26 March 2024, Tuesday

പ്രവാസികളോടുള്ള അവഹേളനം

Janayugom Webdesk
June 20, 2022 5:00 am

കേരള പൗരന്റെ പ്രവാസം ആരംഭിച്ചതിന് കൃത്യമായ കാലഗണനകളില്ലെങ്കിലും എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും മലയാളിയുടെ സാന്നിധ്യമുണ്ട്. പ്രവാസിയെന്ന വാക്കു കേള്‍ക്കുമ്പോള്‍ ഗള്‍ഫും അവിടെയുളള നമ്മുടെ സഹോദരരുമാണ് പെട്ടെന്ന് ഓര്‍മ്മയിലെത്തുകയെങ്കിലും ലോകത്ത് ജീവനുള്ള എല്ലാ കോണുകളിലും മലയാളിയുണ്ട്. തൊഴില്‍ത്തേടിയും പഠനത്തിനുമെത്തിയ പ്രവാസി, ജീവിക്കുന്ന പ്രദേശങ്ങളിലെന്നതുപോലെ ജനിച്ചുവളര്‍ന്ന കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും സാമൂഹ്യജീവിതത്തിനും നല്കിവരുന്ന സംഭാവനകള്‍ വലുതാണ്. ഇവിടെ ജീവിക്കുന്നവരുടെ സര്‍ഗസൃഷ്ടികളെക്കാള്‍ കേരളീയ ജീവിതത്തിന്റെ നാഡീ ഞരമ്പുകള്‍ ത്രസിക്കുന്ന രചനകള്‍ പലതും പ്രവാസികളുടേതായി നമ്മുടെ വായനാനുഭവമായിട്ടുണ്ട്. ജീവിതോപാധി തേടി എപ്പോഴെന്നറിയാത്ത കാലംമുതല്‍ മലയാളിയുടെ പ്രവാസം തുടങ്ങിയിരുന്നുവെങ്കിലും അവര്‍ നമ്മുടെ സമ്പദ്ഘടനയുടെയും സാമൂഹ്യജീവിതത്തിന്റെയും ഇഴപിരിക്കാനാവാത്ത കണ്ണിയാണെന്ന കാഴ്ചപ്പാട് ശക്തിപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. കുടുംബത്തിന്റെ ഉന്നതിക്കുവേണ്ടിമാത്രം വിദേശത്തേക്ക് പോയവരെന്ന പരിഗണനയായിരുന്നു അതുവരെയുണ്ടായിരുന്നത്. പ്രവാസിയോട് — പ്രത്യേകിച്ച് ഗള്‍ഫുകാരോട് — സമ്പന്നമായൊരു വരേണ്യ വിഭാഗമെന്ന മനോഭാവംപോലും ഒരുവേള നമുക്കിടയിലുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. അതിന് കാരണം പ്രവാസിയെന്ന വാക്കിന് സമ്പന്നന്‍ എന്ന അര്‍ത്ഥം മാത്രമേയുള്ളൂ എന്ന നമ്മുടെ തെറ്റായ ധാരണയായിരുന്നു. രൂപയുടെ വിനിമയനിരക്കിലുള്ള വ്യത്യാസം കൊണ്ടുമാത്രം ജീവിതം നിലനിന്നുപോകുന്നവരാണ്, അല്ലാതെ നാം കരുതുന്നതുപോലെ സമ്പന്ന വിഭാഗമല്ല മഹാഭൂരിപക്ഷം പ്രവാസികളുമെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ആ സ്ഥിതി മാറി. അതിന് ആധുനിക വാര്‍ത്താ സംവിധാനങ്ങളും വിവര വിനിമയ രീതികളും വലിയ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരുകളും സമൂഹവും അവരെ തങ്ങളുടെതന്നെ ഭാഗമായി കരുതുകയും അവര്‍ക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികളും നിയമനിര്‍മ്മാണങ്ങളും ഉണ്ടാവുകയും ചെയ്തു.


ഇതും കൂടി വായിക്കാം; കേരളത്തിനെതിരെ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു


