“ആരെയാണ് നിങ്ങൾ പേടിപ്പിക്കുന്നത്? വഖഫ് ബില്‍ നിയമമാകും. അത് അനുസരിക്കേണ്ടിയും വരും” ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെല്ലുവിളി. അനിശ്ചിതത്വങ്ങൾ ബാക്കിയായില്ല. എതിർശബ്ദങ്ങൾക്കെതിരെ വന്യമായ അസഹിഷ്ണുതയോടെ സ്വേച്ഛാധിപത്യം പറന്നിറങ്ങി. ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള നീക്കം മാത്രമല്ല, ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും അതുവഴി സമൂഹത്തെ വിഭജിക്കാനും വഴിയൊരുങ്ങി. കേന്ദ്ര ഭരണകൂടവും ഭരണകക്ഷിയും ഏറെക്കാലമായി താലോലിക്കുന്നൊരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. അതിലേക്കുള്ള കുതിപ്പിന്റെ വേഗതയും ബോധ്യപ്പെട്ടു. മാതൃനിയമത്തിലെ പോരായ്മകളെക്കുറിച്ചുള്ള അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സമൂഹത്തെ കൂടുതൽ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളില്‍ പിണഞ്ഞുകിടന്നു ന്യൂനപക്ഷ മന്ത്രാലയം. അഭിപ്രായവ്യത്യാസങ്ങളുടെയും തർക്കങ്ങളുടെയും കുത്തൊഴുക്ക് ഒഴിവാക്കാൻ നിയമത്തിന് കഴിയുമായിരുന്നു. എന്നാൽ വ്യവസ്ഥകളിൽ ഭീകരവിരുദ്ധ നിയമവും (യുഎപിഎ) ഉൾപ്പെട്ടു. വഖഫിനും മറ്റ് മത, ജീവകാരുണ്യ നിയമങ്ങൾക്കും സംസ്ഥാന ബോർഡുകൾക്കും മാത്രമായി യുഎപിഎ ഉണ്ടാകുമോ. ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരങ്ങളില്ല. കുറഞ്ഞത് ആറ് വർഷമെങ്കിലും ഇസ്ലാം മതം ആചരിക്കുന്നവരെ മാത്രം മുസ്ലിങ്ങളായി നിർവചിക്കാൻ ശ്രമിക്കുന്ന മൂന്നാം വകുപ്പിനെക്കുറിച്ചും ആശങ്ക നിലനില്‍ക്കുന്നു. ഇത്തരം നടപടികള്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ മതപരമായ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. ഈ രാജ്യത്തെ പൗരന്മാരാകാൻ മുസ്ലിം മത വിശ്വാസികള്‍ക്കും ആ മതത്തില്‍ പിറന്നവര്‍ക്കും എന്തെങ്കിലും തിരിച്ചറിയൽ രേഖയുടെ ആവശ്യമുണ്ടോ? ഇല്ല എന്നതിന് ദേശത്തിന്റെ ചരിത്രം സാക്ഷിയാണ്. രാജ്യത്തിന്റെ മണ്ണ് അവരുടെ രക്തത്തിലും ധീരതയിലും കുതിര്‍ന്നതാണ്. 1857ൽ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ, ഫയറിങ് സ്ക്വാഡിനെ നേരിട്ട നിർഭയത്വം ഓര്‍ക്കാം. 1921ൽ പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടത് ഹസ്രത്ത് മൊഹാനിയായിരുന്നു. പിന്നീട് 1929ൽ ലാഹോറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ സമ്മേളനത്തിൽ പൂർണ സ്വരാജ് ആവർത്തിച്ചു.
