27 March 2024, Wednesday

ചരിത്രം ഇത്തരക്കാർക്ക് ഒരിക്കലും മാപ്പുനൽകില്ല

Janayugom Webdesk
July 14, 2022 5:00 am

കേവലം സിംഹരൂപത്തിന് മാറ്റം വരുത്തുകയല്ല, മറിച്ച് താനാണ് രാഷ്ട്രം എന്ന ധാർഷ്ട്യത്തോടെ ഈ രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുക കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ‘ഞാനാണ് രാഷ്ട്രം’ എന്ന് ധാർഷ്ട്യത്തോടെ പറഞ്ഞ ഫ്രാൻസിലെ ലൂയി പതിനാറാമനും നരേന്ദ്രമോഡിയും തമ്മിൽ എന്തുവ്യത്യാസം? എന്നാൽ ചരിത്രം ലൂയി പതിനാറാമനോട് യാതൊരു ദയാദാക്ഷിണ്യവും കാട്ടിയിട്ടില്ല. ആത്യന്തികമായി ജനങ്ങളുടെ ഹിതമായിരിക്കും വിജയിക്കുക. ദേശീയ ചിഹ്നം പരിഷ്കരിച്ച് രൂപം മാറ്റി അപമാനിക്കുക, അതിന്റെ അനാവരണച്ചടങ്ങ് കടുത്ത ഭരണഘടനാലംഘനമായി മാറ്റുക, ജനാധിപത്യത്തില്‍ പരമോന്നതമായ പാര്‍ലമെന്റിനെ അപമാനിക്കുക, മതപരമായ പൂജയിലൂടെ തീവ്രദേശീയതയെ പ്രോത്സാഹിപ്പിക്കുക തുടങ്ങി ജനാധിപത്യമൂല്യങ്ങളെയും ഭരണഘടന അനുശാസിക്കുന്ന തത്വങ്ങളും കാറ്റിൽ പറത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി.

പുതിയ പാർലമെന്റ് സമുച്ചയത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ട അശോകസ്തംഭമാണ് വിവാദവിഷയം. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും അവർക്ക് ആശയവും ആദർശവും വിളമ്പുന്ന സംഘ്പരിവാരവും തങ്ങൾ ഈ ജനാധിപത്യരാജ്യത്ത് എന്തും ചെയ്യുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ഇതിഹാസ‑പുരാണ കഥാപാത്രങ്ങളെ രൗദ്രഭാവത്തിൽ ഉടച്ചുവാർത്ത് സംഘ്പരിവാർ അണികൾക്ക് ഉത്തേജനം പകരുന്ന അതേ പ്രക്രിയയാണ് ദേശീയചിഹ്നത്തില്‍ ഉണ്ടാക്കിയ രൂപമാറ്റം. അതിദേശീയതയുടെ വികാരങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്നതിലും അതിലൂടെ അധികാരം നേടിയെടുക്കുന്നതിലും ബിജെപി-സംഘ്പരിവാർ ശക്തികൾക്ക് കഴിഞ്ഞു. അധികാരം നിലനിർത്താനായി രാജ്യചരിത്രത്തെയും മഹത്തായ പൈതൃകങ്ങളെയും വികലമാക്കി തങ്ങളുടെ കാര്യസാധ്യത്തിന് ഉപയോഗിക്കുന്ന ഹീനതന്ത്രം അശോകസ്തംഭത്തിന് മേൽ വരുത്തിയ മാറ്റത്തിലൂടെ പ്രകടമാണ്. പ്രൗ‍ഢമായ ദേശീയചിഹ്നത്തെ വികലമാക്കി അവതരിപ്പിക്കുന്നതിലൂടെ സംഘ്പരിവാറിന്റെയും ബിജെപിയുടെയും ഉള്ളിലെ ദുഷിപ്പും ജീർണതയും കൂടിയാണ് പുറത്തുവരുന്നത്. ബുദ്ധദർശനപ്രകാരം രൂപപ്പെടുത്തിയ ശാന്തരൂപിയായ സിംഹമുഖത്തെ ഗർജ്ജനരൂപിയാക്കി മാറ്റി രാജ്യത്തിന്റെ വീര്യം തെളിയിക്കാനാണ് ശ്രമം.


