Janayugom Online
rss declares Hartal

വെറുപ്പ് ഉല്‍പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാവിഭീകരത

Web Desk
Posted on November 13, 2018, 10:38 pm

വെറുപ്പുല്‍പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ മുന്നിലാണ് ഇന്ത്യയിലെ കാവിഭീകരതയെന്നും വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഹൈന്ദവഭീകരതയാണ് മുന്നിലെന്നുമുള്ള രണ്ട് റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരിക്കുന്നത്. കപട ദേശീയതയുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് സാര്‍വദേശീയ വാര്‍ത്താ ഏജന്‍സിയായ ബിബിസിയുടെ ഗവേഷണത്തിലൂടെ വ്യക്തമാകുന്നത്.
അതുപോലെതന്നെയാണ് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഇരകളാക്കപ്പെടുന്നത് ന്യൂനപക്ഷ സമുദായാംഗങ്ങളും കുറ്റവാളികളാകുന്നത് ഹൈന്ദവതീവ്രവാദികളുമാണെന്ന മറ്റൊരു കണ്ടെത്തല്‍. വിദ്വേഷ പ്രചരണത്തിന്റെ നിരവധി ഉദാഹരണങ്ങളാണ് സമീപ ദിവസങ്ങളില്‍ ഉണ്ടായത്, പ്രത്യേകിച്ച് കേരളത്തില്‍. ഇവിടെ ജനങ്ങള്‍ തള്ളിയ പ്രചരണങ്ങള്‍ പോലും ദേശീയതലത്തില്‍ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലാണ് അടുത്തകാലത്ത് വിഷം ചീറ്റുന്ന പ്രചരണങ്ങള്‍ പലതുമുണ്ടായത്. ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് അതിക്രമമുണ്ടാകുന്നുവെന്നതിന് കെട്ടിച്ചമച്ച വാര്‍ത്തകളും വ്യാജചിത്രങ്ങളും പ്രചരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. അതിന്റെ പേരില്‍ ചിലര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ ഉണ്ടായെങ്കിലും അത് വകവയ്ക്കാതെ ദേശീയ തലത്തില്‍ പ്രസ്തുത പ്രചരണം ആവര്‍ത്തിക്കാനാണ് ശ്രമമുണ്ടായത്.
അതിലൊന്നായിരുന്നു ഇരുമുടി കെട്ടുമായി നില്‍ക്കുന്ന അയ്യപ്പഭക്തന്റെ നെഞ്ചില്‍ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്നതും കഴുത്തില്‍ കൊടുവാള്‍ അമര്‍ത്തി ഭീഷണിപ്പെടുത്തുന്നതുമായ ചിത്രങ്ങള്‍. ഇവിടെ പ്രസ്തുത ചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സേവ് ശബരിമല എന്ന പേരില്‍ ഈ ചിത്രം ഉള്‍പ്പെടുന്ന സ്റ്റിക്കറുകള്‍ പരസ്യമായി പ്രചരിപ്പിക്കാനാണ് ബിജെപിയും ഹിന്ദുമഹാസഭയും ശ്രമിച്ചത്. കാറുകളിലും ബൈക്കുകളിലും ഒട്ടിക്കാന്‍ അച്ചടിച്ചതെന്ന് വ്യക്തമാക്കി സേവ് ശബരിമലയെന്ന പേരില്‍ ഈ ചിത്രങ്ങള്‍ ബിജെപി നേതാക്കള്‍ പോലും ഇപ്പോഴും സോഷ്യല്‍ മീഡിയ വഴി പങ്ക് വയ്ക്കുകയും ചെയ്യുകയാണ്.
ഫാസിസത്തിന്റെ പ്രകടരൂപങ്ങളാണ് ഇതിലൂടെ സംഘപരിവാര്‍ ആവര്‍ത്തിക്കുന്നത്. കപടദേശീയത പ്രചരിപ്പിക്കുന്നതിനുള്ള ആവേശമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് ബിബിസിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. വ്യാജവാര്‍ത്തകളും കപടദേശീയതയും പ്രചരിപ്പിച്ച് കലാപങ്ങളും കുറ്റകൃത്യങ്ങളും നടത്തുകയെന്ന സമീപനം തുടരുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണമായാണ് വിദ്വേഷ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുന്നത്.
