തീരമേഖലയ്ക്ക് കൈത്താങ്ങാവണം

Web Desk
Posted on July 21, 2020, 3:59 am

ങ്കീർണ്ണമായ സാഹചര്യങ്ങളാണ് നമ്മുടെ തീരമേഖല നേരിടുന്നത്. കോവിഡിനെ തുടർന്ന് മാർച്ച് മാസം മുതൽ ആരംഭിച്ച പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. മറ്റു പല മേഖലകളും മെല്ലെ മെല്ലെ സാധാരണ നിലയിലേയ്ക്ക് മടങ്ങി വരികയാണ്. മത്സ്യമേഖലയും ആ നിലയിലേയ്ക്ക് വന്നു തുടങ്ങിയപ്പോഴാണ് ട്രോളിങ് നിരോധനം വന്നത്. എന്നാൽ അതിനൊപ്പം തന്നെ തീരമേഖലയിൽ പലയിടങ്ങളിലും കോവിഡ് പടരുന്നുവെന്ന സാഹചര്യമുണ്ടായത് പ്രതിസന്ധി രൂക്ഷമാക്കി. മത്സ്യബന്ധനവും വിപണനവും പൂർണമായും നിരോധിച്ചിരിക്കുകയാണ് ഇപ്പോൾ. ഇത് ജീവിതം വളരെയധികം ദുഷ്കരമാക്കിയിരിക്കുന്നു.

എല്ലാ കാലത്തും ദുരന്തങ്ങൾക്കിരയാകേണ്ടിവരുന്ന വിഭാഗമാണ് തീരദേശത്ത് താമസിക്കുന്നവർ. 2004ൽ സുനാമിയുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ഓർമ്മകൾ ഇന്നലെയെന്നോണം കൊണ്ടുനടക്കുന്നവരാണിന്നും തീരമേഖലയിലുള്ളത്. നമ്മുടെ സംസ്ഥാനത്ത് വീടുകൾ ഉൾപ്പെടെയുള്ള നാശനഷ്ടത്തിനപ്പുറം 240 ജീവനുകൾ കവർന്നെടുത്തതായിരുന്നു സുനാമി. കൊല്ലം ജില്ലയിലെ എട്ടുകിലോമീറ്ററിലധികം പ്രദേശം പൂർണ്ണമായും കടലെടുത്തു. പ്രസ്തുത പ്രതിസന്ധിയിൽനിന്ന് തീരദേശത്തുള്ളവർക്ക് ആശ്വാസം നല്കുന്നതിന് പല തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയെങ്കിലും ഓരോ കാലവർഷത്തിലും കടലേറുകയും തീരമേഖലയിൽ നാശനഷ്ടം സംഭവിക്കുകയും ചെയ്യുന്നു. വടക്കുനിന്ന് തെക്കുവരെയുള്ള കേരളത്തിന്റെ തീരപ്രദേശങ്ങൾ പരിശോധിച്ചാൽ ഒരു മേഖലയും ഒഴിവാകുന്നില്ല. ഏറ്റക്കുറച്ചിലുകളുണ്ടെന്നേയുള്ളൂ. കാലാവസ്ഥാനുസൃതമായി സംസ്ഥാനത്ത് ലഭ്യമാകുന്ന രണ്ടു മഴക്കാലത്തും തൊഴിലിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യം ജീവിതത്തിന്റെ ഭാഗമാണ്.

