October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 28, 2022
September 28, 2022
September 27, 2022

കെടുകാര്യസ്ഥതയുടെ അടയാളമായി സിഎജി റിപ്പോർട്ട്

Janayugom Webdesk
September 28, 2020 3:02 am

കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഇടപാടുകളും പരിശോധിച്ചുള്ള കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലി (സിഎജി)ന്റെ റിപ്പോർട്ട് പാർലമെന്റ് സമ്മേളനത്തിൽ സമർപ്പിക്കുകയുണ്ടായി. ഭരണഘടനാപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ് സിഎജി. കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കുകയും കുറ്റങ്ങളും കുറവുകളും കണക്കുകളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടുകയാണ് സിഎജിയുടെ പ്രധാന ഉത്തരവാദിത്തം. 2014–15 സാമ്പത്തിക വർഷം മുതൽ 18–19 വരെയുള്ള കാലയളവിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് തയ്യാറാക്കിയ സിഎജി റിപ്പോർട്ടാണ് പാർലമെന്റിന്റെ കഴിഞ്ഞയാഴ്ച സമാപിച്ച സമ്മേളനത്തിൽ സമർപ്പിക്കപ്പെട്ടത്. ഇവിടെ അതാത് വർഷങ്ങളിലെ റിപ്പോർട്ട് തയ്യാറാക്കി നല്കുകയെന്ന പതിവ് രീതി ലംഘിക്കപ്പെട്ടിരിക്കുന്നു. അതല്ല തിരക്കുപിടിച്ചൊരു സമ്മേളനത്തിൽ വേണ്ടത്ര ശ്രദ്ധയിൽപ്പെടാതിരിക്കാൻ വിവിധ കാലയളവുകളിലെ റിപ്പോർട്ടുകൾ ഒന്നിച്ച് സമർപ്പിച്ചതാണോയെന്ന സംശയവും അസ്ഥാനത്തല്ല. അതെന്തുമാകട്ടെ റിപ്പോർട്ടുകളുടെ പ്രാഥമിക പരിശോധന കെടുകാര്യസ്ഥതയും ഇടപാടുകളിലെ സുതാര്യതയില്ലായ്മയും വെളിപ്പെടുത്തുന്നതാണ്. ഓരോ വകുപ്പുകളിലും കുറ്റകരമായ കണ്ടെത്തലുകളാണ് സിഎജി നടത്തിയിട്ടുള്ളത്.

അതിൽ പ്രധാനം പ്രതിരോധ ഇടപാടുകളിലെ വീഴ്ചകൾതന്നെയാണ്. രാജ്യസുരക്ഷയുടെയും അതിർത്തിസംരക്ഷണത്തിന്റെയും പേരിലുള്ള ധൂർത്തിനിടയിൽ വരുത്തിയ ഗുരുതര വീഴ്ചകളാണ് അതിലുള്ളത്. 300 കോടി രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടക്കുമ്പോള്‍ കരാര്‍ ലഭിക്കുന്ന കമ്പനി ഇടപാടിന്റെ 30 ശതമാനം ഇന്ത്യയില്‍ നിക്ഷേപം നടത്തണം എന്ന നിലവിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടതിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം വളരെ ഭീമമായിരുന്നു. ഇത് സാമ്പത്തിക നഷ്ടത്തെ മാത്രം ഉൾക്കൊള്ളുന്നതല്ല. മറിച്ച് ഇന്ത്യയിൽ നിർമ്മിക്കുക എന്നതിൽ തുടങ്ങി ഇപ്പോൾ ആത്മ നിർഭർ ഭാരതിലെത്തി നില്ക്കുന്ന കേന്ദ്രസർക്കാരിന്റെ മുദ്രാവാക്യങ്ങളെ പരിഹസിക്കുന്നതു കൂടിയാണ്. 2018 മാർച്ച് വരെ 66,427 കോടി രൂപയുടെ 46 വിദേശ കരാറുകളിലാണ് ഇന്ത്യ ഏര്‍പ്പെട്ടത്. ഈ കരാറുകൾ പ്രകാരം 2018 മാര്‍ച്ചിനുള്ളില്‍ ഇന്ത്യയിലേക്ക് എത്തേണ്ട വിദേശ നിക്ഷേപം 19,223 കോടി രൂപയാണ്. എത്തിയതാകട്ടെ 11,396 കോടി രൂപ മാത്രവും. റഫാൽ യുദ്ധ വിമാനക്കരാറിൽ 50 ശതമാനം നിക്ഷേപമുണ്ടാകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇത് പാലിക്കുന്നതിന് കരാറിലേർപ്പെട്ട കമ്പനിയോ കേന്ദ്ര സർക്കാരോ ജാഗ്രത പുലർത്തിയില്ലെന്ന കുറ്റപ്പെടുത്തലാണ് റിപ്പോർട്ടിലുള്ളത്.

