മുന്‍കൈ സഭയ്ക്ക് അകത്തുനിന്നുണ്ടാകണം

Web Desk
Posted on September 23, 2018, 10:16 pm

ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേരള പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് ഫ്രാങ്കോ അറസ്റ്റിലാകുന്നത്. ചില കോണുകളില്‍ നിന്ന് സംശയങ്ങള്‍ ഉയര്‍ന്നുവെങ്കിലും അതെല്ലാം അസ്ഥാനത്താക്കിയാണ് പൊലീസ് ബലാത്സംഗക്കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തന്റെ പുരോഹിത പദവി ദുരുപയോഗം ചെയ്ത് ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് വിവാദമായ ഈ കേസ് ഉത്ഭവിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു പരാതിയെന്നതിനാല്‍ അന്വേഷണം കുറ്റമറ്റ രീതിയില്‍ നടത്തുകയെന്ന വെല്ലുവിളിയാണ് കേസന്വേഷണം വൈകുന്നതിന് കാരണമായതെന്ന് വ്യക്തമായിട്ടുണ്ട്.
സമാനമായ പരാതികളില്‍ ഉണ്ടായത്ര വേഗതയില്ലെന്ന തോന്നല്‍ അന്വേഷണത്തെ കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. വന്‍ സ്വാധീനവും സാമുദായിക പിന്‍ബലവും കേസന്വേഷണം ഇഴയുന്നതിന് കാരണമാണെന്നും ആരോപണങ്ങളുണ്ടായി. അതെല്ലാം വാസ്തവവിരുദ്ധമാണെന്ന് തെളിയിച്ചുകൊണ്ടാണ് ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. സംശയങ്ങളെയും ആരോപണങ്ങളെയും ഗൗനിക്കാതെ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് നടപടി പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇത്തരമൊരു കേസ് ജനശ്രദ്ധയിലെത്തുന്നതിന് കാരണമായതിന് പിന്നില്‍ ചരിത്രത്തിലാദ്യമായി തിരുവസ്ത്രങ്ങളണിഞ്ഞ് തെരുവിലിറങ്ങുകയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇരയ്ക്കുവേണ്ടി അഭിപ്രായം പറയുകയും ചെയ്ത ഒരു പറ്റം കന്യാസ്ത്രീകളുടെ പങ്ക് തള്ളിക്കളയാനാവില്ല. പരമ്പരാഗത സങ്കല്‍പങ്ങളെ തിരുത്തിയെഴുതിയാണ് ആ കന്യാസ്ത്രീകള്‍ സമൂഹത്തിന് മുന്നില്‍ വന്നുനിന്നത്. ഇരയ്ക്ക് നീതി വൈകുന്നുവെന്ന് തോന്നിയപ്പോഴാണ് ഒട്ടേറെ വരുവരായ്കകള്‍ ഉണ്ടായേക്കാവുന്ന കടുത്ത നിലപാടെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്.
ഈ വിഷയം തെരുവിലെത്തിക്കണമെന്ന് അമിത താല്‍പര്യമുള്ളവരായിരുന്നില്ല അവരെന്ന് വ്യക്തമാണ്. സഭയുടെ കേരളത്തിലെയും ഇന്ത്യയിലെയും ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയമായിരുന്നു കന്യാസ്ത്രീ ഫ്രാങ്കോയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന സംഭവം. അതിന് മീതെ വത്തിക്കാന്‍വരെ അവര്‍ ഈ വിഷയമെത്തിച്ചു. എന്തെങ്കിലും നടപടി പോകട്ടെ വിളിച്ച് ഒരന്വേഷണം പോലും ഉണ്ടായില്ലെന്ന സാമാന്യ നീതിനിഷേധമായിരുന്നു അവരുടെ അനുഭവം. അതേ തുടര്‍ന്നാണ് ഇര, ഈ കന്യാസ്ത്രീകളുടെ കൂടി പിന്തുണയോടെ രാജ്യത്തെ വ്യവസ്ഥാപിത നീതിന്യായ സംവിധാനത്തെ സമീപിക്കുന്നത്. പൊലീസ് അന്വേഷണം