5 October 2024, Saturday
KSFE Galaxy Chits Banner 2

ലാറ്ററൽ നിയമന പിന്മാറ്റം ഇരപിടിയന്‍ തന്ത്രം

Janayugom Webdesk
August 21, 2024 5:00 am

വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 45 ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിലേക്ക് ‘ലാറ്ററൽ’ നിയമനത്തിനുവേണ്ടിയുള്ള വിജ്ഞാപനം പിൻവലിക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന് മോഡി സർക്കാർ നിർദേശം. കേന്ദ്ര ഡിപാർട്മെന്റ് ഓഫ് പെഴ്സണൽ ആന്റ് ട്രെയിനിങ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഇതുസംബന്ധിച്ച നിർദേശം യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍ പ്രീതി സുധന് നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ പദവികളിലേക്ക്, സംവരണമടക്കം മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കൂട്ടനിയമനം നടത്താനുള്ള മോഡി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷത്തുനിന്നും ഭരണമുന്നണിയിലെ ഘടകകക്ഷികളിൽനിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഭരണമുന്നണിയിൽനിന്നും ഉയർന്ന എതിർപ്പ് അവഗണിച്ചുപോകുകയെന്നാൽ സർക്കാരിന്റെ നിലനില്പുതന്നെ അപകടത്തിലാവുമെന്ന തിരിച്ചറിവാണ് തങ്ങളുടെ കോർപറേറ്റ് അനുകൂല, പരിവാർ പ്രീണന നയങ്ങൾ തിടുക്കത്തിൽ പിൻവലിക്കാൻ മോഡി പ്രഭൃതികളെ നിർബന്ധിതമാക്കിയത്. ഇത് കേവലം ലാറ്ററൽ നിയമനത്തെമാത്രം ബാധിക്കുന്ന പ്രശ്നമല്ല. കഴിഞ്ഞ 10 വർഷത്തെ സ്വേച്ഛാധിപത്യ വാഴ്ചയിൽനിന്ന് വ്യത്യസ്തമായി ഒരു ജനാധിപത്യ സംവിധാനത്തിൽ, പ്രത്യേകിച്ചും മുന്നണി സംവിധാനത്തിൽ എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകണം എന്നതിന്റെ ബാലപാഠം പാലിക്കാനുള്ള അവസരംകൂടിയാണ് ഇന്ത്യൻ ജനാധിപത്യം മോഡിക്കും ബിജെപിക്കും പരിവാറിനും നൽകുന്നത്. സിവിൽ സർവീസിലെ ലാറ്ററൽ നിയമനം ചില സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രത്യേക വൈദഗ്ധ്യമുള്ളവരെ പതിവ് ഉദ്യോഗസ്ഥ സംവിധാനങ്ങൾക്ക് പുറത്തുനിന്നും മാനദണ്ഡങ്ങൾ മറികടന്നും നിയമിക്കുന്നതിനെയാണ് വിവക്ഷിക്കുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) അടക്കമുള്ള ഉന്നത തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുക. പതിവ് രീതിയിൽ യുപിഎസ്‌സി പരീക്ഷയിലൂടെ കേന്ദ്ര സർവീസിൽ പ്രവേശിക്കുന്നവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വിലക്കുണ്ടെങ്കിലും സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള ഐഎഎസുകാർക്ക് അപേക്ഷിക്കാനാവും. പതിവ് നിയമന പ്രക്രിയയ്ക്ക് പുറത്തുള്ള ഈ നിയമന സംവിധാനത്തിന് സംവരണതത്വങ്ങൾ ബാധകമല്ല.

