ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശ്വഗുരുവാണെന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി രാജ്യവ്യാപകമായി നടത്തിയ പ്രചരണം. യുഎസിന്റെ വലതുഭാഗത്തും റഷ്യയുടെ ഇടതുഭാഗത്തും ചൈനയുടെ മുന്നിലും നിൽക്കാൻ സാധിക്കുന്ന ഭരണാധികാരിയാണെന്നും അവർ വീമ്പിളക്കിയിരുന്നു. ഈ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെന്ന പേരിൽ ഇന്ത്യക്കാരെ തിരിച്ചയച്ച വേളയിൽ അവർ നേരിട്ട അനുഭവങ്ങൾ. 104 പേരുമായി ബുധനാഴ്ചയാണ് അമേരിക്കൻ വ്യോമസേനാ വിമാനം ഇന്ത്യയിലെത്തിയത്. സി-17 വിമാനത്തിൽ പഞ്ചാബിലെ അമൃത്‌സർ വിമാനത്താവളത്തിലാണെത്തിച്ച സംഘത്തില്‍ 79 പുരുഷന്മാരും 25 സ്ത്രീകളുമാണുണ്ടായിരുന്നത്. പേടിസ്വപ്നമായിരുന്നു തങ്ങളുടെ യാത്രയെന്നാണ് തിരികെയെത്തിയ ഇന്ത്യക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്. കയ്യാമം അണിയിക്കുകയും കാലുകൾ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തപ്പോൾ മറ്റൊരു കുടിയേറ്റ ക്യാമ്പിലേക്ക് പോകുകയാണെന്നാണ് കരുതിയതെന്നും സൈനിക വിമാനത്തിൽ കയറുന്നതുവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നുവെന്നുമാണ് തിരിച്ചെത്തിയവരില്‍ ഒരാളായ ഹർവീന്ദർ സിങ് പറഞ്ഞതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 40 മണിക്കൂർ നീണ്ട യാത്ര കഠിന പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നുവെന്നും തകർത്തുകളഞ്ഞുവെന്നും മറ്റൊരു യാത്രികനായ ജസ്പാൽ സിങ് പറഞ്ഞതായി ദ വയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തങ്ങളോട് യുഎസ് സൈന്യം ക്രൂരമായും കുറ്റവാളികളോടെന്നതു പോലെയായിരുന്നു പെരുമാറിയതെന്നും ജസ്പാൽ സിങ് വെളിപ്പെടുത്തി.
ലോകത്ത് നട്ടെല്ലുറപ്പുള്ള ഭരണാധികാരികളുള്ള രാജ്യത്തെ ജനങ്ങൾക്ക് നേരിടേണ്ടിവന്നിട്ടില്ലാത്ത ദുരനുഭവങ്ങളാണ് ഇന്ത്യക്കാരായ 104 പേർക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. തങ്ങളുടെ രാജ്യത്തെ ജനങ്ങളെ കുറ്റവാളികളെപ്പോലെ പറഞ്ഞയക്കുന്നു എന്നറിഞ്ഞപ്പോൾ യുഎസ് നടപടിയെ വെല്ലുവിളിച്ച ഭരണാധികാരിയുടെ പേര് ഗുസ്താവോ പെട്രോയെന്നായിരുന്നു. അനധികൃത കുടിയേറ്റക്കാരായി കൊളംബിയക്കാരുണ്ടെങ്കിൽ അവരെ തിരികെ കൊണ്ടുവരാൻ തങ്ങളുടെ വിമാനമയക്കുമെന്ന് പറഞ്ഞ്, അത് നടപ്പിലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാജ്യഭരണാധികാരികളും അതേസമീപനമാണ് സ്വീകരിച്ചത്. എന്നാൽ നാണക്കേടുണ്ടാക്കിയ യുഎസ് നടപടിയുണ്ടായിട്ടും എന്തെങ്കിലും മിണ്ടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായില്ല. എന്നുമാത്രമല്ല വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ യുഎസ് നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത്തരം ഒഴിപ്പിക്കലുകളില്‍ വിലങ്ങണിയിക്കല്‍ സ്വാഭാവികമാണെന്നും സ്ത്രീകളെയും കുട്ടികളെയും