June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

മൗലികാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന വിധി

By Janayugom Webdesk
January 31, 2020

മുന്‍കൂര്‍ ജാമ്യവ്യവസ്ഥ സംബന്ധിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ബുധനാഴ്ച പുറപ്പെടുവിച്ച വിധി ഭരണകൂട ഭീകരതയുടെയും നിയമരഹിത അധികാര വാഴ്ചയുടെയും പശ്ചാത്തലത്തില്‍ അ­തീവ പ്രാധാന്യം അര്‍ഹിക്കുന്നു. മുന്‍കൂര്‍ ജാമ്യം അഥവാ അറസ്റ്റിന് മുന്നോടിയായുള്ള ജാമ്യം പൗരന്റെ മൗലിക അവകാശമാണെന്ന് വിധി അടിവരയിടുന്നു. വ്യക്തിസ്വാതന്ത്ര്യം സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തില്‍ അനിഷേധ്യ മൗലികാവകാശമാണെന്ന് വിധിപ്രസ്താവം അര്‍ത്ഥശങ്കക്കിടമില്ലാതെ വ്യക്തമാക്കുന്നു. അത്തരം ജാമ്യത്തിന്, കോടതി പ്രത്യേകമായി നിഷ്കര്‍ഷിക്കാത്തിടത്തോളം, കാലപരിധി ബാധകമല്ലെന്നും ഭരണഘടനാ ബെഞ്ച് വിധിന്യായത്തില്‍ പറയുന്നു. അധികാരവും സ്വാധീനവും ഉപയോഗിച്ച് പ്രതിയോഗികളെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരായ ശിക്ഷാ നിയമ പരിരക്ഷയാണ് മുന്‍കൂര്‍ ജാമ്യം ഉറപ്പുനല്‍കുന്നത്. ജയിലിലടയ്ക്കപ്പെടുക എന്ന മാനഹാനിയില്‍ നിന്നും വ്യക്തിപരമായ അപകീര്‍ത്തിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന വ്യവസ്ഥയാണ് ക്രിമിനല്‍ നടപടി നിയമത്തിലെ 438-ാം വകപ്പ്.

രാഷ്ട്രീയ വൈരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യ വ്യവസ്ഥയ്ക്ക് മുൻപെന്നത്തേക്കാളും പ്രാധാന്യം കൈവന്നിരിക്കുന്നുവെന്ന അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിന്‍‍ റാവലിന്റെ വാദം അഞ്ചംഗ ഭരണഘടനാ ബെഞ്ച് അംഗീകരിച്ചു. മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി സാധാരണഗതിയില്‍ കുറ്റാരോപിതനെ കോടതി വിളിച്ചുവരുത്തുന്നതോടുകൂടിയോ, അയാള്‍ക്കെതിരെ കുറ്റപത്രം ത­യാറാക്കുന്നതോ­ടെയോ അവസാനിക്കില്ലെന്നും വിചാരണ പൂര്‍ത്തിയാക്കുംവരെ ജാമ്യത്തിന് പ്രാബല്യമുണ്ടാകുമെന്നും കോടതി വിധിച്ചു. രാജ്യവ്യാപകമായി രാ­ഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ മു­ത­ല്‍ പ്രൈമറിസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ സ­മാ­ധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കും അ­ഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ ഭരണകൂട അ­തിക്രമങ്ങള്‍ വ്യാപകമാകുകയാണ്.

ഭരണഘടനയുടെ അന്തസത്തതന്നെ നിരാകരിക്കുന്ന നിയമനിര്‍മ്മാണ നടപടികള്‍ക്കെതിരെ രാജ്യത്താകെ പ്രതിഷേധം വ്യാപിക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയും അവകാശലംഘനങ്ങളുടെ ഇരകളെ സംരക്ഷിക്കാന്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവരെയും നഗര നക്സലുകള്‍ എന്നും രാഷ്ടത്തിനും ഭരണാധികാരികള്‍ക്കും എതിരെ ഗൂഢാലോചന നടത്തുന്നവരെന്നും ആരോപിച്ച് കള്ളക്കേസുകളില്‍ കുടുക്കി തുറങ്കിലടയ്ക്കുന്നത് നാട്ടുനടപ്പായി മാറിയിരിക്കുന്നു. പ്രൈമറിസ്കൂള്‍ കുട്ടികള്‍ പോലും അത്തരം പ്രതികാര നടപടികളുടെ ഇരകളായി മാറുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍‍­ഐഎ) പോലുള്ള ഭരണകൂട സ്ഥാപനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവ ധ്വംസിക്കാനുള്ള ഉപകരണങ്ങളായി അധപതിച്ചിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം പോലെയുള്ള ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന ആയിരക്കണക്കിനു സാധാരണക്കാരാണ് അത്തരം ഭരണകൂട ഭീകരതയ്ക്കും പൊലീസ് അതിക്രമങ്ങള്‍ക്കും ഇരകളായി മാറുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 48 പേര്‍ക്ക് തെളിവുകള്‍‍ ഹാജരാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബിജോനോറില്‍ കോടതി ജാമ്യം അനുവദിച്ചത് ഇന്നലെയാണ്.

ഭീമാ കൊറേഗാവ് സംഭവത്തിന്റെ പേരില്‍ നടന്നുവരുന്ന അന്വേഷണം ഏകപക്ഷീയമായി എന്‍‍ഐഎ ഏറ്റെടുത്തതും വന്‍വിവാദമാകുകയാണ്. ബിജെപി നേതൃത്വത്തിലുള്ള ഫഡ്നാവിസ് സര്‍ക്കാരിന് തെര‍ഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പുറത്തുപോവേണ്ടി വന്ന സാഹചര്യത്തിലാണ് മോഡി സര്‍ക്കാരിന്റെ ഈ നടപടി. സര്‍ക്കാര്‍ നയങ്ങളെയും ജനാധിപത്യവിരുദ്ധവും ഭരണഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്ത നടപടികളെയും എതിര്‍ക്കുന്നവരാകെ വേട്ടയാടപ്പെടുന്ന അന്തരീക്ഷമാണ് രാജ്യത്ത് വളര്‍ന്നുവന്നിരിക്കുന്നത്. വൈരനിര്യാതന ബുദ്ധിയോടെ ഭരണകൂടം പ്രവര്‍ത്തിക്കുന്ന ഭീഷണമായ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. രാജ്യത്തെയാകെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുന്ന ഈ ഇരുണ്ടകാലത്ത് ഭരണഘടനയെയും നിയമവാഴ്ചയെയും മുറുകെപ്പിടിക്കുക മാത്രമാണ് പൗരന്മാര്‍ക്ക് കരണീയമായിട്ടുള്ളത്. തെരുവുകളില്‍ പ്രതിഷേധിക്കുന്നതിനൊപ്പം ന്യായപീഠങ്ങളെയും നിയമവ്യവസ്ഥകളെയും ആയുധമാക്കി പൊരുതാന്‍ പൗരന്മാര്‍ നിര്‍ബന്ധിതരായിരിക്കുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച സുപ്രധാന വിധി പ്രസക്തമാകുന്നത്. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും സ്വതന്ത്രമായി ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഇന്ത്യക്കാരന്റെ അവകാശ സമരത്തിലും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിലും ഈ വിധി നിര്‍ണായകമാവും.

Eng­lish Sum­ma­ry: janayu­gom edi­to­r­i­al maulikavakashangalum vyak­thi swathandryavum urap­punalkun­na vidhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.