Web Desk

July 05, 2020, 5:30 am

എൽഐസിയെ കൊല്ലരുത്

Janayugom Online

 പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരും ഒരു സവിശേഷമായ ശൈലിയിലാണ് പ്രവർത്തിക്കുന്നത്. ഒന്ന് പറയുക അതിന് വിപരീതമായി പ്രവർത്തിക്കുക. സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിലും ഇത് തന്നെയാണ് കാണാൻ കഴിയുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ആറ് വർഷമായുള്ള മോഡി സർക്കാരിന്റെ പ്രവർത്തനങ്ങളിലും ദൃശ്യമാണ്. അവരുടെ മുദ്രാവാക്യങ്ങളിൽ ഒടുവിലത്തേതാണ് ആത്മനിർഭർ ഭാരത്. രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് മുദ്രാവാക്യം. തൊട്ടടുത്ത ദിവസങ്ങളിൽതന്നെ ഈ മുദ്രാവാക്യത്തിലൂടെ മോഡി സർക്കാർ ലക്ഷ്യമിട്ട കാര്യം മറനീക്കി പുറത്തുവന്നു. രാജ്യത്തെ ഭൂമിയും ആകാശവും സർവതും മോഡി സർക്കാർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. ഇതോടെ ആത്മനിർഭർ ഭാരതിന്റെ ആത്മാവ് പ്രത്യക്ഷ വിദേശനിക്ഷേപമാണെന്ന കാര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു.

ഈ പശ്ചാത്തലത്തിൽ വേണം രാജ്യത്തെ ഏറ്റവും പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എൽഐസി നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തേണ്ടത്. ആത്മനിർഭർ ഇന്ത്യ എന്നതിലെ കീരീടത്തിലെ രത്നമാണ് പൊതുമേഖലാ സ്ഥാപനമായ എൽഐസി. ഈ സ്ഥാപനത്തെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളാണ് മോഡി സർക്കാർ തുടരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങൾ, നിക്ഷേപക ബാങ്കിങ് സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും സ്വീകരിച്ചു. ഈ മാസം 14 ന് ഇതുമായി ബന്ധപ്പെട്ട ലേല നടപടികൾ ആരംഭിക്കും.

ഇതോടെ എൽഐസിയെ കൊല്ലുക എന്ന നീചപ്രവൃത്തിക്ക് തുടക്കമാകും. രാജ്യത്തിന്റെ അഭിമാനമായിരുന്ന എൽഐസിയെ ദേശ- ദേശാന്തര സ്വകാര്യ കോർപ്പറേറ്റുകൾക്ക് അമ്മാനമാടാൻ മോഡി സർക്കാർ തീറെഴുതി നൽകും. ഇതോടെ ഇൻഷുറൻസ് മേഖലയിലെ പൊതുമേഖലാസ്ഥാപനമായ എൽഐസിയുടെ മരണമണി മുഴങ്ങും. ഈ നിലപാട് തികച്ചും ജനവിരുദ്ധവും ദേശവിരുദ്ധവും ആത്മനിർഭർഭാരത് എന്ന ആശയത്തിന് നേർ വീപരീതവുമാണ്. ഇതിനെ നഖശിഖാന്തം എതിർക്കണം. മോഡി സർക്കാരിന്റെ സ്വകാര്യവൽക്കരണ തീരുമാനത്തിനെതിരെ ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ചു. ഈ ആത്മഹത്യാപരമായ നിലപാടിൽ നിന്നും പിന്തിരിയാൻ രാജ്യസ്നേഹമുള്ള ഓരോ പൗരനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ധനമന്ത്രി നിർമ്മലാ സീതാരാമനും രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചരിത്രം അറിയില്ല.

