ഒരു നിർണായക തീരുമാനത്തിന്റെ തിരിച്ചുപോക്ക്

Web Desk
Posted on July 26, 2020, 5:55 am

രാജ്യത്തെ 14 വാണിജ്യ ബാങ്കുകളെ ദേശസാൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് 1969 ജൂലായ് മാസത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി ബാങ്കുകളുടെ ഇതുമായി ബന്ധപ്പെട്ട ബിൽ 1969 ജൂലായ് 21 ന് പാർലമെന്റിൽ അവതരിപ്പിച്ചു. ഇത് തികച്ചും നിർണായ തീരുമാനമായിരുന്നു. ബാങ്കുകളുടെ ദേശസാൽക്കരണം ആവശ്യപ്പെട്ട് പാർലമെന്റിന് അകത്തും പുറത്തും നിരവധി പോരാട്ടങ്ങൾ സിപിഐ നടത്തിയിരുന്നു. 1966ൽ ഈ വിഷയം സിപിഐ അംഗമായിരുന്ന ഭൂപേഷ് ഗുപ്ത ലോക്‌സഭയിൽ ഉന്നയിച്ചു. പിന്നീട് ഇത് ഓർഡിനൻസായി അവതരിപ്പിച്ചപ്പോൾ സിപിഐ ഉൾപ്പെടെയുള്ള ഇടതുപാർട്ടികളും പുരോഗമന പ്രസ്ഥാനങ്ങളും ഈ നിലപാടിനെ അംഗീകരിച്ചു. ബാങ്കുകളുടെ ദേശസാൽക്കരണം സമ്പദ്‌വ്യവസ്ഥയെ ശക്തമായ തലങ്ങളിൽ എത്തിക്കാൻ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്‌സഭയിൽ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ നിർമ്മാണ പ്രക്രിയിൽ ബാങ്കുകളുടെ ദേശസാൽക്കരണം ഒഴിവാക്കാനാകാത്ത ഘടകമാണ്. സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്തം കൂടുതൽ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നാലാം പഞ്ചവത്സര പദ്ധതിയുടെ കാലത്താണ് ഈ ഓർഡിനൻസ് കൊണ്ടുവന്നത്.

1969 ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം 50 കോടി രൂപയിൽ കുറയാത്ത നിക്ഷേപമുള്ള എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളെയും ദേശസാൽക്കരിക്കുന്നതായിരുന്നു ഓർഡിനൻസ്. തികച്ചും പുരോഗമനപരമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായിരുന്നു ബാങ്കുകളുടെ ദേശസാൽക്കരണം നടപ്പാക്കിയത്. അപ്പോഴും ബാങ്കുകളും കോർപ്പറേറ്റുകളും തമ്മിൽ അവിശുദ്ധമായ ബന്ധങ്ങൾ നിലനിന്നിരുന്നു. സ്വന്തം നേട്ടങ്ങൾക്കായി ബാങ്കുകളെ പിഴിയുന്ന നിലപാടുകൾ കോർപ്പറേറ്റുകൾ സ്വീകരിച്ചിരുന്നു. ഈ സഖ്യം തകർക്കുകയായിരുന്നു ദേശസാൽക്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. കർഷകർ ഉൾപ്പെടെയുള്ളവരെ സഹായിക്കുന്നതിനായി ഗ്രാമീണ മേഖലയിലും ബാങ്കിങ് സംവിധാനങ്ങൾ എത്തിക്കുക എന്നതും ദേശസാൽക്കരണത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു. ചെറുകിട ഉല്പാദകർ, കർഷകർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കും വായ്പകൾ ഉൾപ്പെടെയുള്ള സഹായം ലഭ്യമാക്കാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിട്ടു. ഇതിലൂടെ വായ്പകൾ ഒരു വിഭാഗത്തിന്റെ കൈകളിലല്ല മറിച്ച് വിവിധ ജനവിഭാഗങ്ങളുടെ കൈകളിലും സുരക്ഷിതമായി എത്തുന്നു. ദേശസാൽക്കരണത്തിന് ശേഷം ഗ്രാമീണ മേഖലയിലെ ശാഖകളുടെ എണ്ണം ഗണ്യമായി വർധിച്ചു.