വഖഫ് (ഭേദഗതി) നിയമം ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. നിയമത്തിന്റെ ഭാഷ സൂക്ഷ്മമായി നിഷ്പക്ഷതയുടെ അടരുകള്‍ക്ക് താഴെ പ്രത്യയശാസ്ത്ര പക്ഷപാതത്തിന്റെ വേരുകള്‍ വെളിപ്പെടുത്തുന്നു. “മുസ്ലിം ഭരണകാലത്ത്” കേന്ദ്രീകൃത നിയന്ത്രണത്തിന് ഊന്നൽ നൽകി എന്ന വ്യാഖ്യാനത്തിലൂടെ സംസ്ഥാനാധികാരങ്ങളുടെ അതിരുകടന്നതിനെയും ന്യായീകരിക്കുന്നു. വഖഫിനെ ഒരു വിശ്വാസാധിഷ്ഠിത സമൂഹ സ്ഥാപനത്തിൽ നിന്ന് അകറ്റി ഒരു ഉദ്യോഗസ്ഥ റിയൽ എസ്റ്റേറ്റ് സംവിധാനത്തിലേക്ക് പുനർനിർവചിച്ചു. അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ മതപരമായ ഇടങ്ങൾ കൈവശപ്പെടുത്താനുള്ള ഭരണകൂടശ്രമങ്ങളെയും പുതിയ വഖഫ് (ഭേദഗതി) നിയമം സഹായിക്കുന്നു. ആധുനിക നിയമനിര്‍മ്മാണമെന്ന ഭരണകൂടത്തിന്റെ അവകാശവാദം നൂറ്റാണ്ടുകൾ പഴക്കമുള്ള വഖഫ് പാരമ്പര്യത്തെ അവഗണിക്കുന്നു. അത് നിക്ഷിപ്തതാല്പര്യങ്ങളുടെ ഉടമകളെ മാത്രമാണ് സഹായിക്കുന്നത്. ഖുർആനിലെ ഒരു വാക്യം ശ്രദ്ധിക്കാം, “അവരുടെ സമ്പത്തിൽ, യാചകർക്കും ദരിദ്രർക്കും അർഹമായ വിഹിതം ഉണ്ടായിരുന്നു” (XXXVI: 19). മുതലാളിത്തത്തിന് ഇത്തരം മഹത്വവും തുറന്ന മനസും ഉൾക്കൊള്ളാനാവില്ല. കാരണം അത് ഇതിന് നേർവിപരീതമാണ്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 25നെ വഖഫ് (ഭേദഗതി) നിയമം ലംഘിക്കുന്നു. വഖഫ് സ്വത്തുക്കൾക്കായുള്ള കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസിനെക്കുറിച്ചും ആശങ്കയേറെയാണ്. മുസ്ലിം സ്ഥാപനങ്ങളുടെ നിരീക്ഷണം എളുപ്പമാക്കുകയും പഴുതകള്‍മാത്രം തേടുന്നവര്‍ ഛിദ്രത്തിന് വഴിയാക്കുകയും ചെയ്യും. വിവേചനപരവും അവകാശ നിഷേധവുമാണിത്. പ്രത്യേകിച്ചും വർധിച്ചുവരുന്ന ഇസ്ലാമോഫോബിയയുടെ അന്തരീക്ഷത്തില്‍. മതവിഭാഗങ്ങൾക്ക് സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം സംരക്ഷിക്കുന്ന അനുച്ഛേദം 26നെയും വഖഫ് നിയമം ലംഘിക്കുന്നു. വഖഫ് ബോർഡുകളിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതും ജില്ലാ കളക്ടർമാർക്ക് ഉത്തരവാദിത്തങ്ങൾ കൈമാറുന്നതും അടിസ്ഥാനപരമായി സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്കുള്ളില്‍ കടന്നുള്ളതാണ്. ഇത് ന്യൂനപക്ഷ മതകാര്യങ്ങളെ പുനർനിർവചിക്കാൻ ഭരണകൂടത്തെ അനുവദിക്കുന്നു. മതപരമായ കാര്യങ്ങളിൽ സംസ്ഥാന നിഷ്പക്ഷതാതത്വത്തെ ഇത് ലംഘിക്കുന്നു. പകരം മതപരമായ ആചാരങ്ങളുടെ മധ്യസ്ഥനായി ഭരണകൂടത്തെ സ്ഥാപിക്കുന്നു.
