June 7, 2023 Wednesday

പാഠങ്ങൾ ഒഴിവാക്കി തമസ്കരണം സാധ്യമല്ല

Janayugom Webdesk
July 10, 2020 5:52 am

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ ലോകരാജ്യങ്ങളിൽ പഠനപ്രക്രിയ തടസപ്പെട്ടിരിക്കുകയാണ്. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ കോവിഡ് പടരുന്നുവെന്ന ആശങ്ക ഉയർന്നപ്പോൾ തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടാൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര വിദ്യാഭ്യാസ ഏജൻസികളും തീരുമാനിച്ചിരുന്നു. പുതിയ അധ്യന വർഷം ആരംഭിക്കാനും സാധിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരുമാസംകൂടി കഴിഞ്ഞാൽ മാത്രമേ ക്ലാസുകൾ ആരംഭിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാൻ കഴിയൂ എന്നതാണ് അവസ്ഥ.

ഈ സാഹചര്യത്തിലാണ് കരിക്കുലം വെട്ടിക്കുറയ്ക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസവകുപ്പുകളും സിബിഎസ്ഇയുമൊക്കെ തീരുമാനിച്ചത്. 20–25 ശതമാനം മുതൽ 30 ശതമാനം വരെ കരിക്കുലത്തിൽ കുറവ് വരുത്താനാണ് വിവിധ തലങ്ങളിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കരിക്കുലത്തിൽ 30 ശതമാനം കുറവ് വരുത്താനാണ് സിബിഎസ്ഇ നിർദ്ദേശിച്ചിരിക്കുന്നത്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ 190 ഓളം വിഷയങ്ങൾ ക്രമീകരിക്കണമെന്നാണ് സിബിഎസ്ഇ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെയും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നത്.

സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ പൗരത്വം, ദേശീയത, മതനിരപേക്ഷത തുടങ്ങിയ പാഠഭാഗങ്ങളാണ് ഒഴിവാക്കിയതിൽ പ്രധാനം. ശാസ്ത്രം, സമകാലിക ഭാരതം, ഇന്ത്യയും സമകാലിക ലോകവും തുടങ്ങിയ വിഷയങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നില്ലെങ്കിലും അതിൽ നിന്ന് തിരഞ്ഞെടുത്തവയിൽ ഈ രാഷ്ട്രീയ വിവേചനം വ്യക്തമാണ്. പത്താം തരത്തിലെ ഇന്ത്യയും സമകാലിക ലോകവും എന്ന വിഷയത്തിൽ നിന്ന് ലോകത്തിന്റെ നിർമ്മാണം, വ്യവസായവല്ക്കരണത്തിന്റെ കാലഘട്ടം എന്നിവയിൽ ഒന്നും പ്രതിദിന ജീവിതം — രാഷ്ട്രീയവും സാംസ്കാരികവും എന്നീ ഭാഗങ്ങളും ഒഴിവാക്കുന്നതിനാണ് നിർദ്ദേശിച്ചത്. എല്ലാം പുരോഗമന മുന്നേറ്റത്തെയും ജനകീയ‑സാമൂഹ്യ പ്രസ്ഥാനങ്ങളെയും കുറിച്ച് വിവരിക്കുന്ന ഭാഗങ്ങളാണ്.

സമകാലിക ഭാരതം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ ഇക്കാലത്ത് ഏറ്റവും പ്രധാന്യത്തോടെ പഠിക്കേണ്ട ഭാഗങ്ങൾ ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വനം-വന്യ ജീവി, ജല വിഭവങ്ങ­ൾ, ധാതുവും ഊർജ്ജ വിഭവങ്ങളും എന്നിവയാണ് നീക്കുന്നത്. കോ­വിഡിന്റെ ഇക്കാലത്ത് വളരെയധികം പ്രാധാന്യമർഹിക്കുന്നവയാണ് ഈ പാഠങ്ങ­ൾ. പത്താം തരത്തിലെ പൊളിറ്റിക്കൽ സ­യൻസിൽ നിന്ന് ജനാധിപത്യവും വൈവിധ്യവും ലിംഗം — ജാതി — മതം, പ്രസിദ്ധമായ സമരങ്ങളും മുന്നേറ്റങ്ങളും ജനാധിപത്യം നേ­രിടുന്ന വെല്ലുവിളികൾ എ­ന്നീ പാഠങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഹോം സയൻസിൽ നിന്ന് മാനവ വളർച്ചയും വികസനവും ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ വിദ്യാഭ്യാസവും തുടങ്ങിയ പാഠങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്നാണ് നിർദ്ദേശം.

