Web Desk

October 24, 2021, 5:00 am

വിശക്കുന്ന ഇന്ത്യ

Janayugom Online

ആഗോള പട്ടിണി സൂചിക (ജിഎച്ച്ഐ) മോഡി സർക്കാരിന്റെ പ്രകീർത്തന മാമാങ്കങ്ങളുടെ കാപട്യം മുഴുവനും തുറന്നുകാട്ടി. രാജ്യം നേരിടുന്ന ഗുരുതരമായ എല്ലാ പ്രശ്നങ്ങളും വിജയകരമായി പരിഹരിച്ചതായുള്ള പ്രചാരണങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തി. ഭരണകൂടത്തിന്റെ കുഴലൂത്തുകാർക്ക് മുൻ സർക്കാരുകളുടെ എല്ലാ പരാജയങ്ങളും മറികടന്ന് മോഡി ഭരണം മുന്നേറുകയാണ് എന്നു പ്രസംഗിക്കുന്നതില്‍ ലജ്ജയുണ്ടായിരുന്നില്ല. ഓരോ ദിവസവും അവർ നേട്ടങ്ങളുടെ പുതിയ ഇനങ്ങൾ തിരയുന്നു. ആഗോള പട്ടിണി സൂചികയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ വ്യാജപ്രചാരകരുടെ പാതയിൽ മുൾമുന തീർക്കുന്നു. പട്ടിണി സൂചികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. 2020 ‑ൽ 107 രാജ്യങ്ങളിൽ 94 ആയിരുന്നു സ്ഥാനം. സൂചികകളുടെ അടിസ്ഥാനമായി കണക്കാക്കുന്ന പട്ടിണി സൂചികയിൽ രാജ്യം പിന്നോട്ടാണ്. കഴിഞ്ഞ വർഷം ഇത് 38.8 ആയിരുന്നുവെങ്കിൽ നടപ്പ് വർഷം ഇത് 27.5 ആണ്. മോഡി മാന്ത്രികതയുടെ മായാ കണക്കുകൾ നിരത്തി ഭരണകൂട പ്രതിച്ഛായ നിർമ്മാണ കേന്ദ്രങ്ങൾ നരേന്ദ്ര മോഡിയെ വിജയത്തിന്റെയും അഭിവൃദ്ധിയുടെയും പാത തെളിയിച്ച ‘വിശ്വഗുരു’ എന്ന കിരീടം ചാർത്തി അലങ്കരിക്കാനാണ് ഇപ്പോൾ പരിശ്രമിക്കുന്നത്. എന്നാൽ വിശ്വഗുരുവിന്റെ രാജ്യം പട്ടിണിപ്പാവങ്ങളുടെ ഇടമായിരിക്കുന്നു.


ഇതുകൂടി വായിക്കൂ: വിശക്കുന്ന ഇന്ത്യ; പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്ത്; പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍


സാധാരണ ജനം പട്ടിണി കിടന്ന് മരിക്കുന്നു. ഇന്ത്യക്കു പിന്നിലുള്ള 15 രാജ്യങ്ങളുടെ പട്ടിക ശ്രദ്ധിക്കാം. പാപുവ ന്യൂ ഗിനി, അഫ്ഗാനിസ്ഥാൻ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കോംഗോ, മൊസാംബിക്ക്, സിയറ ലിയോൺ, തിമോർ‑ലെസ്റ്റെ, ഹെയ്തി, ലൈബീരിയ, മഡഗാസ്കർ, കോംഗോ, ചാഡ്, യെമൻ, സൊമാലിയ. ദക്ഷിണേഷ്യയിലെ എല്ലാ അയൽക്കാരേക്കാളും ദരിദ്രരാണ് ഇന്ത്യയെന്ന യാഥാർത്ഥ്യം തുറന്നുകാട്ടി പട്ടിണി സൂചിക. അയൽരാജ്യങ്ങളിൽ പാകിസ്ഥാൻ 92-ാം സ്ഥാനത്തും ബംഗ്ലാദേശും നേപ്പാളും 76-ാം സ്ഥാനത്തും ശ്രീലങ്ക 65-ാം സ്ഥാനത്തുമാണ്. പട്ടിണിയിലാണ്ട മഹാഭൂരിപക്ഷത്തെയും അവഗണിച്ച് അതിസമ്പന്നർക്ക് ലാഭമുണ്ടാക്കാനുതകുന്ന പാത സുഗമമാക്കുകയാണ് ആർഎസ്എസ്-ബിജെപി ഭരണകൂട ലക്ഷ്യം. ഇതിന്റെ ഫലമാണ് ആഗോള പട്ടിണി സൂചികയിലെ പിന്നാക്കയിടം. പട്ടിണി ‘ഗുരുതര’മെന്ന് ബോധ്യപ്പെട്ട 31 രാജ്യങ്ങളുടെ അഭിമാനകരമല്ലാത്ത പട്ടികയിൽ ഇന്ത്യയും ഇടംചേർന്നിരിക്കുന്നു.