2009 ജനുവരി ഒന്നിനും 2018 ഒക്‌ടോബര്‍ 29 നുമിടയില്‍ രാജ്യത്ത് വിദ്വേഷപ്രചരണത്തിന്റെ അടിസ്ഥാനത്തിലുള്ള 254 കുറ്റകൃത്യങ്ങളാണുണ്ടായത്. 91 പേര്‍ ഈ സംഭവങ്ങളില്‍ മരിക്കുകയും 579 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവങ്ങളില്‍ 90 ശതമാനവും നടന്നത് 2014 ന് ശേഷമുള്ള കാലയളവിലാണെന്നാണ് വസ്തുതാപഠനം വ്യക്തമാക്കുന്നത്. അതായത് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം. 254 കേസുകളില്‍ 62 ശതമാനത്തിലും ഇരകളായിട്ടുള്ളത് ജനസംഖ്യയില്‍ 14 ശതമാനം മാത്രം വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തില്‍പ്പെട്ടവരായിരുന്നു. ജനസംഖ്യയില്‍ രണ്ടു ശതമാനം മാത്രം വരുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ ഇരകളായിട്ടുള്ളത് 14 ശതമാനം കേസുകളിലാണ്. രണ്ടു ശതമാനം കേസുകളില്‍ ഇരകളായത് സിഖ് വിഭാഗത്തില്‍പ്പെട്ടവരും. ജനസംഖ്യയിലെ 80 ശതമാനം വരുന്ന ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ ഇരകളായത് കേവലം പത്തുശതമാനം മാത്രവും. കുറ്റവാളികളില്‍ 86 ശതമാനവും ഹിന്ദുവിഭാഗത്തില്‍പ്പെടുന്നവരും. 13 ശതമാനം കേസുകളിലാണ് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ കുറ്റവാളികളായിട്ടുള്ളത്.
വിദ്വേഷ പ്രചരണത്തിന് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്ന ഫാസിസ്റ്റ് കാലത്തെ തന്ത്രം തന്നെയാണ് സംഘപരിവാര്‍ സ്വീകരിക്കുന്നതെന്നാണ് ഈ കണക്കുകളും പഠന റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഇപ്പോള്‍ അതിന് ആധുനിക സാങ്കേതിക വിദ്യകൂടി ഉപയോഗിക്കപ്പെടുന്നുവെന്ന് മാത്രം. ഓരോ ദിവസവും നമ്മുടെ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ എത്രത്തോളം ഭീകരവും ബീഭത്സവുമായാണ് വ്യാജവാര്‍ത്തകളും വിദ്വേഷങ്ങളും സൃഷ്ടിക്കപ്പെടുന്നതെന്നും പ്രചരിപ്പിക്കപ്പെടുന്നതെന്നും ബോധ്യമാകും. അത്തരം പ്രചരണത്തിനൊടുവില്‍ പ്രചാരകര്‍ തന്നെ വിധികര്‍ത്താക്കളാവുകയും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുകയുമാണ് രീതി.
ഗോരക്ഷയുടെ പേരില്‍ നടന്ന പല കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും അതിന്റെ തെളിവുകളാണ്. കേരളത്തില്‍ ശബരിമല വിഷയത്തില്‍ എത്രമാത്രം കള്ളക്കഥകളും വ്യാജവാര്‍ത്തകളുമാണ് പ്രചരിപ്പിക്കപ്പെട്ടതെന്നതും നമുക്കറിയാം. ഇതിന്റെയെല്ലാം ആത്യന്തികലക്ഷ്യം കലാപം സൃഷ്ടിക്കുകയെന്നതു തന്നെയാണ്, അതിലൂടെ മുതലെടുപ്പ് നടത്തുകയും. അതിനെയാണ് ബിബിസിയുടെ ഗവേഷണവും വസ്തുതാപഠനറിപ്പോര്‍ട്ടും തുറന്നുകാട്ടുന്നത്.