12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് സമകാലിക ലോകത്തെ സുരക്ഷ, പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും എന്നീ പാഠങ്ങളും അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വിവരിക്കുന്ന ഭാഗവും നീക്കം ചെയ്തതിൽ ഉള്‍പ്പെടുന്നു. ഒമ്പതാം ക്ലാസിലെ സിലബസില്‍ നിന്നും ജനാധിപത്യ അവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയും എന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.

ധനതത്വശാസ്ത്രം കരികുലത്തിൽ നിന്ന് ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ എന്ന ഭാഗവും അതുപോലെ തന്നെ ഫെഡറലിസം സംബന്ധിച്ച പാഠങ്ങളും ഒഴിവാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഇപ്പോൾ പഠിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ഭാഗങ്ങളെക്കാൾ അപ്രസക്തമായ അധ്യായങ്ങളും പാഠങ്ങളും ഈ പുസ്തകങ്ങളിൽ ഉണ്ടെന്നത് വസ്തുതയാണ്. എന്നാൽ വളരെ ബോധപൂർവ്വം തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കുന്നതിനാണ് സിബിഎസ്ഇ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ, ജനാധിപത്യ മതേതര പ്രക്രിയ, ഇന്ത്യയുടെ വൈജാത്യങ്ങൾ, ആഗോള തലത്തിൽ മാനവരാശിയുടെ മുന്നേറ്റത്തിനും രാഷ്ട്ര നിർമ്മിതികൾക്കുമായി നടന്ന പോരാട്ടങ്ങൾ എന്നിവയൊക്കെ വിദ്യാർത്ഥികൾ തീർച്ചയായും പഠിച്ചിരിക്കേണ്ടതാണ്. പക്ഷേ അവയൊക്കെ നിലവിലുള്ള ഭരണ നേതൃത്വം പഠിപ്പിക്കാൻ ആഗ്രഹിക്കാത്ത വിഷയങ്ങളുമാണ്. കാരണം അവയിലൊന്നും പുരോഗമനപരമായ നിലപാടുകളോ പങ്കാളിത്തമോ രേഖപ്പെടുത്തിയിട്ടില്ലാത്തവരാണ് കേന്ദ്ര ഭരണ രാഷ്ട്രീയപാർട്ടിയുടെ ഇപ്പോഴത്തെയും പൂർവ്വകാലത്തെയും നേതാക്കൾ.

\പൗരത്വത്തെയും ദേശീയതയെയും കുറിച്ചുള്ള പാഠങ്ങൾ, പ്രകൃതി വിഭവങ്ങളെയും പരിസ്ഥിതിയെയും കുറിച്ചുള്ള അറിവുകൾ എന്നിവയും കേന്ദ്ര ഭരണ കക്ഷിയെ സംബന്ധിച്ച് മധുരതരമായ വിഷയങ്ങളല്ല. സമീപകാലത്ത് അവർ ഈ വിഷയങ്ങളോട് സ്വീകരിച്ച ഭരണ നടപടികളിലൂടെ അക്കാര്യം വളരെ വ്യക്തവുമാണ്. അതുകൊണ്ടുതന്നെ ഇവയൊക്കെ പാഠഭാഗങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടത് യാദൃച്ഛികമല്ല, ബോധപൂർവ്വം സംഭവിച്ചതു തന്നെയാണ്. എന്നാൽ പാഠഭാഗങ്ങൾ ഒഴിവാക്കിയതുകൊണ്ടുമാത്രം ചരിത്രങ്ങൾ തമസ്കരിക്കപ്പെടുകയോ വസ്തുതകൾ മറക്കപ്പെടുകയോ ചെയ്യുക സാധ്യമല്ലെന്നത് വലിയ പാഠമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.