Tuesday
17 Sep 2019

ഈ കമ്മിഷനെ വിശ്വസിക്കാമോ

By: Web Desk | Monday 20 May 2019 8:30 AM IST


വസാനഘട്ട വോട്ടെടുപ്പും തീര്‍ന്നു. കടലാസുമാറ്റി യന്ത്രമായപ്പോള്‍ തുടങ്ങിയ ആശങ്ക പെരുപ്പിച്ചാണ് മോഡിയുഗത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീരുന്നത്. മോഡിക്ക് വേണ്ടി എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം നടക്കുന്നു. ആര്‍ക്ക് രേഖപ്പെടുത്തിയാലും താമരയില്‍ പതിയുന്ന സാങ്കേതിക വിദ്യ പ്രയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നുവേണം സംശയിക്കാന്‍. കണ്ടെയ്‌നറുകളിലാക്കി പതിനായിരക്കണക്കിന് വോട്ടിംഗ് യന്ത്രങ്ങളാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അങ്ങിങ് പറന്നത്. കേരളത്തിലേക്കും മൂവായിരത്തിലേറെ ഇത്തരം വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിയെന്നാണ് നിഗമനം. ഒരുപാടിടങ്ങളില്‍ വോട്ടിംഗിനിടെ യന്ത്രങ്ങള്‍ക്ക് കേടുപാടുകളുണ്ടാവുകയും അവയ്ക്കു പകരം ചിലത് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവ ഏത് ഗണത്തിലുള്ളതാണെന്ന് ഫലപ്രഖ്യാപനത്തോടെ അറിയാം.

മോഡിയുഗത്തിലെ ഈ തെരഞ്ഞെടുപ്പ് മൊത്തത്തില്‍ അവ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ഥിതിയും സമാനം. ക്ലീനല്ലെന്ന് ഒരാളും ബാക്കിയുള്ളവര്‍ മോഡി ശുദ്ധനാണെന്നും വാദിക്കുന്നു. അതിനിടയിലും ഇതുവരെയില്ലാത്ത അസാധാരണ നടപടികള്‍ നാള്‍ക്കുനാള്‍ നടക്കുന്നുമുണ്ട്. അക്കാര്യത്തില്‍ അറോറ-ലവാസ പോര് ഇല്ലതാനും. ഇവരുടെ തര്‍ക്കവും മോഡിക്കുവേണ്ടിയാണോ എന്ന് സംശയിക്കാതിരിക്കാനും നിര്‍വാഹമില്ല. ഓരോ വോട്ടെടുപ്പ് ഘട്ടത്തിലുമാണ് കമ്മിഷനില്‍ പോര് രൂക്ഷമെന്നും തര്‍ക്കം തെരുവിലെന്നുമുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ബോധപൂര്‍വമാണോ. ആണെന്ന് സംശയിക്കുന്നവര്‍ക്ക് നിരത്താനാണ് തെളിവുകളധികവും.

