Sunday
25 Aug 2019

മാനക്കേടുണ്ടാക്കി ഭൂലോക നുണയന്‍

By: Web Desk | Monday 13 May 2019 10:59 PM IST


നാധിപത്യ വ്യവസ്ഥകളനുസരിച്ചും ഭരണഘടനാപ്രകാരവും രാജ്യത്ത് ഭരണനിര്‍വഹണത്തിന് ഒരു പ്രധാനമന്ത്രി വേണം. അതുപക്ഷെ നരേന്ദ്രമോഡിയെ പോലെയൊരാളാവരുത്. ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും കൊലയ്ക്കിരയാക്കിയും സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന രാഷ്ട്രനേതാവ് ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. പദവി മറന്ന് താനെന്ന നടനവും കേമനെന്ന് സ്വയം അറിയിക്കുകയും ചെയ്യുന്ന രാഷ്ട്രത്തലവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീരുവാണ്. രാജ്യത്ത് നിലകൊണ്ട് സംസ്‌കാരത്തെ തകര്‍ക്കുന്നവന്‍ രാജ്യദ്രോഹിയാണെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആള്‍രൂപമാണ് മഹാത്മാ ഗാന്ധി. ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും വ്യക്തതയോടെ അറിഞ്ഞാല്‍ രാജ്യത്തിന്റെ സംസ്‌കാരം എന്തെന്ന് പഠിക്കാം. സംസ്‌കാരം മനുഷ്യന്റെ മൊത്തം പെരുമാറ്റത്തെയും ജീവിതശൈലിയെയും ഉള്‍ക്കൊള്ളുന്നതാണ്. ചിരപുരാതനകാലം മുതല്‍ ഇന്ത്യന്‍ സംസ്‌കൃതി മാനവസംസ്‌കൃതി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനുവിപരീതമായും ചിലരുണ്ടെന്ന് തെളിയിച്ചത് മഹാത്മാ ഗാന്ധിയെന്ന ഇന്ത്യന്‍ സംസ്‌കൃതിയുടെ മൂല്യത്തെ വെടിയുതിര്‍ത്തില്ലാതാക്കിയതോടെയാണ്. ഗാന്ധിവധം പുനരാവിഷ്‌കരിക്കുന്നതിലൂടെ മോഡിഭക്തര്‍ ചെയ്തുപോരുന്നത് ഇന്ത്യന്‍ സംസ്‌കാരത്തെ അങ്ങനെയങ്ങ് നിലനിര്‍ത്തേണ്ടെന്ന അജണ്ട വച്ചുകൊണ്ടുതന്നെയാണ്.
ഇന്ത്യന്‍ ജനത തങ്ങളുടെ രാഷ്ട്രത്തിന്റെ സംസ്‌കാരം തീര്‍ത്തും വെടിഞ്ഞില്ലെന്ന ഭയമാണ് നരേന്ദ്രമോഡിയെ ഇന്നും നയിക്കുന്നത്. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ ശേഷമെന്ത് എന്ന സ്വപ്‌നം മോഡിയെ അലട്ടുന്നുമുണ്ട്. ഇന്ത്യയുടെ സംസ്‌കാരവും രാഷ്ട്രീയമേന്മയും മതനിരപേക്ഷമൂല്യവും ഗാന്ധിയന്‍ ദര്‍ശനവും തൊട്ടുതീണ്ടിയിട്ടില്ലാത്ത മോഡി ചെയ്തുവച്ചതെല്ലാം നാടിനെ ഭീതിപ്പെടുത്തുന്നതാണ്. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നിരന്തരം അപഹാസ്യരാക്കിക്കൊണ്ടിരിക്കുന്നതും അതേ മോഡി തന്നെയാണ്. പുത്തന്‍ സാമ്പത്തിക നയം രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പണിപ്പെട്ട മന്‍മോഹന്‍ സിങിനുപോലും ഒരുനിലയും വിലയുമുണ്ടായിരുന്നു. പക്ഷെ, നെഞ്ചളവും നെഞ്ചൂക്കും സ്വയം പറഞ്ഞ നരേന്ദ്രമോഡിയെ ലോകം ഓരോ നിമിഷത്തിലും അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി ഇങ്ങനെ നിരന്തരം അപഹസിക്കപ്പെടുക എന്നത് രാജ്യത്തിന് കളങ്കമാണ്. നയതന്ത്ര നീക്കത്തില്‍ പ്രതിഷേധിച്ചോ നയപരമായ പാളിച്ചകള്‍ എടുത്തുയര്‍ത്തിയോ അല്ല പ്രധാനമന്ത്രിയെ പലരും ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതെന്നോര്‍ക്കണം.