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾ (എസ്ഡിജി) മുന്നോട്ടുവച്ചു. അവയിൽ ഏറ്റവും പ്രധാനം 2030-ഓടെ ‘പട്ടിണി രഹിത’ ലക്ഷ്യം കൈവരിക്കുകയായിരുന്നു. ആഗോള പട്ടിണി സൂചിക ബോധ്യപ്പെടുത്തുന്നത് ഒമ്പത് വർഷത്തിനുള്ളിൽ ഇന്ത്യക്ക് ഈ ലക്ഷ്യം കൈവരിക്കാനാകില്ല എന്ന ഉണ്മയാണ്. വിവേകമുള്ള ഏതൊരു ഭരണകൂടവും പോരായ്മകൾ ഗൗരവമായി കാണുകയും മുന്നോട്ടുള്ള യാത്രയ്ക്ക് ആവശ്യമായ തിരുത്തൽ വരുത്തുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ മോഡി സർക്കാരും അതിന്റെ രാഷ്ട്രീയ ഉപദേഷ്ടാക്കളും ഗുരുതരങ്ങളായ ഇത്തരം വിഷയങ്ങളിൽ നിർഭാഗ്യകരമായ സമീപനങ്ങളാണ് സ്വീകരിച്ചത്. ആഗോള പട്ടിണി സൂചികയ്ക്കും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വിശകലനങ്ങൾക്കും ഘടകങ്ങൾക്കുമെതിരെ അവർ കൂട്ടായ ആക്രമണം അഴിച്ചുവിട്ടു. ഭരണത്തിലെ വരേണ്യവർഗത്തിന്റെ തോഴർ പഠനങ്ങളുടെയും അനുബന്ധ വിശദാംശങ്ങളുടെയും ആധികാരികതയെ ചോദ്യം ചെയ്തു. മുഖവൈരൂപ്യം മറികടക്കാൻ മുഖകണ്ണാടി തകർക്കും പോലെ അവർ പെരുമാറി. എഫ്എഒ, ശിശു ജനന മരണക്കണക്കുകൾ വെളിപ്പെടുത്തുന്ന യുഎൻ ഏജൻസികൾ (യുഎൻഐജിഎംഇ), യുഎൻസിഇഎഫ്, ലോകാരോഗ്യ സംഘടന, ലോകബാങ്ക് തുടങ്ങിയ ഏജൻസികൾ സ്വീകരിച്ച മാനദണ്ഡങ്ങളും വിശദാംശങ്ങളും മാത്രമാണ് ആഗോള പട്ടിണി സൂചികയ്ക്കായി ആശ്രയിക്കുന്നത്.


