October 6, 2022 Thursday

കേരളമെന്നത് വീണ്ടും കരുതലിന്റെ പേരാവട്ടെ

Janayugom Webdesk
July 18, 2020 5:45 am

രാജ്യത്ത് ഏറ്റവും ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ച സംസ്ഥാനമാണെങ്കിലും പ്രതിരോധത്തിന്റെയും രോഗമുക്തിയുടെയും കാര്യത്തിൽ വളരെ മുന്നിലാണ് നമ്മുടെ സംസ്ഥാനം. അതിന് നമുക്കായത് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജനങ്ങൾ ഒന്നാകെ പ്രതിരോധത്തിന്റെയും ലോക്ഡൗണിന്റെയും മുന്നിൽ നിന്നതുകൊണ്ടാണ്. കണ്ണിപൊട്ടിക്കുക (ബ്രേക്ക്ദിചെയിൻ), മുഖാവരണം (മാസ്ക്), സോപ്പ്, സമൂഹ അകലം (സോഷ്യൽഡിസ്റ്റൻസിങ്) എന്ന പേരിൽ രണ്ടുഘട്ടങ്ങളിലായി നടന്ന പ്രതിരോധം ഇപ്പോഴും ജീവിതരീതി പോലെ ജനങ്ങൾ തുടരുകയാണ്. ഇതിനിടയിലും മാസ്ക് ധരിക്കാത്തതിന്റെ പേരിൽ കേസെടുക്കുന്നതിന്റെ എണ്ണം കുറഞ്ഞിട്ടില്ലെന്നത് നാണക്കേടാണ്. ഇതൊക്കെയാണെങ്കിലും ലോകാരോഗ്യസംഘടന നിർവചിച്ച കോവിഡിന്റെ ആഗോള തല ഘട്ടങ്ങളെ മുഴുവനായും നമുക്ക് അതിജീവിക്കാനായില്ലെന്നത് ആശങ്കാകുലമാണ്. ലോക്ഡൗൺഘട്ടത്തിലും വിവിധ പേരുകളിട്ട് നാം തുടരുന്ന പ്രതിരോധത്തിന്റെ വിവിധ ഘട്ടങ്ങളിലും മെച്ചപ്പെട്ടപ്രകടനം കാഴ്ചവച്ചുവെന്ന് അഭിമാനിച്ചവരാണ് നാം. അതുകൊണ്ടുതന്നെ രോഗവ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്താൻ നമുക്ക് സാധിച്ചിരുന്നു.

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരങ്ങൾ വ്യാപകമായി വന്നു തുടങ്ങിയപ്പോൾ രോഗവ്യാപനത്തിന്റെ ഭീതി എല്ലാവരിലുമുണ്ടായിരുന്നു. എന്നാൽ സുരക്ഷിതമായ അകലം പാലിച്ചും വിപുലമായ ക്വാറന്റൈൻ സംവിധാനങ്ങളിലൂടെയും അതിനെ മറികടക്കാനായിഎന്നത് വസ്തുതയാണ്. മറ്റ് സംസ്ഥാനങ്ങൾ രോഗനിരക്കിലും മരണനിരക്കിലും മുന്നോട്ടുപോയപ്പോഴും ഇവിടെ അത് കുറച്ചു നിർത്താനായത് അതിലൂടെയായിരുന്നു. ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാം എണ്ണത്തിൽ പിറകിലാണെങ്കിലും അടുത്ത ദിവസങ്ങളിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വർധനവ് ഭീതിജനകമാണ്. സംസ്ഥാനത്തെ ആകെരോഗികളുടെ എണ്ണം 11,000 കടന്നിരിക്കുന്നു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുടെ എണ്ണം കണക്കാക്കുമ്പോൾ ഇത് വലിയ സംഖ്യയല്ല. ലോക്ഡൗണ്‍ ഇളവിനുശേഷം കേരളത്തിലെത്തിയത് 5,81,488 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 3,63,731ഉം വിദേശത്തു നിന്നു വന്നവര്‍ 2,17,757ഉം ആണ്. വന്നവരില്‍ 62.55 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. അവരില്‍ 64.64 ശതമാനം ആളുകളും രാജ്യത്തെ റെഡ് സോണ്‍ ജില്ലകളില്‍ നിന്നും ആണ് എത്തിയത്. ഈ കണക്ക് പരിശോധിക്കുമ്പോൾ രോഗനിരക്ക് വലുതല്ല. പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമ്പർക്ക രോഗികളുടെ നിരക്ക് ക്രമാതീതമായി ഉയരുകയാണ്.

