Web Desk

July 09, 2020, 5:00 am

തൊഴിലില്ലാപ്പടയോട് കേന്ദ്രത്തിന്റെ ക്രൂരത

Janayugom Online

ന്ത്യയിലെ തൊഴിലില്ലായ്മ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 2017 — 18 ൽ നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ തയ്യാറാക്കി കേന്ദ്രസർക്കാർ പുറത്തുവിടാൻ സമ്മതിക്കാതിരുന്ന റിപ്പോർട്ട് പ്രകാരമുള്ള തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തിനിടെ ഏറ്റവും ഉയർന്നതായിരുന്നു. ശരാശരി 6.1 ശതമാനത്തിലധികമായെന്നാണ് കണക്ക്. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.8, ഗ്രാമങ്ങളിലേത് 5.3 ശതമാനമായിരുന്നു പ്രസ്തുത റിപ്പോർട്ടിലെ കണക്ക്. കോവിഡിന്റെ ഫലമായി ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ കാലത്ത് തൊഴിലില്ലായ്മ മെയ് അവസാനം 24.3 ശതമാനമായി ഉയരുകയും ചെയ്തു.

ലോക്ഡൗണിൽ ഇളവ് വരുത്തിയശേഷമുണ്ടായ വ്യത്യാസം കേവലം രണ്ടു ശതമാനം മാത്രമാണ്. ഇതിൽ എത്രയൊക്കെ മാറ്റമുണ്ടായാലും ലോക്ഡൗൺകാലത്തുണ്ടായ തൊഴിൽ നഷ്ടത്തിൽ പത്തുശതമാനത്തിൽ താഴെ അവസരങ്ങൾ മാത്രമേ തിരിച്ചുവരാൻ ഇടയുള്ളൂ എന്നാണ് വിദഗ്ധരുടെ നിഗമനം. അങ്ങനെയെങ്കിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമായെന്നാണ് വിലയിരുത്തേണ്ടത്. ഇങ്ങനെയൊരു സാഹചര്യമാണെങ്കിലും നിലവിലുള്ള സ്ഥിരംതൊഴിൽപോലും ഇല്ലാതാക്കുന്ന തീരുമാനങ്ങളാണ് കേന്ദ്ര സർക്കാരിൽ നിന്ന് ആവർത്തിച്ചുണ്ടാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുന്ന രണ്ട് സുപ്രധാനമായ തീരുമാനങ്ങളാണ് റയിൽവേയിലെ നിയമന നിരോധനവും നികുതി വകുപ്പിന് കീഴിലെ രണ്ടു ബോർഡുകളെ സംയോജിപ്പിച്ച് തസ്തികകൾ വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനവും. പുതിയ തസ്തികകൾ മരവിപ്പിക്കാനാണ് റയിൽവേ ബോർഡ് കഴിഞ്ഞയാഴ്ച മേഖലാ ഓഫീസുകൾക്ക് കത്ത് നല്കിയിരിക്കുന്നത്. കരാറുകളും അത്യാവശ്യങ്ങളും പരിശോധിച്ച് തസ്തികകൾ കുറയ്ക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. സമീപകാലത്ത് അമ്പത് ശതമാനം തസ്കികകളെങ്കിലും ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് മനസിലാക്കേണ്ടത്.

തൊഴിൽശക്തിയിൽ എത്രയും പെട്ടെന്ന് മൂന്ന് ലക്ഷത്തിന്റെയെങ്കിലും കുറവ് വരുത്താനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള നിയമന പ്രക്രിയയെ നിരോധനം ബാധിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അന്തമായി നീണ്ടുപോകുമെന്നുറപ്പാണ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ 64,317 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലുമാണ്.

കോവിഡിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ തുടരുന്ന പക്ഷം ഇത് അനിശ്ചിതത്വത്തിലാവുകയും പിന്നീട് ത­സ്തി­കകൾ തന്നെ ഇല്ലാ­ത‍ായേക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല. ഇതിന് പുറമേ 35,208 സാങ്കേതികേതര വിഭാഗം ജീവനക്കാരുടെ നിയമന നടപടികൾ തുടങ്ങിയതും അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയും ഉയരുന്നു. ഇതിന് പുറമേയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, പരോക്ഷ നികുതി ബോർഡ് എന്നിവയെസംയോജിപ്പിച്ച് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. തസ്കികകൾ കുറയ്ക്കുകയെന്നു മാത്രമല്ല ആനുകൂല്യങ്ങൾ പലതും ഒഴിവാക്കുന്നതിനും നിർദ്ദേശമുണ്ട്.

ചെലവുകൾ കുറയ്ക്കണമെന്ന നിർദ്ദേശത്തിൽ പ്രധാനപ്പെട്ടത് ആനുകൂല്യങ്ങൾപലതും ഒഴിവാക്കണമെന്നാണ്. കൂടാതെ അറ്റകുറ്റപ്പണികൾ, വിവരങ്ങൾ നല്കുന്നവർക്കുള്ള ഉപഹാരങ്ങൾ, നിയമപരമായ ചെലവുകൾ എന്നിവയും കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി രണ്ടു ബോർഡുകളിലും ഒഴിവുകൾ പകുതിപോലും നികത്തുന്നില്ല. 2017 ലും 18ലുമുണ്ടായ234 റവന്യുസർവ്വീസിൽ നിന്നുള്ള ഒഴിവുകളിലേയ്ക്ക് കഴിഞ്ഞവർഷം 60 പേരെ മാത്രമാണ് നിയമിച്ചത്. രണ്ടുബോർഡുകളിലുമായി നിലവിലുള്ള 10500 ഓളം റവന്യുസർവീസ് തസ്തികകൾ പകുതിയെങ്കിലുമാക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും ഉയർന്ന തസ്കികയിൽ ഇത്രയും കുറവ് വരുത്തുമ്പോൾ താഴേതലത്തിലുള്ള പതിനായിരക്കണക്കിന് തസ്കികകൾ വേറെയും ഇല്ലാതാകും.

ഫലത്തിൽ സർക്കാരിന്റെ പ്രമുഖ വകുപ്പുകളെ ഇല്ലാതാക്കിയും സംരംഭങ്ങളെ സ്വകാര്യവല്ക്കരിച്ചും നിലവിലുള്ള തൊഴിലവസരങ്ങൾ പോലും ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. നിലവിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തൊഴിലിനായി മറ്റുരാജ്യങ്ങളെ ആശ്രയിച്ചുകൊണ്ടിരിക്കുകയാണ്. അവരിൽ ലക്ഷക്കണക്കിന് പേർ കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ ഫലമായി തിരിച്ചെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. രാജ്യത്തുമാത്രം കോവിഡും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി കാരണം രണ്ടുകോടി പേരെങ്കിലും തൊഴിലിലില്ലാ പട്ടികയിൽ അധികമായി വന്നിട്ടുണ്ടെന്ന അനൗദ്യോഗികകണക്കുകളും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം ഉള്ളവ പോലും നഷ്ടപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ സമീപനം യുവാക്കളോടുള്ള ക്രൂരത മാത്രമല്ല കുറ്റകൃത്യം കൂടിയാണ്.