Web Desk

September 27, 2021, 4:00 am

പിഎം കെയേഴ്സ്: കേന്ദ്രം സുതാര്യതയെ ഭയക്കുന്നു

Janayugom Online

കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയെക്കാളോ അതിനെക്കാളേറെയോ വിവാദമായതായിരുന്നു പിഎം കെയേഴ്സ് എന്ന പ്രത്യേക നിധി രൂപീകരിക്കുവാനുള്ള തീരുമാനം. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്കും സംഘടനകൾക്കും സംരംഭങ്ങൾക്കും സംഭാവന നല്കുന്നതിനുള്ള സൗകര്യമൊരുക്കുക എന്നായിരുന്നു പുതിയ ഒരു സംവിധാനത്തിന് രൂപം നല്കുന്നതിനായി സർക്കാർ നടത്തിയ വിശദീകരണം. ലോക്ഡൗൺ പ്രഖ്യാപിച്ച് മൂന്നാം ദിവസം 2020 മാർച്ച് 27 നുതന്നെ പിഎംകേയേഴ്സ് നിലവിൽ വരികയും ചെയ്തു. സംസ്ഥാനങ്ങൾ അതാതിടങ്ങളിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന സുതാര്യമായ സംവിധാനത്തിലൂടെയാണ് ഇത്തരം ഘട്ടങ്ങളിൽ ധനസഹായം സ്വീകരിച്ചുപോന്നിരുന്നത്. കേന്ദ്രത്തിൽ അതിന് സമാനമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമുണ്ട്. എന്നിട്ടും ഇത്തരമൊരു തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ട് വിവാദമാവുകമാത്രമല്ല ഒട്ടേറെ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നതുമായിരുന്നു. കോവിഡിനെയും കൊയ്ത്തായി മാറ്റുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് പിഎംകെയേഴ്സ് പ്രഖ്യാപിച്ച 2020 മാർച്ചിൽതന്നെ ആക്ഷേപമുയർന്നതാണ്. അത് ശരിവയ്ക്കുന്ന വാർത്തകളാണ് ഒന്നര വർഷത്തിനിടെ പിഎംകേയേഴ്സുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ. അത് നിഷേധിക്കുവാനോ യഥാർത്ഥ വസ്തുതകൾ ജനങ്ങളെ അറിയിക്കുന്നതിനോ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ തയാറായില്ല. എന്നുമാത്രമല്ല വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷകളെല്ലാം നിരാകരിക്കപ്പെടുകയും ചെയ്തു. ഒടുവിൽ ഇത് പൊതുഫണ്ട് അല്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ സത്യവാങ്മൂലം നല്കിയിരിക്കുന്നു.


ഇതുകൂടി വായിക്കു : പിഎം കെയേര്‍സ് ഫണ്ട് വഴി കേടായ വെന്റിലേറ്റർ: കുറ്റക്കാർ ഡോക്ടര്‍മാരാണെന്ന് കേന്ദ്രം


