Web Desk

April 05, 2021, 4:00 am

മലയാളികള്‍ വീണ്ടും ജയിച്ച ജനതയായി മാറണം

Janayugom Online

സംസ്ഥാനത്തെ 2.70 കോടിയോളം വോട്ടര്‍മാര്‍ നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇത്തവണത്തേത്. സാമൂഹ്യ അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള നിഷ്‌കര്‍ഷകള്‍ ഉള്ളതിനാലും അതേസമയം സമയനിഷ്ഠ പാലിക്കേണ്ടതിനാലും ഇരട്ടിയിലധികം വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 21,498 ബൂത്തുകള്‍ ഉണ്ടായിരുന്നത്, ഇത്തവണ 40,100ഓളമാണ്. പ്രായമായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെത്താതെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വോട്ടുചെയ്യിക്കുന്നതിനുള്ള സൗകര്യങ്ങള്‍, കൂടുതല്‍ വിഭാഗങ്ങള്‍ക്ക് തപാല്‍ വോട്ട്, നേരത്തേ വോട്ട്‌ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയും ഏര്‍പ്പെടുത്തി. ജനാധിപത്യത്തിന്റെ ഉത്സവമാണ് നമ്മുടെ തെരഞ്ഞെടുപ്പുകള്‍. 

എന്നാല്‍ ജനാധിപത്യം കൂടുതല്‍ കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടക്കുന്നുവെങ്കിലും സ്വേച്ഛാധിപത്യഭരണം നിലനില്‍ക്കുന്നുവെന്ന് ആഗോള പഠനങ്ങള്‍ അടിവരയിടുന്ന രാജ്യത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്.യഥാര്‍ത്ഥ വിഷയങ്ങള്‍ മറയ്ക്കപ്പെടുകയും ജീവല്‍ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയും വിവാദങ്ങളും വൈകാരികതയും വിദ്വേഷവും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും അരങ്ങുവാഴുകയും ചെയ്ത അന്തരീക്ഷത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അഞ്ചുവര്‍ഷമായി കേരളം ഭരിക്കുന്ന എല്‍ഡിഎഫ്, വികസനവും ഭരണനേട്ടങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വിഭാഗീയ അജണ്ടകളും പ്രചാരണ വിഷയമാക്കിയപ്പോള്‍ യുഡിഎഫും എന്‍ഡിഎയും നുണബോംബുകളും അനാവശ്യ വിവാദങ്ങളുമായി പരിഹാസ്യ നാടകമാടുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പിലാക്കുന്നതിനുള്ള വളര്‍ത്തുജീവികളെ പോലെയാണ് പ്രവര്‍ത്തിച്ചത്. വീണുകിട്ടിയ ഒരു കള്ളക്കടത്തുകേസ് അന്വേഷണത്തിന്റെ മറവില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നുണകള്‍ കെട്ടിപ്പൊക്കി. ഓരോ നുണകള്‍ പൊളിയുമ്പോഴും മൊഴികളും കോടതി സത്യവാങ്മൂലങ്ങളുമെന്ന പേരില്‍ പുതിയവ സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ ഒന്‍പതു മാസമായി ഇടവേളകളില്ലാതെ ആവര്‍ത്തിക്കുകയാണ് അത്. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ആകട്ടെ ആ നുണകളും കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ ശ്രമങ്ങളും ഏറ്റുപിടിച്ച്, ബിജെപിയുടെ വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത ഇരട്ടസഹോദരരെ പോലെ നിലപാടെടുക്കുകയും ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനും അതിലൂടെ നടന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇരുട്ടിന്റെ മറവിലേയ്ക്ക് തള്ളുന്നതിനും ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇവിടെ നടന്നത്. എന്നാല്‍ അഞ്ചുവര്‍ഷം, പ്രത്യേകിച്ച് പ്രളയവും മഹാമാരിയുള്‍പ്പെടെയുള്ള പ്രകൃതി-ആരോഗ്യ ദുരന്തകാലത്ത് കരുതലിന്റെയും ചേര്‍ത്തുനില്പിന്റെയും കാരുണ്യസ്പര്‍ശം ഹൃദയംകൊണ്ട് അനുഭവിച്ച ജനങ്ങളുടെ മനസില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അപദാനങ്ങള്‍ മായ്ക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. അത്രമേല്‍ അടിയുറപ്പോടെയാണ് അത് കേരള ജനതയുടെയും ചരിത്രത്തിന്റെയും ചുവരുകളില്‍ അടയാളപ്പെട്ടുനില്ക്കുന്നത്. 

