തദ്ദേശ വകുപ്പുകളുടെ സംയോജനവും ഭരണ പരിഷ്കാരവും

Web Desk
Posted on July 17, 2020, 6:43 am

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സമാനസ്വഭാവമുള്ള അ‍ഞ്ച് വകുപ്പുകൾ സംയോജിപ്പിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനീയറിംഗ്, നഗര ഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ കൂട്ടിയോജിപ്പിച്ച് പൊതുസർവീസ് രൂപീകരിക്കാനാണ് തീരുമാനം. സമൂലവും വിപ്ലവകരമെന്ന് വിലയിരുത്താവുന്നതുമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരിൽ ഏകീകരിക്കുന്ന വകുപ്പ് തലവന്റെ പേര് പ്രിൻസിപ്പൽ ഡയറക്ടർ എന്നായിരിക്കും. നിലവിലുള്ള ജീവനക്കാർക്ക് ദോഷം വരാതെയായിരിക്കും ഏകീകരണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള ഗ്രാമവികസന കമ്മിഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ മൂന്നു വകുപ്പുകൾ സംയോജിപ്പിച്ച് റൂറൽ, അർബൻ എന്നീ രണ്ടു വിഭാഗങ്ങൾ രൂപീകരിക്കും. ഗ്രാമവികസന വകുപ്പ് കമ്മിഷണർ, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവർക്ക് പകരം ഡയറക്ടർ, എൽഎസ്ജിഡി (റൂറൽ), ഡയറക്ടർ എൽഎസ്ജിഡി (അർബൻ) എന്നീ തസ്തികകൾ നിലവിൽ വരും. പ്രവർത്തന രീതികളുടെ സമാനത മാത്രമല്ല ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ചത്.

ഗ്രാമ — നഗര വികസനത്തിനായി പ്രവർത്തിക്കുന്നവയാണ് ഈ അഞ്ച് വകുപ്പുകളും. എന്നാൽ പ്രത്യേക മേധാവിയും ഉദ്യോഗസ്ഥ സംവിധാനവുമായി അവ വേറിട്ടു നിൽക്കുകയും ചെയ്യുന്നു. ഇത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തടസമാകുന്നു എന്നു മാത്രമല്ല ജനങ്ങൾക്ക് അവരുടെ സേവനങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിവിധ തട്ടുകളിലായി കിടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മികച്ച പ്രാദേശിക ഭരണത്തിനും ഏകീകൃത ഉദ്യോഗസ്ഥ സംവിധാനം നടപ്പിലാക്കുന്നത്. ഭരണ രംഗത്തെ പരിഷ്കരണങ്ങൾക്കായി കേരളപ്പിറവി മുതൽ ശ്രമങ്ങൾ ഉണ്ടായിരുന്നതാണ്.

സിപിഐയുടെ നേതൃത്വത്തിലുണ്ടായിരുന്ന ആദ്യസർക്കാർ ഇതിനായി ഒരു കമ്മിഷനെ നിയോഗിക്കുകയുണ്ടായി. മുഖ്യമന്ത്രി തന്നെ അധ്യക്ഷനായിട്ടായിരുന്നു സമിതി. പ്രസ്തുത സമിതി നല്കിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങളിലൊന്നായിട്ടാണ് 1960ൽ ഐക്യ കേരളത്തിനാകെ ബാധകമാകുന്ന പഞ്ചായത്ത് ആക്ട് നിലവിൽ വന്നത്. പിന്നീട് 1965 ൽ എംകെ വെള്ളോടിയുടെ നേതൃത്വത്തിൽ രണ്ടാമത്തെയും 1997 ൽ ഇ കെ നായനാർ അധ്യക്ഷനായി മൂന്നാമത്തെയും ഭരണ പരിഷ്കാര കമ്മിഷനുകളുണ്ടായി. കൃത്യമായ ഇടവേളകളിൽ ഭരണ പരിഷ്കാര ശ്രമങ്ങളുണ്ടായില്ലെന്ന പോരായ്മയുണ്ടെങ്കിലും മുൻ കമ്മിഷനുകളുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുക വഴി ഭരണരംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കാനായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ രൂപീകരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ കമ്മിഷൻ നിലവിലുണ്ട്. ഇതിനിടയിലാണ് ലോക്കൽ ഗവൺമെന്റ് കമ്മി­­­ഷൻ സമർപ്പിച്ച കരട് ചട്ടങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ച് ഇപ്പോഴത്തെ വകുപ്പ് ഏകീകരണ തീരുമാനം ഉണ്ടായിരിക്കുന്നത്. തീർച്ചയായും ഭരണരംഗത്ത് കാലാനുസൃതമായ പരിഷ്കാരങ്ങൾ ഉണ്ടാവുകയെന്നത് അനിവാര്യമാണ്. ഇപ്പോൾ കൈക്കൊണ്ട തീരുമാനം ആ ദിശയിൽ വളരെ സ്വാഗതാർഹമായ കാര്യമാണ്. ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നിലവിൽവന്ന ത്രിതല പഞ്ചായത്ത് സംവിധാനം അധികാര വികേന്ദ്രീകരണ രംഗത്തുള്ള വലിയ ചുവടുവയ്പായിരുന്നു.

