23 April 2024, Tuesday

പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളും പ്രസിഡന്റിന്റെ പ്രശംസയും

Janayugom Webdesk
May 28, 2022 5:00 am

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയ ഭീതി നിറഞ്ഞ പ്രതിപക്ഷം കൈവിട്ട കളിയിലാണ് ഇപ്പോള്‍. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളെന്നതു പോലെയാണ് പെരുമാറുന്നത്. ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ കുപ്രചരണങ്ങളും അപവാദങ്ങളും അവതരിപ്പിക്കുകയാണ് അവരിപ്പോള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുവാനും കുടുംബാംഗങ്ങളെ മാനസികമായി തകര്‍ക്കുന്നതിനും സമൂഹമാധ്യമം ഉപയോഗിച്ച് നടത്തിയ തരംതാഴ്ന്ന പ്രവൃത്തി അതിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയവും ആശയപരവും വികസന അജണ്ടയുടെ അടിസ്ഥാനത്തിലും എല്‍ഡിഎഫിനെ നേരിടാനാവില്ലെന്ന് വന്നപ്പോഴാണ് ഇത്തരം തരംതാണ പ്രചരണരീതികള്‍ അവര്‍ സ്വീകരിക്കുന്നത്. അതിനു പുറമേ അതിജീവിത നല്കിയ ഒരു ഹര്‍ജിയുടെ പേരില്‍ കേരളത്തില്‍ സ്ത്രീ സുരക്ഷ ഭീഷണിയിലാണെന്ന പ്രചരണം നടത്താനും അവര്‍ ശ്രമിച്ചു. അക്രമിക്കപ്പെട്ട നടി ഇരയല്ല, അതിജീവിതയാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തിയവരാണ്. ആദ്യം മുതല്‍ ഈ കേസില്‍ അതിജീവിതയ്ക്കൊപ്പം തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിലകൊണ്ടിരുന്നത്. യുഡിഎഫ് ആയിരുന്നുവെങ്കില്‍ തേഞ്ഞുമാഞ്ഞുപോകുമായിരുന്നു ഈ കേസെന്ന് പരസ്യമായി പറഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എല്‍ഡിഎഫ് ഭരിക്കുന്നതുകൊണ്ടാണ് നടന്‍ ദിലീപ് അറസ്റ്റിലായതെന്ന് സമ്മതിച്ചവരും ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെയാണ് അതിജീവിത നല്കിയ ഹര്‍ജിയുടെ പേരില്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്താന്‍ യുഡിഎഫ് നടത്തിയ ശ്രമം നനഞ്ഞ പടക്കമായത്. തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിന് ഈ വിഷയം ആയുധമാക്കുവാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് മനസിലാക്കിയ അതിജീവിത തന്നെ രംഗത്തെത്തിയത് യുഡിഎഫിനുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. അതിജീവിതയെ രാഷ്ട്രീയ ആയുധമാക്കുവാന്‍ നടത്തി യ ശ്രമം യഥാര്‍ത്ഥത്തില്‍ അവരെ അപമാനിക്കുന്നതിന് തുല്യവുമായി.


ഇതുകൂടി വായിക്കാം; വർഗീയതയുടെ കളിക്കളത്തിൽ കുരുന്നുകളെ കരുക്കളാക്കുമ്പോൾ


മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സംസാരിക്കുകയും അദ്ദേഹത്തില്‍ നിന്ന് കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ കേള്‍ക്കുകയും ചെയ്ത അതിജീവിത മാധ്യമങ്ങളോട് വ്യക്തമാക്കിയ കാര്യങ്ങളും യുഡിഎഫിന്റെ രാഷ്ട്രീയ ആയുധമാകുവാന്‍ തനിക്കുദ്ദേശ്യമില്ലെന്ന വ്യക്തമായ സന്ദേശമാണ് നല്കിയത്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രിയുടെ വാക്കുകളില്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നുമാണ് അതിജീവിത വ്യക്തമാക്കിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ആശങ്കകളാണ് ഹര്‍ജിയില്‍ ഉന്നയിക്കുവാന്‍ ശ്രമിച്ചത്. അക്കാര്യമാണ് മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. സര്‍ക്കാരിനെതിരെ ഒന്നും പറയാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നിട്ടും അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതില്‍ ക്ഷമ ചോദിക്കാനും അതിജീവിത തയാറായി. അതിജീവിതയ്ക്ക് നീതി ലഭിക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കുകയും ചെയ്തു. എക്കാലവും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്, ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും, ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല സത്യവാങ്മൂലത്തിലൂടെ കോടതിയിലും സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം; ചിതലരിച്ച ചിന്തകളും ചിന്തന്‍ ശിബിരവും


കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രതിപക്ഷം കുപ്രചരണങ്ങള്‍ ശക്തിപ്പെടുത്തിയ ദിവസം തന്നെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തെ പ്രശംസിച്ചത്. സ്ത്രീ മുന്നേറ്റത്തില്‍ കേരളം മാതൃകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കേരളം പുതിയ പാതകൾ രൂപപ്പെടുത്തി. ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ കേരളം വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തെ വനിതകൾ നിസ്വാർത്ഥ പരിചരണത്തിന്റെ മാതൃക സൃഷ്ടിച്ചതായും രാഷ്ട്രപതി പറയുകയുണ്ടായി. രാഷ്ട്രപതി ഊന്നിപ്പറയുവാന്‍ ശ്രമിച്ച സ്ത്രീ മുന്നേറ്റം ആരോഗ്യ പരിപാലനരംഗത്തും ജനാധിപത്യവേദികളിലുമുള്‍പ്പെടെയാണ്. അത്തരം മുന്നേറ്റങ്ങള്‍ക്കു വഴിയൊരുക്കിയത് പ്രധാനമായും കമ്മ്യൂണിസ്റ്റ് — ഇടതുസര്‍ക്കാരുകളുടെ കാലത്താണെന്നത് നിഷേധിക്കാനാവാത്തതാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണമേര്‍പ്പെടുത്തിയത് ഇടതുപക്ഷ ഭരണകാലത്തായിരുന്നു. അതുകൊണ്ട് കുറഞ്ഞ വാക്കുകളിലാണെങ്കിലും കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ വാക്കുകളും പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളെ അസ്ഥാനത്താക്കുന്നതാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.