20 April 2024, Saturday

ഭാരത് ബന്ദിലേക്ക്

Janayugom Webdesk
September 12, 2021 4:00 am

രാജ്യത്തെ കർഷകരുടെ വിശാല പ്രക്ഷോഭ വേദിയായ സംയുക്ത കിസാൻ മോർച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സെപ്റ്റംബർ 27 ന് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാനുള്ള അഭ്യർത്ഥന കർഷക പ്രക്ഷോഭത്തെ പുതിയ തലങ്ങളിലെത്തിക്കും. ഇന്ത്യയിലെ കർഷകർക്കൊപ്പം അണിനിരക്കാൻ ദശലക്ഷങ്ങളെ ഈ ആഹ്വാനം പ്രാപ്തമാക്കും.

ഭാരത് ബന്ദ് ആഹ്വാനത്തിലൂടെ കർഷക പ്രക്ഷോഭത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം കൂടുതൽ വിശാലവും ആഴമേറിയതുമായി മാറുകയാണ്. പത്ത് മാസങ്ങൾക്ക് മുമ്പ്, കർഷകർ രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ചപ്പോൾ, അത് ഇത്രയേറെ ശക്തവും ജനപങ്കാളിത്തമുള്ളതുമായി തീരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. രാജ്യതലസ്ഥാനത്തിന്റെ അതിരുകളിൽ കേന്ദ്ര സർക്കാർ കർഷകരെ തടഞ്ഞു. രാജ്യത്തിന്റെ അന്നദാതാക്കൾക്ക് സ്വരാജ്യത്തിന്റെ തലസ്ഥാനത്തേക്കുള്ള പ്രവേശനംപോലും നിഷേധിക്കപ്പെട്ടു. തടഞ്ഞ ഇടങ്ങളിൽ നിലകൊള്ളാൻ അവർ നിർബന്ധിതരായി. സ്വയമാർജിച്ച തികവിലും സമാധാനത്തിലും ആയിരങ്ങൾ തടഞ്ഞയിടങ്ങളിൽ ഇരിപ്പിടം തീർത്തു.
സിംഘു, ടിക്രി, ഗാസിപൂർ, ഷാജഹാൻപൂർ എന്നിവിടങ്ങൾ കർഷക പ്രതിരോധത്തിന്റെ പ്രതീകങ്ങളായി മാറി. പക്ഷെ, ആർഎസ്എസ് ബിജെപി ഭരണകൂടമാകട്ടെ ഈ പ്രദേശങ്ങളെ ഒരു യുദ്ധക്കളമാക്കി തീർത്തു. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

കോൺക്രീറ്റ് ബാരിക്കേഡുകൾ, ഇരുമ്പ് മുള്ളുവേലികൾ, ജല പീരങ്കികൾ തുടങ്ങിയവയ്ക്കൊപ്പം സ്വന്തം ജനങ്ങൾക്കെതിരെ ആയുധങ്ങളും യുദ്ധ സംവിധാനങ്ങളും സജ്ജമാക്കി. കർഷകരെ ഖലിസ്ഥാനികളും നഗര നക്സലൈറ്റുകളുമായി ചിത്രീകരിക്കുന്ന ദുഷ് പ്രചരണങ്ങളും അഴിച്ചുവിട്ടു. ഇത്തരം അടിച്ചമർത്തൽ നടപടികളെല്ലാം ധീരമായി നേരിട്ട് കർഷകർ സമാധാനപരമായ പ്രക്ഷോഭം തുടർന്നു. കാലാവസ്ഥയുടെ തീവ്രത അവരുടെ നിശ്ചയദാർഢ്യത്തെ ബാധിച്ചില്ല. നവീന ഇന്ത്യയുടെ പോരാട്ട ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതിയ ധീരരായ പോരാളികളായി അവർ സ്വയം തെളിയിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലുതും ദൈർഘ്യമേറിയതുമാണ് കർഷകപോരാട്ടം. വലിയ ജനപങ്കാളിത്തത്തോടെയുള്ള കർഷകരുടെ പോരാട്ടം എല്ലാ അർത്ഥത്തിലും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

കർഷക പോരാട്ടത്തിന്റെ വർഗ ഉള്ളടക്കം അതിനെ വേറിട്ടതാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് മികച്ച നേട്ടം ഉറപ്പാക്കുന്നത് കർഷകരുടെ അധ്വാനത്തിലൂടെയാണ്. ഉല്പാദന മേഖലകളിലും കാർഷിക മേഖലയുടെ പങ്ക് പ്രത്യേകമായി പരിഗണിക്കപ്പെടുന്നു. കർഷകരും കര്‍ഷക തൊഴിലാളികളും രാജ്യത്തെ പണിയെടുക്കുന്ന ഏറ്റവും വലിയ വിഭാഗമാണ്. ഭംഗിവാക്കിൽ ഭരണകൂടം കർഷകരെ അന്നദാതാക്കൾ എന്ന് പുകഴ്ത്തുന്നു. എന്നാൽ രാജ്യത്ത് സമ്പത്ത് സൃഷ്ടിക്കുന്നവരെക്കുറിച്ച് സംസാരിക്കുമ്പോൾ കർഷകർ അവഗണിക്കപ്പെടുന്നു. ഇടത്തരം, നാമമാത്ര കർഷകർക്കും കർഷകത്തൊഴിലാളികൾക്കും അവരുടെ ആശങ്കകൾ ഉന്നയിക്കാൻ പോലും ഇടവും അനുവാദവുമില്ലാത്ത ദുരവസ്ഥ. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്ഘടന അവരുടെ വിയർപ്പിലും അധ്വാനത്തിലും കുതിർന്നതാണ്. പക്ഷെ, അവരുടെ ഉല്പന്നങ്ങൾക്കും അധ്വാനത്തിനും അർഹമായ വിലകൾ ഒരിക്കലും ലഭിക്കില്ല. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പോലും മനസില്ലാ മനസോടെയാണ് സർക്കാർ എടുത്തത്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അർത്ഥവത്തായ വളർച്ചയ്ക്ക്, കാർഷിക മേഖലയിലെ ഉല്പാദന ശക്തികളെ എല്ലാത്തരം ചൂഷണങ്ങളുടെയും പിടിയിൽ നിന്നും മുക്തമാക്കണം. പക്ഷെ, കാർഷിക ബന്ധങ്ങളുടെ രാഷ്ട്രീയവും സാമ്പത്തിക ഘടകങ്ങളും സ്വതന്ത്ര ഇന്ത്യയിലെ നയരൂപകർത്താക്കളുടെ പരിഗണനയ്ക്ക് ഒരിക്കലും ഗൗരവമായി വന്നിട്ടില്ല. വിവിധ കാരണങ്ങളാൽ കർഷകർ അസംഘടിതരും ചിതറിയവരുമാണ്. വെല്ലുവിളികൾക്ക് മുമ്പിൽ നിസഹായരായി നിലകൊള്ളേണ്ട ഗതികേടിൽ.

എന്നാൽ, ഇപ്പോൾ നടക്കുന്ന കർഷക സമരം കാർഷിക മേഖലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ കൃത്യവും വ്യതിരിക്തമായ മാറ്റം ആവശ്യപ്പെടുന്നു. സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ ഒരിക്കലും കർഷകരുടെയോ കൃഷിയുടെയോ പുരോഗതിക്ക് വേണ്ടിയല്ല. കർഷകരുടെ ആശങ്കകളൊന്നും ആ കരിനിയമങ്ങളിൽ അഭിസംബോധന ചെയ്തിട്ടില്ല. ആത്മനിർഭർ ഭാരതമെന്ന മുദ്രാവാക്യത്തെയും സ്വാശ്രയ സങ്കല്പങ്ങളെയും പുനരുജ്ജീവനത്തിന്റെ വഴികളെയും ദേശീയ താൽപര്യങ്ങളുടെ ആശയങ്ങളെയും കേന്ദ്രസർക്കാർ വഞ്ചിച്ചു. കുത്തകവൽക്കരണം മാത്രമായിരുന്നു ലക്ഷ്യം. രാജ്യത്തെ കർഷകരിൽ 86 ശതമാനവും രണ്ട് ഹെക്ടറിൽ താഴെ കൃഷി ഭൂമി ഉള്ളവരാണ്. ഇവരെ കരാർ കൃഷിയുടെയും വിദേശ നിക്ഷേപത്തിന്റെയും കാരുണ്യത്തിലേക്ക് വലിച്ചെറിയുകയാണ്. കുറഞ്ഞ താങ്ങുവിലയെക്കുറിച്ചുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനവും പെരും നുണയാണ്. റാബി വിളകൾക്ക് ഈയിടെ പ്രഖ്യാപിച്ച താങ്ങുവില ഇതു വ്യക്തമാക്കുന്നു. സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പ പ്രവണതകളുമായുള്ള താരതമ്യത്തില്‍ പുതിയ താങ്ങു വിലകൾ ഫലപ്രദമല്ല. അവ യഥാർത്ഥത്തിൽ നാല് ശതമാനം കുറവാണ്. കാർഷിക നിയമങ്ങളുടെ ഏക നേട്ടം കോർപ്പറേറ്റ് കുത്തകകളുടെ അത്യാഗ്രഹങ്ങൾക്ക് കർഷകർ ബലിയാകുക എന്നു തന്നെയാണ്. നിയമങ്ങളിലെ കൗശലവും അപകടവും കർഷകർക്ക് വേഗത്തിൽ ബോധ്യപ്പെട്ടു. ഇന്ത്യൻ കാർഷികമേഖലയെ കുരുതികൊടുക്കാൻ മുന്നിട്ടിറങ്ങിയ കേന്ദ്ര സർക്കാരിനെ ചെറുക്കാൻ കർഷകർ മുന്നോട്ടുവന്നു. കരി നിയമങ്ങൾ റദ്ദാക്കാനുള്ള മുദ്രാവാക്യം ഗ്രാമീണ ജനതയുടെ മനസിൽ മാറ്റൊലിയായി. ഇത് രാജ്യ തലസ്ഥാനത്തേയ്ക്കുള്ള കർഷകരുടെ മാർച്ചിന് വഴിതെളിച്ചു. ഉയർന്നുവരുന്ന ഗ്രാമീണ ഇന്ത്യയുടെ ചലനാത്മകത മനസിലാക്കാൻ ഇടതുപക്ഷ, ജനാധിപത്യ ശക്തികൾ ഈ സമരത്തിന്റെ പാഠങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്.