നിരവധി വിവരാവകാശ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയപ്പോഴെല്ലാം പൊതു എന്ന നിർവചനത്തിലല്ലെന്ന് പറഞ്ഞ് വിവരങ്ങൾ നല്കാതിരിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി ചെയർമാനും മൂന്ന് കേന്ദ്രമന്ത്രിമാർ അംഗങ്ങളുമായ ട്രസ്റ്റിന്റെ ഫണ്ടാണ് പൊതുഫണ്ടല്ലെന്ന് വ്യക്തമാക്കുന്നത്. അങ്ങനെ അവകാശപ്പെടുമ്പോഴും ആദ്യഘട്ടത്തിൽ സർക്കാർ സംവിധാനമുപയോഗിച്ചാണ് ധനസമാഹരണം നടത്തിയത്. പല സർക്കാർ വകുപ്പുകളും പ്രതിരോധ മേഖയിലുൾപ്പെടെയുള്ള സ്ഥാപനങ്ങളും ശമ്പളത്തിൽ നിന്ന് വിഹിതം പിരിച്ചാണ് നിധിയിലേയ്ക്ക് നല്കിയത്. സായുധ സേന, നാവിക സേന, റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകൾ, കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സംരംഭങ്ങൾ എന്നിവയെല്ലാം സർക്കാർ നിർദ്ദേശപ്രകാരമാണ് വേതനത്തിൽ നിന്ന് വിഹിതം പിരിച്ച് നല്കിയത്. ഏപ്രിൽ ആദ്യ ആഴ്ചതന്നെ ഈയിനത്തിൽ 3,100 കോടിയിലധികം രൂപ പിഎം കെയേഴ്സിലെത്തി. പിന്നീട് സ്വദേശത്തും വിദേശത്തുമുള്ള കോർപറേറ്റുകളും സ്വകാര്യസംരംഭകരും സംഭാവന നല്കിയതായും രണ്ടുമാസംകൊണ്ട് 10,000കോടിയോളം രൂപ നിധിയിലെത്തിയെന്നും വാർത്ത പുറത്തുവന്നിരുന്നു. എങ്കിലും എത്ര തുകയാണ് ലഭിച്ചതെന്ന് നിയമപ്രകാരം വിവരം നല്കുന്നതിന് കേന്ദ്രം സന്നദ്ധമായില്ല. വിവിധ പദ്ധതികളോ സാമ്പത്തികസഹായമോ ആയി നല്കിക്കൊണ്ട് ഈ തുക എന്തിനായാണ് വിനിയോഗിക്കുന്നതെന്ന് മഹാമാരിയുടെ ഘട്ടത്തിലെങ്കിലും ജനങ്ങൾക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. പണമില്ലാതെയും കേന്ദ്ര സഹായമില്ലാതെയും ബുദ്ധിമുട്ടുമ്പോൾ പോലും പിഎം കെയേഴ്സിൽ നിന്ന് സംസ്ഥാനങ്ങൾക്ക് സഹായം അനുവദിച്ചില്ല. എന്നുമാത്രമല്ല ഈ നിധി ഉപയോഗിച്ച് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഓക്സിജൻ നിർമ്മാണ യൂണിറ്റുകൾ പോലും പൂർത്തിയാക്കിയില്ല. പല സംസ്ഥാനങ്ങൾക്കും വാങ്ങി നല്കിയ വെന്റിലേറ്ററുകൾ പലതും ഉപയോഗ ശൂന്യമായിരുന്നുവെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുപോലും ആക്ഷേപമുയരുകയും ചെയ്തു. മഹാമാരിക്കാലത്തെ പോലും ദുരൂഹമായ ധനസമാഹരണത്തിനും സുതാര്യമല്ലാത്ത വിതരണപ്രക്രിയയ്ക്കും ഉപയോഗിക്കുകയായിരുന്നു കേന്ദ്രസർക്കാരെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൈക്കോടതിയിൽ നിലപാട് തുറന്നു പറഞ്ഞിരിക്കുന്നത്. ഇത് സർക്കാർ സംരംഭമല്ല, വെറും ചാരിറ്റബിൾ ട്രസ്റ്റാണെന്നാണെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. വ്യക്തിഗത കാരുണ്യസ്ഥാപനമാണെന്നാണ് അതിനർത്ഥം. പ്രധാനമന്ത്രി ചെയർമാനും മൂന്ന് കേന്ദ്രമന്ത്രിമാർ അംഗങ്ങളുമായ ട്രസ്റ്റിന്റെ ഫണ്ട് പൊതുഫണ്ടല്ലെന്ന് വാദിക്കുന്നത് സർക്കാർ സംവിധാനങ്ങൾ പൂർണമായും ഉപയോഗിച്ച് ധനസമാഹരണം നടത്തി സ്വകാര്യസ്ഥാപനം നടത്തുന്നതിന് സമാനമാണ്. അതുകൊണ്ടുതന്നെ ധനസമാഹരണത്തിലും വിനിയോഗത്തിലും വ്യക്തിനിഷ്ഠ താല്പര്യങ്ങൾകടന്നുകൂടിയാലും അത്ഭുതപ്പെടാനില്ല. അതുതന്നെയാണ് സംഭവിക്കുന്നത്.


ഇതുകൂടി വായിക്കു :ചാരിറ്റബിൾ ട്രസ്റ്റോ പബ്ലിക്ക് അതോറ്റിയോ? പിഎം കെയേഴ്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മലക്കം മറിയുന്നു


കേരളത്തിൽ മഹാപ്രളയവും മഹാമാരിയും ഇപ്പോൾ വാക്സിനേഷൻ നടപടികളും ഉണ്ടായപ്പോൾ ആയിരക്കണക്കിന് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആളുകൾ കയ്യയച്ച് നല്കിയത്. ഓരോ ദിവസവും ഈ പ്രത്യേക ഉദ്ദേശത്തോടെ ലഭിച്ച തുകയുടെ വിശദാംശങ്ങൾ വ്യക്തികളുടെയും സംഘടനകളുടെയും പേരുൾപ്പെടെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിക്കുന്നുണ്ട്. സംഘടനകളും കൂട്ടായ്മകളും വിവിധ ദൗത്യങ്ങൾ ഏറ്റെടുത്താണ് സംഭാവന സ്വരൂപിച്ച് നല്കിയത്. ആക്രി ചലഞ്ച്, ബിരിയാണി ചലഞ്ച് എന്നിങ്ങനെ പല പേരുകളിൽ പ്രായഭേദമില്ലാതെ ജനങ്ങൾ ധനസ്വരൂപണത്തിനിറങ്ങി. അങ്ങനെ സമാഹരിച്ചു നല്കിയ തുകയുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കുപോലും കാത്തുനില്ക്കാതെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. അത് സുതാര്യതയും സത്യസന്ധതയും മുറുകെ പിടിക്കുന്ന സർക്കാരിന്റെ മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ പിഎം കെയേഴ്സുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കുന്നതിന് കേന്ദ്രസർക്കാർ വിമുഖത കാട്ടുന്നതിലൂടെ സത്യസന്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സുതാര്യതയില്ലായ്മയാണ് വെളിച്ചത്തുവരുന്നത്.