അവയവദാനത്തിലും ഉന്നതമാകണം നമ്മൾ

Web Desk
Posted on July 23, 2020, 5:30 am

രിക്കും മുമ്പൊരു മനസുണ്ടാകണം, ഒരു മനുഷ്യൻ ഇങ്ങനെയും ഒന്ന് ആഗ്രഹിക്കുന്നത് മരിച്ചുജീവിക്കുന്ന മറ്റനേകം മനുഷ്യർക്ക് ആശ്വാസമാണ്. പ്രാണൻ പകുത്തുനൽകി മരണത്തെപ്പുല്‍കുന്ന മനുഷ്യനാണ് ഭൂമിയിലെ യഥാർത്ഥ ദൈവം. ആ ഗണത്തിലേക്ക് അവസാനം ചേർക്കപ്പെട്ടിരിക്കുന്നത് ഒരു ചെറുപ്പക്കാരൻ. കൊട്ടാരക്കര സ്വദേശി അനുജിത്തിനെ വാഴ്‌ത്താത്തവർ ഇന്ന് മലയാളനാട്ടിലില്ല. ഇരുപത്തിയേഴ് വർഷം, ഈ കൊച്ചുജീവിതത്തിൽ അവൻ പുതുജീവൻ നൽകിയത് നൂറുകണക്കിനാളുകൾക്ക്. അനുജിത്തിന്റെ ഹൃദയം ഇന്നലെമുതൽ തൃപ്പുണ്ണിത്തുറ സ്വദേശി സണ്ണി തോമസിനുവേണ്ടി മിടിച്ചുതുടങ്ങിയെന്ന വൈദ്യസ്ഥിരീകരണം കേട്ട് കണ്ണീരാശ്രു പൊഴിച്ചവരേറെയാണ്. നിസ്വാര്‍ത്ഥമായ അവന്റെ സ്നേഹത്തിനും കാരുണ്യത്തിനും നന്ദിപറഞ്ഞുകൊണ്ട്.

അനുജിത്തിനെപ്പോലെ സഹജീവിസ്നേഹം വാക്കിലും നോക്കിലും ഒതുക്കാതെ പ്രാവർത്തികമാക്കി മടങ്ങിയവർ മാത്രമല്ല, ജീവിച്ചിരിക്കെ അവയവങ്ങൾ ദാനം ചെയ്ത് അവതാര ധർമ്മം നിറവേറ്റി ദൈവതുല്യരായി നിലകൊള്ളുന്നവരും ഒരുപാടാണ്. പ്രതിഫലമോ പ്രസിദ്ധിയോ ആഗ്രഹിക്കാതെ സഹായം ചെയ്യുന്നവരും ലോകത്തേറെയാണ്. ഇതെല്ലാം ലാഭത്തിനുവേണ്ടിയുള്ള ഉപാധിയാക്കിമാറ്റുകയും ദോഷമകറ്റാനും ശത്രുദൃഷ്ടിപതിക്കാതിരിക്കാനും സ്വയം പ്രമുഖഗണനീയരാവുകയും ചെയ്യുന്ന ജന്മങ്ങളും വേണ്ടുവോളമുണ്ട്. പലവിധകാഴ്ചകളിലൂടെ ലോകം മനുഷ്യരെ പരസ്പരം തൊട്ടുകാണിക്കുമ്പോൾ വേറിട്ടുനിൽക്കുന്നത്, ഉറ്റവരിൽനിന്ന് അകലുംമുമ്പ് തുടിക്കുന്ന അവയവങ്ങളെല്ലാം മറ്റനേകം പേരുടെ ജീവിതത്തിന് വെളിച്ചമായി പകുത്തുകൊടുത്ത അനുജിത്തും ലാലിയും നീലകണ്ഠശർമ്മയും അങ്ങനെ പറഞ്ഞുതീരാത്തത്ര മനുഷ്യാവതാരങ്ങള്‍ തന്നെയാണ്.

അനുജിത്ത് വിദ്യാർത്ഥിയായിരിക്കെയാണ് റയിൽവെ പാളത്തിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്തും ദൂരെനിന്നും വരുന്ന ട്രെയിൻ തന്റെ കയ്യിലെ ചുവന്ന പുസ്തകസഞ്ചിവീശി വൻദുരന്തം ഒഴിവായതിന്റെ കാരണഭൂതനുമായത്. വന്നടുത്ത ട്രെയിനിനുള്ളിൽ ഉണ്ടായിരുന്ന അനേകമനേകം മനുഷ്യജീവനുകൾക്ക് അന്നവൻ തുണയായി. അഗ്നി രക്ഷാ സേനയുടെ സിവിൽ ഡിഫൻസ് വൊളന്റിയറായും രക്തദാനാസംഘാംഗമായും പിന്നെയും ഓടിനടന്നു. ഇരുപത്തിയേഴാം വയസിൽ അപ്രതീക്ഷിതമായുണ്ടായ ബൈക്കപകടം അനുജിത്തിന്റെ ജീവനെടുക്കുംവിധമായി. ഇന്നവൻ ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ എട്ടുപേരിലാണ് ദീപമായി തെളിയുന്നത്. അവരും അവരുടെ തലമുറകളും അനുജിത്തിനെയും ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തെയും വിസ്മരിക്കില്ല. അനുജിത്തും അതിനുമുൻപേ ഈവിധം വഴികാട്ടിയായവരും കാണിച്ച മാതൃക, ഒരു സാമൂഹിക കടമയെന്നോണം തുടരണം.

