June 7, 2023 Wednesday

പൊന്മുട്ടയിടുന്ന താറാവിനെയും വിൽക്കുന്നു

Janayugom Webdesk
February 5, 2020 5:00 am

പൊതുമേഖലാ വില്പന കേന്ദ്രസർക്കാരുകൾ പിന്തുടരുന്ന സാമ്പത്തിക നയങ്ങളുടെ കൂടെപ്പിറപ്പാണ്. 1991 ൽ നവ ഉദാരവൽക്കരണ നയങ്ങൾ തുടങ്ങിയതുമുതൽ പൊതുമേഖലാ സ്വകാര്യവൽക്കരണം ആരംഭിച്ചുവെങ്കിലും ആദ്യമൊക്കെ നഷ്ടത്തിൽ പ്രവർത്തിക്കുന്നവയെയാണ് വില്ക്കാൻ തീരുമാനിച്ചിരുന്നത്. പൊതുവിപണിയിൽ വൻ ആസ്തി കണക്കാക്കാവുന്ന സംരംഭങ്ങൾ ചുളുവിലയ്ക്ക് സമാനമായ നിരക്കിൽ ലഭ്യമാകുന്നുവെന്ന് വന്നതോടെ വാങ്ങുന്നതിന് കൂടുതൽ കോർപ്പറേറ്റുകൾ രംഗത്തെത്തി. ഇതിന്റെ തുടർച്ചയായി ലാഭത്തിലുള്ള പൊതുസ്ഥാപനങ്ങളും വില്ക്കുന്ന പ്രക്രിയ ആരംഭിച്ചു. ഇതിന് പിന്നിൽ കോർപ്പറേറ്റ് ആഭിമുഖ്യം മാത്രമല്ല കോഴകളും രാസത്വരകമായി പ്രവർത്തിച്ചു. അതുകൊണ്ടാണ് കേന്ദ്രഭരണാധികാരികൾ കക്ഷി വ്യത്യാസമില്ലാതെ വില്പന പതിവാക്കിയത്.

സുപ്രധാനമായ സ്ഥാപനങ്ങളെല്ലാം വിറ്റുവിറ്റ് മുന്നേറുകയാണ് കേന്ദ്രസർക്കാർ. അ­താകട്ടെ വൻനഷ്ടമാണ് പൊതുഖജനാവിന് ഉണ്ടാക്കുന്നതെന്നാണ് കണക്കുകളെങ്കിലും വില്പനയ്ക്ക് കുറവില്ല. നടപ്പുസാമ്പത്തിക വർഷം പൊതുമേഖലാ വില്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ജനുവരി വരെയുള്ള കണക്കിൽ 20,000 കോടി രൂപയിൽ താഴെയാണ് ആയിനത്തിലുള്ള വരുമാനം. ഇത് രണ്ടു അപകടങ്ങളാണ് നമ്മുടെ മുന്നിൽ വയ്ക്കുന്നത്. വൻ ആസ്തികളുള്ള സംരംഭങ്ങൾ പോലും കൂടിയ കോഴ ഇടപാടുകളിലൂടെ ചുരുങ്ങിയ വിലയ്ക്ക് വിറ്റഴിക്കുന്നുവെന്ന അപകടമാണ് ഒന്നാമത്തേത്. ലാഭത്തിലുള്ള ഒരു സ്ഥാപനം വിൽക്കാൻ വയ്ക്കുമ്പോൾ അതിന്റെ ഓഹരിവില കുറയുമെന്നതും അതുവഴി സ്വകാര്യസംരംഭകർക്ക് ചുരുങ്ങിയ വിലയ്ക്ക് വാങ്ങാനാകുമ്പോൾ രാജ്യത്തിനുണ്ടാകുന്നത് വൻ നഷ്ടമാണെന്നതാണ് രണ്ടാമത്തെ അപകടം.

അതിനാലാണ് ലക്ഷ്യമിടുന്നതിന്റെ നാലിലൊന്നുപോലും പൊതുമേഖലാ വില്പനയിലൂടെ തികയ്ക്കാനാകാത്തതെന്ന് മനസിലാക്കാൻ അപാരമായ സാമ്പത്തിക പാണ്ഡിത്യം ആവശ്യമില്ല. ഇത്തരം അപകടത്തിന് എൽഐസിയെ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നതാണ് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ബജറ്റ് പ്രസംഗത്തെ കൂടുതൽ വിവാദത്തിലാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലുതും വിപുലമായ ശൃംഖലയുള്ളതുമായ എൽഐസിയെന്ന സംരംഭം വില്ക്കാനുള്ള പ്രഖ്യാപനം ബജറ്റിലൂടെ അവർ ന­ടത്തിയിരിക്കുന്നു. എന്നുമാത്രമല്ല ഏറ്റവും ലാഭമുണ്ടാക്കുന്ന സംരംഭം കൂടിയാണത്. നടപ്പുസാമ്പത്തിക വർഷം ഓഹരി വിപണിയിൽ നിന്ന് എൽഐസി 14,000ത്തിലധികം കോടി രൂപ ലാഭമുണ്ടാക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നത് ഡിസംബറിലായിരുന്നു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ടുമാസക്കാലത്താണ് ഈ ലാഭമുണ്ടാക്കിയത്.

ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നത് സാധാരണക്കാർ നല്കുന്ന ഇൻഷുറൻസ് തുകയുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് അതിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നതാണ്. എങ്കിലും വൻലാഭം നേടാൻ എൽഐസിക്ക് സാധിച്ചുവെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ഇതിന് പുറമേ കഴിഞ്ഞ സാമ്പത്തികവർഷം എൽഐസിക്കുണ്ടായ പ്രവർത്തനലാഭം 53,000ത്തിലധികം കോടി രൂപയാണ്. എൽഐസി ഓരോ വർഷവും ലാഭമുണ്ടാക്കുകയും അതിന്റെ ഫലമായി കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ പദ്ധതിക്കായി നല്കുകയും ചെയ്യുന്നുണ്ട്. വിവിധ ഉല്പാദന — സേവന- സാമൂഹ്യക്ഷേമ പദ്ധതികൾക്കായി എൽഐസി ഇതുവരെയായി 20 ലക്ഷം കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്ക്. ജീവനക്കാരും ഏജന്റുമാരുമായി 13.4 ലക്ഷത്തിലധികം പേർ ഈ ജീവൽ സംരംഭത്തെ ആശ്രയിച്ച് ജീവിക്കുന്നുമുണ്ട്.

ഇത്തരത്തിൽ ബൃഹത്തും ജീവത്തുമായൊരു സ്ഥാപനത്തെയാണ് സ്വകാര്യവല്ക്കരിക്കുന്നതിനുള്ള അടുത്ത സ്ഥാപനമായി കേന്ദ്രസർക്കാർ പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. ഉദാരവൽക്കരണ സാമ്പത്തിക നയത്തിന്റെ ഭാഗമായി ബാങ്കിംഗ് മേഖലയിലെന്നപോലെ ഇൻഷുറൻസ് മേഖലയിലും സ്വകാര്യ — വിദേശ സംരംഭങ്ങൾക്ക് നേരത്തേ തന്നെ അനുമതി നല്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പല കോർപ്പറേറ്റുകളും ഇൻഷുറൻസ് സംരംഭങ്ങളിലേയ്ക്ക് കടന്നിരുന്നുവെങ്കിലും എൽഐസിയുടെ കുത്തകയും വിശ്വാസ്യതയും തകർക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ അവർക്ക് വേണ്ടത്ര മുന്നേറാൻ സാധിച്ചതുമില്ല. അതുകൊണ്ട് കോർപ്പറേറ്റ് ഭീമന്മാർക്ക് അതിനുള്ള വഴിയൊരുക്കുന്നതിന് ഗൂഢാലോചന നടക്കുന്നുവെന്ന് നേരത്തേ തന്നെ വാർത്തകളുണ്ടായിരുന്നു.

അതിന്റെ തുടർച്ചയായി കോർപ്പറേറ്റ് ആഭിമുഖ്യം മാത്രം പ്രകടിപ്പിക്കുന്ന കേന്ദ്രസർക്കാർ കണ്ടെത്തിയ പോംവഴിയാണ് എൽഐസിയെ സ്വകാര്യസംരംഭകരെ ഏൽപ്പിക്കുകയെന്നത്. അടുത്ത ആറുമാസത്തിനിടെ എൽഐസിയുടെ വില്പന നടപടികൾ പൂർത്തിയാക്കുമെന്നാണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. പൊൻമുട്ടയിടുന്ന താറാവാണ് എൽഐസിയെന്നത് എല്ലാ കോർപ്പറേറ്റുകൾക്കും കേന്ദ്ര ഭരണക്കാർക്കും നല്ലതുപോലെ അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ബജറ്റ് ഔപചാരികമായി പാസാക്കുന്നതിന് മുമ്പ് തന്നെ അവർ വില്പനനടപടികൾ ആരംഭിച്ചിരിക്കാനുമിടയുണ്ട്. ഏതായാലും ഖജനാവിന് ലാഭവിഹിതമായി ലക്ഷക്കണക്കിന് കോടി രൂപ നല്കുകയും പാവപ്പെട്ടവർക്കുൾപ്പെടെ വിശ്വസനീയമായ ജീവൻ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്ന എൽഐസിയെന്ന മഹത്തായ സംരംഭത്തിന്റെ വില്പന പാവപ്പെട്ടവരോടുള്ള വെല്ലുവിളികൂടിയാണ്.

Eng­lish Sum­ma­ry: LIC Privatization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.