മറ്റൊന്ന് ജിഎസ്‌ടിയുമായി ബന്ധപ്പെട്ടുള്ളതാണ്. സംസ്ഥാനങ്ങള്‍ക്കുള്ള ചരക്കുസേവന നികുതി (ജിഎസ്‌ടി) വകമാറ്റി ചെലവഴിച്ചുവെന്നായിരുന്നു സിഎജിയുടെപരാമർശം. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നഷ്ടപരിഹാര സെസ് തുകയായ 47,272 കോടി രൂപ നിയമവിരുദ്ധമായി കേന്ദ്രം തിരിച്ചുപിടിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. 2017–18 സാമ്പത്തിക വര്‍ഷത്തിലും 2019ലും കേന്ദ്രം ഇത്തരത്തിൽ നിയമലംഘനം നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാര ഇനത്തില്‍ നല്‍കാനുള്ളതിനു തത്തുല്യമായ 90,000 കോടി രൂപ 2018 ‑19 കേന്ദ്രം പിടിച്ചുവച്ചു. ജിഎസ്‌ടി നഷ്ടപരിഹാര സെസ്സായി സർക്കാർ ഈ വർഷം 95,081 രൂപ സ്വരൂപിച്ചെങ്കിലും റവന്യൂ വകുപ്പ് 54,275 കോടി രൂപ മാത്രമാണ് ഫണ്ടിലേക്ക് മാറ്റിയത്. 35,275 കോടി രൂപ നിക്ഷേപമായി മാറ്റുകയും ചെയ്തു.

വൻ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്ന ഭൂമി, കെട്ടിട ഉടമകളിൽ നിന്ന് സർക്കാരിന് നേട്ടമുണ്ടാക്കുന്ന ഒരു നടപടിയും 2014 മുതൽ 18 വരെയുള്ള വർഷങ്ങളിൽ ആദായ നികുതി വകുപ്പിൽനിന്നുണ്ടായില്ല, ഇന്ധന പ്രകൃതി വാതക വകുപ്പ് കരാറുകൾ പൂർത്തീകരിക്കാത്തവരിൽ നിന്ന് നിയമപരമായി പിരിച്ചെടുക്കേണ്ട തുക അങ്ങനെ ചെയ്യാതിരുന്നതിനാൽ വൻ നഷ്ടം സംഭവിച്ചു എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകളും റിപ്പോർട്ടിലുണ്ട്. ഈയിനത്തിൽ ഇന്ധന പ്രകൃതി വാതക വകുപ്പ് നഷ്ടപ്പെടുത്തിയത് 3,672 കോടിരൂപയാണ്. റയിൽവേയുടെ വികസന പ്രവർത്തനങ്ങളിലെ അലംഭാവവും പുതിയ പദ്ധതികൾ രൂപീകരിക്കുന്നതിൽ വരുത്തുന്ന വീഴ്ചയും സ്ഥാപനത്തിന് വൻ നഷ്യമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ കേന്ദ്രസർക്കാർ നേരിട്ട് കശ്മീരിൽ നടപ്പിലാക്കുന്ന രണ്ട് സുപ്രധാനമായ പദ്ധതികൾ പൂർണ പരാജയമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1,100ലധികം കോടി രൂപയുടെ പദ്ധതികളാണിവ.

ഇങ്ങനെ വിവിധ വകുപ്പുകളുടെ വീഴ്ചകളും കെടുകാര്യസ്ഥതയും വകമാറ്റലുകളും സംബന്ധിച്ചാണ് സിഎജി റിപ്പോർട്ട് പ്രതിപാദിച്ചിരിക്കുന്നത്. ബോധപൂർവമായ വീഴ്ചകളാണ് ഇക്കൂട്ടത്തിലുള്ളത്. ഇവയെല്ലാം കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥതയുടെ വെളിപ്പെടുത്തലുകളാണ്. ഭരണത്തിന് പകരം പ്രഖ്യാപനങ്ങളും വിവാദ വിഷയങ്ങളും മാത്രം അജണ്ടയാക്കിയ ഒരു സർക്കാരിന്റെ പരാജയമാണ് റിപ്പോർട്ടുകളിൽ നിന്ന് വായിച്ചെടുക്കാനാവുക. അതുകൊണ്ടുതന്നെയാണ് കുറേ റിപ്പോർട്ടുകൾ ഒരുമിച്ച് മേശപ്പുറത്തുവച്ച് വേണ്ടത്ര ശ്രദ്ധ കിട്ടാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നു വേണം കരുതാൻ. പൂർണമായും പിന്തിരിപ്പനായ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഭരണപരമായി പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.