ദേശീയപാത പകൽക്കൊള്ള ജനങ്ങൾ നേരിടേണ്ടിവരും

Web Desk
Posted on August 06, 2020, 6:00 am

കേന്ദ്ര സര്‍ക്കാരിന്റെ തണലിൽ ദേശീയപാത നിർമ്മാണങ്ങളിലെ അഴിമതി തുടർക്കഥയായി മാറുകയാണ്. ഒപ്പം സ്വകാര്യ കമ്പനികളെ ഉപയോഗപ്പെടുത്തി ഗതാഗത ചുങ്കം വഴിയും കോടികൾ കീശയിലാക്കുന്നു. രാജ്യത്തിന്റെ പൊതുവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും നിശ്ചയിക്കപ്പെട്ട പണം തെറ്റായ മാർഗത്തിലൂടെ അപഹരിച്ചെടുക്കുന്നത് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അറിവോടെയാണെന്ന് നിസംശയം പറയാം. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ആരംഭിച്ച ദേശീയപാത നിർമ്മാണങ്ങളും നവീകരണ പ്രവൃത്തികളും പലതും പാതിയിലാണ്. അതിനിടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ റോഡ് നിർമ്മാണത്തിന് ലക്ഷ്യമുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി പ്രഖ്യാപിച്ചത് മൂന്ന് മാസം മുന്‍പാണ്. ആരംഭിച്ച നിർമ്മാണങ്ങള്‍ അപൂർണതയും അപാകതയും നിറഞ്ഞ് അഴിമതിയിൽ മുങ്ങിക്കുളിച്ചവയാണ്.

ദേശീയപാത നിർമ്മാണ കരാറുകൾ നേടുന്നതിന് ദേശീയപാത അതോറിറ്റി അധികൃതർക്ക് കരാറുകാർ കോടികൾ നൽകിയതുമായി ബന്ധപ്പെട്ട സിബിഐ കേസ് ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നു. സിഡിഎം സ്മിത്ത് എന്ന അമേരിക്കൻ കമ്പനിപോലും ഉൾപ്പെട്ട വൻ കുംഭകോണത്തിൽനിന്ന് കേന്ദ്രമന്ത്രാലയവുമായി ബന്ധപ്പെട്ട വമ്പന്മാരെ രക്ഷിക്കാനാണ് ഈ കേസിൽ മോഡി സര്‍ക്കാർ സിബിഐയെ തളച്ചിരിക്കുന്നത്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മാത്രമല്ല‍, ഡയറക്ടർ ജനറൽ ഓഫ് സെൻട്രൽ എക്സൈസ് ആന്റ് ഇന്റലിജന്‍സ് (ഇപ്പോഴത്തെ ജിഎസ്‌ടി) ഉദ്യോഗപ്രമുഖരും ബന്ധപ്പെട്ട കേസാണ് അന്വേഷണം മരവിപ്പിച്ച് അതുവഴിയും കാണാകാശ് സമ്പാദിച്ചതായി സംശയിക്കുന്നത്. 2011 മുതൽ 33 കൺസൾട്ടൻസി കരാറുകളിലാണ് വൻ അഴിമതി നടന്നതായി കണ്ടെത്തിയത്. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 1.2 മില്യൺ അമേരിക്കൻ ഡോളർ കൈക്കൂലി നൽകിയ വിവരം ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഡിഎം സ്മിത്ത് അധികൃതർ തന്നെ വെളിപ്പെടുത്തിയതാണ്. 2017 ഡിസംബറില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈപ്പറ്റി സിബിഐ 2018ൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് രാഷ്ട്രീയ ഇടപെടൽ ഉണ്ടായത്. കേന്ദ്ര സർക്കാരും ഉപരിതല മന്ത്രാലയവും ഇതേക്കുറിച്ച് തുടരുന്ന മൗനം അഴിമതിയെല്ലാം തുറന്നു സമ്മതിക്കുന്നതിന് തുല്യമാണ്.

