കേരളത്തിലെ പ്രമുഖ ഹൈന്ദവക്ഷേത്രങ്ങളിൽ ഒന്നായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയവാർത്തകളിൽ സ്ഥാനംപിടിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പൗരാണികവും ചരിത്രപരവും മതപരവുമായ പ്രാധാന്യത്തിന്റെയോ, ക്ഷേത്രവുമായി ബന്ധപ്പെട്ട അനാചാരങ്ങൾക്കെതിരെ പ്രബുദ്ധകേരളം നടത്തിയ നവോത്ഥാന ചെറുത്തുനില്പ് പോരാട്ടങ്ങളുടേയോ, കൂടൽമാണിക്യം ക്ഷേത്രം കേരളത്തിന്റെ കലാപാരമ്പര്യത്തിനു നൽകിയ മഹത്തായ സംഭാവനകളുടെയോ പേരിലല്ല അത്. മറിച്ച്, നവോത്ഥാന കേരളപാരമ്പര്യം കുഴിച്ചുമൂടിയ ജാതിവിവേചനം വീണ്ടും പൊടിതട്ടിയെടുക്കാൻ നടത്തിയ ഖേദകരവും നിയമവിരുദ്ധവുമായ നടപടിയുടെ പേരിലാണ് എന്നത് തികച്ചും ലജ്ജാകരമാണ്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് നിയമിച്ച കഴകക്കാരനെ നിയമവിരുദ്ധമായി തസ്തികമാറ്റി നിയമിച്ച അഡ്‌മിനിസ്ട്രേറ്ററുടെ നടപടിയാണ് വിവാദങ്ങൾക്ക് തുടക്കംകുറിച്ചത്. ഈ നടപടി ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 17ന്റെ ലംഘനമാണെന്ന് സംസ്ഥാന ദേവസ്വം മന്ത്രി വി എൻ വാസവൻ ഇന്നലെ നിയമസഭയിൽ അസന്ദിഗ്ധമായി വ്യക്തമാക്കുകയുണ്ടായി. ഭരണഘടന മേല്പറഞ്ഞ അനുച്ഛേദത്തിലൂടെ അസ്പൃശ്യത നിയമവിരുദ്ധമാക്കിയിട്ടുള്ളതാണ്. ക്ഷേത്രത്തിലെ തന്ത്രിസമൂഹത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് കൂടൽമാണിക്യം ദേവസ്വം ബോർഡും അഡ്‌മിനിസ്ട്രേറ്ററും ഈ നിയമവിരുദ്ധ നടപടി സ്വീകരിച്ചതെന്ന് ഇതോടെ സുവ്യക്തമായി. ക്ഷേത്രത്തിലെ രണ്ട് കഴകക്കാരുടെ തസ്തികകളിൽ ഒരെണ്ണം തന്ത്രിസമൂഹത്തിന്റെ ശുപാർശയിലും മറ്റൊരെണ്ണം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയും നിയമിക്കുന്നതാണ് നിശ്ചയിക്കപ്പെട്ട നടപടിക്രമം. ഇതിൽ രണ്ടാമത്തെ നിയമനമായിരുന്നു ഫെബ്രുവരി 24ന് ബി ബാലു എന്ന യുവാവിന്റേത്. ബാലുവിന്റെ ജാതിയാണ് തന്ത്രിസമൂഹത്തെ പ്രകോപിപ്പിച്ചതും ഇപ്പോഴത്തെ വിവാദങ്ങൾക്ക് വഴിമരുന്നിട്ടതും. ജാതി വിവേചനത്തിനും അതിന്റെ പേരിലുള്ള അസ്പൃശ്യതയ്ക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടതും ഭരണഘടനയുടെ അലംഘനീയത ഉയർത്തിപ്പിടിക്കുകയെന്നതും നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണ്.