വിലങ്ങണിയിച്ചില്ലെന്നുമുള്ള വിചിത്ര വിശദീകരണമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് വേളയിൽതന്നെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നതാണ്. വിജയിച്ച ശേഷം അതേ നിലപാട് ആവർത്തിക്കുകയും ചെയ്തു. അധികാരമേറ്റ ഉടൻ ട്രംപ് ഒപ്പുവച്ച ആദ്യ ഉത്തരവുകളിൽ ഒന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നതായിരുന്നു. ഇത്രയുംനാൾ എന്തെങ്കിലും ചെയ്യാൻ കൂട്ടാക്കാതിരുന്ന ബിജെപി സർക്കാർ യുഎസ് നടപടിയെ നെറികെട്ട നിലയിൽ ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. മുൻകാലങ്ങളിലും ഇതേരീതിയിലായിരുന്നു തിരിച്ചയച്ചത് എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ന്യായം. യുഎസിൽ നിന്ന് തിരികെയെത്തിച്ചവരുടെ മുൻകാല കണക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേയ്ക്ക് തിരികെ അയച്ചപ്പോൾ ഇത്തരം അനുഭവങ്ങൾ ഉണ്ടായിരുന്നില്ലെന്ന കാര്യം ബോധപൂർവം മറച്ചുവച്ചത് മോഡിയുടെ ഉറ്റചങ്ങാതി ട്രംപ് നടത്തിയ ഹീനകൃത്യത്തെ വിമർശിക്കുവാൻ നട്ടെല്ലുറപ്പില്ല എന്നതുകൊണ്ടുതന്നെയാണ്. ഇതുസംബന്ധിച്ച് ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയിൽ അംഗങ്ങൾ ഉന്നയിച്ച പല സംശയങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ പോലും സർക്കാരിനായില്ല.
ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാർ അനധികൃതമായി ഉണ്ടെന്ന കണക്കുകൾ അമേരിക്ക തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഉടൻ പറഞ്ഞയയ്ക്കാനുള്ള പ്രാഥമിക പട്ടികയിൽ എണ്ണായിരത്തോളം പേരുമുണ്ട്. എങ്കിലും എത്ര വിദ്യാർത്ഥികൾ, ഒരു കുടുംബത്തിലെ തന്നെ നിയമപരമായും അനധികൃതമായും താമസിക്കുന്നവരുണ്ടോ, ഉണ്ടെങ്കിൽ എത്ര എന്നിങ്ങനെ സിപിഐ നേതാവ് പി സന്തോഷ് കുമാർ ഉൾപ്പെടെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം വിഷയത്തെ ഗൗരവത്തോടെ കാണുവാൻ ബിജെപി സർക്കാർ ഇതുവരെ സന്നദ്ധമായില്ലെന്നതിന്റെ തെളിവാണ്. ജോലിക്കുള്ള വിസയുമായി പോയവരെ പോലും അനധികൃതമെന്ന് മുദ്രകുത്തി തിരികെ അയയ്ക്കാൻ പട്ടികപ്പെടുത്തിയതായി കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു. അത്തരമാളുകളുടെ വിസ നീട്ടിനൽകുന്നതിനും അവിടെയുള്ള തുടർതാമസ സൗകര്യമൊരുക്കുന്നതിലും ഫലപ്രദമായ ഇടപെടലുകളുണ്ടായില്ല. യഥാർത്ഥത്തിൽ യുഎസിലെ ഇന്ത്യൻ എംബസികൾ എന്തിനാണ് തുറന്നുവച്ചിരിക്കുന്നതെന്ന ചോദ്യം പോലും പ്രസക്തമാണ്. സ്വന്തം നാട്ടുകാരെ കയ്യാമം വച്ചും കാൽച്ചങ്ങല അണിയിച്ചും തിരികെ അയച്ചതിനെ ന്യായീകരിക്കുന്ന ഭരണാധികാരി ലോകത്തിൽതന്നെ ആദ്യത്തേതായിരിക്കും. ട്രംപിനോടുള്ള വിധേയത്വം മൂലം ഇന്ത്യൻ ഭരണാധികാരികൾ ഇത്തരം അടിമമനോഭാവം കാട്ടുമ്പോൾ തലകുനിക്കേണ്ടിവരുന്നത് 140 കോടിയിലധികം വരുന്ന ഇന്ത്യക്കാർ ആകെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.