19 April 2024, Friday

കോടിയേരി: പ്രക്ഷുബ്ധ സൗമ്യതയുടെ പര്യായം

Janayugom Webdesk
October 3, 2022 5:00 am

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദീർഘകാലമായി മുന്നിൽ നിന്ന് നയിച്ച നേതാക്കളിൽ ഒരാളായിരുന്നു വിട പറഞ്ഞ സഖാവ് കോടിയേരി ബാലകൃഷ്ണൻ. കലാലയങ്ങളും വിദ്യാലയങ്ങളും ഇന്നത്തെക്കാൾ സർഗാത്മകവും സജീവ രാഷ്ട്രീയ കേന്ദ്രങ്ങളുമായിരുന്ന കാലത്ത് സാമൂഹ്യ — രാഷ്ട്രീയ — സാംസ്കാരിക നേതാക്കളുടെ വലിയൊരു നിര കേരളത്തിന്റെ പൊതു മണ്ഡലത്തിലേക്ക് ഉയർന്നു വരികയുണ്ടായി. അവരുടെ കൂട്ടത്തിൽ വിദ്യാർത്ഥി — യുവജന രാഷ്ട്രീയ രംഗം രാജ്യത്തിന് നല്കിയ ഇടതുപക്ഷ നേതാവായിരുന്നു കോടിയേരി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ സമ്മേളനം നടന്ന പിണറായി പാറപ്രത്തിന് വളരെ അകലെയല്ലാത്ത കോടിയേരിയിൽ ജനിച്ച അദ്ദേഹത്തിന് ആ പ്രാദേശിക പാരമ്പര്യം ആവോളമുണ്ടായിരുന്നു. വിദ്യാര്‍ത്ഥി ജീവിതകാലത്തായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യം രൂപപ്പെടുന്നതും ശക്തിപ്പെടുന്നതും. ആ പശ്ചാത്തലവുമായി ബിരുദ പഠനത്തിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെത്തിയ ബാലകൃഷ്ണന്‍, കോടിയേരി ബാലകൃഷ്ണനെന്ന വിദ്യാര്‍ത്ഥി നേതാവായി വളരുകയായിരുന്നു. വിവിധ ഘടകങ്ങളില്‍ എസ്എഫ് ഐ ഭാരവാഹിത്വം വഹിച്ച അദ്ദേഹം ബിരുദ പഠന കാലത്തുതന്നെ സംസ്ഥാന സെക്രട്ടറിയായി. തുടര്‍ന്ന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

സംഘര്‍ഷഭരിതവും സമരോത്സുകവുമായിരുന്ന കോളജ് വിദ്യാഭ്യാസകാലത്തിന്റെ അനുഭവ സമ്പത്തുമായി രാഷ്ട്രീയ ഭൂമികയില്‍ ചുവടുറപ്പിച്ച കോടിയേരി പിന്നീട് ഡിവൈഎഫ്ഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി. വിദ്യാര്‍ത്ഥിയായിരിക്കേതന്നെ സിപിഐ(എം) പ്രവര്‍ത്തകനാവുകയും ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. എസ്എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയാകുന്ന ഘട്ടത്തില്‍ പാര്‍ട്ടി കോടിയേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1990ല്‍ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കോടിയേരി അഞ്ചുവര്‍ഷം ആ സ്ഥാനത്തു തുടര്‍ന്നു. പിന്നീട് സംസ്ഥാന നേതൃത്വത്തിലെത്തി 2015 മുതല്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. രോഗം പൂര്‍ണമായും കീഴ്പ്പെടുത്തുന്നതുവരെ പൊതുരംഗത്ത് സജീവമായി തുടരുന്നതിന് അദ്ദേഹത്തിനായി. കോടിയേരിയുടെ തലമുറ വിദ്യാർത്ഥി സംഘടനാ പ്രവര്‍ത്തനം നയിക്കുന്ന ഘട്ടം സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളുടേതായിരുന്നു. അതുകൊണ്ടുതന്നെ സമരഭരിതമായ ആ കാലത്തിന്റെ സൃഷ്ടിയായിരുന്നു അദ്ദേ ഹം. വിദ്യാര്‍ത്ഥി നേതാവായിരിക്കേ അടിയന്തരാവസ്ഥക്കാലത്ത് പ്രകടനം നടത്തിയും വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നിരവധി സമരങ്ങളിലൂടെയും വളര്‍ന്നുവന്ന കോടിയേരി, യുവജന — പാര്‍ട്ടി നേതൃരംഗത്തു നില്ക്കുമ്പോഴും ആ സമരവീര്യം കൂടെക്കൊണ്ടുനടന്നു.


