Web Desk

July 14, 2020, 5:38 am

ജനാധിപത്യം തോറ്റുകൊണ്ടേയിരിക്കുന്നു

Janayugom Online

ധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാർപ്രതിസന്ധി നേരിടുകയാണ്. 2018 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇരുനൂറ് അംഗ നിയമസഭയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ബിജെപിയെ അധികാരത്തിന് പുറത്തിരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വിധിയെഴുത്തായിരുന്നു രാജസ്ഥാനിൽ അന്നുണ്ടായത്. എങ്കിലും ജനവിധിക്കുശേഷം ജനങ്ങളെ മാനിക്കാത്ത വിധത്തിലുള്ള കോൺഗ്രസ് ശൈലി പലയിടത്തുമെന്ന പോലെ രാജസ്ഥാനിലും ആദ്യനാളുകളിൽ പ്രകടമായിരുന്നു. മുഖ്യമന്ത്രി ആരായിരിക്കണമെന്ന തർക്കത്തിലൂടെയായിരുന്നു അത്. തെരഞ്ഞെടുപ്പിനെ നയിച്ച പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് സച്ചിൻപൈലറ്റാകണോ അല്ല മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ട് ആകണോയെന്ന തർക്കത്തിന്റെ പേരിൽ തമ്മിലടിച്ച ശേഷമാണ് ഗെലോട്ട് മുഖ്യമന്ത്രിയും സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായി കോൺഗ്രസ് മന്ത്രിസഭ 2018 ഡിസംബർ 17 ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള തമ്മിൽതല്ല് കോൺഗ്രസിനകത്ത് വീണ്ടും പുകയുകയും അത് പുതിയതലത്തിലെത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. 107 കോൺഗ്രസ് എംഎൽഎമാർ, 13 സ്വതന്ത്രർ, മറ്റുള്ളവർ അഞ്ച് എന്നിങ്ങനെ 125 പേരുടെ പിന്തുണയാണ് ഗെലോട്ട് സർക്കാരിനുണ്ടായിരുന്നത്. ബിജെപിക്ക് 72 എംഎൽഎമാരും രാഷ്ട്രീയ ലോക്‌താന്ത്രിക് പാർട്ടിയുടെ മൂന്ന് എംഎൽഎമാരുമുണ്ട്. കർണാടകയിലും മധ്യപ്രദേശിലുമൊക്കെ ഉണ്ടായതിന് സമാനമായ സാഹചര്യങ്ങൾ തന്നെയാണ് ഇപ്പോൾ രാജസ്ഥാനിലും അരങ്ങേറുന്നത്. തനിക്കാണ് ഭൂരിപക്ഷമെന്ന് അവകാശപ്പെട്ട് ഗെലോട്ടും സച്ചിൻ പൈലറ്റും കേന്ദ്രനേതൃത്വത്തെ സമീപിക്കുന്നു, തങ്ങളുടെ കൂടെ നിൽക്കുന്ന എംഎൽഎ മാരെ റിസോർട്ടുകളിൽ പാർപ്പിക്കുന്നു, പരസ്പരം ചെളിവാരിയെറിയുന്നു, അതിനിടയിൽ കുറുക്കൻ കണ്ണുകളുമായി ബിജെപിയും.

ആവർത്തനങ്ങൾ തന്നെ. സച്ചിനെ അനുകൂലിക്കുന്നവർക്കെതിരെ ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ ഗെലോട്ട് നടത്തുമ്പോൾ പകരം ഗെലോട്ടിന്റെ അനുയായികളെ ബിജെപി സർക്കാരിന്റെ ഏജൻസികൾ റെയ്ഡ് ചെയ്തും മറ്റും ഭീഷണിപ്പെടുത്തുന്നു. വലതുപക്ഷ രാഷ്ട്രീയജീർണ്ണതകളുടെ തനിയാവർത്തനം തന്നെയാണ് രാജസ്ഥാനിലും. ഫലത്തിൽ ഈ തമ്മിലടി സച്ചിൻ പൈലറ്റിന്റെ ബിജെപിയിലേക്കും രാജസ്ഥാനിൽ ബിജെപിക്ക് അധികാരത്തിലേക്കുമുള്ള വഴി കൂടിയാകുമ്പോൾ ആ വൃത്തം പൂർത്തിയാകും. അങ്ങനെ ഒരിക്കൽകൂടി ജനാധിപത്യവും ജനങ്ങളും തോൽക്കുവാൻ പോകുകയാണ്. അതിന് കോൺഗ്രസ് തന്നെയാണ് മൂലകാരണമാകുന്നത്.