ഓരോന്നായി എടുത്തെഴുതാന്‍ തുനിഞ്ഞാല്‍ തീരാത്തത്രയും നേട്ടങ്ങളായി അവയുണ്ട്. കരയുമ്പോള്‍ ചേര്‍ത്തുനിര്‍ത്തുന്നതുപോലെ പ്രധാനമാണ് കണ്ണുനീരുണ്ടാവുന്ന സന്ദര്‍ഭങ്ങള്‍ ഇല്ലാതാക്കുക എന്നത്. പ്രളയത്തിന്റെയും മഹാമാരിയുടെയും കാലത്ത് കണ്ണുനീര്‍ തുടയ്ക്കുക മാത്രമല്ല എല്ലാ കാലത്തും കണ്ണുനീര്‍ ഇല്ലാതാകുന്നവിധം ചേര്‍ത്തുനിര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. അത്തരമൊരു അനുഭവം കേരളത്തിനുണ്ടായത് 1977ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു. 

കേരളത്തിന്റെ വികസനമാതൃക സൃഷ്ടിക്കപ്പെട്ടതും അക്കാലത്തായിരുന്നു. കര്‍ഷകരുടെ, തൊഴിലാളികളുടെ, കര്‍ഷക തൊഴിലാളികളുടെ, യുവജനങ്ങളുടെ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലെയും മനുഷ്യര്‍ക്കും ആശ്വാസമെത്തിച്ചു എന്നു മാത്രമല്ല, പിന്നീട് കേരളം ആര്‍ജിച്ച വികസന നേട്ടങ്ങള്‍ക്കെല്ലാമുള്ള അടിത്തറയൊരുക്കപ്പെട്ടതും അക്കാലത്തായിരുന്നു. അതുകൊണ്ട് വിരുദ്ധതരംഗമാകുവാന്‍ പോന്ന വിഷയങ്ങള്‍ ഉണ്ടായിട്ടും ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരിന്റെ രണ്ടാം വരവുണ്ടായി. സമാനമായ സാഹചര്യമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവച്ചത്. 

എം എന്‍ ഗോവിന്ദന്‍ നായര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ലക്ഷംവീട് പദ്ധതിയെ പിന്‍പറ്റി കാലാനുസൃതമാറ്റങ്ങളോടെ രൂപംകൊടുത്ത ലൈഫ് മിഷന്‍, ക്ഷേമപെന്‍ഷന്‍, വിദ്യാഭ്യാസ വിപ്ലവം, കാര്‍ഷിക കുതിപ്പ്, ആരോഗ്യ മുന്നേറ്റം, അധഃസ്ഥിത ജനവിഭാഗങ്ങളുടെ മുന്‍നിര പ്രവേശം, സ്ത്രീ ശാക്തീകരണം, എല്ലാത്തിനുമപ്പുറം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി അടഞ്ഞുപോയേക്കാവുന്ന അടുക്കളകളുടെ ചലനാത്മകത നിലനിര്‍ത്തല്‍, കോര്‍പ്പറേറ്റ്-വലതുപക്ഷ‑പിന്തിരിപ്പന്‍ നയങ്ങള്‍ക്ക് ബദലൊരുക്കല്‍, ഏതുമേഖലയിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കയ്യൊപ്പുകള്‍ പ്രത്യേക പേരുകളില്‍ അടയാളപ്പെട്ടിരിക്കുന്നു. സമഗ്രമായ ആരോഗ്യപരിപാലനം, ആര്‍ദ്രം, കുടുംബശ്രീ, കാരുണ്യ, വിശപ്പുരഹിതകേരളം, സമൂഹ അടുക്കളകള്‍, ഹൈടെക് സ്കൂളുകള്‍, സാമൂഹ്യ പഠനമുറി, ഗോത്ര ബന്ധു, തീരമൈത്രി, ജനകീയ ഹോട്ടലുകള്‍, സഞ്ചരിക്കുന്ന റേഷന്‍ കടകള്‍, വയോമധുരം, വയോഅമൃതം, കര്‍ഷക പെന്‍ഷന്‍…അങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. 

