19 April 2024, Friday

ബിജെപി എന്ന പൊങ്ങച്ചം

Janayugom Webdesk
September 13, 2021 4:00 am

ഗുജറാത്തിലെ മുഖ്യമന്ത്രി വിജയ് രൂപാണി രാജിവയ്ക്കുകയും പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തീരുമാനിക്കുകയും ചെയ്തതോടെ ബിജെപി വലിയ പൊങ്ങച്ചമാണെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുകയാണ്. ആറു മാസത്തിനിടെ മൂന്ന് സംസ്ഥാനങ്ങളില്‍ നാലു മുഖ്യമന്ത്രിമാരെ പരീക്ഷിക്കേണ്ടിവരിക, തെരഞ്ഞെടുപ്പ് നടന്ന അസമില്‍ നിലവിലുള്ള മുഖ്യമന്ത്രിയെ മാറ്റുക, കര്‍ണാടകയില്‍ മാറ്റി പ്രതിഷ്ഠിച്ച മുഖ്യമന്ത്രിക്കെതിരെ വീണ്ടും കലാപശബ്ദമുയരുക. കുറച്ചുനാളുകളായി ഓരോ ദിവസവും ബിജെപി തുറന്നുകാട്ടപ്പെടുന്ന വാര്‍ത്തകളേ പുറത്തുവരുന്നുള്ളൂ എന്നത് ആ പാര്‍ട്ടി ചീട്ടുകൊട്ടാരമാണെന്നാണ് തെളിയിച്ചുകൊണ്ടേയിരിക്കുന്നത്. വ്യത്യസ്തമായ പാര്‍ട്ടി എന്ന് പ്രഖ്യാപിച്ചാണ് ഇന്ത്യയില്‍ ബിജെപി അതിന്റെ തെരഞ്ഞെടുപ്പ് യാത്ര തുടങ്ങുന്നത്. ഒറ്റക്കല്‍ വിഗ്രഹം, വിശുദ്ധിയുടെ പ്രതിരൂപം, അഴിമതിയെ പടിക്കുപുറത്തു നിര്‍ത്തിയ പാര്‍ട്ടി എന്നിങ്ങനെ അവകാശവാദങ്ങള്‍ പലതായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തില്‍ ഒരുവേള കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും അധികാരം കിട്ടിയപ്പോള്‍ തങ്ങളുടെ ഭരണം കാരണം ‘ഇന്ത്യ തിളങ്ങുന്നു’ എന്നുള്‍പ്പെടെയുള്ള അതിശയോക്തിപരമായ അവകാശവാദങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു. എന്നിട്ടും 2004ല്‍ പത്തുവര്‍ഷം അവരെ അധികാരത്തിന് പുറത്തുനിര്‍ത്തുന്ന വിധിയെഴുത്താണ് ഇന്ത്യ നടത്തിയത്. പിന്നീട് 2014ലാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത്. മോഡിയെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചത് ഗുജറാത്തില്‍ അദ്ദേഹം പ്രത്യേക വികസന മാതൃക സൃഷ്ടിച്ചുവെന്ന പൊങ്ങച്ചക്കഥ പറഞ്ഞുകൊണ്ടായിരുന്നു. പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ആ പ്രചരണങ്ങളും സാമുദായിക ധ്രുവീകരണങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ മോഡിയുടെ അധികാരാരോഹണത്തിന് വഴിവച്ചത്.

നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കേശുഭായ് പട്ടേലിനെ മാറ്റിയാണ് 2001 ഒക്ടോബറില്‍ നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2007, 2012 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയായ അദ്ദേഹം 2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷമാണ് സ്ഥാനമൊഴിയുന്നത്. മോഡിക്കു പിറകേ ഗുജറാത്തില്‍ മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടത് ആനന്ദി ബെന്‍ പട്ടേല്‍ ആയിരുന്നു. മോഡി സംസ്ഥാനം ഭരിച്ച 11 വര്‍ഷക്കാലം ഗുജറാത്തിന് സുവര്‍ണകാലമായിരുന്നുവെന്നാണ് പ്രചരിപ്പിക്കപ്പെട്ടതെങ്കിലും രണ്ടുവര്‍ഷത്തോളം മാത്രമാണ് ആനന്ദി ബെന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. അതിനിടയില്‍തന്നെ മീഡിയാ — ഇവന്റ് മാനേജ്മെന്റുകള്‍ കെട്ടിപ്പൊക്കിയ ‘ഗുജറാത്ത് മോഡല്‍’ കെട്ടുകഥയാണെന്ന് തെളിഞ്ഞു തുടങ്ങിയിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുഖംമിനുക്കല്‍ വേണമെന്ന് തിരിച്ചറിഞ്ഞ ബിജെപി ഒരുവര്‍ഷവും അഞ്ചുമാസത്തോളവും ബാക്കിനില്ക്കേ അവരെ മാറ്റി രൂപാണിയെ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. അതുകൊണ്ടുമാത്രം കഷ്ടിച്ച്ബിജെപി കടന്നുകൂടിയെന്ന് പറയുന്നതാണ് ശരി. 182 അംഗങ്ങളുള്ള നിയമസഭയില്‍ 99 ബിജെപി പ്രതിനിധികളാണ് ജയിച്ചുകയറിയത്. തൊട്ടുമുമ്പത്തെ സഭയില്‍ 115 അംഗങ്ങളുണ്ടായിരുന്നു. 2012ല്‍തെരഞ്ഞെടുക്കപ്പെട്ട സഭയില്‍ 117 അംഗങ്ങളുണ്ടായിരുന്നു ബിജെപിക്ക്.

