കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ബിജെപിയുടെ ഉന്നത നേതാക്കളെ പോലും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി വിധേയത്വം കാട്ടിയവരാണ് ഇഡിയെന്നതും മറന്നുകൂടാ.
ക്രമക്കേടുകളോ അഴിമതിയോ ഏത് സഹകരണ ബാങ്കുകളിൽ നടന്നാലും അത് അംഗീകരിക്കാനാവാത്തതാണ്. അത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾതന്നെ കർശന നടപടികൾ സ്വീകരിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. എന്നാൽ കരുവന്നൂർ കേസിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുകയാണ് ഇഡി ചെയ്തത്. അതുകൂടാതെയാണ് രാഷ്ട്രീയ പാർട്ടികളെയും അതിന്റെ പ്രവർത്തകരെയും പ്രതിചേർക്കുക എന്ന സമീപനമുണ്ടായിരിക്കുന്നത്. ഇത് ഇഡിയുടെ രാഷ്ട്രീയ പക്ഷപാതിത്വത്തെയാണ് തുറന്നുകാട്ടുന്നത്. പല തവണ കോടതികൾ വിമർശിച്ച പക്ഷപാതിത്വത്തിന്റെയും നിയമവിരുദ്ധ നടപടിക്രമങ്ങളുടെയും ഉദാഹരണം തന്നെയാണ് ഈ കുറ്റപത്രവും. ഇത്തരം നടപടികൾ ഇഡിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഇതാദ്യമല്ല. രാജ്യത്തെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അടക്കം ഇഡി നടപടി നേരിട്ടവരോ നേരിടുന്നവരോ ആണ്. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സ്വർണക്കടത്തുകേസിന്റെയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിഫ്ബിയുടെ പേരിലും ഇല്ലാക്കഥകൾ പരത്തി ബിജെപിക്കും എൽഡിഎഫിന്റെ രാഷ്ട്രീയ എതിരാളികൾക്കും നേട്ടമുണ്ടാക്കുന്നതിനുള്ള ചട്ടുകമായി ഇഡി പ്രവർത്തിച്ചതിന്റെ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ടായിരുന്നതാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അതൊന്നും വകവച്ചുകൊടുക്കുവാൻ പ്രബുദ്ധരായ വോട്ടർമാർ തയ്യാറായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരച്ചടിയാകട്ടെ ഇഡി നടത്താനുദ്ദേശിച്ച കള്ളപ്രചരണങ്ങൾ വോട്ടർമാരെ സ്വാധീനിച്ചതിന്റെ പേരിൽ ആയിരുന്നതുമില്ല.
ഇപ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പും അടുത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറ്റപത്രമെന്നത് അവരുടെ ദുഷ്ടലാക്ക് വെളിപ്പെടുത്തുന്നതുതന്നെയാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനക്ഷേമ നിലപാടുകളോടുള്ള ആഭിമുഖ്യം സമൂഹത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനമധ്യത്തിൽ അഴിമതിക്കാരാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ നടപടിയാണിത് എന്നതിലും സംശയമില്ല. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കാര്യത്തിൽ മാത്രമല്ല, കേസുകൾ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നതിന്റെ പരാതികളും ആരോപണങ്ങളും സമീപനാളുകളിലാണ് ഇഡിക്കെതിരെയുണ്ടായത്. കേസെടുക്കാതിരിക്കാനും കേസിൽ നിന്ന് ഒഴിവാക്കുവാനും കോഴ ആവശ്യപ്പെട്ടു എന്നതിന്റെ പേരിൽ വിജിലൻസിന്റെ മുമ്പിൽ ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥർ പോലും കുറ്റാരോപിതരായി നിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കരുവന്നൂർ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ബോധ്യപ്പെടാൻ പ്രയാസമേതുമില്ല. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെ ശ്വാസം മുട്ടിക്കുന്നതിനുള്ള സാമ്പത്തിക നടപടികൾക്കൊപ്പം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനുള്ള ഇത്തരം നീചമായ സമീപനങ്ങളും സ്വീകരിക്കുന്ന കേന്ദ്രനടപടികൾ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നുറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.