June 4, 2023 Sunday

പൊതുമേഖലയ്ക്കെതിരായ കടന്നാക്രമണങ്ങൾ

Janayugom Webdesk
July 12, 2020 5:24 am

കോർപ്പറേറ്റ് മേഖലയെസംബന്ധിച്ച് ഇപ്പോഴത്തെ കാലഘട്ടം സ്വകാര്യവല്ക്കരണത്തിന്റെ സുവർണകാലമെന്നാണ് പറയപ്പെടുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണമെന്നത് ഏത് ഭരണത്തിന്റേതെന്ന് വ്യത്യാസമില്ലാതെ നടപ്പിലാക്കുന്ന പരിഷ്കരണ നടപടികളുടെ ഭാഗമാണ്. അതിന്റെ തുടർച്ചയായി ഇന്ത്യൻ റയിൽവേയുടെ കുത്തകയായുള്ള ഉടമസ്ഥത നഷ്ടപ്പെടുത്താൻ പോകുകയാണ് ഇപ്പോൾ കേന്ദ്ര ഭരണക്കാർ. യാത്രാ തീവണ്ടികളുടെ നടത്തിപ്പ് സ്വകാര്യ സംരംഭകർക്ക് നല്കുന്നതിനായി യോഗ്യതയുള്ളവരിൽ നിന്ന് താല്പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

109 ആദ്യവസാന റൂട്ടുകളിൽ 151 ആധുനിക തീവണ്ടികൾ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അഭിപ്രായപ്രകാരമാണെങ്കിൽ തന്ത്രപ്രധാന മേഖലയിൽ നാല് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയ്ക്ക് മാത്രമാണ് ഉടൻ പദ്ധതിയില്ലാത്തത്. സർക്കാർ ഉടമസ്ഥതയിലും മറ്റ് മേഖലകളിലുമുള്ള സ്വകാര്യവൽക്കരണ നടപടികൾ നടന്നുവരികയാണെന്നും അവർ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഉചിതമായ പൊതുമേഖലാ സംരംഭകത്വ നയത്തിന്റെ ഭാഗമാണെന്നും ധനമന്ത്രി പറയുന്നുണ്ട്. ആത്മ നിർഭർ (സ്വാശ്രയ) ഭാരതിന്റെ പേരിലുള്ള 20 ലക്ഷം കോടിരൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് അവർ ഈ വിശദീകരണം നൽകിയിരിക്കുന്നത്. താമസിയാതെ തന്നെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റയിൽവേയെ കടന്നുപിടിച്ച് സ്വകാര്യ സംരംഭകർക്ക് വിൽക്കുകയും ചെയ്യുന്നു. സ്വാശ്രയത്വം എന്നത് പേരിൽ മാത്രമാണ് അവശേഷിക്കുന്നത്, അതിന്റെ ആശയം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.

റയിൽവേയ്ക്കു മാത്രമായുള്ള പ്രത്യേകബജറ്റ് അവസാനിപ്പിച്ച് പൊതു ബജറ്റിന്റെ ഭാഗമാക്കിയ 2017–18 സാമ്പത്തിക വർഷത്തിൽ തന്നെ റയിൽവേ സ്വകാര്യവല്ക്കരണ നടപടികൾക്ക് തുടക്കമിട്ടിരുന്നതാണ്. റയിൽവേയിലെയും മറ്റും തൊഴിലാളി സംഘടനകൾ ആവർത്തിച്ച് എതിർത്തിട്ടും ആ പ്രമുഖ ചുവടുവയ്പ് നടത്തി. കേന്ദ്ര ഭരണകൂടത്തിന്റെ ആഗ്രഹം നടപ്പിലാകുകയും രാജ്യത്തെ ഏറ്റവും വലിയ ഗതാഗതസംവിധാനത്തിന് പ്രത്യേകമായുണ്ടായിരുന്ന 92വർഷം പഴക്കമുള്ള പ്രത്യേക ബജറ്റെന്നത് അവസാനിക്കുകയും ചെയ്തു. നേരത്തേ നരേന്ദ്രമോഡി എന്തെല്ലാം പറഞ്ഞിരുന്നുവോ അതിന്റെയെല്ലാം വിപരീതമായിരുന്നു ഇതും. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം റയിൽവേ സ്വകാര്യവൽക്കരണ നീക്കത്തെ എതിർത്തു.

2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ സ്വകാര്യവല്ക്കരണ നയത്തിനെതിരായ തന്റെ നിലപാട് അദ്ദേഹം ആവർത്തിക്കുകയും ഈ മേഖലയെ സ്വകാര്യവൽക്കരിക്കില്ലെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. കേവലം ഒരു വർഷം മുമ്പ് 2019 ജൂലൈ 12ന് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ റയിൽവേസ്വകാര്യവൽക്കരണത്തിന് പദ്ധതിയില്ലെന്ന് റയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ കൃത്യം ഒരു വർഷം പിന്നിടുമ്പോൾ പ്രമുഖ പൊതു സംരംഭമായ ഇന്ത്യൻ റയിൽവേയുടെ ഉന്നത പ്രതാപം നഷ്ടപ്പെടുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭവും വലിപ്പത്തിൽ ലോകത്തെ നാലാമത്തെ റയിൽവേ ശൃംഖലയുമാണ് ഇന്ത്യൻ റയിൽവെ.