മോഡിയുടെ കാലത്തെന്നതുപോലെ മീഡിയാ — ഇവന്റ് മാനേജ്മെന്റുകളുടെ പ്രചണ്ഡമായ പ്രചരണങ്ങളുടെ അഭാവം കാരണം രൂപാണിയുടെ ഭരണകാലത്ത് ‘ഗുജറാത്ത് മോഡലി‘ന്റെ മുഖംമൂടി കൂടുതല്‍ തുറന്നുകാട്ടപ്പെട്ടു. വളര്‍ച്ചാനിരക്കുകള്‍ കെട്ടിപ്പൊക്കിയവയായിരുന്നുവെന്നും തെളിഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് മറച്ചുവയ്ക്കപ്പെട്ടതെല്ലാം പുറത്തായപ്പോള്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പച്ചതൊടണമെങ്കില്‍ മുഖംമിനുക്കലുകളും പുതിയവഴികളും തേടണമെന്ന് തിരിച്ചറിവുണ്ടായി. അതിനാലാണ് ഇപ്പോഴത്തെ മുഖംമാറ്റം ഉണ്ടായിരിക്കുന്നത്. ജാതിസമവാക്യങ്ങളും ഹിന്ദുത്വ അജണ്ടയും മാത്രമേ രക്ഷിക്കാനുണ്ടാവൂ എന്ന് മനസിലാക്കിയാണ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ തീരുമാനിച്ചത്. ഒരാഴ്ച മുമ്പ് ചേര്‍ന്ന ഉന്നതതല യോഗം വികസനത്തെക്കാള്‍ ഹിന്ദുത്വ വിഷയങ്ങളായിരിക്കണം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കേണ്ടതെന്ന് തീരുമാനിച്ചതും ഇതിനൊപ്പം ഓര്‍മിക്കണം.


ഇതുംകൂടി വായിക്കുക: ഗുജറാത്ത് മോഡല്‍ പറയാന്‍ മാത്രം: ഭരണം നിലനിര്‍ത്താന്‍ തീവ്രഹിന്ദുത്വം തന്നെ ബിജെപി അജണ്ട


വിഭാഗീയതയും ഭരണവിരുദ്ധ വികാരവും നേരിടുന്നതിന് മുഖ്യമന്ത്രിമാരെ മാറ്റിയും വികസന അജണ്ടയില്‍നിന്ന് വര്‍ഗീയ അജണ്ടയിലേയ്ക്ക് മാറിയുമുള്ള പൊടിക്കൈകള്‍ മാത്രമാണ് ഭരണത്തുടര്‍ച്ച നേടുന്നതിനുള്ള വഴിയെന്ന ബിജെപി നിലപാടാണ് ഗുജറാത്തിലെ മുഖ്യമന്ത്രി മാറ്റത്തിലൂടെ വ്യക്തമാകുന്നത്. ഇതു തന്നെയാണ് അവര്‍ ഉത്തരാഖണ്ഡിലും കര്‍ണാടകയിലും നടത്തിയത്. ഉത്തരാഖണ്ഡില്‍ നാലുവര്‍ഷത്തിലധികം പൂര്‍ത്തിയാക്കിയ ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി തിരത് സിങ് റാവത്തിനെ നിയോഗിച്ചുവെങ്കിലും വിഭാഗീയതയെ തുടര്‍ന്ന് നാലുമാസങ്ങള്‍ക്കുശേഷം ഈ വര്‍ഷം ജൂലൈ നാലിന് അദ്ദേഹത്തെയും മാറ്റി പുഷ്കര്‍സിങ് ധാമിയെ മുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്. 2019 ജൂലൈയില്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായ യെദിയുരപ്പയെ ഭരണപരാജയവും വിഭാഗീയതയും കാരണം മാറ്റി ജൂലൈ 28ന് ബസവരാജ് ബൊമ്മെ പുതിയ മുഖ്യമന്ത്രിയായി. ബൊമ്മെക്കെതിരെയും പുതിയ വിഭാഗീയത രൂപപ്പെട്ടുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍. യുപിയില്‍ ആദിത്യനാഥിനെ മാറ്റാനുള്ള ശ്രമം പല കാരണങ്ങളാല്‍ പരാജയപ്പെടുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഡല്‍ഹിയില്‍ മോഡി — അമിത്ഷാ ദ്വയങ്ങള്‍ക്കിടയിലുണ്ടായിരിക്കുന്ന ചേരിതിരിവാണെന്നും നിരീക്ഷണങ്ങളുണ്ട്. അതെന്തായാലും ബിജെപി നേരിടുന്നത് വലിയൊരു വെല്ലുവിളിയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.