September 29, 2023 Friday

പുതിയ പാര്‍ലമെന്റ് മന്ദിരവും അതിന്റെ ഉദ്ഘാടനവും

Janayugom Webdesk
May 28, 2023 5:00 am

രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യ എന്ന പരമാധികാര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ പ്രതീകമായി ഇത് മാറിയേക്കാം. കൊളോണിയല്‍ ഭരണത്തില്‍ നിന്നും ദീര്‍ഘവും കഠിനവുമായ പോരാട്ടങ്ങള്‍ക്കു ശേഷം ആര്‍ജിച്ച സ്വാതന്ത്ര്യത്തിന്റെ മായാമുദ്രകളുടെ തുടര്‍ച്ചയെക്കാള്‍ മിഴിവോടെ മതചിഹ്നങ്ങളും ഇവിടെ പതിഞ്ഞേക്കും. സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് കഠിനമായ പീഡനങ്ങളും നീണ്ട ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. കൊടിയ വ്യഥയിലും നേരിടേണ്ടി വന്ന അഗ്നിപരീക്ഷകളിലും അവര്‍ പതറിയില്ല. പോരാട്ട പാതയില്‍ നിന്ന് ഒരിക്കലും പിന്മാറിയതുമില്ല. വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളും സംസ്കാരങ്ങളും രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന ഒരേ ലക്ഷ്യത്തിലൂന്നി മുന്നേറി. 75 വര്‍ഷങ്ങള്‍ മുമ്പ് സ്വാതന്ത്ര്യം നേടിയ രാജ്യം, ഭരണഘടനയെ അടിസ്ഥാനമാക്കി നവരാഷ്ട്ര നിര്‍മ്മിതി സാധ്യമാക്കി. ജനാധിപത്യ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നിവ ഉറപ്പാക്കി. ഓരോ പൗരനും വോട്ടവകാശമുണ്ട്. നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിയെ സമീപിക്കാം. മൗലികാവകാശങ്ങള്‍ക്ക് പുറമേ, ഭരണ സംവിധാനങ്ങളുടെയും അവകാശങ്ങളുടെയും നിര്‍ദേശക തത്വങ്ങളും ഭരണഘടന വിശദീകരിക്കുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

 


ഇതുകൂടി വായിക്കു; പാർലമെന്റ് മന്ദിരം ഉദ്ഘാടനം; എന്തുകൊണ്ട് രാഷ്ട്രപതി വേണം


എന്നാല്‍ ഉദ്ഘാടനച്ചടങ്ങ് തന്നെ ഭരണഘടനാ ലംഘനത്തിന് വഴിയായിരിക്കുന്നു. പരമോന്നത അധികാര കേന്ദ്രമായ രാഷ്ട്രപതി ഉദ്ഘാടന വേളയില്‍ പോലുമില്ല. ഉദ്ഘാടനദിനമാകട്ടെ ഹിന്ദു മഹാസഭാ അധ്യക്ഷനും ഏകാധിപത്യ ഭരണത്തിന്റെ വക്താവുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ പിറന്നാള്‍ ദിവസവും. ഗാന്ധിവധത്തിന്റെ ഗൂഢാലോചന അന്വേഷിച്ച സംഘം കൊലയില്‍ സവര്‍ക്കറുടെ പങ്കാളിത്തം ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എക്കാലത്തും കൊളോണിയല്‍ ഭരണകൂടത്തിന് വിധേയനുമായിരുന്നു സവര്‍ക്കര്‍. 1913 നവംബര്‍ 23ലെ മാപ്പപേക്ഷയില്‍ സവര്‍ക്കര്‍ തുറന്നെഴുതി: ‘സര്‍ക്കാരിനെ അവര്‍ക്ക് ഇഷ്ടമുള്ള ഏത് പദവിയിലും സേവിക്കാന്‍ ഞാന്‍ തയ്യാറാണ്. ധൂര്‍ത്തനായ പുത്രന് ഭരണത്തിന്റെ ദയാവാതിലുകളിലേക്കല്ലാതെ മറ്റെവിടെയാണ് മടങ്ങാന്‍ കഴിയുക? സര്‍ക്കാര്‍ അവരുടെ ദയയും കാരുണ്യവും കൊണ്ട് തന്നെ വിട്ടയച്ചാല്‍, ഇംഗ്ലീഷ് സര്‍ക്കാരിനോടുള്ള വിശ്വസ്തതയുടെയും ഭരണഘടനാപരമായ പുരോഗതിയുടെയും ഏറ്റവും ശക്തനായ വക്താവാകാം’.