യാത്രയ്ക്കുള്ളതടക്കം 14,000 തീവണ്ടികളും പ്രതിദിനം 2.30 ലക്ഷം യാത്രക്കാരും 9000ചരക്കു തീവണ്ടികളും റയിൽവേയ്ക്കു കീഴിലുണ്ട്. ഓരോ ദിവസവും 30ലക്ഷം മെട്രിക് ടണ്ണിലധികം ചരക്കുകളാണ് റയിൽവേ വഴി കടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നുമാണ് ഇന്ത്യൻ റയിൽവേ എന്നതും ശ്രദ്ധേയമാണ്. 12 ലക്ഷം ജീവനക്കാരുള്ള ഈ സംരംഭം ലക്ഷക്കണക്കിനാളുകൾക്ക് പരോക്ഷമായും തൊഴിൽ നല്കുന്നുണ്ട്. ജനങ്ങൾ ദുരിതമനുഭവിക്കുകയും മരിക്കുകയും തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങൾ അല്പം ഭക്ഷണവും അഭയവും കിട്ടുമെന്ന പ്രതീക്ഷയിൽ കിലോമീറ്ററുകളോളം നടക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന, കോവിഡിന്റെ ഈ മൂർദ്ധന്യ ഘട്ടത്തിലും കേന്ദ്രസർക്കാർ സ്വകാര്യവല്ക്കരണ ത്വരയുമായാണ് മുന്നോട്ടുപോകുന്നത്. എന്താണ് തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് തന്നെയാണ് അവർ ഉറപ്പിച്ച് പറയാൻ ശ്രമിക്കുന്നത്. തന്ത്രപ്രധാനമല്ലാത്ത എല്ലാ പൊതുമേഖലാ സംരംഭങ്ങളും വിറ്റൊഴിക്കുമെന്നതിന്റെ കൃത്യമായ സൂചനകളുമുണ്ട്. പഴയ അവസ്ഥയിലെത്തിക്കാൻ ഉദ്ദേശമില്ലെന്നും ഊന്നിപ്പറയുന്നു.

പത്തുകല്പനകളിലൊന്നെന്ന പോലെ ഇക്കാലമത്രയും നിലനിന്നുവെന്ന് അവകാശപ്പെട്ടിരുന്ന അവശ്യവസ്തു നിയമം അധികം സമയമെടുക്കാതെ നശിപ്പിച്ച ബിജെപി സർക്കാരിന് മനുഷ്യരുടെ ദുരിതങ്ങളിൽ ഒരു ഉൽക്കണ്ഠയും ഇല്ലെന്നത് വ്യക്തമാണ്. 65 വർഷം പഴക്കമുള്ള നിയമത്തിൽ മാറ്റങ്ങൾ വരുത്താനും കേന്ദ്ര മന്ത്രിസഭ തുനിഞ്ഞിരിക്കുകയാണ്. ഇനി മുതൽ അരി, പയർ വർഗ്ഗങ്ങൾ, സവാള എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന ഭക്ഷ്യസാധനങ്ങളുടെ നിയന്ത്രണങ്ങൾ ഇല്ലാതാവുകയാണ്. ഇത് കർഷകരിലും ഗ്രാമീണ മേഖലയിലെ ജീവിതങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കുന്നതാണോ. വൻകിട വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, വിദഗ്ധർ എന്നിവരുമായി കൃഷിക്കാരെ ഇടപെടാൻ പ്രാപ്തരാക്കുന്നതിനെന്ന പേരിൽ കാർഷികോല്പന്ന വ്യാപാരവും വാണിജ്യവും (വർധിപ്പിക്കലും നടപ്പിലാക്കലും) ഓർഡിനൻസ് 2020 നും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയിരിക്കുകയാണ്.

ഇത് സാധാരണ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രാപ്തമായ ഒന്നല്ല. തീർച്ചയായും പത്തു കല്പനകളിലൊന്നായ തൊഴിൽനിയമങ്ങളും വിരൂപമാക്കലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളി വർഗ്ഗം ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങൾ ഭരണകൂട താല്പര്യങ്ങൾക്കനുസരിച്ച് രൂപമാറ്റം വരുത്തുകയാണ് ചെയ്യുന്നത്. പട്ടിണി കിടക്കുന്ന തൊഴിലാളികൾ കുടുംബത്തോടൊപ്പം നഗര കേന്ദ്രങ്ങളിൽ അഭയം തേടി കുറഞ്ഞ വേതനത്തിന് ജോലികൾ സ്വീകരിക്കേണ്ടിവരികയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.