അപ്പോഴെല്ലാം അതാത് ദിവസത്തെ അന്നത്തിനുള്ള വഴി കണ്ടെത്താൻ സാധിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആത്യന്തികമായ പരിഹാരം അകലെയാണ് എപ്പോഴും. വീടുകളും വസ്തുവകകളും നശിക്കുന്നുവെന്നത് മാത്രമല്ല ഇവർ നേരിടുന്ന പ്രശ്നം. മാസങ്ങളോളം തൊഴിലില്ലാതെ ഇരിക്കേണ്ടി വരികയും ചെയ്യുന്നു. കേരളത്തിന്റെ 590 കിലോമീറ്റര്‍ വരുന്ന തീരപ്രദേശങ്ങളിൽ രണ്ടര ലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് താമസിക്കുന്നത്. ദേശീയതലത്തിലുള്ള കണക്കനുസരിച്ചാണെങ്കിൽ ഇന്ത്യയുടെ 11,000ത്തിലധികം ദൈർഘ്യമേറിയ കടൽതീരങ്ങളിലായി 40 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളും അത്രയും തന്നെ അനുബന്ധ തൊഴിലാളികളും ജീവിക്കുന്നുണ്ട്. ഇവരുടെ അധ്വാനത്തിന്റെ ഫലമായി അരലക്ഷം കോടിരൂപയെങ്കിലും രാജ്യത്തിന്റെ ഖജനാവിലെത്തുന്നുണ്ട്. എന്നാൽ അതിനനുസൃതമായ പരിഗണനയോ മാനുഷികമായ പരിഗണന പോലുമോ ഇവർക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. കോവിഡിന്റെ പ്രതിസന്ധി കാലത്തും അതു തന്നെയായിരുന്നു സ്ഥിതി.

സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നല്കുന്ന സൗജന്യറേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് അവരെ പട്ടിണിയിൽ നിന്ന് രക്ഷിച്ച് നിർത്തുന്നത്. മത്സ്യത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനമുണ്ടാകുന്നവയാണ് ഇപ്പോഴത്തെ മാസങ്ങൾ. ആ ഘട്ടത്തിലാണ് അസാധാരണമായ ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇത് ആരുടെയെങ്കിലും കുറ്റംകൊണ്ടു സംഭവിച്ചതല്ലെങ്കിലും തീരമേഖലയാകെ സ്തംഭിച്ച അവസ്ഥയിലാണ്. പ്രത്യേക മേഖലകളിൽ കോവിഡ് വ്യാപനം സംഭവിച്ചതിനെ തുടർന്നുള്ള നിയന്ത്രണങ്ങളാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം സംജാതമാക്കിയിരിക്കുന്നത്. ഇത്രയേറെ ജാഗ്രതയും കരുതലും സ്വീകരിച്ചിട്ടുള്ള കേരളം പോലൊരു സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് കാരണമായത് തന്നെ അവരുടെ ജീവിതത്തിന്റെ പരിതോവസ്ഥയാണ്. തൊട്ടുതൊട്ടു കിടക്കുന്ന കൂരകളിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കേണ്ടിവരുന്നതും സമൂഹ അകലവും മറ്റും പോലുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയാതെപോകുന്നതുമെല്ലാം രോഗവ്യാപനത്തിന് കാരണമാകാവുന്ന പരിസരമാണ്.

ഈയൊരു പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളെയും സമൂഹത്തിന്റെ ഭാഗമായികണ്ട് സഹായം നൽകുന്നതിനുള്ള നടപടി കേന്ദ്രസർക്കാരിൽനിന്ന് ഉണ്ടാകണം. പ്രത്യേകസാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഈ മേഖലയിലുള്ളവരുടെ ജീവിതപ്രശ്നങ്ങളും പ്രതിസന്ധികളും ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ അതിന്റെ തുടർച്ചയായി നടക്കുകയും വേണം. ലോക്ഡൗൺ കാലത്ത് ഓരോ‍ വിഭാഗത്തെയും മേഖലയെയും മാനുഷികമായി കണ്ടെത്തുകയും അർത്ഥവത്തായ ആനുകൂല്യങ്ങൾ നല്കുകയും ചെയ്ത സർക്കാരാണ് കേരളത്തിലേത്.

സാമ്പത്തിക സഹായം, സൗജന്യ റേഷൻ, ഭക്ഷ്യധാന്യ കിറ്റ്, പച്ചക്കറി കിറ്റ്, ഉണക്കമത്സ്യം എന്നിവ അടിയന്തരമായും വിതരണം ചെയ്ത് വലിയൊരു വിഭാഗത്തെ വറുതിയിൽനിന്ന് രക്ഷിക്കുമെന്ന പ്രതീക്ഷയോടെയാണ് കേരളത്തിലെ തീരജനത കേരളസർക്കാരിനെ ഉറ്റുനോക്കുന്നത്. നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളികൾക്കായി വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന് ഈ മേഖലയിലെ എഐടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുമുണ്ട്.