Web Desk

June 24, 2020, 4:37 am

ദ്രോഹിക്കുകയെന്നത് പ്രതിജ്ഞയാക്കിയവർ

Janayugom Online

സാധാരണക്കാരായ ഇടപാടുകാരെ പ്രധാനമായും ബാധിക്കുന്ന രണ്ട് തീരുമാനങ്ങൾ ധനകാര്യ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നറിയപ്പെടുന്ന സർക്കാർ നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് കുറയ്ക്കാനെടുത്ത തീരുമാനമാണ് അതിലൊന്ന്. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങളും നിരക്കുകളും ചുമത്താനുള്ളതാണ് മറ്റൊന്ന്. രണ്ടും പ്രധാനമായും ദോഷകരമായി ബാധിക്കുവാൻ പോകുന്നത് സാധാരണക്കാരെയും ഇടത്തരക്കാരെയുമായിരിക്കും. കുറ‍ഞ്ഞ തുക നിക്ഷേപിക്കാമെന്ന ആനുകൂല്യവും കൂടുതൽ പലിശയും എന്ന ആകർഷണമുള്ളതിനാൽ പിപിഎഫ് പ്രധാനമായും സാധാരണക്കാരുടെയും ഗ്രാമീണരുടെയും നിക്ഷേപ പദ്ധതിയാണ്. ദീർഘകാല നിക്ഷേപ പദ്ധതിയെന്നതിനോടൊപ്പം വരുമാനം കൂടി അത് ഉറപ്പുനല്കുന്നുണ്ട്.

സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാർക്ക് ഭാവിയിലേയ്ക്കുള്ള കരുതലും വരുമാനവും ഉറപ്പു നൽകുന്നതിനാണ് 1968ൽ കേന്ദ്ര സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. തുടങ്ങുമ്പോൾ വാർഷിക പലിശ നിരക്കാണ് വാഗ്ദാനം ചെയ്തിരുന്നത്. അന്ന് 4.8 ശതമാനമായിരുന്നു വാർഷിക പലിശ നിരക്കെങ്കിൽ പിന്നീട് അത് ഉയർന്ന് 1986 — 2000 കാലയളവിൽ 12 ശതമാനം വരെയായി. പുതിയ സാമ്പത്തിക നയങ്ങളുടെ ഭാഗമായുള്ള അഴിച്ചുപണികളുടെ പേരിൽ 2016 മുതൽ നിക്ഷേപത്തിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത് പാദവാർഷിക അടിസ്ഥാനത്തിലായി. അതുകൊണ്ടുതന്നെ വാർഷിക പലിശയെന്ന രീതി നിലവിലുണ്ടായിരുന്നതുപോലെ സുരക്ഷിതമല്ലാതായി പിപിഎഫ് മാറി. വിപണിയിലെ ചാഞ്ചാട്ടത്തിന്റെയും രൂപയുടെ മൂല്യത്തിന്റെയും അടിസ്ഥാനത്തിൽ വർഷത്തിൽ നാലുതവണ പലിശ നിരക്ക് പുതുക്കുന്ന രീതി ഉണ്ടായതോടെ പലിശ കുറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെയാണ് 2016 ൽ 8.7 ശതമാനം വാർഷിക പലിശയുണ്ടായിരുന്നത് കഴിഞ്ഞ പാദത്തിൽ (ഏപ്രിൽ — ജൂൺ) 7.1 ശതമാനമായി കുറഞ്ഞത്.