ശാസ്ത്ര പുരോഗതിയിലൂടെ ഉന്നതിയിലേക്ക് കുതിക്കുന്ന ഇന്ത്യയെ കുത്തനെ താഴേക്കിറക്കുകയാണ് ഇന്ന് മോഡിയുടെ ഓരോ വാക്കുകളും. ബലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രമണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാന്‍ മോഡി പറഞ്ഞ ‘മേഘ തിയറി’ ലോകം അത്ഭുതത്തോടെയാണ് ചര്‍ച്ചചെയ്യുന്നത്. ലോകനേതാവ് ചമയുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ന്യൂസ് നേഷന്‍ എന്ന ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവിശ്വസനീയമായ പ്രസ്താവനകള്‍ നടത്തിയത്. ‘വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ അത്ര സുഖകരമല്ലായിരുന്നു. മേഘാവൃതമായ അന്തരീക്ഷവും കനത്ത മഴയുമുണ്ടായിരുന്നു. മേഘാവൃതമായ അന്തരീക്ഷം മൂലം നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്ന സംശയമുയര്‍ന്നു. വിദഗ്ദ്ധരില്‍ ചിലര്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ പറഞ്ഞു. തന്റെ മനസില്‍ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് രഹസ്യമായിരുന്നു. താന്‍ ശാസ്ത്രത്തെക്കുറിച്ച് അത്ര വശമുള്ള ആളല്ല എന്നാലും ആ സമയത്താണ് തന്റെ മനസില്‍ ഒരു കാര്യം തോന്നിയത്. മേഘവും മഴയും നമുക്ക് ഗുണകരമാണെന്ന് എനിക്ക് തോന്നി. റഡാറുകളില്‍ നിന്ന് നമ്മുടെ വിമാനങ്ങളെ മേഘം മറയ്ക്കുമെന്ന് എനിക്ക് തോന്നി. താനത് അവതരിപ്പിച്ചു. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഈ ആശയത്തില്‍ ആക്രമണം നടത്തുക തന്നെ ചെയ്തു’.

സൈന്യത്തെ പോലും അമ്പരപ്പിച്ച ഈ നിരീക്ഷണവും അവതരണവും എങ്ങനെ ലോകത്തെ ചിരിപ്പിക്കാതിരിക്കും. ഇങ്ങനെയൊരു പരിഹാസകഥാപാത്രമായി മാറുമ്പോഴും അമ്പരിപ്പിക്കുന്ന അമ്പെയ്ത്തുകള്‍ തുടരുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ എഴുതാന്‍ ഉപയോഗിക്കാവുന്ന സ്‌റ്റൈലസ് പേനകള്‍ തൊണ്ണൂറുകളില്‍ താന്‍ ഉപയോഗിച്ചിരുന്നതായും 1987-88 കാലഘട്ടത്തിലാണ് താന്‍ ആദ്യമായി ഡിജിറ്റല്‍ കാമറ ഉപയോഗിച്ചതെന്നും മോഡി പറയുന്നു. തന്റെ ഡിജിറ്റല്‍ കാമറയില്‍ ആദ്യം പകര്‍ത്തിയത് എല്‍ കെ അദ്വാനിയുടെ പടമാണെന്നും അത് അപ്പോള്‍തന്നെ അദ്ദേഹത്തിന് ഇ-മെയില്‍ വഴി അയച്ചുകൊടുത്തുവെന്നുമുള്ള മോഡിയുടെ വിവരണം കേട്ടിരുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ സാഹസികതയെയാണ് അഭിനന്ദിക്കേണ്ടത്. ചുരുക്കം ചില ആളുകളില്‍ മാത്രമായിരുന്നത്രെ അന്ന് ഇ-മെയില്‍ പോലും ഉണ്ടായിരുന്നുള്ളൂ. ഒറ്റ ദിവസം കൊണ്ട് തന്റെ കളര്‍ പടം ഇ-മെയിലിലൂടെ കിട്ടിയപ്പോള്‍ അദ്വാനി അത്ഭുതപ്പെട്ടിരുന്നുവെന്നാണ് മോഡി ചാനലില്‍ പറഞ്ഞത്. വിഎസ്എന്‍എല്‍ വഴി 1995 ഓഗസ്റ്റ് 14നാണ് ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. വിപണിയില്‍ ആദ്യമായി ഡെകാം എന്ന മോഡല്‍ ഡിജിറ്റല്‍ കാമറ എത്തിയത് 1990ലാണ്. ഇപ്പറയുന്നവ 1987-88 ല്‍ തനിക്ക് സ്വന്തമായുണ്ടായെന്ന് മോഡി സമര്‍ഥിക്കുമ്പോള്‍ തലതാഴ്ത്തുന്നത് ഇന്ത്യന്‍ ജനതയാണ്. ചായ വിറ്റുനടന്നതിന്റെയും ദാരിദ്ര്യത്തിന്റെയും കഥകള്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് മുന്നിലവതരിപ്പിച്ച മോഡി ഭൂലോക നുണയനാണെന്ന് ലോകം പരിഹസിക്കുമ്പോഴും നാണക്കേട് രാജ്യത്തിനുതന്നെ.