Web Desk

March 25, 2020, 5:00 am

സാക്ഷര കേരളത്തിന്റെ വഴി സ്വയം തിരിച്ചറിയണം

Janayugom Online

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പിലായി. നേരത്തെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ഘട്ടത്തിൽ ഒരുകൂട്ടമാളുകളുടെ ഭാഗമായുണ്ടായ നിരുത്തരവാദ സമീപനത്തിന്റെ ഫലമായി ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി. കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ. പക്ഷെ ജനതാ കർഫ്യൂ ദിവസം പുറത്തിറങ്ങാതെ സഹകരിച്ച ജനങ്ങൾ ലോക്ക്ഡൗണിനോട് പുലർത്തുന്ന സമീപനം ആശങ്ക ഉളവാക്കുന്നതാണ്. പുറത്ത് ഇറങ്ങരുതെന്ന നിർദേശം ലംഘിച്ച് പലയിടത്തും ആളുകൾ നിരത്തുകളിൽ സജീവമാകുന്നത് ഇന്നലെ രാവന്തിയോളം കണ്ടു.

നിരത്തുകളിൽ ഉൾപ്പെടെ കനത്ത പൊലീസ് സാന്നിധ്യം നിലനിൽക്കെയാണ് സ്വകാര്യ വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലുമായി നിരവധി പേർ വീട് വിട്ട് റോഡിലിറങ്ങിയത്. അവശ്യസാധനങ്ങൾ ശേഖരിക്കാനുള്ള തിടുക്കമാണ് പലരും പുറത്തിറങ്ങുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണങ്ങൾ അയഞ്ഞ കൊല്ലത്ത് നിരവധി വാഹനങ്ങൾ നിരത്തുകളിൽ എത്തിയിരുന്നു. തൃശൂരിലെ പാലിയേക്കര ടോൾപ്ലാസയിലും വാഹനങ്ങളുടെ നീണ്ട നിര കണ്ടു. ആലപ്പുഴയിലെ നിരത്തുകൾ സാധാരണ ദിവസങ്ങളിലെന്ന പോലെ തുടർന്നു. കാസർകോട് മാത്രമാണ് വലിയൊരളവിൽ ജനങ്ങൾ വീട്ടിൽ തന്നെ തങ്ങാൻ തയ്യാറായത്. അതാകട്ടെ കഴിഞ്ഞ ദിവസങ്ങളിൽ കൈക്കൊണ്ട ശക്തമായ നടപടികളുടെ ഫലമാണെന്ന കാര്യത്തിൽ തർക്കമില്ല. അന്യായമായി കൂട്ടം ചേരരുത് എന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യം നിലനിൽക്കെയാണ് നിരവധി പേർ പുറത്തിറങ്ങുന്നത്.

അടുത്ത പതിനാല് ദിവസം കേരളത്തിന് നിർണായകം എന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. പൊതുഗതാഗത സൗകര്യങ്ങൾ പൂർണമായി നിർത്തലാക്കിയ സാഹചര്യത്തിലാണ് പലയിടത്തും സ്വകാര്യ വാഹനത്തിൽ പുറത്തിറങ്ങുന്നത്. സംസ്ഥാനത്ത് മൂന്നുപേരിൽ ഒരാൾക്ക് സ്വന്തമായി വാഹനമുണ്ട് എന്നാണ് കണക്കുകൾ. കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1.70 കോടിയിലധികമെന്ന് ഗതാഗത മന്ത്രി നിയമസഭയിൽ ചോദ്യത്തിന് മറുപടിയായും വ്യക്തമാക്കിയിരുന്നു. ഏഴുലക്ഷത്തിലധികം ഇരുചക്രവാഹനങ്ങളും മൂന്നു ലക്ഷത്തിനടുത്ത കാറുകളും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ളവ മാത്രമേ തുറക്കാവൂ എന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ നേരത്തേതന്നെ അടച്ചിരുന്നതുമാണ്.

ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി നൽകുകയോ പ്രവർത്തനം ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. എന്നിട്ടും ഇന്നലെ സാധാരണ പോലെ ആയിരക്കണക്കിനാളുകളാണ് സ്വന്തം വാഹനങ്ങളുമായി പുറത്തിറങ്ങിയത്. യഥാർത്ഥത്തിൽ പൊതുഗതാഗത സംവിധാനങ്ങളല്ല സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കുന്നതാണ് നിരോധിക്കേണ്ടതെന്ന് തോന്നിക്കുന്ന വിധത്തിലായിരുന്നു കാര്യങ്ങൾ. അതുകൊണ്ടാണ് പൊലീസിന് കടുത്ത നടപടികളുമായി തെരുവിലിറങ്ങേണ്ടിവന്നത്. ഇതുകൊണ്ടുണ്ടായ പ്രയാസം വെറുതേ പുറത്തിറങ്ങിയവരല്ല, യഥാർത്ഥത്തിൽ പുറത്തിറങ്ങേണ്ടുന്നവരാണ് അഭിമുഖീകരിച്ചത്. പല തവണ പരിശോധനയ്ക്കുവിധേയമാകേണ്ടിവന്നു അവരും. ആശുപത്രി ജീവനക്കാർ പോലും ഓരോ കേന്ദ്രത്തിലും പരിശോധന നേരിടേണ്ടിവരുന്ന സ്ഥിതിയുണ്ടായി.

സ്വന്തം വാഹനമുണ്ടെന്നു കരുതി അതുമെടുത്ത് പുറത്തിറങ്ങുന്ന ജനങ്ങൾ സ്വയം കുരുക്കുകയും സമൂഹത്തെ കുരുതി കൊടുക്കയും ചെയ്യുന്നുവെന്ന് യൂറോപ്പിലെ കോവിഡ് 19 ദുരിത പശ്ചാത്തലത്തിലെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. “പലരും ഇപ്പോഴും ലോക്ക് ഡൗണിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക, നിർദ്ദേശങ്ങൾ ഗൗരവമായി പാലിക്കുക. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൂ” പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഹിന്ദിയിൽ ട്വീറ്റ് ചെയ്തിരുന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടി വരുന്നു. ജനത കർഫ്യൂവിന്റെ ഭാഗമായി പ്രത്യേക ചിന്താഗതിയോടെയാണെങ്കിലും പ്രധാനമന്ത്രി പ്രഖ്യാപിച്ച സന്നദ്ധപ്രവർത്തകരെ അഭിനന്ദിക്കുന്നതിനുള്ള പരിപാടി, സമൂഹ അകലമെന്നതാണ് ഏറ്റവും സുപ്രധാനമായ പ്രതിരോധമാർഗമെന്നതു മറന്ന് ആഘോഷമാക്കിയവർ നിരവധിയാണ്. നൂറുകണക്കിന് പേർ പങ്കെടുത്ത ഘോഷയാത്രകൾ പോലും ഇതിന്റെ ഭാഗമായി നടന്നുവെന്നാണ് വാർത്തകൾ.

രോഗികളുടെ എണ്ണം വർധിച്ചാൽ സർക്കാർ വിചാരിച്ചാൽ പോലും നിയന്ത്രിക്കാനാകില്ല. ജനങ്ങൾ സഹകരിക്കാൻ തയാറായില്ലെങ്കിൽ കൂടുതൽ കർശനമായ നടപടികൾക്ക് സർക്കാർ നിർബന്ധിതമാകും. വസൂരി ഉൾപ്പെടെ പോയകാലത്ത് നമ്മുടെ സംസ്ഥാനം മഹാമാരികളെയും മഹാദുരന്തങ്ങളെയും നേരിട്ടത് ഉന്നതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതുകൊണ്ട് ഇതല്ലല്ലോ സാക്ഷര കേരളത്തിന്റെ വഴിയെന്ന് ജനം സ്വയം തിരിച്ചറിയണം.

You may also like this video