സർക്കാർ കണക്കുകളനുസരിച്ച് സമ്പർക്ക രോഗ നിരക്ക് ജൂൺ മധ്യത്തിൽ 9.63 ശതമാനമായിരുന്നുവെങ്കിൽ 27 ന് 5.11 ശതമാനമായി കുറഞ്ഞു. 30 ന് അത് വീണ്ടും ഉയർന്ന് 6.16 ശതമാനത്തിലെത്തി. എന്നാൽ ഒരാഴ്ച മുമ്പ് 20.64 ശതമാനമായ സമ്പർക്കരോഗികളുടെ നിരക്ക് ഇപ്പോഴും വ്യത്യാസമില്ലാതെ തുടരുകയാണ്. എന്നുമാത്രമല്ല സമ്പർക്ക രോഗ വ്യാപനം സംഭവിക്കുന്ന പ്രദേശങ്ങളുടെ എണ്ണവും വർധിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സംഭവിച്ചിരിക്കുന്നു. ഇവിടം മൂന്ന് സോണുകളായി തിരിച്ച് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലപ്പോൾ ഇപ്പോഴുള്ള മൂന്നാം ഘട്ടത്തിൽനിന്ന് ലോകാരോഗ്യ സംഘടന കണക്കുകൂട്ടിയ നാലാം ഘട്ടത്തിലേയ്ക്ക് സംസ്ഥാനത്തെ രോഗവ്യാപന സാധ്യത മാറിയേക്കാമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രതിരോധത്തിന്റെയും സ്വയംനിയന്ത്രണത്തിന്റെയും പുതിയ ക്യാമ്പയിൻ ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന പേരിലാണ് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഇപ്പോഴത്തെ രോഗികളുടെ പ്രത്യേകത 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണെന്നതാണ്. അതുകൊണ്ടുതന്നെ ലക്ഷണങ്ങളില്ലാത്ത രോഗികളിൽനിന്നും പകരാനുള്ള സാധ്യത ഏറെയാണ്. ലോക്ഡൗൺ ഇളവുകൾ ഉണ്ടെന്നതിനാലും ജീവനോപാധി നിലനിർത്തണമെന്നതിനാലും പുറത്തിറങ്ങാനാകില്ലെന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി കരുതലെടുക്കുകയെന്നതാണ് ഇനിയുള്ള പോംവഴി.

നമുക്ക് പോകേണ്ടി വരുന്ന മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പരമാവധി — കുറഞ്ഞത് രണ്ടു മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിതരാകാൻ ശ്രമിക്കുകയെന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്. ഈ സുരക്ഷിതവലയത്തിലും മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കൽ ഉറപ്പാക്കാനും കഴിയണം. അധികൃതർ നിർദ്ദേശിക്കുന്നത് നമ്മുടെസുരക്ഷിതത്വത്തിന് വേണ്ടിയാണെന്ന ധാരണയിൽ ഓരോ വ്യക്തിയും ജീവന്റെ വിലയുള്ള ജാഗ്രതഎന്ന ഈ ക്യാമ്പയിനോട് കൈകോർത്താൽ തീർച്ചയായും നമുക്ക് ജയിക്കാൻ കഴിയുമെന്നുറപ്പാണ്. അതുവഴി ആദ്യഘട്ടം മുതൽ നാം നിലനിർത്തിപ്പോരുന്ന മികവ് തുടരാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.