ഇന്നിപ്പോൾ സിപിഐയും എഐവൈഎഫും തുടക്കം മുതൽ ചൂണ്ടിക്കാട്ടിയ മണ്ണുത്തി-അങ്കമാലി ദേശീയപാത വികസനത്തിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 2006 മുതൽ 2016 വരെയുള്ള നിർമ്മാണ കാലയളവിലെ 102,44 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. കരാർ വ്യവസ്ഥകളൊന്നും നിർമ്മാണം കൈകാര്യം ചെയ്തിരുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ എന്ന ഇടനിലക്കാർ പാലിച്ചിട്ടില്ല. എസ്ആർഇഐ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ എംഡി വിക്രം റെഡ്ഡി ദേശീയപാത അതോറിറ്റി അധികൃതരുമായി ഗൂഢാലോചന നടത്തിയാണ് പൊതുഫണ്ട് കൊള്ള ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ മുൻ കേന്ദ്ര സർക്കാരിന്റെയും ഒന്നാം മോഡി സർക്കാരിലെ ഉപരിതല മന്ത്രാലയത്തിന്റെയും പങ്ക് ചെറുതല്ല. കോൺഗ്രസ് നോമിനിയായി തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മണ്ണുത്തി-അങ്കമാലി ഉൾപ്പെടെ തെക്കേഇന്ത്യയിലെ ഒട്ടുമിക്ക ദേശീയപാത നിർമ്മണവും കരാർ എടുത്തത്. ഒന്നാം മോഡി സര്‍ക്കാരിൽ ഗതാഗതമന്ത്രാലയത്തിന്റെ സഹമന്ത്രിയായിരുന്ന പൊൻ രാധാക‍‍‍ൃഷ്ണന്റെ നിരന്തര നിരീക്ഷണത്തിലാണ് മണ്ണുത്തി-അങ്കമാലി റീച്ചിലെ അവസാനഘട്ട നിർമ്മാണവും നടന്നതെന്നതും ശ്രദ്ധേയമാണ്. കേസ് ഗൗരവമായി അന്വേഷിക്കാന്‍ സിബിഐ തയ്യാറായാൽ വമ്പന്മാരായിരിക്കും ഇവിടെ കുടുങ്ങും.

ദേശീയപാത നിര്‍മ്മാണത്തിനുപുറമെ, പാലിയേക്കര ടോൾ പ്ലാസയുടെ കാര്യത്തിലും വന്‍ കൊള്ളയാണ് നടക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ രേഖകളിൽ ദേശീയപാത നിർമ്മാണത്തിനായി 721.21 കോടി രൂപ ചെലവഴിച്ചതായാണ് വിവരിക്കുന്നത്. 2020 മെയ് വരെ 800.31 കോടി രൂപ പൊതുജനങ്ങളിൽ നിന്ന് പാലിയേക്കര ടോൾ പ്ലാസയിലൂടെ സ്വരൂപിച്ചതായും പറയുന്നു. ദേശീയപാത നിർമ്മാണത്തിന്റെ യഥാർത്ഥ ചെലവിനേക്കാൾ 80 കോടി രൂപ അധികം പിരിച്ചെടുത്തുവെന്നതാണ് ഈ കണക്കുകൾ പറയുന്നത്. കരാർ പ്രകാരം ടോൾ പിരിവ് ഇനിയും എട്ട് വർഷത്തിനടുത്ത് തുടരാനും കമ്പനിക്ക് അനുവാദമുണ്ട്. 2012 ഫെബ്രുവരി ഒമ്പതിനാണ് ടോൾ പിരിവ് ആരംഭിച്ചത്. 2028 ലായിരിക്കും ടോൾ പിരിവ് അവസാനിക്കുക. ഇനിയും 1,200 കോടി രൂപ കൂടി പിരിച്ചെടുക്കാൻ ഇവർക്കാകും. നിയമപ്രകാരം നിർമ്മാണത്തിനായി ചെലവഴിച്ച തുക ഈടാക്കിയാൽ ടോൾ കുറയ്ക്കണമെന്നാണ് ചട്ടം. ആ നീതിപോലും കരാറുകാരും ദേശീയപാത അതോറിറ്റിയും കേന്ദ്രസർക്കാരും ജനങ്ങളോട് കാണിച്ചില്ല. ഒരുവഴിക്ക് ക്രമക്കേടും അഴിമതിയും മറുവശത്ത് പകൽക്കൊള്ളയും തുടരുന്ന കേന്ദ്രഭരണത്തിനെതിരെ ജനങ്ങളുടെ ഇടപെടൽതന്നെയാണ് അനിവാര്യം.