കേരളത്തിലും രാജ്യത്തും കൊടികുത്തിവാണിരുന്ന ജാതിവ്യവസ്ഥയ്ക്കും തീണ്ടൽ, തൊടീൽ തുടങ്ങിയ ക്രൂരവും മനുഷ്യത്വഹീനവുമായ അസ്പൃശ്യതയ്ക്കുമെതിരെ നാം കൈവരിച്ച വിജയങ്ങൾ ആരുടെയും ഔദാര്യമായിരുന്നില്ല. ധീരോദാത്തവും ത്യാഗധനവുമായ ചെറുത്തുനില്പ് പോരാട്ടങ്ങളിലൂടെ നാം കൈവരിച്ച അവകാശങ്ങളാണ് അവയെല്ലാം. കേരളത്തിലും രാജ്യത്തും അതിനുവേണ്ടി ഉയർന്നുവന്ന മഹാപ്രസ്ഥാനങ്ങളുടെയും അവയുടെ ജീവാത്മാക്കളും പരമാത്മാക്കളുമായ ആചാര്യന്മാർ, ചിന്തകന്മാർ, മഹാന്മാരായ നേതാക്കൾ, അവയിൽ സ്വന്തം ജീവൻഹോമിച്ച ആണും പെണ്ണുമായ നൂറുകണക്കിന് പോരാളികൾ എന്നിവരുടെ ചരിത്രം ആവർത്തിക്കാനുള്ള ഇടമല്ല ഇവിടം. കേരളത്തിൽ നടന്ന അത്തരം എണ്ണമറ്റ സമരങ്ങളുടെ ചരിത്രത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനും ഇരിങ്ങാലക്കുടയ്ക്കും അദ്വിതീയമായ ഒരു സ്ഥാനമുണ്ടെന്നത് ഒരിക്കൽ നാം ഉച്ചാടനം ചെയ്ത ജാതിവിവേചനവും അനാചാരങ്ങളും തിരികെകൊണ്ടുവരാൻ ശ്രമിക്കുന്നവരും അത്തരക്കാരുടെ സമ്മർദങ്ങൾക്ക് വഴങ്ങുന്നവരും അതിന് കൂട്ടുനിൽക്കുന്നവരും വിസ്മരിക്കരുത്. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുവഴികളിലൂടെ നടക്കാനുള്ള അസ്പൃശ്യരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊടിയ മർദനങ്ങളെയും ചോരമരവിപ്പിക്കുന്ന അപമാനങ്ങളെയും നേരിട്ട് ധീരോദാത്തമായി പൊരുതി വിജയിച്ച പി കെ കുമാരനും പി സി കുറുമ്പയും പി കെ ചാത്തന്‍ മാസ്റ്ററും ഉൾപ്പെടെയുള്ള സമരസഖാക്കളുടെ സ്മരണകളിരമ്പുന്ന, ഇന്നും അവർ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്കും ആദർശങ്ങൾക്കും ആഴത്തിൽ വേരോട്ടമുള്ള മണ്ണാണ് ഇരിങ്ങാലക്കുടയുടേതെന്നും ആരും മറന്നുപോകരുത്. ചാതുർവർണ്യത്തെയും, കാലഹരണപ്പെട്ട സനാതനധർമ്മത്തെയും മഹത്വവൽക്കരിക്കാനും ചെങ്കോലുകളും കിരീടങ്ങളും പുനഃസ്ഥാപിക്കാനും ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠിക്കാനും വെമ്പൽകൊള്ളുന്ന ഒരു ആസുരകാലത്തിന്റെ അലയൊലികൾ അവിടവിടെ ഉയർന്നുകേൾക്കുന്നത് എല്ലാ പുരോഗമന ജനാധിപത്യ ശക്തികളെയും ആശങ്കപ്പെടുത്തുകയും ജാഗ്രതപ്പെടുത്തുകയും വേണം.
കൂടൽമാണിക്യത്തിൽ അരങ്ങേറിയ അസ്പൃശ്യത ഒറ്റപ്പെട്ട യാദൃച്ഛികതയല്ല. സ്ത്രീകളുടെ അവകാശാധികാരങ്ങളെപ്പറ്റിയുള്ള നാവടക്കാത്ത വായ്ത്താരിക്ക് പിന്നിലുള്ള സ്ത്രീവിരുദ്ധതയുടെയും അവകാശനിഷേധത്തിന്റെയും പ്രാകൃത യാഥാസ്ഥിതികത ഞെട്ടലോടെ കണ്ട നാടാണ് കേരളം. സംസ്ഥാനത്തിന്റെ ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ എംപിക്കുനേരെ ഒരു മലബാർ ദേവസ്വം ക്ഷേത്രത്തിൽത്തന്നെ അരങ്ങേറിയ ജാതിവിവേചനത്തിന്റെ പ്രകടനംകണ്ട് ലജ്ജിച്ച് തലതാഴ്ത്തേണ്ട ഗതികേടും ഈ നാടിനുണ്ടായി. നാം കുഴിച്ചുമൂടിയ ദുഷിപ്പുകളൊക്കെ വലിച്ചുപുറത്തെടുക്കാൻ തക്കംപാർക്കുന്ന പ്രതിലോമതകൾ പത്തിമടക്കി ചുരുണ്ടുകൂടി നമുക്കിടയിൽത്തന്നെ പതിയിരിക്കുന്നുണ്ടെന്നും വിസ്മരിച്ചുകൂടാ. കൂടൽമാണിക്യം കേരളത്തിന് നൽകുന്നത് ഒരു ദുഃസൂചനയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.