വഖഫ് (ഭേദഗതി) നിയമം മുസ്ലിങ്ങളെ അരികുവൽക്കരിക്കുന്നതിനുള്ള ഉപകരണമാണ്. ഇത് അവരുടെ വ്യക്തിനിയമങ്ങൾക്കും സ്വത്തവകാശങ്ങൾക്കും മേല്‍ ഭീഷണി ഉയർത്തുന്നു. പരമ്പരാഗതമായി, വഖഫ് സ്വത്തുക്കൾ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് ധനസഹായം നൽകുന്നു. ഈ സ്വത്തുക്കൾ കേവലം ആസ്തികള്‍ എന്നതിലുപരി, കൂട്ടായ സ്വയംഭരണവും വിശ്വാസാധിഷ്ഠിതമായ സമൂഹ പരിചരണവും ഉൾക്കൊള്ളുന്നു. നിയമത്തിന്റെ കേന്ദ്രീകൃത നിയന്ത്രണം, ആചാരത്തോടുള്ള അവഗണനയും രജിസ്ട്രേഷനിൽ നല്‍കുന്ന ഊന്നൽ കയ്യേറ്റത്തിനുള്ള ചട്ടക്കൂടും ഒരുക്കുന്നു. ഭരണനിർവാഹക അധികാരം മതപരമായ കാര്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നിയമ നിർദേശത്തിനെതിരെ പ്രധാന വഖഫ് ബോർഡുകള്‍ എതിർപ്പ് ശക്തമാക്കിയിട്ടുണ്ട്. ഔപചാരിക രേഖകൾ ഇല്ലാതെ നിരന്തരമായ ഉപയോഗത്തിലൂടെ സമൂഹക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളിന്മേലുള്ള “ഉപയോക്താവിന്റെ വഖഫ്” സിദ്ധാന്തം നീക്കം ചെയ്യുന്നതിനെയും വിമർശിക്കുന്നു. ഉദ്യോഗസ്ഥവൃന്ദത്തിന്റെ പ്രത്യയശാസ്ത്രപരമായ നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പ്രത്യേകിച്ച് മുസ്ലിം സ്വത്തുക്കൾ ലക്ഷ്യം വച്ചുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിലും ഈ നിയമനിർമ്മാണത്തിനുള്ള സമയവും തിടുക്കവും കൂടുതൽ ആശങ്ക ഉയർത്തുന്നു. ഭരണഘടനാപരമായ മതേതരത്വത്തിൽ നിന്ന് അവകാശനിഷേധത്തിന്റെയും വർഗീയ ദാരിദ്ര്യത്തിന്റെയും ഭരണത്തിലേക്കുള്ള മാറ്റത്തെയാണ് ബിൽ പ്രതിഫലിപ്പിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങൾക്ക് അവരുടെ മതസ്ഥാപനങ്ങളുടെ മേൽ സ്വയംഭരണം നിഷേധിക്കുന്നു.
ഹിന്ദു സ്വത്വത്തെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയെ ഇന്ത്യ നേരിടുന്ന കാലത്താണ് ഈ നിയമം വന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തിക്കൊണ്ടുള്ള ധാർമ്മികവാദം ഇപ്പോള്‍ മുസ്ലിങ്ങളെയാണ് പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രമായിരിക്കണമെന്നും ന്യൂനപക്ഷങ്ങൾ ഹിന്ദു പ്രാഥമികതയെ അംഗീകരിക്കണമെന്നുമുള്ള ആർഎസ്എസിന്റെ ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി . എല്ലാ മതങ്ങളിലെയും എല്ലാ പൗരന്മാർക്കും തുല്യ പദവി ലഭിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ ഇല്ലാതാക്കുന്ന നിലപാട്. 2014ൽ ലോക്‌സഭയിൽ ബിജെപി ആദ്യമായി കേവല ഭൂരിപക്ഷം നേടുകയും നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുകയും ചെയ്തതിനുശേഷം, മുസ്ലിങ്ങളെ ‘അന്യരായി’ കണക്കാക്കിയുള്ള ദേശീയ വ്യവഹാരം വ്യാപകമായി. വിദ്വേഷ പ്രസംഗങ്ങൾ, പ്രത്യക്ഷമായ ഇസ്ലാമോഫോബിയ, ആൾക്കൂട്ട കൊലപാതകങ്ങൾ, പശു സംരക്ഷണത്തിന്റെയും ലൗ ജിഹാദിന്റെയും പേരിൽ ആക്രമണങ്ങൾ എന്നിവ ആവര്‍ത്തിച്ചു. മുസ്ലിങ്ങളോട് നേരിട്ട് വിവേചനം കാണിക്കുന്ന പൗരത്വ നിയമം ഉൾപ്പെടെയുള്ള ഹിന്ദു ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങള്‍ ഭരണഘടനയുടെ മതേതര, ജനാധിപത്യ ദർശനത്തെ ഇല്ലാതാക്കാനും കീഴ്പ്പെടുത്താനും തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി, മുസ്ലിം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുക എന്ന സംഘ് ലക്ഷ്യം നിയമനിർമ്മാണ സഭ മുതൽ ദൈനംദിന ജീവിതത്തില്‍ വരെ പ്രാവർത്തികമാക്കുന്നു. രാഷ്ട്രീയാധികാരം ഉറപ്പിക്കുന്നതിനായി ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നതിന് ആർഎസ്എസും ബിജെപിയും നടത്തുന്ന ശ്രമങ്ങൾ മുസ്ലിങ്ങളെ അരികുവൽക്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. അതിന്റെ ഫലങ്ങൾ ബഹുലവും നെറികെട്ടതുമാണ്. അത് പരത്തുന്ന ഭീതി ബൃഹത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.