16 June 2025, Monday
KSFE Galaxy Chits Banner 2

പന്നിക്കെണിയിലെ നികൃഷ്ട രാഷ്ട്രീയം

Janayugom Webdesk
June 9, 2025 5:00 am

നിലമ്പൂര്‍ മണ്ഡലത്തിലെ വഴിക്കടവില്‍ അനധികൃത പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരനായ അനന്തു മരിച്ചത് അത്യന്തം ദുഃഖകരമാണ്. വഴിക്കടവ് സ്വദേശികളായ സുരേഷ് — ശോഭ ദമ്പതികളുടെ മകനായ അനന്തുവിനൊപ്പം മീന്‍ പിടിക്കാന്‍ പോയ യദുകൃഷ്ണ, ഷാനു വിജയ് എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ വെള്ളക്കട്ട സ്വദേശി വിനീഷ് എന്നയാള്‍ പിടിയിലായിട്ടുണ്ട്. സ്വന്തമായി കൃഷിയിടമില്ലാത്ത വിനീഷ് പന്നിയെ അനധികൃതമായി വേട്ടയാടി മാംസം വിൽക്കുന്നയാളാണെന്നും മുമ്പും പന്നിയെ പിടിച്ച് ഇറച്ചിവിറ്റിട്ടുണ്ടെന്നും കണ്ടെത്തി. ഈ ദുരന്തത്തിന്റെ പേരില്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തിയ നാണംകെട്ട മുതലെടുപ്പ് രാഷ്ട്രീയം നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അത്യന്തം നികൃഷ്ടമാണ് എന്ന് പറയാതെവയ്യ. വിദ്യാര്‍ത്ഥിയുടെ മരണം ‘സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തതാണെ‘ന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന നട്ടാല്‍ക്കുരുക്കാത്ത നുണയും തട്ടിവിട്ടു. വിഷയം വനംവകുപ്പിന്റെയും സര്‍ക്കാരിന്റെയും വീഴ്ചയായി ചിത്രീകരിക്കാനും സമരങ്ങൾ നടത്താനുമാണ് ബിജെപിയും യുഡിഎഫും ശ്രമിച്ചത്. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധത്തുടക്കം. പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രിക്ക് സമീപം സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ സിപിഐ(എം) നേതാവ് എ വിജയരാഘവന്റെ വാഹനം കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള നേതാക്കൾ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലുണ്ടായിരുന്ന യുഡി
എഫ് പ്രവർത്തകരെ മോചിപ്പിച്ചു.
സമര നാടകങ്ങള്‍ക്കൊടുവില്‍ പിടിയിലായ വിനീഷിന്റെ മൊഴി യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വികൃതമായ മുഖം കൂടുതല്‍ വികൃതമാക്കിയിരിക്കുകയാണ്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ് പ്രതിയെന്നാണ് പൊലീസ് നല്‍കിയ വിവരം. ഇയാള്‍ സഹായമഭ്യര്‍ത്ഥിച്ച് ആദ്യം വിളിച്ചതും കോണ്‍ഗ്രസ് നേതാക്കളെയായിരുന്നു. വനംവകുപ്പിനെയും കെഎസ്ഇബിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള യുഡിഎഫ് ആരോപണവും പകല്‍വെളിച്ചം വന്നപ്പോള്‍ ആവിയായി. കെഎസ്ഇബി സ്ഥാപിച്ച ഫെൻസിങ്ങാണെന്നും, പന്നിശല്യം നേരിടാൻ കർഷകർ സ്ഥാപിച്ച കെണിയാണെന്നും പറഞ്ഞായിരുന്നു സമരം. പ്രദേശവാസികൾതന്നെ ഈ വാദങ്ങളെല്ലാം നിഷേധിച്ചിട്ടും പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെ നേതാക്കളെത്തുകയും ചെയ്തു. വനംവകുപ്പ് വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള ഫെൻസിങ് കെട്ടാറില്ല