ഇതുകൂടി വായിക്കു; ഭരണപരാജയങ്ങള്‍ക്ക് മറപിടിക്കുന്ന വിദ്യാഭ്യാസ നയം | Janayugom Editorial


നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമാക്കേണ്ടതിന് പകരം ഇത്തരം കാപട്യങ്ങളിലൂടെ തീവ്രഹിന്ദുപക്ഷപാതികളുടെ കയ്യടി നേടുകയാണ് മോഡിയും സംഘവും ലക്ഷ്യം വയ്ക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഓർമ്മകളെ മറയ്ക്കാൻ സർദാർ വല്ലഭഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതുപോലെയുള്ള വങ്കത്തരങ്ങളാണ് മോഡി ആവര്‍ത്തിക്കുന്നത്. മതേതര രാജ്യത്തെ ദേശീയ ചിഹ്നത്തിന് രൂപമാറ്റം വരുത്തി അപമാനിച്ചെന്ന് മാത്രമല്ല മതപരമായ പൂജനടത്തി അപഹാസ്യനാകുംവിധം അധികാരമത്ത് പിടിച്ചിരിക്കുകയാണ് പ്രധാനമന്ത്രിക്ക്. ലൂയിപതിനാറാമന്റെ കാലത്തെന്ന പോലെ നരേന്ദ്രമോഡിയും അമിത് ഷായും കുത്തക മുതലാളിമാർക്കുവേണ്ടി രാജ്യം ഭരിക്കുന്നു. അംബാനിയെയും അഡാനിയെയും പോലെയുള്ളവർ അവർക്ക് സ്തുതിപാടി തടിച്ചുകൊഴുക്കുന്നു. രാജ്യത്തെ സാധാരണജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും ആദിവാസികളും പിന്നാക്കജനവിഭാഗവും ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും പടുകുഴികളിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുന്നു.

രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ മാത്രമല്ല ജനാധിപത്യവിശ്വാസികൾ ഒന്നടങ്കം ഈ പ്രവൃത്തിയിൽ വലിയ പ്രതിഷേധവും എതിർപ്പും ഉയർത്തിയിട്ടുണ്ട്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ ഇത് സംബന്ധിച്ച വിമർശനങ്ങളുടെയും എതിർപ്പുകളുടെയും കുത്തൊഴുക്കാണ്. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയും കോമാളിത്തരങ്ങൾ ഹീറോയിസമാണെന്ന് വരുത്തുകയുമാണ് ഭരണകൂടം. ദേശീയചിഹ്നമായ അശോകസ്തംഭത്തിലെ സിംഹരൂപങ്ങൾ സാരാനാഥിലെ സ്തൂപത്തിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. ബിസി 268 മുതൽ 232 വരെ മൗര്യസാമ്രാജ്യം ഭരിച്ച അശോകചക്രവർത്തിയുടെ കാലത്ത് ബുദ്ധമതതത്വങ്ങളെ അടിസ്ഥാനമാക്കി സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചതാണ് ഇത്തരം സ്തൂപങ്ങൾ. ദേശീയചിഹ്നത്തിന്റെ രൂപമാറ്റവും അതിന്റെ അനാച്ഛാദന ചടങ്ങും വിവാദമായതോടെ അശോകചക്രവർത്തിയെയും മൗര്യസാമ്രാജ്യ സംസ്കാരത്തെയും അപമാനിക്കുന്ന ന്യായവാദങ്ങളാണ് മുഖം രക്ഷിക്കാൻ സംഘ്പരിവാർ അണികളും ബിജെപി പ്രവർത്തകരും സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇക്കൂട്ടർക്ക് ചരിത്രവും ചരിത്രശേഷിപ്പുകളും സംസ്കാരവുമൊക്കെ ചതുർത്ഥിയാണ്. കാരണം, അധികാരത്തിന്റെ അമിതാർത്തികളെ എല്ലാക്കാലത്തും ചോദ്യം ചെയ്യാൻ പിൻബലമായിട്ടുള്ളത് ചരിത്രവസ്തുതകൾ തന്നെയാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.