ഇതുകൂടി വായിക്കു; ഭരണഘടനയെ തോല്പിക്കുവാനുള്ള ഓര്‍ഡിനന്‍സ്


 

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം ഒരു ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിലും പങ്കെടുത്തില്ല, എല്ലാറ്റിലും അവരുമായി സഹകരിച്ചു. കീഴ്‌പ്പെടലിന്റെ തുടര്‍ച്ച അദ്ദേഹത്തിന്റെ ‘ഹിന്ദുത്വ, ആരാണ് ഹിന്ദു? ’ എന്ന പുസ്തകത്തില്‍ കാണാം. 1938ല്‍ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായ സവര്‍ക്കര്‍ ‘നാസികളുടെയും ഫാസിസത്തിന്റെയും മാന്ത്രിക ദണ്ഡുകളുടെ സ്പര്‍ശത്തില്‍ ജര്‍മ്മനിയും ഇറ്റലിയും അത്ഭുതകരമായി ശക്തി പ്രാപിച്ചു’ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ചെക്കോസ്ലോവാക്യയിലെ ജര്‍മ്മന്‍ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ഇന്ത്യന്‍ സാഹചര്യവുമായുള്ള പരോക്ഷമായ താരതമ്യമായിരുന്നു. സവര്‍ക്കറുടെ മുസ്ലിം വിരുദ്ധത സമൂലവും വ്യക്തവും അരോചകവുമായിരുന്നു. യഹൂദരുടെ പ്രശ്നം ജര്‍മ്മനി കൈകാര്യം ചെയ്യുന്ന രീതിയെ ഒരു സന്ദര്‍ഭത്തില്‍ ഇങ്ങനെ വിവരിച്ചു: ‘ജര്‍മ്മനിയുടെ ഇടപെടല്‍ ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ്, എന്നാല്‍ ജൂതന്മാരുടേത് വര്‍ഗീയ പ്രസ്ഥാനമാണ്’. രണ്ടാം ലോകമഹായുദ്ധകാലത്ത് പിന്തുടര്‍ന്ന സമീപനം ഹിന്ദു ദേശീയതയുടെ പ്രതിച്ഛായയെ തകര്‍ത്തു. ഫാസിസ്റ്റ്‍വിരുദ്ധ യുദ്ധകാലത്ത് ഹിന്ദു ദേശീയവാദികള്‍ ബ്രിട്ടീഷുകാരുമായുള്ള വിധേയത്വത്തിലും ബന്ധങ്ങളിലും ദാസ്യമനോഭാവത്തില്‍ തുടര്‍ന്നു. 1942ല്‍ സവര്‍ക്കര്‍ പറഞ്ഞു, ‘പ്രതികരണാത്മക സഹകരണത്തിന്റെ നയം, നിരുപാധികമായ സഹകരണം മുതല്‍ സായുധ പ്രതിരോധം വരെ നീളുന്ന പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ശ്രേണിയും ഉള്‍ക്കൊള്ളുന്നു’. ഈ പ്രസ്താവന തീവ്രവാദ ഹിന്ദുത്വത്തിന്റെ ‘സഹകരണവാദം’ തുറന്നുകാട്ടി. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലും തുടര്‍യോഗങ്ങളിലും പങ്കെടുക്കുമെന്ന് 1940ല്‍ ഹിന്ദു മഹാസഭ പ്രഖ്യാപിച്ചു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ഹിന്ദു മഹാസഭയോ ആര്‍എസ്എസോ പങ്കെടുത്തതുമില്ല. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യുന്നതിനുപകരം അവരുമായി സഹവര്‍ത്തിത്വത്തില്‍ കഴിയാനായിരുന്നു ഹിന്ദു മഹാസഭയ്ക്ക് താല്പര്യം. സവര്‍ക്കറുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ഈ അവിശുദ്ധതയുടെ ചിത്രം പൂര്‍ണമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.