18 March 2025, Tuesday
KSFE Galaxy Chits Banner 2

ഭാഷാ, വിദ്യാഭ്യാസ നയങ്ങൾ കേന്ദ്ര — സംസ്ഥാന ബന്ധങ്ങളെ ഉലയ്ക്കുന്നു

Janayugom Webdesk
March 11, 2025 5:00 am

വ വിദ്യാഭ്യസ നയത്തിന്റെ പേരിൽ തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷാപഠനം അടിച്ചേല്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം ആ സംസ്ഥാനത്തുനിന്നുള്ള ലോക്‌സഭാ അംഗങ്ങളുടെയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും രൂക്ഷമായ എതിർപ്പും പ്രതിഷേധവുമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. തമിഴ്‌നാടിന്റെമേൽ മറ്റൊരു ‘ഭാഷാ യുദ്ധം’ അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ബിജെപിയുടെയും ആർഎസ്എസ് — സംഘ്പരിവാർ ശക്തികളുടേതുമെങ്കിൽ അതിനും തമിഴ്ജനത തയ്യാറാണെന്ന അർത്ഥശങ്കയ്ക്ക് ഇടമില്ലാത്ത സന്ദേശമാണ് മുഖ്യമന്ത്രി സ്റ്റാലിൻ നൽകുന്നത്. തമിഴ്‌നാട് കേന്ദ്രസർക്കാരിന് നൽകുന്ന സന്ദേശം ബഹുതല സ്പർശിയാണ്. ഹിന്ദി ഭാഷാപഠനത്തിനു വേണ്ടി കേന്ദ്രസർക്കാർ തമിഴ്‌നാടിനുമേൽ നടത്തുന്ന സമ്മർദത്തിന് ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഒരു രാഷ്ട്രം ഒരു ഭാഷ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ ബഹുസ്വരതയെയും വൈവിധ്യത്തെയും തകർത്ത് തൽസ്ഥാനത്ത് ഏകദേശീയതയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ പ്രതിഷ്ഠിക്കലാണ് അത്. സനാതന ധർമ്മത്തെയും ബ്രാഹ്മണ മേധാവിത്വത്തെയും ചെറുത്ത് പരാജയപ്പെടുത്തിയാണ് ദ്രാവിഡപ്രസ്ഥാനം തമിഴ്‌നാടിന്റെ രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തിൽ ആഴത്തിൽ വേരോട്ടമുണ്ടാക്കിയത്. അത് മുഖ്യമന്ത്രി സ്റ്റാലിനിൽ നിന്നോ അദ്ദേഹത്തിന്റെ പിതാവായിരുന്ന മുത്തുവേൽ കരുണാനിധിയിൽ നിന്നോ ആരംഭിക്കുന്ന ഒന്നല്ല. മഹാന്മാരായ സാമൂഹിക പരിഷ്കർത്താക്കളുടെ പാരമ്പര്യത്തിലും സാമൂഹിക വിമോചനത്തിനുവേണ്ടി തമിഴ് ജനതയ്ക്കിടയിൽ നടന്ന ചെറുത്തുനില്പ് പോരാട്ടങ്ങളിലുമാണ് അത് നങ്കൂരമുറപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തമിഴ് ജനതയുടെമേൽ അവരുടെ സാംസ്കാരിക പാരമ്പര്യത്തിന് നിരക്കാത്ത ഭാഷയും രാഷ്ട്രീയവും അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് അനവസരത്തിലുള്ള, വിവേകശൂന്യമായ സാഹസികതയായിരിക്കും. 

