Web Desk

June 25, 2020, 5:00 am

അതിര്‍ത്തിയില്‍ സമാധാനമായിരിക്കും വിവേകപൂര്‍ണമായ നയതന്ത്രം

Janayugom Online

കോര്‍പ്‌സ് കമാന്‍ഡര്‍തലത്തില്‍ ചെെനീസ് അതിര്‍ത്തിയിലെ മോള്‍ഡോയില്‍ തിങ്കളാഴ്ച നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ലഡാക്ക് അതിര്‍ത്തിയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ സമാധാനം കെെവരുന്നതായ വാര്‍ത്ത തികച്ചും സ്വാഗതാര്‍ഹമാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇരുസെെന്യങ്ങളും പിന്മാറുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ചര്‍ച്ചയില്‍ ധാരണയായതായി രണ്ട് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയ വക്താക്കള്‍ സ്ഥിരീകരിച്ചിരുന്നു. സംഘര്‍ഷം നിലനിന്നിരുന്ന എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇരു സെെന്യങ്ങളും പിന്മാറും.

അത്തരം ഒരു ധാരണ ജൂണ്‍ ആറിന് കോര്‍പ്‌സ് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. അന്നത്തെ ധാരണ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കാന്‍ കഴിയാതെ വന്നതാണ് ഇരുപത് ഇന്ത്യന്‍ സെെനികരുടെ വിലപ്പെട്ട ജീവന്‍ നഷ്ടമാക്കിയത്. സെെനിക പിന്മാറ്റം സംബന്ധിച്ച കോര്‍പ്സ് കമാന്‍ഡര്‍തല ചര്‍ച്ചകള്‍ തുടരുമെന്ന് ഇന്ത്യന്‍ സെെനിക ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതല ചര്‍ച്ചകള്‍ക്കും സാധ്യതയുള്ളതായാണ് സൂചന. ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷപൂര്‍ണമായ അന്തരീക്ഷത്തിന് ഏതാണ്ട് ആറ് ആഴ്ചകളുടെ പഴക്കമുള്ളതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സമയോചിതമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിലും ആരംഭിച്ച ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിലും ഇരുഭാഗത്തും വീഴ്ചയുണ്ടായതായി വേണം കരുതാന്‍. ഉന്നത സെെനിക ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയവും ഈ കാലയളവില്‍ നടത്തിയ പ്രസ്താവനകളും പത്രക്കുറിപ്പുകളും സൂചിപ്പിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടില്ലെന്നു തന്നെയാണ്. അങ്ങനെയെങ്കില്‍ ജൂണ്‍ 19 നു­ണ്ടായ ഏറ്റുമുട്ടലിലേക്ക് നയിച്ചത് സെെ­നിക, നയതന്ത്രതലങ്ങളിലെ‍ സമയോചിതമായ ഇടപെടലിന്റെ അഭാവമാണ്.

അവിടെ രാഷ്ട്രീയ നേതൃത്വത്തിനുണ്ടായ വീഴ്ചയും അവഗണിക്കാവുന്നതല്ല. ആ വീഴ്ച വ്യക്തമായും നയതന്ത്ര പരാജയമായെ കാണാനാവൂ. രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളും തീരുമാനങ്ങളും വ്യക്തികേന്ദ്രീകൃതമായി മാറിയതിന്റെ പരിണിതഫലമാണ് അത്. എല്ലാ അധികാരങ്ങളും തീരുമാനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ കേവലം മുഖമറകള്‍ മാത്രമായി അധഃപതിച്ചിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തെ അഭിമുഖീകരിച്ചു മാത്രമെ അയല്‍ബന്ധങ്ങളും സമാധാനവും തിരിച്ചുപിടിക്കാന്‍ രാജ്യത്തിനാവൂ.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ പുത്തന്‍ ഔന്നത്യങ്ങള്‍ കെെവരിച്ചുവെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഗല്‍വാന്‍ താഴ്‌വരയിലെ സംഭവങ്ങള്‍ തുറന്നുകാട്ടുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചെെനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി 18 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സബര്‍മതിയിലും മഹാബലിപുരത്തും വുഹാനിലും നടന്ന കൂടിക്കാഴ്ചകള്‍ നയതന്ത്രരംഗത്തെ മഹാസംഭവങ്ങളായാണ് ചിത്രീകരിക്കപ്പെട്ടത്. മോഡി അഞ്ച് തവണ ചെെന സന്ദര്‍ശിച്ചു. ഏറ്റവും അധികം ചെെന സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന റെക്കോഡും അദ്ദേഹത്തിന്റേതാണ്.

