Web Desk

June 20, 2020, 3:30 am

ജനങ്ങളുടെമേലുള്ള പകല്‍ക്കൊള്ള അവസാനിപ്പിക്കണം

Janayugom Online

പെട്രോളും ഡീസലുമടക്കം പെട്രോളിയം ഇന്ധനങ്ങളുടെ വില കഴിഞ്ഞ 13 ദിവസങ്ങള്‍ തുടര്‍ച്ചയായി ഉയരുകയാണ്. പതിമൂന്ന് ദിവസങ്ങളിലായി പെട്രോള്‍ ലിറ്ററിന് 7.11 രൂപയും ഡീസല്‍ വില 7.67 രൂപ കണ്ടുമാണ് വര്‍ധിച്ചത്.

കോവിഡ് മഹാമാരിയുടെയും ആഴമേറിയ സാമ്പത്തിക സ്തംഭനത്തിന്റെയും ദുരിതനാളുകളില്‍ മോഡി ഭരണകൂടം ജനങ്ങളെ നിര്‍ദയം കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ഒന്‍പതുമുതല്‍ പതിനൊന്നു ശതമാനം വരെ അധിക ഭാരമാണ് ഇതുമൂലം ജനങ്ങള്‍ താങ്ങേണ്ടിവരുന്നത്. കോവിഡ് വ്യാധിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ അടച്ചുപൂട്ടലിനെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനം ഇനിയും പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. അക്കാരണത്താല്‍ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. അതിനു പുറമെയാണ് ചരക്കുനീക്കത്തിനുണ്ടാവുന്ന അധിക ചെലവ്. അത് സ്വാഭാവികമായും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന് കാരണമായിട്ടുണ്ട്.

വ്യാപകമായ തൊഴിലില്ലായ്മയും സാമ്പത്തിക സ്തംഭനവുംകൊണ്ട് നട്ടംതിരിയുന്ന ജനങ്ങള്‍ യാത്രയ്ക്കും അവശ്യവസ്തുക്കള്‍ക്കും കൂടുതല്‍ പണം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ വേണ്ടവിധം സഹായിക്കാന്‍ വിമുഖത കാട്ടുന്ന സര്‍ക്കാരാണ് ദുരിതകാലത്ത് പകല്‍ക്കൊള്ള നടത്തുന്നത്. പെട്രോളിയം ഇന്ധനവിലയ്ക്ക് മേല്‍ രാജ്യത്ത് നിലനിന്നിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിയത് 2010ലാണ്. അന്താരാഷ്ട്ര വിപണിവിലയ്ക്ക് അനുസൃതമായി ഇന്ധനവില ദിനംപ്രതി പുതുക്കി നിശ്ചയിക്കുക വഴി പെട്രോളിയം വില്പന കമ്പനികളുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് വില നിയന്ത്രണം നീക്കിയത്. അന്താരാഷ്ട്ര വില കുറയുന്നതിന് അനുസരിച്ച് ഉപഭോക്താവിന് അതിന്റെ മെച്ചം ലഭിക്കുമെന്നും പറഞ്ഞിരുന്നു. പക്ഷെ അത്തരം വാഗ്ദാനങ്ങള്‍ കേവലം ആകാശകുസുമങ്ങളായി മാറുന്നതാണ് അനുഭവം.

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയങ്ങള്‍ക്ക് ജനങ്ങള്‍ ബലിയാടാവുകയാണ്. ഗുരുതരമായ തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന സമ്പദ്ഘടനയെ താങ്ങിനിര്‍ത്താന്‍ ജ­നങ്ങളെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി എണ്ണവില മാറിയിരിക്കുന്നു. മെയ് അഞ്ചാം തീയതി കേ­ന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സെെസ് തീരുവ കുത്തനെ ഉയര്‍ത്തി. ഇപ്പോള്‍ അവയുടെ വിലയുടെ എഴുപത് ശതമാനത്തോളം നികുതി മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഒരു ലിറ്റര്‍ ഇന്ധനത്തിന് നല്‍കുന്ന വിലയുടെ മുന്നില്‍ രണ്ടിലധികവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന തീരുവകളും നികുതിയും സെസും മറ്റുമാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഏതാണ്ട് മൂന്ന് ശതമാനം കുറഞ്ഞ അവസരത്തിലാണ് ഇപ്പോഴത്തെ ദിനംപ്രതിയുള്ള വര്‍ധന. സമ്പദ്ഘടനയെ ശരിയായി നയിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ തങ്ങളുടെ വീഴ്ചകള്‍ക്ക് ജനങ്ങളെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ലോകത്തില്‍ പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ഏറ്റവും അധികം നികുതി ചുമത്തുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

കോര്‍പ്പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും കോവിഡിന്റെ പേരിലും അല്ലാതെയും വന്‍തോതിലുള്ള നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും വാരിക്കോരി നല്‍കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത ഭരണകൂടമാണ് ജനങ്ങളെ ഞെക്കിപ്പിഴിയുന്നതും ജീവിതം ദുസ്സഹമാക്കുന്നതും. സമ്പദ്ഘടനയുടെ സ്തംഭനാവസ്ഥ കാരണം പെട്രോളിയം ഇന്ധനങ്ങളുടെ ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇതര മേഖലകളില്‍ നിന്നുള്ള നികുതി വരുമാനത്തിലും ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ആ കുറവ് പെട്രോളിയം ഇന്ധന നികുതിയിലൂടെ നികത്താനാണ് ശ്രമം. അത് ജനങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്തം വിനാശകരമായാണ് വന്നുഭവിച്ചിരിക്കുന്നത്. കുടുംബങ്ങളുടെ ഭക്ഷണ ആവശ്യങ്ങളടക്കം ഉപഭോഗത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. അത് രോഗാതുരമായ ഈ കാലത്ത് ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അടച്ചുപൂട്ടലിനെ തുടര്‍ന്ന് നിശ്ചലമായ സമ്പദ്ഘടനയെ ചലനാത്മകമാക്കി മാത്രമെ സര്‍ക്കാരുകള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനാവൂ. എന്നാല്‍ നാളിതുവരെ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കും പാക്കേജുകള്‍ക്കും സമ്പദ്ഘടനയില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്‌‍ ഉതകുന്ന പ്രവര്‍ത്തനമാണ് അടിയന്തര ആവശ്യം. നാളിതുവരെ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറത്തേക്ക് കടന്ന് ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതും പൊതുഗതാഗത സംവിധാനമടക്കം സാമ്പത്തിക മേഖലകളെ ചലനാത്മകമാക്കുന്നതുമായ നടപടികളാണ് ഉണ്ടാവേണ്ടത്. ഇന്ധനവില യുക്തഭദ്രമായി കുറയ്ക്കുക വഴി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനാവുമെന്നത് അടിസ്ഥാന യാഥാര്‍ത്ഥ്യമാണ്. മറിച്ച്, വില ഉയര്‍ന്നുപോകാന്‍ അനുവദിക്കുന്നത് കൂടുതല്‍ സാമ്പത്തിക സ്തംഭനത്തിനായിരിക്കും വഴിതെളിക്കുക.