വേനൽമഴ കനത്തതോടെ തൃശൂരും മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസർകോടും ഉൾപ്പെടെ വടക്കൻ കേരളത്തിൽ പലയിടങ്ങളിലും നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയും സർവീസ് റോഡുകളും ഇടിഞ്ഞുതാഴുന്നതിന്റെയും ആശങ്കാജനകമായ രീതിയിൽ വിള്ളൽ വീഴുന്നതിന്റെയും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതിന്റെയും റോഡരികിലുള്ള വീടുകളിലേക്ക് വെള്ളവും ചളിയും അടിഞ്ഞുകൂടി മനുഷ്യവാസം ദുഷ്കരമാകുന്നതിന്റെയും വാർത്തകളാണ് കഴിഞ്ഞ മൂന്നുദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. അടുത്ത മൂന്നുനാല് ദിവസങ്ങൾക്കുള്ളിൽ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ വിശിഷ്യ, പടിഞ്ഞാറൻ തീരപ്രദേശങ്ങളില്‍ കാലവർഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പ് ജനങ്ങളിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ളതും ദേശീയപാതാ നിർമ്മാണത്തിനുവേണ്ടി അശാസ്ത്രീയമായി മണ്ണിടിച്ച പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിപ്പാർക്കണമെന്ന കേരള ദുരന്തനിവാരണ അതോറിട്ടിയുടെ (കെഎസ്ഡിഎംഎ) പേരിൽ ചില മാധ്യമങ്ങളിൽ വന്നിട്ടുള്ള മുന്നറിയിപ്പുകളും ജനങ്ങളിൽ ഭീതി പടർത്തുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി മഴക്കാലത്തോടൊപ്പം സംഭവിക്കുന്ന ദുരന്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷിതരായിരിക്കാൻ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതും ബന്ധപ്പെട്ട അധികൃതർ തികഞ്ഞ ജാഗ്രത പാലിക്കേണ്ടതും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അനിവാര്യമാണ്. കേരളത്തിൽ വിവിധ ഭാഗങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദേശീയപാതാ നിർമ്മാണം വിവിധ മേഖലകളിൽ പൂർത്തീകരിച്ച് ജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി പാതകൾ വിവിധയിടങ്ങളിൽ ഗതാഗതയോഗ്യമല്ലാതെ മാറുന്ന സ്ഥിതി ഉടലെടുത്തിരിക്കുന്നത്. ദേശീയപാതകളുടെ നിർമ്മാണത്തിനുള്ള അശാസ്ത്രീയതയും സാങ്കേതിക വൈകല്യങ്ങളുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. നിർമ്മാണത്തിലിരുന്ന റോഡുകൾ മഴയെത്തുടർന്ന് തകർന്നതിന്റെ കാരണങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ദേശീയപാതാ അതോറിട്ടിയുടെ വിദഗ്ധർ അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ കാലതാമസം കൂടാതെ നിർദേശിക്കുമെന്നും അവ സത്വരം നടപ്പിലാക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലാണ് ദേശീയപാതയിലെ ഇപ്പോഴത്തെ ദുരന്താനുഭവങ്ങൾ. ദേശീയപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തുനൽകുക എന്ന നിർണായക ചുമതല മാത്രമാണ് സംസ്ഥാന സർക്കാരിന് നിർവഹിക്കാൻ ഉണ്ടായിരുന്നത്. അത് സ്തുത്യർഹവും ബന്ധപ്പെട്ട എല്ലാവർക്കും തൃപ്തികരവുമായി നിർവഹിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. യുഡിഎഫ് സർക്കാർ വിവിധ കാരണങ്ങളാൽ കയ്യൊഴിഞ്ഞ പദ്ധതിയുടെ നടത്തിപ്പിന് സംസ്ഥാനം നിർവഹിക്കേണ്ട ചുമതല പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യം എൽഡിഎഫിന് അവകാശപ്പെട്ടതാണ്. തങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന ചുമതല പൂർത്തിയാക്കിയ എൽഡിഎഫിനോടുള്ള പകയും അസൂയയും ജനങ്ങളെ ഇളക്കിവിട്ട് പദ്ധതി തടസപ്പെടുത്തുന്നതിലൂടെ പ്രകടിപ്പിക്കാൻ പ്രതിപക്ഷം നടത്തിയ ശ്രമവും വിലപ്പോയില്ല. ഇപ്പോൾ മഴക്കെടുതിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം എൽഡിഎഫ് സർക്കാരിന്റെ തലയിൽ കെട്ടിയേല്പിക്കാമെന്ന വ്യാമോഹത്തിലാണ് അവർ. സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരത്തുകയുടെ 25 ശതമാനമായി 5,600 കോടിയില്പരം രൂപ നൽകി ദേശീയപാതാ അതോറിട്ടിക്ക് കൈമാറിക്കഴിഞ്ഞാൽ പാത നിർമ്മാണത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം അവർക്കും കേന്ദ്ര സർക്കാരിനുമാണ്. വസ്തുത അതായിരിക്കെ എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിടാമെന്ന വ്യാമോഹത്തിലാണ് യുഡിഎഫ് നേതാക്കൾ. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് തിരിച്ചറിഞ്ഞ് യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും ദേശീയപാതാ നിർമ്മാണത്തിൽ ഇപ്പോഴുള്ള വൈകല്യങ്ങൾ പരിഹരിച്ച് പാതയുടെ സുരക്ഷിതത്വവും ജനങ്ങളുടെ പ്രയോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമുള്ള കൂട്ടായ പ്രവർത്തനമാണ് പ്രതിപക്ഷ യുഡിഎഫിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
ദേശീയപാതയുടെ രൂപകല്പന, പാത കടന്നുപോകുന്ന മേഖലയുടെ സവിശേഷതയ്ക്കനുസരിച്ചുള്ള നിർമ്മാണ സാങ്കേതികത, സംസ്ഥാനത്തിന്റെ കാലാവസ്ഥയും പരിസ്ഥിതി സവിശേഷതകളും ഗതാഗത ബാഹുല്യം എന്നിവ അടിസ്ഥാനമാക്കിയുള്ള എൻജിനീയറിങ് വൈദഗ്ധ്യം, പാതയുടെ കാലദൈർഘ്യം തുടങ്ങിയവ നിർണയിക്കേണ്ടതും നിർമ്മാണ പ്രക്രിയ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതും ദേശീയപാതാ അതോറിട്ടിയാണ്. അക്കാര്യങ്ങളിൽ അലംഭാവവും വീഴ്ചയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായതായി വേണം കരുതാൻ. ഇപ്പോൾ, പാത ഗതാഗതത്തിന് പൂർണതോതിൽ തുറന്നുകൊടുക്കും മുമ്പ് വീഴ്ചകൾ തിരിച്ചറിയാനായി എന്നത് ഒരു മുന്നറിയിപ്പാണ്. ദേശീയപാതാ അതോറിട്ടിയുടെയും കരാർ പ്രവൃത്തികൾ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകൾ കണക്കിലെടുത്ത് അവർക്കെതിരെ കർക്കശ ശിക്ഷണനടപടികൾ സ്വീകരിക്കാനും അവരെ തുടർപ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്താനും ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയവും കേന്ദ്രസർക്കാർ തന്നെയും മുന്നോട്ടുവരണം. കേന്ദ്രഭരണം കയ്യാളുന്നവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങൾ അതിന് വിഘാതമായിക്കൂടാ. ജനങ്ങളുടെ ജീവിത സുരക്ഷിതത്വത്തിനും സുഗമമായ യാത്രാ സ്വാതന്ത്ര്യത്തിനും നാടിന്റെ പുരോഗതിക്കുമായിരിക്കണം മുൻഗണന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.