പ്രചാരണ തന്ത്രങ്ങള്‍ക്ക് അപ്പുറം അവയെല്ലാം വൃഥാ വ്യായാമങ്ങളായിരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. എല്ലാ നയതന്ത്ര മര്യാദകളും കാറ്റില്‍പറത്തി ലാഹോറില്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ച് വാര്‍ത്തയില്‍ നിറഞ്ഞ നയതന്ത്ര വ്യായാമം എത്രത്തോളം പരിഹാസ്യമായി മാറിയെന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. ദക്ഷിണേഷ്യയില്‍ ഒരു അയല്‍രാജ്യവുമായും മികച്ച നയതന്ത്ര ബന്ധം നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല അവയെല്ലാം ഏറ്റക്കുറച്ചിലോടെ ഇന്ത്യയുടെ മിത്രപദവിയില്‍ നിന്നും പുറത്തായിരിക്കുന്നു. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ സഹകരണ സംഘടനയായ സാര്‍ക് അക്ഷരാര്‍ത്ഥത്തില്‍ ‘ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു’ എന്ന അവസ്ഥയിലാണ്.

യുഎസ് സാമ്രാജ്യത്വ ഭരണകൂടത്തിന്റെയും ട്രംപിന്റെയും പ്രീതി നേടിയെടുക്കാനുള്ള ശ്രമത്തില്‍ ഇന്ത്യക്ക് നഷ്ടമായത് അയല്‍രാജ്യങ്ങളുമായുളള സൗഹൃദവും സഹകരണവുമാണ്. ചെെനയുമായുള്ള സംഘര്‍ഷത്തിന് താല്‍ക്കാലികമായി അയവു വന്നുവെങ്കിലും തീവ്ര ദേശീയത ഉയര്‍ത്തുന്ന ആരവങ്ങളും അവ സൃഷ്ടിക്കുന്ന വിദ്വേഷത്തിന്റെ അന്തരീക്ഷവും അവഗണിക്കപ്പെട്ടുകൂട. തീവ്ര ദേശീയത ഉയര്‍ത്തുന്ന ചെെനാബഹിഷ്കരണ ആരവങ്ങളുടെ നിരര്‍ത്ഥകതയും അപകടവും ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ (ടിപിസിഐ) അധ്യക്ഷന്‍ മോഹിത് സിങ്ഗള തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. വ്യാപാരകമ്മി 5000 കോടി ഡോളറാണ്. പല കാതല്‍ മേഖലകളും ചെെനീസ് ഇറക്കുമതി കൂടാതെ നിശ്ചലമാകുന്ന സാഹചര്യം വിസ്മരിച്ചുകൂട.

‘ആത്മനിര്‍ഭര്‍ ഭാരത്’ ആകര്‍ഷകമായ മുദ്രാവാക്യമായിരിക്കാം. പക്ഷെ, ആ ലക്ഷ്യത്തിലെത്താന്‍ നമുക്ക് ദശകങ്ങള്‍ തന്നെ വേണ്ടിവരും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരമാധികാരവും ആത്മാഭിമാനവും പണയപ്പെടുത്താതെയുള്ള മികച്ച അയല്‍ബന്ധവും പരസ്പരസഹകരണവുമാവും വിവേകത്തിന്റെ മാര്‍ഗ്ഗം. നയതന്ത്ര സാഹസികതയ്ക്കും നാടകീയതക്കും അപ്പുറം പ്രായോഗികവും യാഥാര്‍ത്ഥ്യബോധത്തില്‍ അധിഷ്ഠിതവുമായ രാഷ്ട്രീയ, നയതന്ത്ര,
സെെനികനീക്കങ്ങള്‍ക്കായിരിക്കണം ഊന്നല്‍.

ENGLISH SUMMARY: Peace at the bor­der is pru­dent diplomacy
You may also like this video