വൈകിയെന്ന് കുറ്റം പറഞ്ഞവരൊന്നും സ്വന്തം സമുദായത്തിനകത്ത് രണ്ടു വര്‍ഷത്തിലധികം നീതിതേടിയലഞ്ഞ ആ കന്യാസ്ത്രീയുടെയും അവര്‍ക്കൊപ്പം നിലയുറപ്പിച്ച കന്യാസ്ത്രീകളുടെയും കണ്ണീരിനെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നത് കുറ്റകരമാണ്. മാത്രവുമല്ല കരള്‍ നോവുന്ന വിധത്തിലുള്ള കുറ്റപ്പെടുത്തലുകളും അവര്‍ നേരിടേണ്ടിവന്നുവെന്നാണ് മനസിലാക്കുന്നത്.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഇരയ്‌ക്കൊപ്പം നിന്ന സിസ്റ്റര്‍ ലൂസിക്കെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലക്കിനെയും ‑വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരി പറഞ്ഞിട്ടുണ്ടെങ്കിലും — സമ്മര്‍ദ്ദത്തിലാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്നും ഏതു നിമിഷവും തങ്ങള്‍ക്കെതിരെ നടപടി പ്രതീക്ഷിച്ചാണ് കഴിയുന്നതെന്നുമുള്ള കുറവിലങ്ങാട്ടെ കന്യാസ്ത്രീകളുടെ പരസ്യപ്രതികരണത്തെയും കാണേണ്ടത്. സഭയ്ക്കകത്ത് നടക്കുന്ന സ്വയംപരിഷ്‌കരണത്തിന്റെ കൂടി തെളിവായിരുന്നു കന്യാസ്ത്രീകളുടെ പരസ്യപ്രക്ഷോഭം. സഭയ്ക്കകത്ത് നടക്കുന്ന ലൈംഗികമായ വൃത്തികേടുകള്‍ക്കെതിരെ ആദ്യമായി രംഗത്തിറങ്ങിയത് യഥാര്‍ഥത്തില്‍ ഈ കന്യാസ്ത്രീകളല്ല. മാര്‍പ്പാപ്പ പോലും ഇത്തരം വൃത്തികേടുകളെ പരസ്യമായി വിമര്‍ശിച്ചിരുന്നു. പുരോഹിതര്‍ കുട്ടികളോട് കാട്ടിയ ലൈംഗിക അതിക്രമത്തിനെതിരെ പരസ്യമായി പോപ്പ് മാപ്പ് ചോദിച്ചിട്ട് ആഴ്ചകളായതേയുള്ളൂ. എന്നിട്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീയെ ഇവിടത്തെ സഭാ നേതൃത്വത്തിലെ ചിലര്‍ സംരക്ഷിക്കുന്നില്ലെന്നതും അവര്‍ക്ക് പിന്തുണ നല്‍കിയ കന്യാസ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്നതും ആശാസ്യകരമല്ല. ഇത്തരം കുറ്റകൃത്യങ്ങളെ സംരക്ഷിക്കുന്നവരാണ് തങ്ങളെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് മാത്രമേ ഈ നിലപാട് സഹായകമാവുകയുള്ളൂ എന്ന് അവര്‍ സ്വയം ബോധ്യപ്പെടുകയാണ് വേണ്ടത്. പണത്തിനും പദവിക്കും ഒപ്പമാണ് തങ്ങളെന്ന ധാരണ പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്നവര്‍ ന്യൂനപക്ഷമാണെങ്കിലും അവരെ പിന്തിരിപ്പിക്കാന്‍ സഭയ്ക്കകത്തുനിന്നുതന്നെ മുന്‍കൈ പ്രവര്‍ത്തനമുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
കന്യാസ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ക്കെതിരെ പൊതുസമൂഹവും നിതാന്തജാഗ്രതയോടെയുണ്ടെന്ന് മനസിലാക്കണം. സമരത്തിന് ലഭിച്ച പിന്തുണ അതായിരുന്നു വ്യക്തമാക്കിയത്. സാമുദായിക ഭേദങ്ങളില്ലാതെയാണ് പ്രസ്തുത സമരത്തിന് പിന്തുണ ഉണ്ടായത്. അതുകൊണ്ടുതന്നെ അവധാനതയോടെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവര്‍ സഭാ നേതൃത്വത്തിലുണ്ടെന്നുതന്നെയാണ് പൊതുസമൂഹത്തിന്റെ വിശ്വാസം.