1965–75 കാലഘട്ടത്തിൽ ആകെ സ്ഥാപിച്ച 10,543 ശാഖകളിൽ പകുതിയും ഗ്രാമീണ മേഖ­ലയിലായിരുന്നു. കാർഷിക മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ ബാങ്കിങ് സേവനങ്ങൾ ലഭിച്ചു. നേരത്തെ 17 ശതമാനമാണ് കാർഷിക മേഖലയിലെ ബാങ്കിങ് സാന്നിധ്യമെങ്കിൽ ദേശസാൽക്കരണത്തിന് ശേഷം 36 ശതമാനമായി ഉയർന്നു. വായ്പാ അനുപാതം 1967ൽ 2.2 ശതമാനമായിരുന്നത് 1975ൽ ഒമ്പത് ശതമാനമായി വർധിച്ചു. 1989 ആയപ്പോൾ ഇത് 15.8 ശതമാനത്തിലെത്തി. അഞ്ച് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 22 ആയി വർധിച്ചു. കൂടാതെ എല്ലാ വിഭാഗങ്ങൾക്കും വായ്പകൾ ഉൾപ്പെടെയുള്ള എല്ലാവിധ സഹായങ്ങളും ലഭിച്ചു. രാജ്യത്തെ ഒരു വികസ്വര സമ്പദ്‌വ്യവസ്ഥയാക്കുന്നതിൽ ദേശസാൽകൃത ബാങ്കുകളുടെ പങ്ക് തികച്ചും ശ്രദ്ധേയമാണ്.

ബാങ്കുകളുടെ ദേശസാൽക്കരണത്തിനോട് അനുകൂല നിലപാടാണ് സിപിഐ ആദ്യംമുതൽ സ്വീകരിച്ചത്. ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ കുത്തക മുതലാളിമാരുടെ ഇടപെടലാണ് ദേശസാൽക്കരിച്ചതിലൂടെ ഇല്ലാതായത്. ബാങ്കുകളുടെ ദേശസാൽക്കരണത്തെ എതിർക്കുന്ന നിലപാടാണ് ആദ്യം മുതൽ കുത്തക മുതലാളിമാർ സ്വീകരിക്കുന്നത്. കുത്തക മുതലാളിമാരുടെ ഈ നയത്തെ തുടക്കം മുതല്‍ സിപിഐ ശക്തിയായി എതിര്‍ത്തിരുന്നു.  ദേശസാൽക്കരണത്തെ അനുകൂലിച്ചുകൊണ്ടുള്ള ഉറച്ച ആദ്യകാല നിലപാടുകൾ തന്നെയാണ് ഇപ്പോഴും സിപിഐ സ്വീകരിക്കുന്നത്. സ്വകാര്യ ബാങ്കുകളുടെ കടന്നുകയറ്റം പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ ഇല്ലാതാക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം ഗണ്യമായി കുറയുന്നു. സർക്കാർ ഓഹരികൾ 75 ശതമാനത്തിൽ താഴെയായി. എസ്ബിഐയിലെ സർക്കാർ ഓഹരി 58 ശതമാനമായി കുറഞ്ഞു. ഗ്രാമീണ മേഖലയിൽ പൊതുമേഖലാ ബാങ്കുകളുടെ ബ്രാഞ്ചുകളുടെ എണ്ണം കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു. ഇതിലൂടെ ആഗോള സാമ്പത്തിക കുത്തകകളുടെ യഥാർത്ഥ മുഖം മറനീക്കി പുറത്തുവരുന്നു. കൂടാതെ പൊതുമേഖലാ ബാങ്കുകളോടുള്ള മോഡി സർക്കാരിന്റെ സമീപനങ്ങളും വ്യക്തമാണ്.