 ഇതുംകൂടി വായിക്കൂ: താങ്ങുവിലയില്‍ നാമമാത്ര വര്‍ധന; ഗോതമ്പിന് ക്വിന്റലിന് 40 രൂപ കൂട്ടി കേന്ദ്രസര്‍ക്കാര്‍, അപര്യാപ്തമെന്ന് കര്‍ഷകര്‍


സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് കർഷക സമരത്തെ വിശദമായി വിശകലനം ചെയ്യുകയും സെപ്റ്റംബർ 27ന് ആഹ്വാനം ചെയ്ത ബന്ദിനെ ചരിത്ര വിജയമാക്കാൻ പാർട്ടിയുടെ എല്ലാ ഘടകങ്ങളോടും അംഗങ്ങളോടും സഹയാത്രികരോടും അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിനോടു ചേർന്നുള്ള പ്രമേയത്തിൽ പാർട്ടി പ്രസ്താവിച്ചു, ആ നയങ്ങൾ താങ്ങുവിലകളുടെ കാര്യത്തിൽ ഉൾപ്പെടെ കർഷകരുടെ അവകാശങ്ങളെ വഞ്ചിച്ചു, അതേ നയങ്ങളാണ് തൊഴിലാളി വിരുദ്ധ തൊഴിലാളി കോഡുകൾ നിലവിൽ വന്നതിനു പിന്നിലെ അടിസ്ഥാന കാരണവും. ഇന്നത്തെ സാഹചര്യത്തിൽ കർഷക പ്രക്ഷോഭത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങളെ കര്‍ഷക പ്രക്ഷോഭം വെല്ലുവിളിക്കുന്നു.

ഭാരത് ബന്ദിനുള്ള ആഹ്വാനം രാജ്യത്തിന്റെ സങ്കീർണമായ രാഷ്ട്രീയ പ്രക്രിയയിൽ വഴിത്തിരിവുകളുണ്ടാക്കും. തൊഴിലാളി പ്രക്ഷോഭങ്ങൾക്കും കർഷക പോരാട്ടം പുതുദിശ സമ്മാനിക്കും. കർഷക പോരാട്ടം ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലല്ല. പക്ഷെ ആ പോരാട്ടം ഒട്ടേറെ രാഷ്ട്രീയ ഉൾക്കാഴ്ച കൈവരിച്ചിട്ടുണ്ട്. പോരാട്ടഅനുഭവങ്ങളിൽ നിന്നും ആർജിച്ചവയാണിത്. അവിടെ നിന്നാണ് രാഷ്ട്രീയമാറ്റത്തിന് ആഹ്വാനം ഉയരുന്നത്. കർഷകരുടെ പോരാട്ടം മോഡി സർക്കാർ കർഷക വിരുദ്ധമെന്ന് ആവർത്തിച്ച് ബോധ്യപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തൂ എന്ന മുദ്രാവാക്യം ഉയരും. തൊഴിലെടുക്കുന്നവർ ഒന്നാകെ ഈ മുദ്രാവാക്യം ഏറ്റെടുത്താൽ മാറ്റം ഉറപ്പാകും. ഇടതുപക്ഷവും ജനാധിപത്യ ശക്തികളും അവസരത്തിനൊത്ത് ഉയർന്ന് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.