എന്ന സത്യം മറച്ചുവച്ചായിരുന്നു സമരാഭാസം. മനുഷ്യ — വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിലമ്പൂർ മണ്ഡലത്തില്‍ കഴിഞ്ഞ ഒമ്പത് വർഷം വനംവകുപ്പ് 621.17 ലക്ഷം രൂപയുടെ പ്രതിരോധ, നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തിയെന്നതാണ് സത്യം. അടിസ്ഥാന സൗകര്യവികസനത്തിനും ആദിവാസി ഉന്നമനത്തിനും അനവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തെത്തുടർന്ന് രണ്ട് ഡിവിഷനിലായി 787.194 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. 145.51 കിലോമീറ്റര്‍ ദൂരത്തിൽ സോളാർവേലിയും 46.90 കിലോമീറ്റര്‍ സോളാർ തൂക്കുവേലിയും 4.53 കിലോമീറ്റര്‍ ആനക്കിടങ്ങും 2.37 കിലോമീറ്റര്‍ ആനമതിലും നിർമ്മിച്ചു. കരുളായി, കാളികാവ് റേഞ്ചിലായി 23.25 കി.മീ സൗരോർജ തൂക്കുവേലി നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുമുണ്ട്.
അറസ്റ്റിലായ വിനീഷ് കർഷകനല്ലെന്നും കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വയർ ഉപയോഗിച്ചും, ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു. ഇയാൾക്ക് യുഡി
എഫ് നേതാക്കളുമായുള്ള ബന്ധം മൂടിവയ്ക്കാനുള്ള ശ്രമവും നടന്നു. എന്നിട്ടും ദാരുണമരണത്തെ ഉപതെരഞ്ഞെടുപ്പിൽ നാല് വോട്ടുകിട്ടാനുള്ള അവസരമാക്കാനാണ് യുഡിഎഫും കോൺഗ്രസും ശ്രമിക്കുന്നത് എന്നത് രാഷ്ട്രീയ കേരളത്തിന് നാണക്കേടാണ്. ആശുപത്രിക്ക് മുമ്പില്‍ സംഘര്‍ഷമുണ്ടാക്കിയ ശേഷം നേതാക്കള്‍ ഒരുമിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ ചാമക്കാല സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് സമരത്തിന്റെ ഉള്ളുകള്ളി വെളിപ്പടുത്തുന്നതായി. പ്രതിയുടെ കോണ്‍ഗ്രസ് ബന്ധമുള്‍പ്പെടെ ജനം തിരിച്ചറിയുകയും സമരനാടകത്തിനെതിരെ വിമര്‍ശനം ശക്തമാവുകയും ചെയ്തപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ദുരന്തങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധയെത്തിക്കാന്‍ സമരം നടത്തുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ ധാര്‍മ്മികതയാണ്. പക്ഷേ വീണുകിട്ടുന്ന അവസരം, അത് ദുരന്തമാണെങ്കില്‍ പോലും നാല് വോട്ടിനുള്ള അവസരമായിക്കാണുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. നിലമ്പൂരില്‍ നടക്കുന്നത് ഉപതെരഞ്ഞെടുപ്പാണെങ്കിലും ശക്തമായ രാഷ്ട്രീയ പോരാട്ടമാണ്. അവിടെ ഇടതുമുന്നണിക്കെതിരെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസും യുഡിഎഫും. അങ്ങനെ സമനില തെറ്റിയ അവസ്ഥയിലാണ് സാമൂഹിക പെന്‍ഷന്‍ കെെക്കൂലിയാണെന്നു പറഞ്ഞ് സാമാന്യജനങ്ങളെ കോണ്‍ഗ്രസ് നേതൃത്വം അവഹേളിച്ചത്. അതിന്റെ തുടര്‍ച്ചയാണ് വീണുകിട്ടിയ ഒരു മരണത്തെ, ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും നില്‍ക്കാതെ പ്രചരണായുധമാക്കുന്ന നിലയിലുള്ള ആ മുന്നണിയുടെ അധഃപതനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.