മാനുഷികഭാവങ്ങളും വിചാരങ്ങളും ആലാപനത്തിലൂടെ ഹൃദയസ്പർശിയായി ആവിഷ്കരിച്ച മഹാഗായകനാണ് കടന്നുപോയത്. ഈണത്തിനും ഈരടികൾക്കുമിടയിലൂടെ തെളിമയാർന്നൊഴുകുന്ന ഒരു അരുവി പോലെയാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകന്റെ ഗാനങ്ങൾ മലയാളികൾക്ക് അനുഭവപ്പെട്ടത്. ആറുപതിറ്റാണ്ടായി ഗാനസദസുകളിൽ സ്ഥിരസാന്നിധ്യമായിരുന്ന പാലിയത്ത് ജയചന്ദ്രന്റെ മുഖത്ത് സ്ഥായീഭാവം ഗൗരവമാണെങ്കിലും പാട്ടുകളിലേറെയും നിറഞ്ഞു നിന്നത് വ്യത്യസ്തമാർന്ന ഭാവങ്ങളായിരുന്നു. പഴയ കൊച്ചി രാജ്യത്തെ പാലിയം തറവാട്ടിലെ നാലഞ്ച് ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായുണ്ടായിരുന്ന മേളങ്ങളാണ് ജയചന്ദ്രനെന്ന മാന്ത്രിക ഗായകന്റെ ആസ്വാദനത്തിന്റെ ആദ്യപാഠം. ചെണ്ടക്കാരനോ മേളക്കാരനോ ആകണമെന്ന ആഗ്രഹമുദിച്ചത് അവിടെ നിന്നാണ്. സംഗീത അക്കാദമിയിൽ ചേരണമെന്ന മോഹം ഉപേക്ഷിച്ചാണ് മൃദംഗവാദനം പഠിക്കാൻ ചേർന്നത്. കേവലം 14 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ജയചന്ദ്രൻ 1958ൽ അന്നാദ്യമായി ആരംഭിച്ച സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗവാദനത്തിൽ ഒന്നാമനായത്. കെ ജെ യേശുദാസാണ് ആ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനത്തെത്തിയതെന്നത് സംഗീതാസ്വാദകർ കൗതുകത്തോടെ ഓർക്കുന്നൊരു ചരിത്രം. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെയും പാലക്കാട് മണി അയ്യരുടെയും കച്ചേരികളിൽ അഭിരമിച്ചു കഴിഞ്ഞ ചെറുപ്പകാലത്ത് സിനിമാ പിന്നണിഗാനം ജയചന്ദ്രന്റെ ചിന്തകളിലേ ഇല്ലായിരുന്നു. ആകാശവാണിയിലൂടെയും സിലോൺ റേഡിയോയിലൂടെയും ഒഴുകിയെത്തിയ മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ, കിഷോർ കുമാർ, ഹേമന്ത് കുമാർ തുടങ്ങിയവരുടെ ഗാനങ്ങളിലൂടെ ജയചന്ദ്രൻ ഹിന്ദിഗാനങ്ങളുടെ മോഹിപ്പിക്കുന്ന ലോകത്തേക്ക് പറന്നു. റാഫിയുടെ ഗാനങ്ങൾക്കൊപ്പം മൂളിത്തുടങ്ങിയതായിരുന്നു ആദ്യകാലങ്ങളിലെ ആലാപനം.
സ്നേഹം, പ്രണയം, വിരഹം, സന്തോഷം, സങ്കടം.… എല്ലാം ശ്രോതാക്കൾ നേരിട്ടനുഭവിക്കുകയായിരുന്നു ജയചന്ദ്രന്റെ പാട്ടുകളിലൂടെ. ‘റോസി‘യിലെ”അല്ലിയാമ്പൽ”, ‘നിത്യകന്യക’യിലെ ”കണ്ണുനീർ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാൻ… ”എന്നിങ്ങനെയുള്ള ഹിറ്റ് ഗാനങ്ങളിലൂടെ യേശുദാസ് പ്രശസ്തിയിലേക്കുയരുന്ന കാലത്ത് ഭാവാത്മക നാദത്തിലൂടെ ആസ്വാദകരെ വശീകരിച്ചെടുക്കുകയായിരുന്നു ജയചന്ദ്രൻ. ചലച്ചിത്ര പിന്നണിഗാനങ്ങളും എൽപി റെക്കോഡുകളും തരംഗമായി മാറിത്തുടങ്ങിയ അറുപതുകളുടെ തുടക്കം മുതൽ മലയാള സിനിമയ്ക്കൊപ്പം സഞ്ചരിച്ച ഗായികാ, ഗായകന്മാർ നിരവധിയാണ്. എന്നാൽ, 1966ൽ റിലീസായ ‘കളിത്തോഴനി‘ൽ”മഞ്ഞലയിൽ മുങ്ങിത്തോർത്തി… ”കടന്നു വന്ന ജയചന്ദ്രന്റെ ശബ്ദമാധുരിക്ക് ഒരു പോറലുമേൽപ്പിക്കാതെ കാലവും നമിച്ചതു നാം കണ്ടു. പൂവും പ്രസാദവും, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, ഇഷ്ടപ്രാണേശ്വരി, മലയാളഭാഷതൻ, സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദനത്തിൽ കടഞ്ഞെടുത്ത, യദുകുലരതിദേവനെവിടെ, തിരുവാഭരണം ചാർത്തി വിടർന്നു, കരിമുകിൽ കാട്ടിലെ, ഏകാന്തപഥികൻ ഞാൻ എന്നിങ്ങനെയുള്ള ആദ്യകാല ഹിറ്റുകളിലൂടെ ഒഴുകിവന്ന നാദധാര തെല്ലും മാറ്റമില്ലാതെയാണ് നിറത്തിലെ ‘പ്രായം നമ്മിൽ’, രണ്ടാംഭാവത്തിലെ ”മറന്നിട്ടുമെന്തിനോ…” പെരുമഴക്കാലത്തെ ”കല്ലായിക്കടവത്തെ…”, രാപ്പകലിലെ ”തങ്കമനസ്..” എന്നിങ്ങനെയുള്ള ഗാനങ്ങളിലും കേട്ടത്. ‘കളിത്തോഴൻ’ സിനിമയിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി..’ പാടിച്ച ജി ദേവരാജന് ഗുരുക്കന്മാരിൽ പ്രഥമസ്ഥാനമാണ് ജയചന്ദ്രൻ കല്പിച്ചുവന്നത്. അന്ന് ആ പാട്ടിന്റെ റെക്കോഡിങ് കഴിഞ്ഞ് പുറത്തിറങ്ങിയ ദേവരാജന്റെ പ്രശംസ അമൂല്യനിധിയായാണ് ജയചന്ദ്രൻ വിടപറയുവോളം മനസിൽ പൂജിച്ചുവന്നത്. ശരീരവും ശാരീരവും യൗവനത്തോടെ നിലനിർത്താൻ സിനിമാരംഗത്തുള്ളവർ അക്ഷീണം പരിശ്രമിക്കുമ്പോൾ ചെറിയൊരു മന്ദഹാസത്തോടെ വേറിട്ട വഴികളിലൂടെയായിരുന്നു ഭാവഗായകന്റെ സഞ്ചാരം. എന്നിട്ടും ആ ശബ്ദത്തിൽ യൗവന പ്രസാദം തുളുമ്പിനിന്നു.
പ്രായത്തിൽ അല്പം മുന്നിലാണെന്നതു കൊണ്ടു കൂടിയാവാം, യേശുദാസിന് ജ്യേഷ്ഠ സഹോദരന്റെ സ്ഥാനമാണ് ജയചന്ദ്രൻ നൽകിയിരുന്നത്. ഒരിക്കൽ റെക്കോഡിങ് സ്റ്റുഡിയോയിൽ ദാസ് എത്താൻ വൈകിയപ്പോൾ അദ്ദേഹത്തിനു വേണ്ടി ട്രാക്ക് പാടിയ സന്ദർഭം ജയചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. പാടാം പാടാം ആരോമൽ ചേകവർ തൻ, ഇവിടമാണീശ്വര സന്നിധാനം, കനകസിംഹാസനത്തിൽ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളും ദാസുമൊത്ത് ആലപിച്ചിട്ടുണ്ട്. ദേവരാജൻ, കെ രാഘവൻ, വി ദക്ഷിണാമൂർത്തി, ബാബുരാജ് എന്നീ നാല് ശക്തിസ്തംഭങ്ങൾക്ക് മീതെയായിരുന്നു സിനിമാ പിന്നണിഗാനം ഒരു കാലത്ത് പ്രതാപം കെട്ടിയുയർത്തിയത്. ഈ നാലുപേരും ജയചന്ദ്രന്റെ ശബ്ദസൗകുമാര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയെന്നതും മഹാഗായകന് പുണ്യമായി ഭവിച്ചു. എം കെ അർജുനൻ, ഇളയരാജ, എ ടി ഉമ്മർ, കെ ജെ ജോയ്, ബോംബെ രവി, എം എസ് വിശ്വനാഥൻ, സലിൽ ചൗധരി, ജോൺസൺ, രവീന്ദ്രൻ, വിദ്യാസാഗർ, എം ജയചന്ദ്രൻ, മോഹൻസിത്താര എന്നിങ്ങനെ വ്യത്യസ്ത രാഗ, ഭാവതലങ്ങളിലുള്ള സംഗീതജ്ഞർക്ക് പ്രിയപ്പെട്ട ഗായകനായിരുന്നു അദ്ദേഹം. ഗാനത്തിന്റെ ആന്തരികഭാവം അങ്ങേയറ്റം ഉൾക്കൊണ്ട് പാടുന്ന ശൈലിയായിരുന്നു ജയചന്ദ്രന്റേത്. ദാർശനികതയുടെ ഗാംഭീര്യവും പ്രസന്നമധുരമായ കാല്പനികതയും പാശ്ചാത്യ, പൗരസ്ത്യ ശൈലികളുടെ സമന്വയവുമെല്ലാം മിക്ക ഗാനങ്ങളിലും മിന്നിമറയുന്നതു കാണാം. ആലാപനത്തിന്റെ അഴകത്രയും ഭാവതലത്തിൽ ആവാഹിച്ച ജയചന്ദ്രന്റെ ഗാനങ്ങൾ ഇനിയും തലമുറകളോളം ഏറ്റുപാടും. റംസാനിലെ ചന്ദ്രികപോലെ, തിളക്കമാർന്ന അനുരാഗഗാനം പോലെ ഹൃദയസ്പർശിയായ ഓർമ്മകൾ സമ്മാനിച്ചു കടന്നുപോവുന്ന പ്രിയഗായകന് പ്രണാമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.