അധികാരത്തിനും സ്ഥാനമാനങ്ങൾക്കുമായുള്ള ആയാറാം ഗയാറാം രാഷ്ട്രീയം തടയുന്നതിനാണ് കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കിയത്. കൂടാതെ ജനപ്രാതിനിധ്യ നിയമവും നിലവിലുണ്ട്. എങ്കിലും ജീർണ്ണിച്ച വലതുപക്ഷ രാഷ്ട്രീയം പുതിയ വഴികൾ കണ്ടെത്തി അതിനെയും അതിജീവിക്കാൻ ശ്രമിക്കുകയാണ്. കർണാടകയിലും മധ്യപ്രദേശിലും അതാണ് നാം കണ്ടത്. വിഭാഗീയത കൊണ്ട് വിജയിക്കാനാകുന്നില്ലെങ്കിൽ എംഎൽഎ മാരെ രാജിവയ്പിക്കുക. പിന്നീട് ഗവർണറെ ഉപയോഗിച്ചോ കോടതിയെ സമീപിച്ചോ വിശ്വാസ വോട്ട് തോടാനുള്ള അവസരം സൃഷ്ടിക്കുക. ജനപ്രാതിനിധ്യ നിയമമനുസരിച്ച് നിലവിലുള്ള അംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഭൂരിപക്ഷവും ന്യൂനപക്ഷവും നിശ്ചയിക്കുന്നത്.

ഈ പഴുതുപയോഗിച്ച് വിശ്വാസ വോട്ടിൽ പരാജയപ്പെടുത്തുക, പിന്നീട് അധികാരത്തിലെത്തുന്നവരുടെ മേൽനോട്ടത്തിൽ രാജിവയ്ക്കുന്ന ഒഴിവുകളിലേയ്ക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നു. അധികാരത്തിന്റെ എല്ലാ ദുർവിനിയോഗവും നടത്തി ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചുവരുന്നു. യഥാർത്ഥത്തിൽ ജനാധിപത്യത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇത്തരം പഴുതുകൾ വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ദുരുപയോഗം ചെയ്യുകയാണ്. ഇക്കാര്യത്തിൽ കോൺഗ്രസോ ബിജെപിയോ മറ്റ് വലതുപക്ഷ പാർട്ടികളെന്നോ വ്യത്യാസമില്ലാതെ തുടരുകയാണ്. അതുതന്നെയാണ് ഇപ്പോൾ രാജസ്ഥാനിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോൾ അവകാശപ്പെടുന്നതനുസരിച്ച് രാജസ്ഥാനിൽ ഒരുപക്ഷേ ഗെലോട്ട് ജയിച്ചെന്നിരിക്കും. അല്ലെങ്കിൽ സച്ചിൻപൈലറ്റിന് മേൽക്കൈ കിട്ടുകയും ചെയ്തെന്നിരിക്കും.

രണ്ടായാലും അഞ്ചുവർഷത്തെ ആയുസ് കോൺഗ്രസ് സർക്കാരിന് ഏതെങ്കിലും രാഷ്ട്രീയ നിരീക്ഷകൻ നൽകുമെന്ന് തോന്നുന്നില്ല. അഞ്ചുവർഷത്തേക്ക് ജനങ്ങൾ തെരഞ്ഞെടുത്തവർ ആശയത്തിനോ രാഷ്ട്രീയത്തിനോ യാതൊരുപരിഗണനയും നല്കാതെ സ്ഥാനമാനങ്ങൾക്കും കാലുമാറ്റത്തിനും കൂറുമാറ്റത്തിനുമായി ഒഴുക്കുന്ന ശതകോടികൾക്കും വേണ്ടി രാജിവയ്ക്കുന്നു. ഇങ്ങനെയുള്ളവരെ പിന്നീട് മത്സരിക്കാൻ കഴിയാത്ത വിധം അയോഗ്യരാക്കുന്നതിനുള്ള ശക്തമായ ഉപാധികൾ നമ്മുടെ ജനപ്രാതിനിധ്യ നിയമത്തിലും മറ്റും ഉണ്ടാകേണ്ടതുണ്ടെന്നാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി പല സംസ്ഥാനങ്ങളിലെയും അനുഭവങ്ങൾ ആവശ്യപ്പെടുന്നത്. അത്തരത്തിൽ ജനാധിപത്യ വ്യവസ്ഥയെയും ജനങ്ങളുടെ വിധിയെയും മാനിക്കുന്ന വിധത്തിലുള്ള പരിഷ്കരണ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ നമ്മുടെ ജനാധിപത്യം തോൽക്കുന്നത് ആവർത്തിച്ചു കൊണ്ടേയിരിക്കും.