ഏതെങ്കിലും ഒരുഘട്ടത്തില്‍ കടലാസുകളിലൊപ്പുവച്ച് ഒതുങ്ങേണ്ടതല്ല അ­വയവദാനസമ്മതം. പ­ലപ്പോഴും ക്യാമ്പുകളിൽ നൽകുന്ന സമ്മതപത്രങ്ങൾ പിന്നീട് ഉപകരിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കുന്നവരുടെ പെരുകിവരുന്ന എണ്ണം ഇത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അവയവങ്ങളുടെ ദൗർലഭ്യമാണ് ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധി. ഹൃദയവും ശ്വാസകോശവും പാൻക്രിയാസും കണ്ണുകളുമെല്ലാം ദാനം ചെയ്യാൻ മരണാനന്തരമേ സാധ്യമാകൂ. വൃക്കയും കരളും ഉൾപ്പെടെയുള്ള പല അവയവങ്ങളും ജീവിച്ചിരിക്കുന്ന ഒരു ആരോഗ്യവാന് പകുത്തുനൽകാനാവും. മരണാനന്തര അവയവദാനത്തിന്റെ പ്രസക്തിയാണ്, ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്നവരുടെ എണ്ണവും പൂർത്തിയാവുന്ന ശസ്ത്രക്രിയകളുടെയും എണ്ണവും തമ്മിലുള്ള വ്യത്യാസം ഉയർത്തിക്കാട്ടുന്നത്.

പതിനായിരക്കണക്കിനുപേർ കാത്തിരിക്കുമ്പോൾ ഒരുവർഷം പരമാവധി ശസ്ത്രക്രിയ നടക്കുന്നത് അഞ്ഞൂറുപേരുടേതാണ്. 1954 മുതൽ ഇങ്ങോട്ട് ലോകം അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടർന്നുപോരുന്നുണ്ട്. 1965ൽ മുംബൈയിലെ കെഇഎം ആശുപത്രിയിൽ നടന്ന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയോടെ ഇന്ത്യയും തുടക്കമിട്ടു. ഓരോ രാജ്യത്തിനും അവരുടേതായ പ്രത്യേക നിയമങ്ങളും ഇതിനായുണ്ട്. 1994ലാണ് ഇന്ത്യ, മനുഷ്യശരീരാവയവങ്ങൾ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച നിയമം (ട്രാന്‍സ്‌പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓർഗൺ ആക്ട്-ടിഎച്ച്ഒഎ) കൊണ്ടുവരുന്നത്. 2011ൽ ഭേദഗതിവരുത്തി ഇന്നത്തെ രീതിയിലേക്ക് കൂടുതൽ സുതാര്യമായും വേഗത്തിലും ശസ്ത്രക്രിയകൾ നടപ്പാക്കാനുള്ള സൗകര്യമൊരുങ്ങിയത്. വൈകാതെ കേരളത്തിൽ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിങ് ‑കെഎൻഒഎസ് എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സംരംഭം നിലവില്‍ വരികയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആസ്ഥാനമായി ഇതിന്റെ പ്രവര്‍ത്തനം സുശക്തമായി നടപ്പാക്കാനുമായി. അപ്പോഴും അവയവദാനത്തിന്റെ മഹത്വം അവയവം സ്വീകരിക്കുന്നവരുടെ ഉറ്റവരിൽ ആ സമയം ഉടലെടുക്കുന്ന ഒരു അവസ്ഥമാത്രമാവുകയാണ്.

ലഭ്യമായ വിവരം അനുസരിച്ച് 13 പേരിൽ ഹൃദയം മാറ്റിവയ്ക്കലും 187 പേരിൽ വൃക്ക മാറ്റിവയ്ക്കലും 74 പേരിൽ കരൾ മാറ്റിവയ്ക്കലും ഒരോരുത്തരിൽ പാൻക്രിയാസ്, കൈപ്പത്തി, ചെറുകുടൽ മാറ്റിവയ്ക്കലും നടത്താനായെന്നാണ്. അപകടങ്ങളിൽപ്പെട്ടവരുടെയോ മറ്റേതെങ്കിലും കാരണത്താലോ മരണത്തിലേക്ക് എത്തുന്നവരുടെ അവയവങ്ങൾക്കായാണ് നമ്മുടെ സമൂഹം കാത്തുനിൽക്കുന്നതെന്നാണ് ഈ ചെറിയ സംഖ്യ വ്യക്തമാക്കുന്നത്. വീടുകളിൽ വച്ച് മരണം സംഭവിക്കുന്നവരുടെ നേത്രദാനത്തിന്റെ സാധ്യതകളെക്കുറിച്ച് വൈദ്യലോകവും ആരോഗ്യസന്നദ്ധസേനകളും ആവർത്തിച്ച് ബോധ്യപ്പെടുത്തിയിട്ടും അത്തരം ചിന്തകളിലേക്ക് നമ്മുടെ മനസ്സെത്തുന്നില്ല. ആരോഗ്യരംഗത്തും സധൈര്യം ആപത്തുകളെ നേരിടുന്നതിലും കേരളത്തിന്റെ കൈകോർക്കൽ ലോകത്ത് ഒന്നാമതായി നിലകൊള്ളുമ്പോൾ, അവയവദാനത്തിലും ആ നേട്ടം കൈവരിക്കാനാകുന്നത് അതിലും ഉന്നതമായിരിക്കും.