ഇതുകൂടി വായിക്കൂ: നേരിന്റെയും നന്മയുടെയും പ്രസ്ഥാനം


സിപിഐ(എം) ന്റെയും ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെയും പ്രക്ഷുബ്ധമായ ഒട്ടനവധി സമരങ്ങളുടെ മുന്നില്‍ ആ സമരവീര്യം പ്രകടിതമായി. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി — യുവജന പ്രവര്‍ത്തകരുടെ പ്രക്ഷോഭങ്ങളെ പൊലീസ് നിഷ്ഠുരമായി നേരിട്ടപ്പോള്‍ അതിനിടയിലേക്ക് ഇറങ്ങിച്ചെന്ന് സംഘര്‍ഷാന്തരീക്ഷം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന കോടിയേരിയെ പല തവണ കേരളം കണ്ടതാണ്. അടിച്ചമര്‍ത്തല്‍ ശ്രമത്തെ നേരിട്ട് നിന്നു വെല്ലുവിളിക്കുന്നതും നാം കേട്ടു. ജനപ്രതിനിധിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും അദ്ദേഹത്തിന്റെ പേരടയാളപ്പെട്ടുകിടക്കുമെന്നുറപ്പാണ്. അഞ്ചുതവണ തലശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗവും 2006-11 കാലത്ത് എല്‍ഡിഎഫ് മന്ത്രിസഭയില്‍ ആഭ്യന്തര — വിനോദ സഞ്ചാര വകുപ്പ് മന്ത്രിയുമായിരിക്കേ അദ്ദേഹത്തിന്റെ മികവ് പ്രകടമായി. തലശേരി മണ്ഡലത്തിന്റെ വികസനത്തിന് നാഴികക്കല്ലാകുന്ന നിരവധി പദ്ധതികളും പ്രവര്‍ത്തന പരിപാടികളും അദ്ദേഹം ആവിഷ്കരിച്ച് നടപ്പിലാക്കി.

മന്ത്രിയായിരിക്കേ ജനമൈത്രി പൊലീസ് തുടങ്ങി സേനയ്ക്ക് ജനപക്ഷ മുഖം നല്കുന്നതിനുള്ള പദ്ധതികള്‍ അദ്ദേഹത്തിന്റെ കാലത്ത് ആവിഷ്കരിക്കപ്പെട്ടു. പൊലീസ് സേനയെ നവീകരിക്കുവാനും ഹോം ഗാര്‍ഡുകളെന്ന പേരില്‍ നിയമനം നടത്തിയവരെ ഉപയോഗിച്ച് ശാക്തീകരിക്കുവാനും അദ്ദേഹത്തിന്റെ കാലത്ത് നടപടികളുണ്ടായി. പാരമ്പര്യ കേന്ദ്രങ്ങളെയും ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളെയും ബന്ധിപ്പിച്ച് വിവിധ വിനോദ സഞ്ചാര വികസന പദ്ധതികള്‍ അദ്ദേഹത്തിന്റെ കാലത്താണ് രൂപപ്പെട്ടത്. ജീവിതാന്ത്യംവരെ പ്രത്യയശാസ്ത്ര അടിത്തറയിൽ അധിഷ്ഠിതമായ രാഷ്ട്രീയ സജീവതയും സമരോത്സുകതയും അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. ലളിതമായ ഭാഷയില്‍, ഹാസ്യത്തിന്റെ ചേരുവകളുള്‍ച്ചേര്‍ന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിന് എതിരാളികള്‍ക്കിടയില്‍ പോലും കേള്‍വിക്കാരുണ്ടായിരുന്നു. ഏതു വിഷയമായാലും എല്ലാ വിഭാഗത്തിനും മനസിലാകുന്ന വിധം ആകര്‍ഷകമായ ശൈലിയില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുന്ന പ്രഭാഷകനുമായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് മാനവിക ബോധവും സഹജീവി സ്നേഹവും അദ്ദേഹം എക്കാലവും കാത്തു സൂക്ഷിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ഹൃദയത്തിലേയ്ക്ക് കടന്നു കയറുവാനും സൗഹൃദം സൂക്ഷിക്കുവാനും സാധിച്ച നേതാവുമായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികള്‍ക്കിടയില്‍പോലും അംഗീകാരം സിദ്ധിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഹൃദയാഭിവാദ്യങ്ങള്‍.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.