Web Desk

August 06, 2021, 4:00 am

ഒരു പുതിയ ഉദയം

Janayugom Online

ഇന്ത്യൻ കായിക ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദൃശ്യങ്ങൾ. ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങിന്റെ ആനന്ദക്കണ്ണീർ. മലയാളിതാരം ഗോൾകീപ്പർ പി ആർ ശ്രീജേഷ് ഗാലറിയിലേക്ക് കൈചൂണ്ടി ഗോൾപോസ്റ്റിന്റെ മുകളിൽ ഇരിക്കുന്നു. ഹർമൻപ്രീത് സിങ് കോച്ച് ഗ്രഹാം റീഡിനെ ആലിംഗനം ചെയ്യുന്നു. മറ്റ് കളിക്കാർ മുഖത്ത് വിരിഞ്ഞ ചിരിയോടെ മൈതാനത്ത് കിടക്കുന്നു. ഒരിക്കലും ഒളിമങ്ങാത്ത ആഹ്ലാദത്തിന്റെ ചിരി. 41 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്ക് ഒളിമ്പിക് ഹോക്കിയിൽ മെഡൽ. ജർമ്മനിക്കെതിരെ അത്യന്തം ആവേശകരമായ മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിലായ ഇന്ത്യ ഉജ്വലമായി തിരിച്ചടിച്ച് 5–4 ന് ജയം നേടിയെടുത്തു. ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യയുടെ മെഡൽ നേട്ടമെന്നത് മലയാളത്തിനും ഇരട്ടിമധുരമായി മാറുന്നു. ഗുസ്തിയിൽ രവികുമാർ ദഹിയയുടെ വെള്ളിക്കും ഇന്ത്യൻ പ്രതീക്ഷകളുടെ സ്വർണത്തിളക്കമുണ്ട്. 

ഒളിമ്പിക് ഹോക്കിയിൽ ഏറെ സമ്പന്നമായ ഒരു ഭൂതകാലമുണ്ട് ഇന്ത്യക്ക്. എട്ട് സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമാണ് സമ്പാദ്യം. 1980ലെ മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനം ഹോക്കി മെഡൽ നേടിയത്, സ്വർണനേട്ടം. 1928, 1932, 1936, 1948, 1952, 1956, 1964 വർഷങ്ങളിലായിരുന്നു മറ്റ് സ്വർണക്കൊയ്ത്തുകൾ. 1960ൽ വെള്ളിയിലൊതുങ്ങി. 1968, 1972 വർഷങ്ങളിലായിരുന്നു മറ്റ് വെങ്കല നേട്ടങ്ങൾ. മെഡലുകൾ ഇല്ലാതായതോടെ ദേശീയ വിനോദം എന്ന് കരുതപ്പെട്ടിരുന്ന ഹോക്കിയെ ആരാധകർ കയ്യൊഴിഞ്ഞുതുടങ്ങി. നാല് പതിറ്റാണ്ടുകൾക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഹോക്കി ടീം ആരാധകർക്ക് നൽകിയ സമ്മാനം ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ നാലാം മെഡൽ കൂടിയായി മാറി.
രണ്ടാം മിനിറ്റിൽ തന്നെ ഗോളടിച്ചുകൊണ്ട് ജർമ്മനി ഇന്ത്യയെ ഞെട്ടിച്ചിരുന്നു. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ സിമ്രൻജിത് സിങിലൂടെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് തുടർച്ചയായി ജർമ്മനി രണ്ടു തവണ സ്കോർ ചെയ്തു. പക്ഷെ ഇന്ത്യ തളർന്നില്ല. ഇരുപത്തേഴാം മിനിറ്റിൽ രൂപീന്ദർപാൽ സിങ് പെനാൽറ്റി കോർണറിലൂടെ ലീഡ് കുറച്ചു. ഇരുപത്തൊമ്പതാം മിനിറ്റിൽ ഹർമൻപ്രീത് സിങ് പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യക്കായി സമനില പിടിച്ചു. 3–3 ന് രണ്ടാം ക്വാർട്ടർ അവസാനിച്ചു. മൂന്നാം ക്വാർട്ടറിൽ ഇന്ത്യ രണ്ടു തവണ ലക്ഷ്യം കണ്ടു. പെനാൽറ്റി സ്ട്രോക്കിലൂടെ രൂപീന്ദറും ഫീൽഡ് ഗോളിലൂടെ സിമ്രൻജിതും ഗോളടിച്ചതോടെ മെ­ഡൽനേട്ടം കളിയിലാദ്യമായി ഇന്ത്യ മുന്നി­ൽക്കണ്ടു. നാലാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി ജർമ്മനി നേ­ടി­യെങ്കിലും ശ്രീജേഷിന്റെ ഉജ്വല പ്ര­കടനത്തിലൂടെ ഇന്ത്യ അ­വിസ്മരണീയമായ വിജയം സ്വന്തമാക്കി. അ­വ­സാന മിനിറ്റിൽ കിട്ടിയ പെനാ­ൽറ്റി കോർണറും ശ്രീജേഷ് രക്ഷിച്ചതോടെ ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ അ­വിസ്മരണീയമായ തിരിച്ചുവരവുകളിലൊന്ന് പൂർത്തിയായി. 