അധികാരം ജനങ്ങളിലേയ്ക്ക് എന്ന ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതുണ്ടായതെങ്കിലും കോൺഗ്രസ് ഭരിച്ചിരുന്നതോ ഭരിക്കുന്നതോ ആയ സംസ്ഥാനങ്ങളിൽ പോലും അത് പൂർണാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടിട്ടില്ല. എന്നാൽ അതിൽ നിന്ന് വിഭിന്നമായി പ്രസ്തുത നിയമത്തിന്റെ ചുവട് പിടിച്ച് അധികാര വികേന്ദ്രീകരണം യാഥാർത്ഥ്യമാക്കുന്നതിന് നല്ല മുൻകൈ പ്രവർത്തനങ്ങൾ ഉണ്ടായ സംസ്ഥാനമാണ് കേരളം. ജനകീയാസൂത്രണം ഇതിന്റെ നല്ലൊരു ഉദാഹരണമാണ്. ജനകീയ പങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയെന്ന മഹത്തായൊരു കാഴ്ചപ്പാട് പ്രവർത്തന പഥത്തിലെത്തിക്കുകയായിരുന്നു ഇതിലൂടെ. എന്നാൽ പല വകുപ്പുകളായി ചിതറിക്കിടക്കുന്ന സ്ഥിതിവിശേഷം ഇതിന്റെ വേഗതയിലുള്ള മുന്നോട്ടുപോക്കിന് തടസമാവുന്നുണ്ട്.

കൂടാതെ പല തട്ടുകളിലുള്ള ഉദ്യോഗസ്ഥസംവിധാനവും വിഘാതമായിതീരുന്നു. ഇതുകാരണം ഗ്രാമസഭകളിൽ ആസൂത്രണം ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് കാലതാമസമുണ്ടാക്കുകയും ചെയ്യുന്നു. മാത്രവുമല്ല സാധാരണക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ വൈകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു. ധനവിനിയോഗത്തിൽ വരുന്ന കാലതാമസം ഫണ്ട് പാഴായിപ്പോകുന്നതിനും കാരണമാകാറുണ്ട്. ഈ പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ ഇപ്പോഴത്തെ തീരുമാനം വളരെയേറെ സഹായകമായിരിക്കുമെന്നതിൽ തർക്കമില്ല. ഇതിന് സമാനമായി സാധാരണക്കാർക്ക് എളുപ്പത്തിൽ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന തരത്തിൽ സർക്കാർ സേവന രംഗത്തും ഉദ്യോഗസ്ഥതലത്തിലും കൂടുതൽ പരിഷ്കരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിത യുവാക്കളുടെ സർക്കാർ ജോലിയെന്ന വലിയ സ്വപ്നത്തിന് ഭംഗം വരുത്തുന്നതാകാതിരിക്കാനുള്ള ജാഗ്രതയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം.