14 November 2025, Friday

അഡാനിക്കുവേണ്ടി വഴിമാറുന്ന നിയമങ്ങള്‍

Janayugom Webdesk
October 11, 2025 5:00 am

ഹാരാഷ്ട്രയുടെ തലസ്ഥാനവും രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ പ്രമുഖവുമായ മുംബൈയുടെ ഭാഗമായ കല്യാണിനോട് ചേര്‍ന്നുള്ള പത്തോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ പ്രദേശത്ത് സ്ഥാപിതമാകാന്‍ പോകുന്ന സിമന്റ് നിര്‍മ്മാണ യൂണിറ്റിനെതിരെ പ്രക്ഷോഭത്തിലാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ പരിസ്ഥിതി വിനാശത്തിനും തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്നതിനും പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ വിവിധ രൂപങ്ങളില്‍ നടന്നുവരുന്നുണ്ട്. അതിലൊന്നായി കാണാവുന്നതാണ് കല്യാണിലെ ജനങ്ങളുടെ സമരം. കേന്ദ്ര സര്‍ക്കാര്‍ ചില പ്രത്യേക കോര്‍പറേറ്റുകള്‍ക്കുവേണ്ടി നിയമങ്ങളിലും ചട്ടങ്ങളിലും ഇളവ് നല്‍കുന്നതിന്റെ ഫലമായി നടക്കുന്ന ചൂഷണങ്ങളെ തുറന്നുകാട്ടുന്നുണ്ടെന്നതാണ് ഈ പ്രക്ഷോഭത്തെയും ശ്രദ്ധേയമാക്കുന്നത്. ഛത്തീസ്ഗഢില്‍ ബസ്തര്‍ മേഖലയെ നക്സല്‍ വിമുക്തമാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ദൃഢപ്രതിജ്ഞയും അതിന്റെ പേരിലുള്ള ആദിവാസിവേട്ടകളും എന്തിനാണെന്നത് എല്ലാവര്‍ക്കും ബോധ്യമായതാണ്. തന്റെ ഉറ്റ കോര്‍പറേറ്റ് ചങ്ങാതിയായ ഗൗതം അഡാനിക്ക് ഫലഭൂയിഷ്ഠവും സമ്പന്നവുമായ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനുള്ള അവസരം ഒരുക്കാനുള്ളതാണ് ഈ നടപടികളെന്നത് മോഡിയും കൂട്ടരും മാത്രമാണ് സമ്മതിക്കാത്തത്. ഇതിന് സമാനമായി അഡാനിക്ക് വേണ്ടി നിയമങ്ങളും ചട്ടങ്ങളും മാറ്റി തങ്ങളുടെ പ്രദേശത്തെ മലിനീകരിക്കാനും ജനജീവിതം ദുഃസഹമാക്കുന്നതിനും വേണ്ടിയുള്ള ഭരണകൂടശ്രമങ്ങള്‍ക്കെതിരായ ചെറുത്തിനില്പാണ് കല്യാണിലെ ജനങ്ങള്‍ നടത്തുന്നത്. 

ഇവിടെ സിമന്റ് പൊടിക്കുന്നതിന് യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് അഡാനി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതിവർഷം 60 ലക്ഷം മെട്രിക് ടൺ ഉല്പാദന ശേഷിയുള്ള പ്ലാന്റ് 1,400 കോടി രൂപ വിനിയോഗിച്ചാണ് അഡാനി ഗ്രൂപ്പ് അനുബന്ധ സ്ഥാപനമായ അംബുജ സിമന്റ്‌സ് (അഡാനി സിമന്റ് ബിസിനസ്) സ്ഥാപിക്കുന്നത്. ആംബിവ്‌ലി റെയിൽവേ സ്റ്റേഷന് സമീപമുള്ള 26.13 ഹെക്ടർ സ്ഥലത്താണ് ഇത് സ്ഥാപിക്കുക. സാധനങ്ങൾ സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനുമുള്ള ഒരു വ്യാവസായിക ഇടമായ പാർക്കാണ് ആദ്യം വിഭാവനം ചെയ്തത്. അതുകൊണ്ടുതന്നെ ഓഗസ്റ്റിൽ പ്രാദേശിക പത്രങ്ങളിൽ എതിർപ്പുകളും നിർദേശങ്ങളും ക്ഷണിച്ചുകൊണ്ട് പരസ്യം പ്രസിദ്ധീകരിച്ചപ്പോള്‍ സിമന്റ് പ്ലാന്റാണ് വരുന്നതെന്ന് ജനങ്ങള്‍ കരുതിയില്ല. പിന്നീട് അത് മനസിലാക്കിയപ്പോഴാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. പദ്ധതിക്കായി കമ്പനി നടത്തിയ പാരിസ്ഥിതികാഘാത പഠനത്തില്‍ വായു, ശബ്ദമലിനീകരണത്തിന് കാരണമാകുമെന്ന് സമ്മതിക്കുന്നുണ്ട്. പ്ലാന്റില്‍ നിന്ന് വാതകം, പൊടി എന്നിവ പുറന്തള്ളൽ സാധാരണമാണ്. പ്രവർത്തന സമയത്ത് ശബ്ദനില ഗണ്യമായി വർധിക്കുകയും ചെയ്യും. ഇതുകൂടാതെ പ്ലാന്റ് പ്രവര്‍ത്തനത്തിന് പ്രതിദിനം ആകെ 600 കിലോ ലിറ്റർ വെള്ളത്തിന്റെ ഉപയോഗവുമുണ്ടാകും. ഇത് പ്രാദേശിക ഭൂഗർഭ ജലസ്രോതസുകളിൽ നിന്നാണ് കണ്ടെത്തേണ്ടത്. ജനസാന്ദ്രതയുള്ള ഒരു പ്രദേശം കൂടിയാണ് എന്നതിനാല്‍ ഇത് ജലക്ഷാമത്തിനും കാരണമാകുമെ‌ന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. പ്ലാന്റിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ 70ലധികം ഗ്രാമങ്ങളും ഏകദേശം 3.5 ലക്ഷം വീടുകളും 14.8 ലക്ഷം ജനങ്ങളുമുണ്ട്. ഒന്നേകാല്‍ കിലോമീറ്റർ ചുറ്റളവിലെ നാല് സ്കൂളുകളുകളില്‍ ഒരെണ്ണം വെറും 100 മീറ്റർ അകലെയാണ്. ഇക്കാരണത്താല്‍ ജനങ്ങള്‍ പൊതുതെളിവെടുപ്പ് വേളയിലും ശക്തമായ പ്രതിഷേധമുന്നയിക്കുകയുണ്ടായി. 

ജനങ്ങളുടെ പ്രതിഷേധം മനസിലാക്കി പ്രതിവിധി കാണുന്നതിന് പകരം കമ്പനിയെ സഹായിക്കുന്ന സമീപനമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുണ്ടായിരിക്കുന്നത്. അതിന്റെ കൂടി ഫലമായാണ് കല്യാണിന് സമീപം അഡാനി കമ്പനി വിഭാവനം ചെയ്തിരിക്കുന്ന സിമന്റ് പൊടി യൂണിറ്റിനെ ഒഴിവാക്കുന്ന വിധത്തില്‍ മുന്‍കൂര്‍ പാരിസ്ഥിതികാനുമതി വേണമെന്ന ചട്ടത്തില്‍ ഭേദഗതി വരുത്തിയുള്ള വിജ്ഞാപനമെന്നാണ് പ്രക്ഷോഭകരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്. ഓഗസ്റ്റ് അവസാനമാണ് കല്യാണിലെ അഡാനിയുടെ സിമന്റ് കമ്പനിക്കെതിരായ സമരം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 26ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഈ കമ്പനിക്കുവേണ്ടി പാരിസ്ഥിതികാഘാത പഠന വ്യവസ്ഥകളില്‍ മാറ്റം വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതു ഊര്‍ജസ്രോതസിനെ ആശ്രയിക്കാത്തതും തനിച്ചുള്ളതുമായ സിമന്റ് പൊടി പ്ലാന്റുകള്‍ക്ക് മുന്‍കൂര്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നായിരുന്നു കരട് വിജ്ഞാപനം. ഈ വിജ്ഞാപനം അംഗീകരിക്കപ്പെടുന്നതോടെ മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെ ഭാഗമായ കല്യാണിലെ സിമന്റ് പൊടിക്കൽ പ്ലാന്റുമായി അഡാനി ഗ്രൂപ്പിന് മുന്നോട്ട് പോകാന്‍ എളുപ്പമാകും. മോഹോൺ ഗ്രാമത്തിലെയും കല്യാണിനടുത്തുള്ള മറ്റ് 10 ഗ്രാമങ്ങളിലെയും നാട്ടുകാരുടെ കടുത്ത എതിർപ്പ് ഇതോടെ വിഫലമാകും. മാത്രമല്ല എതിര്‍പ്പ് നിയമവിരുദ്ധമെന്ന് വ്യാഖ്യാനിച്ച് സമരക്കാര്‍ക്കെതിരെ നടപടിയുണ്ടാകുകയും ചെയ്തേക്കാം. മോഡിയുടെ കോര്‍പറേറ്റ് ചങ്ങാത്തം നിയമങ്ങളെ അട്ടിമറിക്കുകയും ഏത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണമാകുകയാണ് ഈ പ്രക്ഷോഭവും ചട്ടങ്ങളിലെ മാറ്റങ്ങളും. ഫലത്തില്‍ ഒരു ജനകീയ സമരത്തെ മുക്കിക്കൊല്ലുന്നതിന് ഏത് കിരാത സമീപനവും മോഡി സര്‍ക്കാര്‍ സ്വീകരിക്കുമെന്നതിന്റെ തെളിവ് കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.