പുതിയ റിപ്പോർട്ടുകളനുസരിച്ച് പലിശ നിരക്ക് ഏഴ് ശതമാനത്തിലും താഴെ പോകുമെന്നാണ്. 100 രൂപ മുതൽ നിക്ഷേപിക്കാവുന്നതായിരുന്നതിനാൽ സാധാരണക്കാരുടെ അധ്വാനത്തിന്റെ മിച്ചം കരുതലിനായി മാറ്റിവയ്ക്കുന്നതിനുള്ള വഴിയായിരുന്നു പിപിഎഫ് പോലുള്ള നിക്ഷേപ പദ്ധതികൾ. എന്നാൽ ഘട്ടം ഘട്ടമായുള്ള പലി­ശ വെട്ടിക്കറയ്ക്കലിലൂടെ സാധാരണക്കാരുടെ മറ്റൊരു ആശ്രയം കൂടി തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്നുണ്ടായിരിക്കുന്നത്. ഇതിന്റെ കൂടെയാണ് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് പരിധി നിശ്ചയിച്ച് നിരക്കുകൾ ചുമത്താനുള്ള നിർദ്ദേശമുണ്ടായിരിക്കുന്നത്. അങ്ങനെയൊരു തീരുമാനം നേരത്തേ തന്നെ റിസർവ്വ് ബാങ്ക് കൈക്കൊള്ളുകയും അതിനായി ഒരു സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി ജി കണ്ണൻ അധ്യക്ഷനായ സമിതിയെയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹമടക്കം ആറ് അംഗങ്ങളുള്ള സമിതി നൽകിയ ശുപാർശയിലാണ് പുതിയ നിരക്കു നിർദ്ദേശമുള്ളത്.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചിരിക്കുന്നതിനാൽ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇടപാടുകാരുടെ മേൽ നിരക്കുകൾ അടിച്ചേൽപ്പിക്കുന്നതാണ് നിർദ്ദേശങ്ങളെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എടിഎമ്മില്‍ നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ചുമത്താനാണ് നിർദ്ദേശത്തിലുള്ളത്. ഇടപാടുകളെ വിഭാഗങ്ങളായി തിരിച്ച് 5000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്ന തുകയുടെ 16 ശതമാനമോ അല്ലെങ്കിൽ രണ്ടുമുതൽ 17 രൂപ വരെയോ ചുമത്തണം. ഇടപാടുകളെ ധനകാര്യം, സാധാരണം എന്നിങ്ങനെ വിഭജിച്ച് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കണം തുടങ്ങിയവയാണ് നിർദ്ദേശത്തിലുള്ളത്.

10 ലക്ഷത്തിന് മുകളിൽ, 10 ലക്ഷത്തിന് താഴെ എന്ന ക്രമത്തിൽ ജനസംഖ്യാനുപാതികമായും നിരക്കുവർധന പരിഗണിക്കാമെന്ന് നിർദ്ദേശത്തിലുണ്ട്. പല തരത്തിൽ ഇടപാടുകാരെ ദ്രോഹിക്കുന്ന സമീപനങ്ങൾ നമ്മുടെ സാമ്പത്തികമേധാവികളുടെ ഭാഗത്തുനിന്ന് ആവർത്തിച്ച് ഉയരുകയാണ്. നേരത്തേ അക്കൗണ്ടുകളിൽ ഉണ്ടായിരിക്കേണ്ട കുറഞ്ഞ തുക നിശ്ചയിച്ച് അത് ഇല്ലാത്തവരുടെ അക്കൗണ്ടുകളിൽ നിന്ന് വൻതുക ബാങ്കുകളിൽ നിന്ന് അടിച്ചുമാറ്റിക്കഴിഞ്ഞു. അതിന് ശേഷമാണ് പുതിയ നിർദ്ദേശത്തിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ള മറ്റൊരു വഴി റിസർവ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്.

നോട്ടുനിരോധനത്തിന് ശേഷം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിരുന്നു. ഇതിന് പുറമേ കോവിഡിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായുള്ള കരുതലിന്റെ ഫലമായി ബാങ്കുകളിൽ നേരിട്ട് ചെന്ന് പണം പിൻവലിക്കുന്നതിലുള്ള വിമുഖതയും എടിഎമ്മുകളുടെ ഉപയോഗത്തിൽ വർധനയുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം മുതലെടുത്ത് നിരക്ക് അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്നാണ് മനസിലാക്കുന്നത്. ഉപഭോക്താക്കളെ പല വിധത്തിൽ പല മേഖലകളിലും പിഴിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. കേന്ദ്രസർക്കാരും ഈ പിഴിച്ചിലിന് കൂട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആഘാതം വർധിപ്പിക്കുന്ന നടപടികളാണ് വീണ്ടും ഉണ്ടാകുന്നത്. സാധാരണക്കാരെയും ഇടത്തട്ടുകാരെയും ദ്രോഹിക്കുകയെന്നത് പ്രതിജ്ഞയാക്കിയവരെ പോലെയാണ് റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.