ഹിന്ദി ഭാഷാപഠനം അടിച്ചേല്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ തമിഴ് ജനത ധീരോദാത്തം ചെറുത്തുതോല്പിച്ചതാണ്. ഇന്ന് തമിഴർക്ക് പഴയതുപോലെ വൈകാരികമായ ഹിന്ദി ഭാഷാവിരോധമുണ്ടെന്ന് കരുതാൻ ന്യായമില്ല. സംസ്ഥാനത്ത് ത്രിഭാഷാ പദ്ധതി നടപ്പാക്കിയിട്ടില്ലെങ്കിലും തമിഴ് ജനത വലിയതോതിൽ ഹിന്ദി പഠിക്കുകയും ലക്ഷക്കണക്കായ തമിഴർ ഹിന്ദി ബെൽറ്റിൽ പണിയെടുത്ത് ജീവിക്കുകയും ഹിന്ദിഭാഷ യഥേഷ്ടം ഉപയോഗിച്ചുവരികയും ചെയ്യുന്നുണ്ട്. ഒരു ജനത എന്നനിലയിൽ അവരുടെമേൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഹിന്ദിഭാഷ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതാണ് ചെറുത്തുനില്പ് ക്ഷണിച്ചുവരുത്തുന്നത്. തമിഴടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകൾക്ക് ഹിന്ദിയെക്കാളും വികസിതമായ പെെതൃകം സ്വന്തമായി ഉണ്ടെന്നത് അനിഷേധ്യ വസ്തുതയാണ്. ശാസ്ത്ര, എന്‍ജിനീയറിങ്, മെഡിക്കൽ പഠനങ്ങൾക്കടക്കം ആവശ്യമായ പുസ്തങ്ങൾ ആ ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും അവിടങ്ങളിൽ പഠനഭാഷ മാതൃഭാഷയാവുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. അവയ്ക്കെല്ലാം തന്നെ മറ്റേത് ഇന്ത്യൻ ഭാഷയോടും കിടപിടിക്കാവുന്ന സാഹിത്യസമ്പത്തും സ്വന്തമായുണ്ട്. വിദ്യാഭ്യാസരംഗങ്ങളിൽ ഈ സംസ്ഥാനങ്ങൾ ഹിന്ദി സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ ശ്രദ്ധേയവും, ഒരുപക്ഷേ അസൂയാവഹവുമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഹിന്ദിയുടെ അഭാവം തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ അവകാശനിഷേധമായി ചിത്രീകരിക്കാൻ കേന്ദ്ര വിദ്യാഭ്യസ മന്ത്രിയടക്കം നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ കേവലം രാഷ്ട്രീയപ്രേരിതമാണ്. ഒരു രാഷ്ട്രം ഒരു ഭാഷ എന്ന മുദ്രാവാക്യം ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്, ഒരു രാഷ്ട്രം ഒരു നികുതി, ഒരു രാഷ്ട്രം ഒരു മതം തുടങ്ങി ബിജെപി, ആർഎസ്എസ് — സംഘ്പരിവാർ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന, ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ അപ്പാടെ നിഷേധിക്കുന്ന രാഷ്ട്രീയ തന്ത്രം മാത്രമാണ്. അതുവഴി തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന് രാജ്യത്തെമ്പാടും ഒരുപോലെ വേരോട്ടം ഉണ്ടാക്കാമെന്ന മിഥ്യാധാരണയിലാണ് അവർ. 

ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിൽ യൂണിറ്ററി ഭരണസംവിധാനമാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും രാജ്യത്തിന്റെ വൈവിധ്യത്തെയും ബഹുസ്വരതയെയും മാനിക്കുന്ന സഹകരണാത്മക ഫെഡറലിസത്തിന് ഏറെ പ്രസക്തിയും പ്രാധന്യവുമാണ് നമ്മുടെ ഭരണഘടനയുടെയും ഭരണസംവിധാനത്തിന്റെയും അന്തഃസത്ത. എന്നാൽ കേന്ദ്രസർക്കാരും ബിജെപിയും ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രമിക്കുന്ന നയപരിപാടികൾ ഏറെയും ആ അന്തഃസത്തയുടെ നിഷേധമായി മാറുന്നു. ഹിന്ദിഭാഷയുടെ പേരിലുള്ള അനാവശ്യ ദുഃശാഠ്യം, ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം പുനർനിശ്ചയിക്കാനുള്ള തിടുക്കപ്പെട്ട നീക്കം, കേന്ദ്ര ധനവിഭവങ്ങളുടെ പങ്കുവയ്ക്കലിൽ പ്രകടമാകുന്ന അനീതി തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര — സംസ്ഥാന ബന്ധങ്ങളിൽ അനാവശ്യ ഉലച്ചിലിന് കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കേന്ദ്രഭരണം കയ്യാളുന്ന ബിജെപി തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യങ്ങൾക്ക് ഉപരിയായി രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തിനും അഖണ്ഡതയ്ക്കും സമതുലിതവും നീതിപൂർവവുമായ വളർച്ചയ്ക്കും വികാസത്തിനും ഊന്നൽ നൽകാൻ സന്നദ്ധമാകുന്നത് ദേശീയ രാഷ്ട്രീയ ജീവിതത്തിൽ ശാന്തതയും സാധാരണനിലയും പുനഃസ്ഥാപിക്കാൻ സഹായകമാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.