യുപിഎസ്‌സി വിജ്ഞാപനത്തെ ബിജെപി വൃത്തങ്ങളും മന്ത്രിമാരും ന്യായീകരിച്ചത് ഇത് തങ്ങളുടെ കുഞ്ഞല്ലെന്നും കോൺഗ്രസ് സർക്കാർ നിയോഗിച്ച, വീരപ്പ മൊയ്‌ലി അധ്യക്ഷനായുള്ള, രണ്ടാം ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നുമായിരുന്നു. കോൺഗ്രസിൽ നിന്നും വേറിട്ട ഭരണമെന്ന മോഡിയുടെയും ബിജെപി പ്രഭൃതികളുടെയും അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടപ്പെടുന്നത്. മൂലധനശക്തികൾക്കും ചങ്ങാത്ത മുതലാളിത്തത്തിനും യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെ ചുവപ്പുപരവതാനി വിരിക്കുന്ന ദാസ്യവൃത്തിക്കപ്പുറം യാതൊരു പ്രത്യേകതയും തങ്ങൾക്കില്ലെന്നാണ് മോഡിയും ബിജെപിയും ഇത്തരം നടപടികളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ലാറ്ററൽ നിയമനം സംവരണത്തെ അട്ടിമറിക്കുക മാത്രമല്ല, ഭരണനിർവഹണ സംവിധാനത്തിന്റെ തന്ത്രപ്രധാന തലങ്ങളിൽ കോർപറേറ്റ് മൂലധന താല്പര്യങ്ങളെയും തീവ്രഹിന്ദുത്വ ദല്ലാളുകളെയും പ്രതിഷ്ഠിക്കുകയെന്ന ദൗത്യമാണ് നിറവേറ്റാൻ ശ്രമിക്കുന്നത്. മോഡി സർക്കാർ നാളിതുവരെ നടത്തിയ 63 ലാറ്ററൽ നിയമനങ്ങളിൽ 35 എണ്ണം സ്വകാര്യ മേഖലയിൽ നിന്നുള്ളതാണെന്ന് ലോക്‌സഭയെ ഒരു ചോദ്യത്തിന് ഉത്തരമായി സർക്കാർ അറിയിക്കുകയുണ്ടായി. അത്തരത്തിൽ നിയമിക്കപ്പെട്ട 57 പേർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ട്. ഇപ്പോൾ വിജ്ഞാപനം ചെയ്ത 45 തസ്തികകൾക്ക് പുറമേ 1,300 പേരെയെങ്കിലും നിയമിക്കാൻ മോഡി സർക്കാർ ലക്ഷ്യമിടുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലും ജനജീവിതത്തെ നിർണായകമായി സ്വാധീനിക്കാൻ പ്രാപ്തമായ നൂതന സാങ്കേതിക രംഗങ്ങളിലും സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും അവ നടപ്പിലാക്കുകയും ചെയ്യേണ്ട തന്ത്രപ്രധാന തസ്തികകളിലേക്കാണ് നിയമനങ്ങൾ നടത്താൻ ഭരണകൂടം ശ്രമിക്കുന്നത്. അതേസമയം ഏത് നയപരിപാടിയും തീരുമാനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ അവശ്യം ആവശ്യമായ മധ്യ, താഴ്ന്നതലങ്ങളിൽ പതിനായിരക്കണക്കിന് തസ്തികകളിൽ നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ വിരോധാഭാസം അരങ്ങേറുന്നത്. 

ലാറ്ററൽ നിയമനത്തിന് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സർക്കാർ സർവീസിലുള്ളവരുടെ യോഗ്യതകളുടെ അപര്യാപ്തതയാണ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി തികച്ചും കഠിനമായ പഠന, പരീക്ഷ, പരിശീലന പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ അയോഗ്യതയാണ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്. അതിന്റെ ഉദ്ദേശശുദ്ധിയും ഇത്തരം വിവേചനരഹിതമായ വിലയിരുത്തലുകളും ചർച്ചചെയ്യപ്പെടേണ്ടതാണ്. ഈ സമീപനത്തിനു പിന്നിലെ ചേതോവികാരം എന്തെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുമുണ്ട്. ഉന്നതതലങ്ങളിലെടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്നവയാണെങ്കിൽ അതിന്റെ നിർവഹണത്തിന് ആവശ്യമായ അളവിൽ താഴേത്തലങ്ങളിൽ ജീവനക്കാർ കൂടിയേതീരൂ. എന്നാൽ ഇവിടെ തീരുമാനങ്ങൾ മഹാഭൂരിപക്ഷത്തിനു വേണ്ടിയല്ല, തിരഞ്ഞെടുക്കപ്പെട്ട വരേണ്യ ന്യൂനപക്ഷത്തിന് വേണ്ടി മാത്രമാണ്. ജനങ്ങൾക്കുവേണ്ടി, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ട ജീവനക്കാരുടെ ലക്ഷക്കണക്കിന് തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കുന്നേയില്ല. ഉന്നത തസ്തികകളിലെ നിയമനങ്ങളിൽ സംവരണ തത്വങ്ങൾ പാലിക്കപ്പെട്ടാലും അത് വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ പ്രയോജനപ്പെടൂ. ഇവിടെ അവരുൾപ്പെടെ അർഹരായ, സംവരണ വിഭാഗങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് മോഡി സർക്കാർ തൊഴിൽ നിഷേധിക്കുന്നത്. ലാറ്ററൽ നിയമനം തൽക്കാലത്തേക്ക് നിർത്തിവയ്ക്കപ്പെട്ടുവെങ്കിലും വീണ്ടും അത് വേറിട്ട രൂപത്തിലും ഭാവത്തിലും തിരിച്ചുവന്നേക്കാം. അതിനെ ചെറുക്കുന്നതിനുള്ള ജാഗ്രതയ്ക്കൊപ്പം രാജ്യത്തുടനീളം കേന്ദ്ര, സംസ്ഥാന സർവീസുകളിലും റെയിൽവേ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളിലേക്കും നിയമനം നടത്താൻ ശക്തവും വ്യാപകവുമായ സമ്മർദം വളർന്നുവരേണ്ടിയിരിക്കുന്നു. സംവരണ വിഭാഗങ്ങളടക്കം രാജ്യത്തെ കോടാനുകോടി വരുന്ന തൊഴിൽരഹിതരുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമല്ലാതെ മറ്റുമാർഗങ്ങൾ അവശേഷിക്കുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.