ഇന്ത്യൻ ഹോക്കി ടീമിന്റെ വിജയങ്ങളിൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി നിർണായക പങ്കുവഹിക്കുന്ന താരമാണ് ശ്രീജേഷ്. 1972ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ മാനുവൽ ഫെഡറിക്കിന് ശേഷം ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയും കൂടിയാണ് ശ്രീജേഷ്. മാനുവൽ ഫ്രെഡറിക്കും ഇന്ത്യയുടെ ഗോൾ കീപ്പർ ആയിരുന്നു. 2012 ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ശ്രീജേഷ് 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. 2014,2018 ഹോക്കി ലോകകപ്പിലും ഇന്ത്യൻ ടീമിനെ നയിച്ചത് ശ്രീജേഷ് ആയിരുന്നു. 

മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യൻ പ്രതീക്ഷകളേന്തിയ ശ്രീജേഷും ക്യാപ്റ്റൻ മൻപ്രീത് സിങും ഒടുവിൽ ഒളിമ്പിക് പോഡിയത്തിലെത്തി. ഒരുവർഷത്തിലേറെയായി ബംഗളുരുവിലെ ക്യാമ്പിൽ പുറംലോകവുമായി ബന്ധമില്ലാതെയുള്ള കഠിന പരിശീലനത്തിനൊടുവിൽ നീണ്ടനാൾ കണ്ടിരുന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. ഗ്രഹാം റീഡിനും അഭിമാനിക്കാം. സെമിഫൈനലിൽ പരാജയപ്പെട്ടതിന്റെ ഭാരം വെങ്കലത്തിളക്കത്തിൽ മാഞ്ഞു. ആ മത്സരഫലം മാറ്റാൻ ഞങ്ങൾക്ക് കഴിയില്ല, പക്ഷേ നമുക്ക് ഭാവി മാറ്റാൻ കഴിയും എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ടീമിനെ മെഡൽ നേട്ടത്തിലേക്ക് പിടിച്ചുയർത്തി. അതും വർഷങ്ങളായി തങ്ങളുടെ കഴിവിൽ സംശയങ്ങൾ അലട്ടിയിരുന്ന, മത്സരത്തിന്റെ അവസാന ഘട്ടത്തിൽ തോൽക്കാനുള്ള വഴി സ്വയം കണ്ടെത്തിക്കൊണ്ടിരുന്ന ഒരു ടീമിനെ. യുവത്വത്തെ അണിനിരത്തി പുതിയൊരു സംഘത്തെ വാർത്തെടുക്കാൻ റീഡിന് സാധിച്ചുവെന്നതാണ് കഴിഞ്ഞ പതിറ്റാണ്ടുകളിൽ നിന്നും ഇന്ത്യൻ ഹോക്കി ടീമിനുള്ള വ്യത്യാസം. അവർ തോൽവിയിൽ വിധിയെ പഴിക്കുന്നില്ല. റഫറിയുടെ തീരുമാനങ്ങളെ കുറ്റപ്പെടുത്തി ആശ്രയം കണ്ടെത്തുന്നില്ല. ഓരോ മത്സരത്തെയും ശ്രദ്ധയോടെ സമീപിക്കുന്നു. തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നു. കളിക്കളത്തിൽ അവരുടെ ഒത്തൊരുമയുടെ ദിവസം നേട്ടങ്ങൾ സ്വന്തമാകുന്നു. കളിയുടെ അന്തിമനിമിഷങ്ങളിൽ ജർമ്മനിയുടെ സമ്മർദ്ദ തന്ത്രങ്ങളും സമയപിശകിലുമൊന്നും ഇന്ത്യൻ ടീം വിണില്ല എന്നുള്ളത് ടീമിന്റെ പ്രത്യേകതയായി കണ്ടെത്താം. ഈ പ്രൊഫഷണലിസം തുടർന്നാൽ ഇന്ത്യൻ ഹോക്കി പ്രതാപത്തിലേക്ക് മടങ്ങിയെത്തും. ആ പ്രതീക്ഷയിൽ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി ഈ മത്സരം ഇനിയും ഓർമ്മകളിലുണ്ടാകും. ഇന്ത്യൻ ഹോക്കി ചരിത്രത്തിൽ ഒരു പുതിയ ഉദയമായി.