മോഡിക്കും അമിത്ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന നടപടിയെടുക്കാന്‍ കമ്മിഷന്റെ അധികാരം വച്ച് ഇത്രയധികം നാളെടുക്കേണ്ടതില്ല. നിയമമനുസരിച്ച് ഇന്ത്യന്‍ നീതിപീഠത്തിനും കമ്മിഷന്റെ ചില ശുപാര്‍ശയില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നുമുണ്ട്. വോട്ടെടുപ്പ് തീരും വരെ ഘട്ടം ഘട്ടമായി തകര്‍ക്കം പുറത്തെത്തിക്കുകയും ക്ലീന്‍ ചിറ്റിനേക്കാള്‍ മോഡിക്ക് സഹാനുഭൂതി ഉണ്ടാക്കിക്കൊടുക്കാനാണ് യഥാര്‍ഥത്തില്‍ കമ്മിഷനിലെ മൂന്നുപേരും മത്സരിക്കുന്നതെന്നുവേണം കരുതാന്‍. വോട്ടെടുപ്പ് തീരുന്നമുറയ്ക്ക് ഫലപ്രഖ്യാപനത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിവരാന്തകളില്‍ അലയേണ്ടിവരുമെന്നാണ് അവര്‍ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നത്. വഴിവിട്ട രീതിയിലുള്ള സഹായങ്ങള്‍ നല്‍കി, ചട്ടങ്ങള്‍ വളച്ചൊടിച്ചും നാടകീയത ആവര്‍ത്തിച്ച് അനുകമ്പ വളര്‍ത്തിക്കൊടുത്തും ഭരണക്കാര്‍ക്കായി കൃത്രിമ വോട്ടിംഗ് മെഷീനുകള്‍ക്ക് വഴിയൊരുക്കിയുമെല്ലാം ഒരുപാട് സഹായങ്ങള്‍. മുമ്പ് കമ്മിഷന്‍ അംഗമായിരുന്ന നവീന്‍ ചവഌയ്‌ക്കെതിരെ ബിജെപി പരാതിയുമായി പ്രസിഡന്റിനെ സമീപിച്ച പോലെ ഇത്തവണ ബിജെപിക്കുവേണ്ടി കമ്മിഷന്‍ ആകെ നാടകം കളിക്കുന്നുവെന്ന പരാതി ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്‍ഡിഎ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനിലെ മൂന്നുപേരും മോഡിയുടെ ആളുകള്‍. ഇപ്പോള്‍ എതിരാളിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പാടുപെടുന്ന മോഡി സര്‍ക്കാരിന്റെ ധനകാര്യ സെക്രട്ടറിയായിരുന്ന അശോക് ലവാസയ്ക്കുപോലും കേസുകളില്‍ നിന്ന് ഊരിപ്പോരാനാവില്ല.
എന്തൊക്കെ തര്‍ക്കങ്ങളുണ്ടായാലും പ്രതീക്ഷകള്‍ തകര്‍ന്ന മോഡിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെയാണ് ശക്തി. ഒറ്റക്കെട്ടായ ദേശീയ മുന്നേറ്റത്തെ പലവിധ വാശിയില്‍ ഇല്ലാതാക്കിയ കോണ്‍ഗ്രസ് മറ്റൊരര്‍ഥത്തില്‍ മോഡിക്ക് തുണയുമാണ്. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാണിച്ച മോഡി പ്രീണന നിലപാട് നിയമത്തിന്റെ എല്ലാപഴുതും ഉപയോഗിച്ച് എതിര്‍ക്കപ്പെടേണ്ട ഒന്നാണ്. മോഡി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികള്‍ അവസാനിക്കുന്ന സമയം കൃത്യമായി അളന്ന് പൊതുപ്രചാരണം അവസാനിപ്പിക്കുകയാണ് കമ്മിഷന്‍ ചെയ്തത്. അതും ചട്ടപ്രകാരം അവസാനിപ്പിക്കേണ്ട സമയത്തിനും ഒരുദിവസം മുമ്പേ. ബംഗാളിനെ ലക്ഷ്യംവയ്ക്കുന്ന ആര്‍എസ്എസ് അജണ്ടയെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വഴിവിട്ട് സഹായിച്ചിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലും ബംഗാളില്‍ നിന്ന് സേനയെ പിന്‍വലിക്കരുതെന്നാണ് ഇവരുടെ പുതിയ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പുവരെ ജനങ്ങളെ ഭീതിയില്‍ നിര്‍ത്താനും കലാപത്തിലൂടെ അധികാരം പിടിച്ചെടുക്കാനുമുള്ള മോഡിയുടെയും ആര്‍എസ്എസിന്റെയും തന്ത്രത്തിന് കമ്മിഷന്‍ പച്ചക്കൊടിവീശിയേക്കും. അവിടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസ്ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച് പ്രസംഗിച്ച മോഡിക്കെതിരെ കമ്മിഷന് നടപടിയെടുക്കാമായിരുന്നു. എന്നാല്‍ അതിനുപകരം മോഡിക്ക് കമ്മിഷന്‍ ധൈര്യം നല്‍കുകയാണ് ചെയ്തത്.

മോഡിയെ ഭയപ്പെടുത്തുന്നത് സംസ്‌കാരസമ്പന്നരായ കേരളത്തിലെ വോട്ടര്‍മാരെയും അവിടെനിന്നുള്ള കമ്മ്യൂണിസ്റ്റ് ജനപ്രതിനിധികളെയും മാത്രമാണ്. വാരാണസിയില്‍ നിന്ന് കടന്നുകൂടാനാകുമോ എന്നതാണ് മറ്റൊരു പേടിസ്വപ്‌നം. വോട്ടെടുപ്പിന്റെ തലേന്ന് പകല്‍ കാവിപുതച്ച് കേദാര്‍നാഥിലെ രുദ്രഗുഹയില്‍ പ്രത്യേകം ഒരുക്കിയ പട്ടുമെത്തയില്‍ ധ്യാനനിമഗ്നനായ മോഡി, വാരാണസിക്കാര്‍ വോട്ടുകുത്താന്‍ തുടങ്ങിയപ്പോഴാണ് ഉണര്‍ന്നത്. വാരാണസിയിലെ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ മാധ്യമങ്ങളുമായെത്തിയ പ്രധാനമന്ത്രി രുദ്ര ഗുഹയില്‍ നിന്ന് ചിത്രങ്ങള്‍ എടുത്ത് പ്രസിദ്ധീകരിപ്പിക്കാന്‍ മറന്നില്ല. വൈദ്യുതിയും ഫോണും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടെയും അടുത്തിടെ നിര്‍മ്മിച്ചതാണ് രുദ്ര ഗുഹ. കേദാര്‍നാഥില്‍ സ്വയംഭൂവായതും പ്രകൃതിദത്തവുമായ നിരവധി ഗുഹകള്‍ ഉണ്ടെന്നിരിക്കെയാണ് ആധുനിക ഗുഹയിലെ മോഡീലീല. ഒരുതരത്തില്‍ വാരാണസിയിലെ വോട്ടെടുപ്പ് പ്രചാരണം കൊട്ടിക്കലാശിച്ച ശേഷം നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ നിശബ്ദപ്രചാരണമാണ് മോഡിയുടെ ഗുഹാധ്യാനം. കേദാര്‍നാഥിലെ വികസനപ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ നടത്തിക്കൊണ്ടുള്ള അവസാനത്തെ പെരുമാറ്റചട്ട ലംഘനവും നടത്തിയാണ് മോഡി തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കുന്നത്. ഇവിടെയും നോക്കുകുത്തിയായ കമ്മിഷനെ നിയമം പിടികൂടുമോ എന്ന് രാജ്യം കാത്തിരിക്കുകയാണ്.