സ്വകാര്യ മേഖലയുടെ ചൂഷണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള സർക്കാർ തീരുമാനങ്ങളുടെ ഭാഗമായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങൾ. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്റു, അന്നത്തെ ധനമന്ത്രി സിഡി ദേശ്‌മുഖ് എന്നിവരുടെ താൽപ്പര്യ പ്രകാരമാണ് എൽഐസി രൂപീകരിച്ചത്. അഞ്ച് കോടി മൂലധനത്തിൽ 245 ഇന്ത്യൻ, വിദേശകമ്പനികളെ പാർമെന്റ് പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റെടുത്താണ് എൽഐസി രൂപീകരിച്ചത്. പിന്നീട് ഇത് രാജ്യത്തെ ഏറ്റവും ശക്തമായ പൊതുമേഖലാ സ്ഥാപനമായി വളർന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് പേർക്കാണ് സ്ഥാപനം ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. എൽഐസിയുടെ ആസ്തി മൂന്ന് ലക്ഷം കോടി രൂപയായി വളർന്നു. ആയിരക്കണക്കിന് ഓഫീസർമാർ, ജീവനക്കാർ, ഏജന്റുമാർ എന്നിവരുടെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് സ്ഥാപനം കെട്ടുറുപ്പുള്ളതായി വളർന്നത്. രാജ്യത്തിന്റെ നിർമ്മാണ, വികസന പ്രവർത്തനങ്ങളിൽ എൽഐസി നിർണായക പങ്കാണ് വഹിക്കുന്നത്. സ്ഥാപനത്തിന്റെ ലാഭം സാമൂഹ്യ ക്ഷേമത്തിനായി ഉപയോഗിക്കുന്നു. പാർപ്പിടം, ഊർജ്ജം, ജലസേചനം, കുടിവെള്ള വിതരണം, സ്വീവേജ്, റോഡ്, തുറമുഖം, പാലങ്ങൾ, റയിൽവേ തുടങ്ങിയ മേഖലകളിലാണ് ലാഭം നിക്ഷേപിക്കുന്നത്. കഴിഞ്ഞ 64 വർഷത്തിനിടെ നിരവധി ജനോപകാര പ്രവർത്തനങ്ങളാണ് എൽഐസി നടത്തിയത്. എന്നാൽ സ്വകാര്യവൽക്കരണത്തിന് പിന്നാലെയുള്ള ഭ്രാന്ത് പിടിച്ച ഓട്ടത്തിൽ ബിജെപി സർക്കാർ ഇക്കാര്യം മറക്കുന്നു.

കോവിഡ് മഹാമാരിക്കിടെ സ്വകാര്യവൽക്കരണത്തിന്റെ തെറ്റായ വശങ്ങൾ ലോകരാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഈ നിർണായക ഘട്ടത്തിലാണ് സ്വാകാര്യവൽകരണം, കമ്പോള ആർത്തി എന്നിവയെ മോഡി സർക്കാർ വാഴ്ത്തി പാടുന്നത്. ഇതിനുള്ള മറയാണ് മോഡി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്. ഈ മാസം 14 ന് ശേഷം എൽഐസിയുടെ മുൻഗണന, സാമൂഹ്യ നിലപാട് എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും. ദേശീയ മുൻഗണന, പോളിസി ഉടമകൾക്ക് അർഹമായ ലാഭം എന്നിവയൊക്കെ ഇനി ചോദ്യചിഹ്നമാകും.

ഓഹരികൾ വിറ്റഴിക്കുന്നതോടെ ദേശീയ താൽപ്പര്യങ്ങൾ ഇനി നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വഴിമാറും. വിദേശ നിക്ഷേപകരും ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തും. നിലവിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികൾ ഈ സാഹചര്യം പ്രയോജനപ്പെടുത്തി നേട്ടങ്ങൾ കൊയ്യും. എൽഐസിയുടെ പ്രവർത്തന മികവിന്റെ ഫലമായാണ് രാജ്യത്ത് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പാർശ്വവൽക്കരിക്കപ്പെട്ടത്. ഇപ്പോൾ അവരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് മോഡി സർക്കാർ വാതിൽ തുറന്നുകൊടുത്തു. ഇതിലൂടെ പൊതുമേഖലയെ വിഴുങ്ങാൻ സ്വകാര്യ കോർപ്പറേറ്റുകൾക്ക് കഴിയും.

കോർപ്പറേറ്റുകൾക്ക് കോടികൾ ലാഭം കൊയ്യാനുള്ള സാഹചര്യമാണ് എൽഐസിയിലൂടെ മോഡി സർക്കാർ ഒരുക്കുന്നത്. യോഗക്ഷേമം വഹാമ്യഹം ( നിങ്ങളുടെ നന്മ ഞങ്ങളുടെ ഉത്തരവാദിത്തം) എന്ന എൽഐസിയുടെ ആപ്തവാക്യം ഇതോടെ അർഥശൂന്യമാകും. രാജ്യത്തെ കോടാനുകോടി ജനങ്ങളുടെ ക്ഷേമം പേറിയുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ 64 വർഷമായി എൽഐസി തുടർന്നത്. ഇപ്പോൾ നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ ഉത്തരവാദിത്തം എന്ന രീതിയിൽ മോഡി സർക്കാർ തങ്ങളുടെ കോർപ്പറേറ്റ് സുഹൃത്തുകൾക്ക് നൽകിയ വാക്കുകൾ പാലിക്കുന്നു. ഈ ദേശവിരുദ്ധ നയത്തിൽ രാജ്യത്തെ ജനങ്ങൾക്ക് കേവലം കാഴ്ച്ക്കാരാകാൻ കഴിയില്ല. രാജ്യത്തെ എല്ലാ ജനങ്ങളും ഐക്യത്തോടെ ഒരേ സ്വരത്തിൽ കേന്ദ്ര സർക്കാരിനോട് പറയണം- എൽഐസിയെ കൊല്ലരുത്.