ഇതുകൂടി വായിക്കൂ:വിശക്കുന്ന ഇന്ത്യ, വില്‍ക്കപ്പെടുന്ന ഇന്ത്യ


നാല് പ്രധാന സൂചികകളായ പോഷകാഹാരക്കുറവ്, ശിശുക്ഷയം (ഉയരത്തെ അപേക്ഷിച്ച് കുറഞ്ഞ ഭാരം), കുട്ടികളുടെ മുരടിപ്പ് (പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ഉയരം), കുട്ടികളുടെ മരണനിരക്ക് (കുട്ടികളുമായി ബന്ധപ്പെട്ട എല്ലാം അഞ്ച് വയസിന് താഴെയുള്ളവ) എന്നിവയാണ് പട്ടിണിയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട അടിസ്ഥാന ഘടകങ്ങൾ. കൂടാതെ, റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിൽ, കുട്ടികളുടെ ശോഷണവും മുരടിപ്പും സംബന്ധിച്ച വിവരങ്ങൾക്കായി മോഡി ഭരണകൂടത്തെയാണ് ജിഎച്ച്ഐ ആശ്രയിച്ചത്. ആഗോള പട്ടിണി സുചികയുടെ കണക്കുകൾക്കെതിരെ ഉറഞ്ഞുതുള്ളുന്ന ആർഎസ്എസ് ‑ബിജെപി ഘടകങ്ങൾ 2016–18ൽ പ്രസിദ്ധീകരിച്ച സമഗ്ര ദേശീയ പോഷകാഹാര സർവേ(സിഎൻഎൻഎസ്) റിപ്പോർട്ട് പരിശോധിക്കണം. ഇത് പ്രസിദ്ധീകരിച്ചത് 2019 ൽ നരേന്ദ്ര മോഡി സർക്കാരാണ്. ആർഎസ്എസ് ബിജെപി ഘടകങ്ങളുടെ ധിക്കാരവും കുറ്റപ്പെടുത്തലുകളും അവഗണിക്കേണ്ടതുണ്ട്. പൊള്ളയായ അവരുടെ നിലവിളിയും കരച്ചിലും മറക്കാം. ആഗോള പട്ടിണി സൂചിക (ജിഎച്ച്ഐ)പശ്ചാത്തലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള ആശങ്ക സത്യവും ലളിതവുമാണ്. സമാന്യജനം പട്ടിണിയിലാണ്. ജനങ്ങൾക്ക് വിശക്കുന്നു! ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ നിർണായക രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് രാജ്യം നീങ്ങുന്ന 2021 ബോധ്യപ്പെടുത്തുന്ന കയ്പേറിയ പുനരവലോകനമാണിത്. സാമാന്യജനത്തിന് നിലനിൽപ്പിന് ഭക്ഷണം ആവശ്യമാണ്. വാഗ്ദാനങ്ങൾക്കും പ്രചാരണങ്ങൾക്കും ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ള വിശപ്പ് ശമിപ്പിക്കാനാവില്ല. ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് എന്നത് മോഡി മൂർത്തിയുടെ മറ്റൊരു മുദ്രാവാക്യമാണ്. അത് വിശക്കുന്നവർക്ക് ഭക്ഷണം നൽകില്ല. സർക്കാർ കർഷകരെ വഞ്ചിച്ചിട്ടും അവർ കൂടുതൽ ഉല്പാദിപ്പിച്ചു. രാജ്യത്ത് മികച്ച വിളവാണുണ്ടായത്. പക്ഷേ, ബംഗാൾ ക്ഷാമകാലത്ത് സംഭവിച്ചതുപോലെ ഒന്നും ജനങ്ങളിലേക്കെത്തുന്നില്ല. 1991‑ൽ പ്രതിശീർഷ ഭക്ഷ്യ ഉപഭോഗം 186.2 കിലോ ആയിരുന്നു. 2016 ൽ ഇത് 177.9 കിലോഗ്രാമായി കുറഞ്ഞു. ഇതാണ് മോഡിയുടെ സർവരുടെയും വികാസം ഉറപ്പാക്കുന്ന കണ്ണാടി. ഓർമ്മിക്കണം, തങ്ങളെ പട്ടിണിയുടെ തീയിലേക്ക് വലിച്ചെറിയുന്ന ഒരു സർക്കാരിനെ ജനങ്ങൾ ഒരിക്കലും പൊറുപ്പിക്കില്ല.

Eng­lish Sum­ma­ry : Janayu­gom New Age edi­to­r­i­al Hun­gry India

You may also like this video :