പ്രവാസികള്‍ക്കായി ഏറ്റവും സമഗ്രവും വിപുലവുമായ ക്ഷേമ — വികസന പദ്ധതികളും നിയമനിര്‍മ്മാണവും പ്രത്യേക വകുപ്പുമുണ്ടായ സംസ്ഥാനങ്ങളില്‍ ആദ്യത്തേതിന്റെ പട്ടികയിലാണ് കേരളം. അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്. പ്രവാസജീവിതത്തിന്റെ കാലത്തുമാത്രമല്ല, സാഹചര്യങ്ങളുടെയും നിയമത്തിന്റെയും പ്രായത്തിന്റെയും സമ്മര്‍ദ്ദങ്ങളാല്‍ പ്രവാസമുപേക്ഷിക്കേണ്ടിവരുന്ന ഭാവിയിലേക്കും താങ്ങാകുന്ന പെന്‍ഷന്‍ ഉള്‍പ്പെടെ പദ്ധതികള്‍ അവര്‍ക്കായുണ്ട്. ഇവയില്‍ മഹാഭൂരിപക്ഷവും ഇടതുസര്‍ക്കാരുകളുടെ മുന്‍കയ്യിലാണ് കേരളത്തിലുണ്ടായതെന്നത് അവിതര്‍ക്കിതമാണ്. അവരെ നിയമനിര്‍മ്മാണത്തിന്റെയും വികസന പ്രക്രിയയുടെയും നേരിട്ടുള്ള പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചതായിരുന്നു ലോകകേരള സഭ എന്ന ആശയം. ലോകത്താകെയുള്ള പ്രവാസികളുടെ പ്രശ്നങ്ങളും അവരോടുള്ള സമീപനങ്ങളും സാമ്പത്തിക‑സാമൂഹ്യ‑സാംസ്കാരിക വികസനത്തിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങളും പ്രവാസികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവാസി (സമ്മതിദായകര്‍ തിരഞ്ഞെടുക്കുന്നതല്ലെങ്കിലും) ജനപ്രതിനിധി സഭയായി അത് ചരിത്രത്തിന്റെ ഭാഗമായി. രണ്ടു തവണയായി നടന്ന ലോകകേരള സഭാ സമ്മേളനം വളരെ പ്രാധാന്യത്തോടെയാണ് പ്രവാസികളും അവര്‍ക്കൊപ്പം കേരളീയരും സ്വീകരിച്ചത്. ഒരര്‍ത്ഥത്തില്‍ അത് പ്രവാസ കേരളത്തിന്റെ സമന്വയരൂപമായിരുന്നു. കോവിഡിന്റെ വെല്ലുവിളികള്‍ ലോകത്താകെയുണ്ടായിരുന്നതിനാല്‍ കുറച്ചു മാസങ്ങള്‍ വൈകി കഴിഞ്ഞ ദിവസങ്ങളിലാണ് മൂന്നാം സമ്മേളനം തിരുവനന്തപുരത്തു നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 296 പ്രതിനിധികൾ മൂന്നാംസഭയില്‍ പങ്കെടുത്തു.

 

 


ഇതും കൂടി വായിക്കാം; ഇന്ത്യയുടെ ദാരിദ്ര്യവും കേരളത്തിന്റെ മുന്നേറ്റവും


 

മേഖലാതലത്തില്‍ 237 പേരും വിഷയങ്ങളെ ആസ്പദമാക്കി 234 പേരും പൊതുവേദിയില്‍ 115 പേരും വിവിധ രാജ്യങ്ങളില്‍ നിന്നെത്തി ചര്‍ച്ചകളില്‍ പങ്കുകൊണ്ടു. പ്രവാസികളുടെ ജീവിതവും നിലനില്പും സാമ്പത്തികാവസ്ഥയും ഭാവിയും സംബന്ധിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന സമീപന രേഖയെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ചകള്‍. ഇത്രയേറെ സമഗ്രവും സമ്പന്നവുമായി ലോകകേരള സഭാ സമ്മേളനം സമാപിച്ചുവെങ്കിലും അതിന്റെ ശോഭ കെടുത്തുന്നതായിന്നു പ്രതിപക്ഷം സ്വീകരിച്ച സമീപനം. പ്രതിപക്ഷനേതാവ് കൂടി ചേര്‍ന്ന് നടത്തേണ്ടതായിരുന്നു ലോകകേരള സഭ. തങ്ങളുടെ നിലപാടിന്റെ ഭാഗമായി അതില്‍നിന്നു വിട്ടുനില്ക്കുന്നതിനുള്ള അവകാശം അവര്‍ക്കുണ്ട്. പക്ഷേ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ഒരു വിഭാഗം പ്രവാസികള്‍ സൗജന്യം പറ്റാനെത്തിയവരെന്ന പൊതുധാരണ പരത്താനും അതുവഴി ലോകകേരള സഭയെന്ന ആശയത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുവാനുമാണ് പ്രതിപക്ഷത്തിന്റെ നിലപാട് ഇടയാക്കിയത്. തങ്ങളുടെ ആശയങ്ങളുടെ കൂടെ നില്ക്കുന്നവരും അക്കൂട്ടത്തിലുണ്ടെന്ന വസ്തുത മറന്ന നിലപാടാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായത്. യഥാര്‍ത്ഥത്തില്‍ അത് നമ്മുടെ സഹോദരങ്ങളായ മൊത്തം പ്രവാസികളെയും അപമാനിക്കുന്നതിന് തുല്യമായി എന്നത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.