കഴിഞ്ഞകാല ഇടതു സര്‍ക്കാരുകളുടെ വികസന പ്രക്രിയയെ പിന്തുടര്‍ന്നതിനൊപ്പം ഭാവികേരളത്തിന്റെ വികസനത്തിനായുള്ള അടിത്തറ പുതിയ കാലത്തിന്റെയും വെല്ലുവിളികളുടെയും സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുതുക്കുക കൂടിയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. വിപരീതഫലം ചെയ്യുന്ന എല്ലാ മുതലാളിത്തനയങ്ങള്‍ക്കും അതുവഴി ബദലൊരുക്കുക കൂടിയായിരുന്നു ഇവിടെ. അത് എത്രത്തോളം വിജയകരമായിരുന്നുവെന്ന് ഭാവി ചരിത്രകാരന്മാര്‍ കുറിച്ചുവയ്ക്കുമെന്നത് സംശയരഹിതമാണ്. അപ്പോഴും വൈകാരിക പ്രശ്‌നങ്ങളിലും നുണക്കഥകളിലും അഭിരമിക്കുകയായിരുന്നു എതിര്‍ പക്ഷത്തുള്ള കക്ഷികള്‍. എല്ലാ പ്രതിലോമ ശക്തികളും ഒരുമിച്ച് നിന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന് പത്മവ്യൂഹം തീര്‍ത്തത്.

എന്നാല്‍ എല്ലാ പ്രശ്‌നങ്ങളോടും മനുഷ്യപക്ഷത്തു ഉറച്ചുനില്ക്കുന്ന സമീപനം തന്നെയാണ് സര്‍ക്കാര്‍ പിന്തുടര്‍ന്നത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും വിദ്വേഷ‑വിഭാഗീയ പ്രത്യയങ്ങളെ ഭരണം കൊണ്ടും ജനകീയ ഇടപെടല്‍ കൊണ്ടും ചെറുത്തുനില്‍ക്കുന്നത് എല്‍ഡിഎഫ് തന്നെയാണ്. ബിജെപിയുടെ നയങ്ങള്‍ ദളിത്-ആദിവാസി-ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഇരകളാക്കി മാറ്റിയപ്പോള്‍ നവോത്ഥാന പോരാട്ടത്തിന്റെ പിന്മുറക്കാരായ ഇടതുപക്ഷമാണ് ഈ ജനവിഭാഗങ്ങള്‍ക്ക് കാവലാളായത്. പൗരത്വഭേദഗതി നിയമവും കാര്‍ഷിക കരിനിയമങ്ങളും നടപ്പിലാക്കുന്നതിനെതിരായ പോരാട്ടത്തിന്റെ മുന്നില്‍ നിന്നവരിലും ഇടതുപക്ഷമുണ്ട്. 

പൗരത്വഭേദഗതി നിയമവും കാര്‍ഷിക കരിനിയമങ്ങളും നടപ്പിലാക്കില്ലെന്നും ഏത് കുപ്രചരണങ്ങള്‍കൊണ്ടും വികസന പദ്ധതികളില്‍ നിന്ന് പിന്നാക്കം നയിക്കാനാകില്ലെന്നും പറയാനുള്ള ആര്‍ജ്ജവം എല്‍ഡിഎഫ് സര്‍ക്കാരിന് കാട്ടുവാനായത് ഇടതുപക്ഷ നിലപാടിന്റെ ഹൃദയകാഠിന്യം കൊണ്ടുതന്നെയാണ്.

പ്രളയവും മഹാമാരിയും ഉള്‍പ്പെടെയുള്ള ദുരന്തകാലത്ത് രാജ്യത്തിനകത്തും പുറത്തും നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായത്. അതേസമയം തന്നെ ധനസഹായം നല്‍കാന്‍ തുനിഞ്ഞവരെപോലും പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു, യുഡിഎഫ്. അവരാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നാടിന്റെ രക്ഷയ്ക്ക് തങ്ങള്‍ എന്ന അവകാശവാദം ഉന്നയിക്കുന്നത്. ഇതും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. 

ഈ പശ്ചാത്തലത്തില്‍ നമുക്ക് മുന്നിലെത്തുന്ന തെരഞ്ഞെടുപ്പില്‍ ഓരോ മലയാളിക്കും നിര്‍വഹിക്കുവാനുള്ളത് വളരെയധികം ഉത്തരവാദിത്തബോധത്തോടെയുള്ള ഒരു ദൗത്യമാണ്. ചരിത്രം നാളെ നമ്മളെ തെറ്റുകാരല്ലെന്ന് വിലയിരുത്താതിരിക്കുന്നതിനുള്ള ഉത്തരവാദിത്ത നിര്‍വഹണം കൂടിയാണ് അത്. ഈ തെരഞ്ഞെടുപ്പ് വിധിയെഴുത്തിലൂടെ നമുക്ക്, മലയാളികള്‍ക്ക് വീണ്ടും ജയിച്ച ജനതയായി മാറണം. അതിന് മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും എന്ന് ഉറപ്പാക്കണം.